Friday 14 October 2011

എഴുത്തുകാരന്റെ ഡയറി


എഴുത്തുകാരൻ എന്നും കൂവിക്കൊണ്ടേയിരിയ്ക്കണം.
സി.പി.രാജശേഖരൻ

 'ഞാൻ എഴുത്ത്‌ നിർത്തുകയാണ്‌' എന്നെഴുതാനും എനിയ്ക്കൊരു എഴുത്തുവേണമല്ലോ. പത്രത്താളുകൾ എന്റെ തലയിലാണ്‌ എന്ന്‌ ധരിച്ചുവശായിരിയ്ക്കുന്ന ഏതെങ്കിലും പയ്യൻസിനോടു പറയാമെന്നു കരുതിയാൽ അതും പണിയാകും. പിന്നെ ഇതു നിർത്താൻ ചിന്തിയ്ക്കാനുള്ള കാരണം തൊട്ട്‌  ഇതുവരെ എഴുതിക്കൂട്ടിയ ചവറുകളെല്ലാം വാഴ്ത്തി പയ്യൻസിന്റെ പേരിൽ എന്റെ പടവും വലുതാക്കി അച്ചടിച്ച്‌ ഫീച്ചർവരുന്നതോടെ അതുവരെ എന്നെ മറന്നു കിടന്ന വായനക്കാർ അൽപായുസ്സുകൾ ഉണരും.

ഞാൻ എഴുതാത്തത്‌ ഈ ലോകം അസ്തമിക്കുന്നതിന്‌ തുല്യമാണെന്ന്‌ പറയും. പിന്നെ എനിക്ക്‌ എഴുതാതിരിയ്ക്കാൻ വയ്യാണ്ടാവും.'തലയിൽ ഇടിവെട്ട്‌ വീഴട്ടെ' എന്ന്‌ പ്രാർത്ഥിയ്ക്കും പോലെ, നീയൊരു എഴുത്തുകാരനും സാംസ്കാരിക നായകനും ആയിപ്പോകട്ടെ' എന്ന്‌ ആരെങ്കിലുമൊക്കെ ശപിച്ചതിന്റെ ഫലമായിരിക്കും ഈ സാംസ്കാരികജന്മം എന്ന്‌ ചിലപ്പോഴെങ്കിലും തോന്നുന്നതിൽ ന്യായമുണ്ട്താനും  സംശയമില്ല; ഇടിവെട്ടിനേക്കാൾ വലിയ ശാപമാണ്‌ സാംസ്കാരിക നായകത്വം. ഇടിവെട്ട്‌ അവനവന്‌ മാത്രമേ ഏൽക്കൂ; എന്നാൽ ഈ സാംസ്കാരിക നായകത്വം രാജ്യത്തെ ആകമാനം ബാധിക്കുന്ന അത്യാഹിതമാണ്‌. മഞ്ഞളിപ്പ്‌ രോഗം പോലെ മൂഞ്ഞബാധപോലെ പടർന്നു പിടിക്കുന്നതും ഭൂമിയിലെ ആവാസ വ്യവസ്ഥയെ തകിടം മറിയ്ക്കുന്നതുമാണീ സാംസ്കാരികനായകത്വം എന്ന മഹാരോഗം!


 എഴുതി നന്നായവരും എഴുത്തുകൊണ്ട്‌ നന്നായവരും ചരിത്രത്തിലുണ്ട്‌. എന്നാൽ എഴുത്തും വായനയും നിവർത്തിവയ്ക്കാൻ മഹാഗ്രന്ഥങ്ങൾ രചിച്ച പലരേയും നമുക്കറിയാനും വയ്യ. വേദങ്ങൾ എഴുതിയതാരാണ്‌? ഒരു പിടിയുമില്ല. മഹാഭാരതം? അറിയില്ല. വ്യാസനാണെന്ന്‌ പറയുന്നവർ തന്നെ വ്യാസന്റെ അർത്ഥവും കൽപിച്ചു തന്നു. പകുത്ത്‌ തന്നവൻ അഥവാ വിളമ്പുകാരൻ എന്നർത്ഥം. ഉണ്ടാക്കിയവൻ തന്നെ വിളമ്പണമെന്ന്‌ നിർബന്ധമില്ല. എന്തുമാകട്ടെ കാലാകാലങ്ങളായി റോയൽടി,  ക്ലെയിം ചെയ്യാത്തയാളാണീ വ്യാസൻ എന്ന്‌ പ്രസാധകർക്കെങ്കിലും ആശ്വസിക്കാം. അല്ലേൽ, ദാരിദ്ര്യം പറഞ്ഞും, വിലപേശിയും പാർട്ടി പക്ഷങ്ങൾ പിടിച്ചും ഈ വ്യാസൻ എന്തെന്ത്‌ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. അതുപോട്ടെ ,ഉപനിഷത്ത്‌ എല്ലാം എഴുതിക്കൂട്ടിയത്‌ ആരെന്നറിയാമോ!? ഇല്ലേയില്ല. വേണ്ട, ബൈബിൾ, ഖുറാൻ, പുരാണങ്ങൾ? യാതൊരു ഐഡിയയുമില്ല. നന്നായി! അതറിയാമായിരുന്നെങ്കിൽ എത്രയെത്ര പ്രതിമകൾ കൂടി നാം ഈ നാട്ടിൽ വയ്ക്കേണ്ടിവരുമായിരുന്നു.


പത്രത്താളുകളിലൂടെ അവരൊക്കെ ആഹ്വാനംചെയ്യാൻ തുടങ്ങിയാൽ ഈ നാടിന്റെ സ്ഥിതി എന്താകുമായിരുന്നു? പോട്ടെ, അതൊന്നുമല്ലല്ലോ ഞാനും ഡയറിയുമായുള്ള ബന്ധം. നല്ല കാലത്തൊന്നും ഡയറി എഴുതിയിട്ടില്ല. ഡയറി കിട്ടാഞ്ഞിട്ടോ ,പേനയില്ലാതിരുന്നതുകൊണ്ടോ അല്ല; നല്ലതു മാത്രമേ തന്നെക്കുറിച്ച്‌ എഴുതാവൂ എന്ന്‌ ഉള്ളിലിരുന്ന്‌ ഒരാൾ വിളിച്ചു കൂവുമ്പോൾ അന്നന്നു സംഭവിച്ചതെല്ലാം അതേപടി എഴുതാനാവില്ലല്ലോ. അതുകൊണ്ട്‌ ഇന്ററോഗേഷൻ-എക്സ്ക്ലമേഷൻ ചിഹ്നങ്ങളെക്കൊണ്ടും, ഭാഷാലിപി കോഡുകൾ ഉപയോഗിച്ചും, ഭാര്യയോ കുട്ടികളോ പോലും വായിച്ചാൽ മനസ്സിലാകാത്ത രീതിയിൽ 'ഡാഷ്‌ പോയി' 'ഡാഷ്‌ വന്നു' എന്നൊക്കെ പൂരണീയമായ നേർരേഖയിൽ ഒതുക്കി സ്വയം ഓർത്തു വയ്ക്കേണ്ടതുമാത്രം വരച്ചും കുറിച്ചുമാണ്‌ ഡയറിക്കാലം കഴിച്ചു കൂട്ടിയത്‌. ഇപ്പോഴിതാ പയ്യൻസ്‌ നിർബന്ധിക്കുന്നു, സാർ ഇനിയും എഴുതണം.'


 ഒന്നും എഴുതാനില്ലാത്തതുകൊണ്ട്‌ ആത്മകഥയെഴുതിക്കളയാം എന്നാണല്ലോ പലരും ചിന്തിക്കുന്നത്‌. ഒരു സാംസ്കാരിക-വകുപ്പ്‌ തല-ഔദ്യോഗിക സംസ്കാരമെങ്കിലും തരപ്പെടുത്തിയെടുക്കാൻ പണിപ്പെട്ട്‌ ഇനി ആത്മകഥയെഴുതുകയേ തരമുള്ളു. കൂടെ ജനിച്ചവരും ജീവിച്ചവരുമെല്ലാം ചത്തെന്ന്‌ കരുത്തിയതാണ്‌ പലരും ആത്മകഥയ്ക്ക്‌ തിരികൊളുത്തുന്നത്‌ പക്ഷേ, കഥയിൽ വരുന്ന പൊങ്ങച്ചങ്ങളും  ഇല്ലായ്മവല്ലായ്മകളും പറയാത്ത സത്യങ്ങളും മൂടിവച്ച കുറ്റകൃത്യങ്ങളുമെല്ലാം വായിച്ച്‌, നാം ചത്തെന്നു കരുത്തിയതും നാട്‌ വിട്ടുപോയി അന്യനാട്ടിൽ കുശാലായി ജീവിക്കുന്നതുമായ ഏതെങ്കിലും തന്ത-തള്ളമാർ മൂക്കത്ത്‌ വിരൽവയ്ക്കും. അക്കൂട്ടത്തിൽ ചാകാതെ കിടന്ന്‌ സത്യം സത്യമായി വിളിച്ചു പറയാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും തെമ്മാടിയുണ്ടെങ്കിൽ അവന്റെ നാവയ്ക്കാനും ഈ ആത്മകഥയിൽ ശക്തമായ നുണപ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ്‌.


 അല്ല, ചാൾസ്‌ ഡിക്കൻസ്‌, ടോൾസ്റ്റോയി, വിക്ടർ യൂഗോ, ടാഗോർ, കാളിദാസൻ തുടങ്ങിയ പഴയകാല എഴുത്തുകാരുടെ ചില വരികളെങ്കിലും ലോകത്തെ പിടിച്ചുണർത്തുകയും ഒന്നുമാറ്റിമറിക്കുകയും ചെയ്തു എന്നതാണ്‌ സത്യം. ലോകം ഇന്ന്‌ അനങ്ങാപ്പാറയായ സ്ഥിതിക്ക്‌ നമ്മുടെ എഴുത്തുകാർക്ക്‌ അതു തീവച്ചു നശിപ്പിയ്ക്കാനോ അല്ലേൽ, അതിന്മേൽ ചെളിവാരിയെറിയാനോ അല്ലേ ആകൂ. അതേക്കാൾ ഹരം പരസ്പരം കൂട്ടിപ്പിടിപ്പിക്കലും, അരവും അരവും ചേർത്തുരച്ച്‌ എല്ലാത്തിനേയും കിന്നരമാക്കി മാറ്റി മറയ്ക്കുന്നതിലുമാണ്‌. അതുകൊണ്ട്‌ തന്നെ എഴുത്തുകാരൻ എന്നും കൂവിക്കൊണ്ടേയിരിക്കണം. നല്ലവനെ കണ്ടാൽ, 'ദേ കള്ളൻ പോണേ' എന്ന്‌ വിളിച്ചു കൂവണം. ശരിയായ കള്ളന്മാർക്ക്‌ ഇതാണ്‌ തരം. അവരെല്ലാം ചേർന്ന്‌ വല്ലപ്പോഴും വല്ലയിടത്തും അറിയാതെ കണ്ട്‌ മുട്ടിപ്പോകുന്ന ഈ നല്ലവനെ അടിച്ചോ പേടിപ്പിച്ചോ അഥവാ; ശ്വാസംമുട്ടിച്ചോ ഒതുക്കിക്കോളും. രാഷ്ട്രീയ കൊലപാതകത്തിന്‌ ശിക്ഷയുണ്ട്‌, കോടതിയുണ്ട്‌, കേസ്‌ പരമാവധി നീട്ടി അടുത്ത ജന്മത്തിലെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാനാകും. എന്നാൽ സാംസ്കാരിക കൊലപാതകത്തിന്‌ ശിക്ഷയില്ല. സാംസ്കാരിക നായകൻ ചൂണ്ടിക്കാണിക്കുന്നവ തെറ്റും കുറ്റവും തന്നെയായിരിക്കും എന്ന്‌ നാം ധരിച്ചുവശായതിനാൽ, ഈ കൊലപാതകിക്ക്‌ നല്ലവരുമാനവും പ്രശസ്തിയും ഫലം.


 ഓരോ മാസത്തിലും ലഭ്യമാകുന്ന വാർത്ത വായിച്ചാൽത്തന്നെ സാംസ്കാരികന്മാർക്ക്‌ ധാരാളം എഴുതാനുണ്ട്‌. ഏതെഴുതും ഏതെഴുതാണ്ടിരിക്കും, ശ്രീപത്മനാഭാ! ഓ ഇയാളെ വിളിച്ചാൽ അതും ഇക്കാലത്ത്‌ പക്ഷപാതപരമായിപ്പോകുമല്ലോ. ഇതുവരെ ആ വഴിയെ നടക്കാത്തവർപോലും ഇപ്പോൾ നിലവറക്കാര്യങ്ങളാണ്‌ ചർച്ചചെയ്യുന്നത്‌. എല്ലാ സാംസ്കാരിക നായകന്മാരും പത്മനാഭന്റെ സ്വത്ത് പൊതുസ്വത്താണെന്ന്‌ പറയുന്ന സ്ഥിതിക്ക്‌ ശ്രീപത്മനാഭൻ ഇനി വാശിപിടിച്ചിട്ടു കാര്യമില്ല. അങ്ങ്‌ വലിച്ചെറിഞ്ഞിട്ടു കൊടുക്കാശാനേ! എന്തായാലും ആരെയും ഭീഷണിപ്പെടുത്താതെ, രസീതടിച്ചോ ബക്കറ്റുനീട്ടിയോ പിരിച്ചതല്ലല്ലോ.

ആശാൻ വിട്ടുകൊടുത്തിട്ടുവേണം ഈ പാർട്ടിക്കാർക്കെല്ലാം അത്‌ ഒന്ന്‌ വീതംവയ്ക്കാനും ജനാധിപത്യം (ജനങ്ങളിലുളള ആധിപത്യം) ഒന്നുറപ്പിക്കാനും. ദേ, ദൈവമാണെന്ന ധാരണ മനസ്സിൽ വച്ചാൽ മതി. മറുചോദ്യം വേണ്ട; ഇവിടെ സാംസ്കാരിക നായകന്മാരുണ്ട്‌ ചോദിക്കാൻ. "ബലമായി, പാവങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും കച്ചവടക്കാരിൽ നിന്നും പിരിച്ചെടുത്ത പാർട്ടിപ്പണം പൊതുസ്വത്തല്ലേ, അത്‌ അങ്ങ്‌ നാട്ടുകാർക്ക്‌ വീതിച്ചുകൊടുത്തുകൂടെ" എന്നു തോന്നുന്നുണ്ടെങ്കിൽ അത്‌ ജനാധിപത്യവിരുദ്ധം എന്നേ ശ്രീപത്മനാഭനോട്‌ ഞങ്ങൾക്കു പറയാനുള്ളൂ. എന്തിനാ ഇങ്ങനെ കാലും നീട്ടി, തലയ്ക്ക്‌ കൈയ്യും കൊടുത്ത്‌ വെറുതെ നിധി കാത്തുകിടക്കുന്നത്‌. മനുഷ്യനായാൽ (ദൈവമായാലും) അൽപമമൊക്കെ ആത്മാഭിമാനം വേണം. ഒരു സിന്ദാബാദ്‌ വിളിക്കാൻപോലും ആകുന്നില്ലെങ്കിൽ എന്തിനിങ്ങനെ കിടക്കുന്നു ഈ ഭൂമിയിൽ എന്റെ പത്മനാഭാ​!! നാളെ ചരിത്രത്തിൽ കുട്ടികൾ പഠിക്കുന്നത്‌ ശ്രീപത്മനാഭനെ കുറിച്ചായിരിക്കില്ല, ഈ ക്ഷേത്രം തച്ചുടച്ചവരെക്കുറിച്ചായിരിക്കും.. ടിപ്പുവിന്റെ ആക്രമണം എത്ര ശ്രദ്ധയോടെയാണ്‌ കുഞ്ഞുങ്ങൾ പഠിച്ച്‌ പരീക്ഷയെഴുതുന്നത്‌. ഏതെങ്കിലും ദൈവത്തെക്കുറിച്ച്‌ ഒരു ചോദ്യം പരീക്ഷയ്ക്ക്‌ ഒന്നു ചോദിച്ചു നോക്കൂ; വിവരമറിയും. വെറുതെ ഇങ്ങനെ കാലും നീട്ടി അങ്ങനെ കെടക്ക്വാ!?... നാട്ടിലെ മാന്യമാരെയൊന്നും തിരിച്ചറിയാനും വയ്യ!!