Friday 14 October 2011

ലോകസാഹിത്യത്തിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം

 

ഷുക്കൂർ ചെറുവാടി


പാവ്‌ലോ കൊയ്‌ലോ

ലോകത്തേറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരന്‍ ‍ആര് എന്ന ചോദ്യത്തിന് ഒറ്റവാക്കിലുള്ള ഉത്തരമാണ്  ബ്രസീലിയന്‍ എഴുത്തുകാരനായ പൌലോ കൊയലോ. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന എഴുത്തുകാരന്‍റെ  പുസ്തകം എന്ന ഗിന്നസ്‌ റെക്കോര്‍ഡ്‌ ഇദ്ദേഹത്തിന്‍റെ ‘ദി ആല്‍കെമിസ്റ്റ്’ എന്ന നോവലിന് സ്വന്തമാണ്. 70  ലോകഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട  ഈ പുസ്തകം എഴുപത്തൊന്നാമാതായി മാള്‍ട്ടീസ് ഭാഷയിലേക്കും തര്‍ജമ നടന്നു കൊണ്ടിരിക്കുന്നു. ഇതിന്‍റെ മൂലകൃതി പോര്‍ച്ചുഗീസ്‌ ഭാഷയിലാണ്.  രമാ മേനോന്‍ മൊഴിമാറ്റം നടത്തി മലയാളത്തില്‍ ഇത്   ഡി സി ബുക്സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌

സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയയുവാവിന്‍റെ കഥയാണ് ഇതിവൃത്തം. പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഡതകള്‍ ദാര്‍ശനികതയുടെ പിന്‍ബലം ചാര്‍ത്തി  മനസ്സിനെ പിടിച്ചുലക്കുന്ന രീതിയില്‍ അവതരിപ്പിട്ടുള്ളതാണ്  പുസ്തകത്തിന്‌ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്‌.  സ്പെയ്നില്‍  നിന്നും ആഫ്രിക്കയിലേക്ക് കടന്ന്  ഈജിപ്ത് വരെ യാത്ര ചെയ്യുന്ന സാന്റിയാഗോ നിരവധി തീക്ഷ്ണവും സ്തോഭജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്നു. വിവിധ സംസ്കാരങ്ങളും ഭാഷക്കുപരിയായി മനുഷ്യന്‍റെ സംവേദനക്ഷമതയുമെല്ലാം ഒരു പ്രത്യേക വികാരത്തോടെ കൊയലോ വരച്ചു കാണിക്കുന്നുണ്ട്.


നോവലിന്‍റെ  മര്‍മം എന്ന് പറയാവുന്ന വാക്കുകളാണ് സലേമിലെ രാജാവാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വൃദ്ധന്‍ സാന്റിയാഗോക്ക് നല്‍കുന്ന ഉപദേശം.
“കുട്ടിക്കാലത്ത് നാം ഉള്ളിന്‍റെയുള്ളില്‍ മോഹിക്കുന്നതെന്താണോ അതാണ്‌ നമ്മുടെ ജീവിത ലക്‌ഷ്യം.  ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ജീവിതം.  എന്തെങ്കിലുമൊന്നു തീവ്രമായി  മനസ്സില്‍ തട്ടി മോഹിക്കുകയാണെങ്കില്‍  അത് നടക്കാതെ വരില്ല.  കാരണം സ്വന്തം വിധിയാണ് മനസ്സില്‍ ആ മോഹത്തിന്‍റെ വിത്തുകള്‍ പാകുന്നത്.  പ്രപഞ്ചം മുഴുവന്‍ ആ ഒരു കാര്യസാധ്യത്തിനായി സഹായത്തിനെത്തും.  എന്നാല്‍ ജീവിത യാത്രയുടെ ഏതോ ഒരു വഴിത്തിരിവില്‍ മനുഷ്യന് അവനവന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു. പിന്നെയൊക്കെ വിധിയുടെ കൈപ്പിടിയില്‍. ”


അത്യന്തം പ്രതികൂലമായ  സാഹചര്യങ്ങളിലൂടെ  നിയന്ത്രണം നഷ്ടപ്പെടാതെ വിധിക്ക് കീഴടങ്ങാതെ തന്‍റെ ജീവിത ലക്ഷ്യ പ്രാപ്തിയിലേക്കെത്തിച്ചേരുന്ന സാന്റിയാഗോയുടെ കൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെ മനസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നതില്‍ സംശയമില്ല.
മരുഭൂമിയുടെ സവിശേഷ സ്വഭാവങ്ങളും അതിലെ  വിചിത്രമായ നിയമങ്ങളെയും കാല്‍പ്പനികതയുടെ കോണിലൂടെ നോക്കിക്കാണുന്ന ഹൃദ്യമായ അവതരണഭംഗിയും ദി ആല്‍ക്കെമിസ്റ്റിന്‍റെ പ്രത്യേകതയാണ്.
ബൈബിളില്‍  പ്രതിപാദിക്കുന്ന ഏലിയ എന്ന പ്രവാചകന്‍റെ കഥയായ ‘ദി ഫിഫ്ത്ത് മൌണ്ടയ്ന്‍’ ആണ് അദ്ദേഹത്തിന്‍റെ മറ്റൊരു ബെസ്റ്റ്‌ സെല്ലര്‍.  മുവായിരത്തോളം  വര്‍ഷങ്ങള്‍ക്കു മുമ്പ്   ഇസ്രായേല്‍ ഭരിച്ചിരുന്ന    ഇസബെല്‍  രാജ്ഞിയുടെ  വാള്‍ മുനയില്‍ നിന്നും തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട്  പ്രപഞ്ച സൃഷ്ടാവായ ഏക ദൈവത്തിന്‍റെ  ആജ്ഞ പ്രകാരം നാട് വിട്ട് അക്ബര്‍ നഗരത്തിലെത്തിച്ചേരുന്ന  ഏലിയ അവിടെയും തന്‍റെ ദൈവത്തെ പരിചയപ്പെടുത്തുന്നു. പിന്നീട് അസീറിയക്കാരുടെ ആക്രമണം മൂലം തരിപ്പണമാകുന്ന അക്ബര്‍ നഗരത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായി നിരാശയുടെ പടുകുഴിയിലകപ്പെട്ട  ഏതാനും വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു ചെറിയ കൂട്ടത്തെ  പ്രത്യാശയുടെ കിരണങ്ങള്‍ പകര്‍ന്നു നല്‍കി അവരെ ഉപയോഗിച്ച് നഗരം പുനര്‍നിര്‍മിച്ച് അവിടത്തെ ഗവര്‍ണറായി സ്ഥാനമേല്‍ക്കുകയും പിന്നീട് തന്‍റെ പ്രണയിനിയായിരുന്ന വിധവയുടെ പുത്രന് നഗരത്തിന്‍റെ ഭരണം  കൈ മാറി ഇസ്രയേലിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നത്  വരെയുള്ള  ആത്മീയതയും ഭൌതികതയുമെല്ലാം കൂടിച്ചേര്‍ന്ന  വൈവിധ്യങ്ങളായ മാനുഷിക വികാരങ്ങളെ വരച്ചു കാണിക്കുന്ന ഒരു പ്രത്യേക കൃതിയാണ് ദി ഫിഫ്ത്ത് മൌണ്ടയ്ന്‍.  ഇസ്രയേല്‍  ഫിനീഷ്യ(ഇന്നത്തെ ലെബനോണ്‍), തുടങ്ങിയ രാജ്യങ്ങളില്‍ അക്കാലത്ത് നില നിന്നിരുന്ന രാഷ്ട്രീയവും സാമൂഹികവുമായിട്ടുള്ള വ്യവസ്ഥകളും  യുദ്ധനിയമങ്ങളുമെല്ലാം ഈ നോവലിലൂടെ പകര്‍ന്നു കിട്ടുന്നു.


അറുപത്തിനാലുകാരനായ പൌലോ കൊയലോ ആദ്യകാലത്ത് നാടകവും പാട്ടുകളുമൊക്കെയായിരുന്നു എഴുതിക്കൊണ്ടിരുന്നത്.  എഴുത്തുകാരനാവാനുള്ള അതിയായ മോഹം ചെറുപ്പ കാലത്ത് തന്നെയുണ്ടായിരുന്നു. എങ്കിലും ഒരു എഞ്ചിനീയറാകാനുള്ള  വീട്ടുകാരുടെ സമ്മര്‍ദ്ദം അദ്ദേഹത്തെ പതിനേഴാം വയസ്സില്‍ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെയെത്തിച്ചു. ഇരുപതാമത്തെ വയസ്സിലാണ് അവിടെ നിന്ന് പുറംലോകത്തെത്തുന്നത്. ശേഷം തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, മെക്സിക്കോ, യൂറോപ്പ് തുടങ്ങി ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് ഒടുവില്‍ ബ്രസീലില്‍ തന്നെ മടങ്ങിയെത്തുകയായിരുന്നു.  1986 ല്‍ അദ്ദേഹം വടക്ക് പടിഞ്ഞാറന്‍ സ്പെയ്നില്‍ 500  മൈലുകളോളം കാല്‍നടയായി സഞ്ചരിച്ചതാണ്  അദ്ദേഹത്തിന്‍റെ  ജീവിതത്തില്‍   വഴിത്തിരിവായത്. ആ യാത്രയില്‍ തനിക്ക്  ആത്മീയമായ ഒരു ഉണര്‍വുണ്ടായി എന്നദ്ദേഹം പ്രസ്തുത  യാത്രയെക്കുറിച്ച് എഴുതിയ ‘ദി പില്‍ഗ്രിമേജ്‌’ എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.


ഇതുവരെ  അദ്ദേഹത്തിന്‍റെ 29 പുസ്തകങ്ങളാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആകെ പത്തു കോടിയിലധികം പുസ്തകങ്ങള്‍ 150 രാജ്യങ്ങളിലായി വിറ്റ്‌ പോയിട്ടുണ്ട്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് പോര്‍ച്ചുഗീസ്‌ ഭാഷയില്‍ നിന്നുത്ഭവിച്ച് ലോകഹൃദയം കീഴടക്കിയ  ഈ എഴുത്ത് കാരന്‍ ലോകസാഹിത്യത്തിലെ എന്നത്തേയും ഒരു ഇതിഹാസമായിരിക്കുമെന്നു തന്നെയാണ്.