Friday 14 October 2011

ഓര്‍മ്മകളുടെ ചില്ലുജാലകം

ധനലക്ഷ്മി
ഓര്‍മ്മകളുടെ ഓലക്കെട്ടാണ് ജീവിതം എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്..ഓര്‍ത്തുവെക്കുന്നതിനും കാത്തുവെക്കുന്നതിനും ഉണ്ടാവും അതില്‍ ചില ഏടുകള്‍..ചിലത് വെറുതെ മറിച്ചു നോക്കി പോകാം.. പക്ഷെ ചിലയിടങ്ങളില്‍ ഓര്‍മ്മകള്‍ തന്നെ നഷ്ടമായി നമ്മള്‍ തരിച്ചിരുന്നുപോകും.മറ്റു ചിലതില്‍ സ്വാര്‍ത്ഥതയുടെ കെട്ടുകള്‍ മുറുകി ആത്മനിന്ദയുടെ ഭാരം ജീവിതകാലം മുഴുവന്‍ ചുമക്കേണ്ടി വരുന്ന ഓര്‍മ്മകള്‍ . ഒരു യാത്രയിലെ അങ്ങനെ ഒരു ഓര്‍മ്മയില്‍ ഞാനും നിശ്ശബ്ദമായിപോകുന്നു

തിരക്കില്‍ ഉച്ച ഭക്ഷണം പോലും കഴിക്കാന്‍ സമയം കിട്ടാതെ തീര്‍ന്ന ഒരു ഓഫിസ്‌ ദിനത്തിന്‍റെ അവസാനം ട്രെയിന്‍ വിടുന്നതിനു മുന്നേ ഓടിക്കയറിയതാണ് ഞാന്‍.ശ്വാസം മുട്ടുന്ന തിരക്കില്‍ നിര്‍ത്താതെ ചലിച്ചുകൊണ്ടിരിക്കുന്ന ഭയം നിഴലിട്ട രണ്ടു കണ്ണുകള്‍ പല പ്രാവശ്യം എന്നെ നോക്കി..അവള്‍ക്കെന്നോടു എന്തോ പറയുവാനുണ്ടെന്നു തോന്നി..എന്‍റെ യാത്രയുടെ പാതിയിലേറെ ദൂരം പിന്നിട്ടപോള്‍ ആണ് അവള്‍ക്കരികില്‍ എനിക്കിരിക്കാന്‍ ഇത്തിരി സ്ഥലം കിട്ടിയത്.പതിനേഴു വയസ്സ് തോന്നിക്കുന്ന ഒരു കറുത്ത സുന്ദരികുട്ടി ..അവള്‍ പതിയെ എന്നോടു ചേര്‍ന്നിരുന്നു മുഖം എന്‍റെ പിറകിലാക്കി എന്തോ പറഞ്ഞു..അവളുടെ കൈവിരലുകള്‍ നന്നായി വിറക്കുന്നുണ്ടായിരുന്നു.. എനിക്കറിയാത്ത ഭാഷ..കന്നട പോലെ തോന്നി ..

ഞാന്‍ അവളോടു എന്താണെന്നു ചോദിച്ചു? എതിര്‍വശത്തെ സീറ്റില്‍ നിന്നും പെട്ടെന്നുത്തരം വന്നു ..അവള്‍ ഒരാളെ കാണാന്‍ വന്നതാ ..കാണാന്‍ പറ്റിയില്ല അതിന്‍റെ സങ്കടം ആണ്.എന്‍റെ ചേച്ചിയുടെ മകളാണ് ..അവരെ കണ്ടാല്‍ അവളുടെ ബന്ധുവാണെന്ന് തോന്നും .പക്ഷെ എനിക്ക് പിന്നെയും സംശയം ആയി..അവര്‍ കര്‍ക്കശമായി അവളെ നോക്കുന്നുണ്ടായിരുന്നു..അവരുടെ നോട്ടം മാറുമ്പോള്‍ ആ കുട്ടി പിന്നെയും എന്നോടു എന്തോ പറഞ്ഞു..നിങ്ങള്‍ ഇവിടിരുന്നോള് എന്നുപറഞ്ഞു പെട്ടെന്ന് അവര്‍ എന്നെ അവിടുന്നു മാറ്റിയിരുത്തി..എന്‍റെ ചോദ്യങ്ങള്‍ കേള്‍ക്കാത്തതു പോലെ അവര്‍ വെളിയിലേക്ക് നോക്കിയിരുന്നു.

ഞാന്‍ ബാഗ് അവിടെ വെച്ച് കന്നട അറിയുന്ന എന്റെ സുഹൃത്തിനെ പരതിപോയി..ലത അടുത്ത സ്റ്റേഷനില്‍ ഇറങ്ങാന്‍ തയ്യാറെടുക്കുന്നു ..ഞാന്‍ അവളെ പിടിച്ചുകൊണ്ടു വന്നു..നീ ആ കുട്ടിയോട് ചോദിക്ക് കാര്യങ്ങള്‍ എന്ന് പറഞ്ഞു..അവള്‍ ചോദിച്ചതിനൊന്നും ആ കുട്ടി മറുപടി പറഞ്ഞില്ല..അപ്പോഴേക്കും അവളുടെ കണ്ണില്‍ വെറും ശൂന്യത നിറഞ്ഞു കഴിഞ്ഞിരുന്നു..അവള്‍ ശെരിയല്ല..നിങ്ങള്‍ വേണ്ടാത്ത പണിക്കൊന്നും നില്കണ്ട എന്ന് ഒരു താക്കീതു നല്‍കി ലത ഇറങ്ങി പോയി..അടുത്ത സ്റ്റേഷന്‍ എനിക്കിറങ്ങേണ്ടതാണ്. ഫോണ്‍ ചെയ്തു പോലീസില്‍ പറയണോ? അടുത്ത സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്റരെ അറിയിക്കണോ..?രണ്ടു സ്ത്രീകള്‍..ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു..എനിക്ക് ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞില്ല..ഇനി ഇതൊക്കെ എന്‍റെ സംശയം ആണോ?ആ സ്ത്രീ ശെരിക്കും അവളുടെ ആന്‍റിയാണോ ?ഇതിന്‍റെ ഒക്കെ പിന്നാലെപോയി നേരം കുറെ ആകുമോ? നിന്‍റെ അമ്മ എവിടെ പോയികിടക്കുന്നെന്‍റെ കൊച്ചെ എന്ന് ശപിച്ചുകൊണ്ടിരിക്കുന്ന ജോലിക്കാരിയുടെ ഒക്കത്തിരുന്ന് ദൂരെക്കുടിപോകുന്ന സാരിയുടെ നിറം നോക്കി വിതുമ്പുന്ന രണ്ടു വയസ്സുകരെനെ ഓര്‍ത്ത്‌പോള്‍ എന്‍റെ കാലുകള്‍ അറിയാതെ വാതിലിനടുത്തെക്ക് നീങ്ങി..പിന്നെ അവളുടെ മുഖത്ത് ഞാന്‍ നോക്കിയതേയില്ല..

വണ്ടിയുടെ വേഗത കുറഞ്ഞു..ആളുകള്‍ക്കൊപ്പം ഞാനും ഇറങ്ങാന്‍ തിരക്ക് കൂട്ടി..അവളുടെ മുഖം എന്നെ അലട്ടാതിരിക്കാന്‍ മുന്നിലെ സ്ത്രീയോട് വേഗം ഇറങ്ങാത്തതിനു ദേഷ്യപ്പെട്ടു…
എന്നിട്ടും പിന്നില്‍ നിന്നും എന്തോ കൊളുത്തി വലിച്ചപോലെ ..ഞാന്‍ തിരിഞ്ഞു നോക്കി.. കണ്ണിരില്ലാതെ കരയുന്ന ആ കണ്ണുകളുടെ നോട്ടം ..അതെന്നെ ഇന്നും അലട്ടുന്നു..ഏതു നരകക്കുഴിയിലെക്കാണ് അവള്‍ ഇറങ്ങിപോയതെന്നറിയാതെ…..