Thursday 13 October 2011

അവതാരിക എന്ന അശ്ലീലം


ഡോ.എം.എസ്‌.പോൾ

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഏറ്റവും പുതിയ കാവ്യസമാഹാരമാണ്‌ 'പ്രതിനായകൻ' പ്രതിഭാധനനായ കവി ഏറെ നാൾകൾക്കു ശേഷം പുറത്തിറക്കുന്ന കാവ്യസമാഹാരം എന്ന നിലയിൽ പ്രതിനായകനെ സഹൃദയലോകം പ്രതീക്ഷയോടെയാണ്‌ സ്വീകരിച്ചതു. പ്രതീക്ഷ ഒരിക്കലും അസ്ഥാനത്താകുന്നില്ല. ധ്വനിസാന്ദ്രമായ മുപ്പത്തിരണ്ടു കവിതകൾ. അതിലെ തീഷ്ണമായ പ്രണയവും ജീവിതവും അങ്ങനെ നായകൻ പ്രതിനായകനായി വീണ്ടും രംഗം കീഴടക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചില സ്ഥിരം വാക്കുകളും ബിംബങ്ങളും ഉപേക്ഷിക്കുകയായിരുന്നെങ്കിൽ ഈ കാവ്യസമാഹാരം വർത്തമാനകാല കവിതകളോടു കിടപിടിക്കുമായിരുന്നു എന്നതിൽ സംശയമില്ല. കാരണം പുതുവിത്തുപോലെ എന്നും പ്രണയം  ബാലചന്ദ്രന്റെ കവിതകളിലുണ്ട്‌.
"ഇന്നും പ്രണയം വിഷം തേച്ചവാളുപോൽ
എന്റെ ഹൃദയം പിളർന്നു
ചിത്രപ്പണിയുള്ള പാനപാത്രത്തിലെൻ
രക്തം പകർന്നു ഞാൻ വച്ചു
ഒറ്റയാൾ മാത്രം വരുന്ന വിരുന്നാണു
മറ്റൊന്നുമില്ല വിളമ്പാൻ " (വിരുന്ന്‌) എന്ന്‌ ബാലചന്ദ്രൻ ചുള്ളിക്കാടിനല്ലാതെ മറ്റാർക്കും എഴുതാനാവില്ല. ഒട്ടേറെ തൂലികാചിത്രങ്ങളും ലഘുകവിതകളുമുള്ള ഈ കാവ്യസമാഹാരം തന്റെ കാലം കഴിഞ്ഞിരിക്കുന്നു എന്ന കവിയുടെ തിരിച്ചറിവിൽ നിന്നും ഉണ്ടായതാണ്‌.ചില ആസ്ഥാനകവികളെപ്പോലെ ചെടിപ്പിക്കുന്ന പ്രണയ കവിതകളെഴുതി കാലിക്കോബയിന്റു ചെയ്ത കാവ്യസമാഹാരങ്ങളായും ഗസലുകളാലും പുറത്തിറക്കാൻ ഈ കവി മിനക്കെട്ടില്ല.

വിഗ്രഹഭഞ്ജകത്വം കൈമുതലായി ഒരു ഭൂതകാലം ഈ കവിക്കുണ്ടായിരുന്നു. ഇത്തരത്തിൽ നട്ടെല്ലുള്ള ഒരു കവിയെ എത്രമാത്രം ആക്ഷേപിക്കാം എന്നതിന്റെ തെളിവാണ്‌ 'ആത്മാവിന്റെ പാവകളിക്കാരൻ' എന്ന പേരിൽ പി.കെ.രാജശേഖരൻ ഈ കാവ്യസമാഹാരത്തിനെഴുതിയ അവതാരിക. 'അവതാരിക' എന്ന സംരംഭം കാലഹരണപ്പെട്ടതാണ്‌. പുതുകവികൾ പോലും ഈ മാലിന്യത്തെ തങ്ങളുടെ കാവ്യസമാഹാരങ്ങളിൽ നിന്ന്‌ അകറ്റി നിർത്താൻ ശ്രമിക്കുന്നുണ്ട്‌. മഹാകവികളുടെ വംശത്തിലെ അവസാനത്തെ മഹാകവിയാണ്‌ ബാലചന്ദ്രൻ ചുള്ളിക്കാട്‌ എന്നുകൂടി എഴുതുമ്പോൾ അത്‌ തികഞ്ഞ അശ്ലീലമാകുന്നു. മഹാകവിപ്പട്ടം ഒരു കത്തിവേഷം ആണെന്ന്‌ കഴിഞ്ഞ നൂറ്റാണ്ടിൽതന്നെ ആശാനെപ്പോലുള്ള കവികൾ തിരിച്ചറിഞ്ഞു. മറ്റെന്തിലുമുപരി മനുഷ്യന്‌ മാനാഭിമാനത്തിൽ നിർബന്ധബുദ്ധിയുള്ള പുതിയകാലത്ത്‌ ഇത്തരം ഒരു ആക്ഷേപവചനം ചുള്ളിക്കാടിന്റെ മേൽ വച്ചുകെട്ടുന്നത്‌ നീതിയല്ല. ജീവിത പ്രാരാബ്ധങ്ങളുടെ പേരിൽ കവി ഒരു പക്ഷെ സീരിയലിൽ നടിക്കാൻ പോയേക്കാം. എന്നാൽ നട്ടെലുള്ള ഒരു കവിയായിട്ടാണ്‌ മലയാളി സമൂഹം ഏക്കാളവും ബാലചന്ദ്രൻ ചുള്ളിക്കാടിനെ കാണുന്നത്‌. അവതാരിക ചമച്ച്‌ മഹാകവിപട്ടം നൽകുന്ന നിരൂപകബുദ്ധി തികഞ്ഞ അശ്ലീലം തന്നെ. ഈ അവതാരിക ചുള്ളിക്കാടിന്‌ അനർഹമായി ലഭിച്ച ബി.പി.എൽ റേഷൻകാർഡോ, രണ്ടു രൂപയുടെ അരിയോ മാത്രമാണ്‌.