Thursday 13 October 2011

നടുത്തളം (Well of the House)


ചെമ്മനം ചാക്കോ

നിയമസഭയിൽ എമ്മെല്ലേമാർ സീറ്റിൽ നിന്നിറങ്ങിയെത്തി കോലാഹലമുണ്ടാക്കുന്ന നടത്തളത്തിന്‌ ഇംഗ്ലീഷിൽ പറയുന്നത്‌ 'വെൽ (കിണർ) ഓഫ്‌ ദ ഹൗസ്‌' എന്നാണ്‌.
 സഭയ്ക്കകത്ത്‌ അൽപമൊരു കാറുംകോളും കണ്ടാൽമതി, അൽപന്മാരായ മാക്രികൾ ക്രോം ക്രോം ശബ്ദമുണ്ടാക്കി, ആ കിണറ്റിൽ പ്രത്യക്ഷപ്പെടുന്നു.
 കിണറ്റിൽ കിടക്കുന്ന ജീവികളെ 'കൂപമണ്ഡൂകം' എന്നാണ്‌ നാട്ടുകാർ വിളിക്കുന്നതെന്ന്‌ നമ്മുടെ എം.എൽ.എമാർക്ക്‌ അറിയാമോ, എന്തോ?
 ശരിയാണ്‌, അവിടെ അകപ്പെടുന്നവർ ആക്രോശിച്ചും തുടിച്ചും നീർക്കാം കുഴിയിട്ടും കിണർകുളമാക്കുന്നു.
 ടെലിവിഷനിൽ രംഗം കാണുന്ന മാലോകർ കണ്ണും ചെവിയും പൊത്തിത്തന്നെ കഴിക്കേണ്ടിവരും. നടത്തുളം മാനവും മര്യാദയും ഹോമിക്കുന്ന സ്ഥാനമായി തരം താഴുന്നു.
 ജനകീയ പ്രതിനിധികൾ നിലയും വിലയും തോട്ടിലെറിഞ്ഞ്‌, രണ്ടാം വാക്കിന്‌ സ്വസ്ഥാനം വെടിഞ്ഞു 'വെൽ ഓഫ്‌ ദ ഹൗസിൽ' എത്തി കൂപമണ്ഡൂകപ്പണി ചെയ്താലോ?
 ഇവർ കൈപ്പറ്റുന്ന പ്രതിദിനവേതനം വൻതുകയാകയാൽ, ഈ കൂപമണ്ഡൂകങ്ങളെ തവളക്കാലിനായി വിറ്റുതുലയ്ക്കാമെന്നു വിചാരിച്ചാലും മുതലാകുന്ന കാര്യമല്ല.
 അല്ലയോ എം.എൽ.എ. ഭഗവാനേ, നിയമസഭയിലെ വിലപ്പെട്ട സ്വസ്ഥാനം വിട്ട്‌ എഴുന്നേറ്റുപോയി ഭവാൻമേലിൽ 'കിണറ്റിൽചാടി' കേരളത്തിന്റെ സൽപ്പേരു മുടിക്കരുതേ!