Friday 14 October 2011

കുംഭകർണ്ണൻ


മണർകാട്‌ ശശികുമാർ


എന്തുറക്കം
മരവിച്ച മസ്തിഷ്ക്കവും
ചെകിടിച്ച സ്വപ്നങ്ങളും
ജന്മജന്മാന്തര സുകൃത-
ഖാനികളിൽ നിന്നും ലഭിച്ച
തിരസ്കാരവും ശാപവും
ഞാൻ കറുമ്പൻ ദ്രാവിഡൻ
സുരന്മാർക്കസുരൻ കുംഭകർണ്ണൻ
കത്തും വെയിൽത്തിടമ്പും
കൂരിരുട്ടിൻ കുറുങ്ങലും
ചെവിച്ചെണ്ട തകർക്കുന്ന
മേഘക്കതിനയും കാലവർഷ-
ക്കലമ്പലും നിഴലും നിലാവും
ഒന്നുമറിയാതെ ഹേ! ബ്രഹ്മദേവൻ,
ഒറ്റക്കാലിലായിരം വത്സരം
നിൻ നാമമുരുവിട്ടു നിൽക്കെ
ദർശനം കുളിരിട്ട നിമിഷങ്ങളിൽ
അക്ഷരം തെറ്റി. വാക്കു തെറ്റി
വരം തെറ്റി ഇതാരുടെ കൗശലം
ആരണ്യദേവി വാർകൂന്തൽ
കോതിയുലയ്ക്കവെ മുടിയഴിഞ്ഞൂർന്ന
നിറപുഷ്പധാരയിൽ നൂലാംബര-
പ്പഴത്തേൻ നുകർന്നങ്ങനെ
ചാടിത്തിമിർത്തു രസിക്കെയെൻ
നേർപെങ്ങളറിയാതെ കണ്ടുപോയ്‌
പ്രേമതീർത്ഥക്കരെ
ശ്രീരാമചന്ദ്രനെ ലക്ഷ്മണനെ
ആയിരം പൂർണ്ണചന്ദ്രപ്രഭയാർന്ന
നിൻമുഖം കാട്ടുചമ്പകപ്പൂ-
ന്തളിർമേനി കാട്ടു പെണ്ണവൾ
കൗതുകം പൂണ്ടൊന്നു നോക്കി നിൽക്കെ,
കാമപ്പെരുമഴപെയ്തു നനഞ്ഞു
തളിർത്തവളാവേശത്താ-
ലാശ്ലേഷിപ്പാൻ നിങ്ങളിലിരുവരി-
ലാരേയെങ്കിലുമവളുടെ പ്രേമ-
പ്പെരുമാളാക്കാൻ കെഞ്ചി-
ക്കൊഞ്ചി നടപ്പതു നേരം
ലക്ഷ്മണനവളുടെ മൂക്കും മുലയും
ഛേദിച്ചപ്പോളരുതേയെന്നൊരു
വാക്കുറിയാടാതാർജ്ജവ ബുദ്ധി
ഉരുണ്ടു കളിച്ചു, ആദർശങ്ങലക്കിവിരിച്ചോ?
വെറുമൊരു ചക്കരവള്ളിയെടു-
ത്തിട്ടവളുടെ കയ്യും കാലും
കൂച്ചിക്കെട്ടി ദശാനനോടൊരു
വാക്കറിയിച്ചാ, ലക്ഷ്മണമെത്തും
ധീരൻ ജ്യേഷ്ഠൻ യുദ്ധവുമാകാം
സന്ധിയുമാകാം രാമാ, രഘു രാമാ!
സ്വപ്നം തുള്ളി നടന്ന മനസ്സിൽ
വിഹ്വലയൗവ്വന തൃഷ്ണകൾ പൂക്കാം
കട്ടുകറുപ്പിൻ കരിവാളിപ്പിനു-
മപ്പുറമൊന്നും കണ്ടിട്ടില്ലവള-
മ്പിളിപോലെ തുടുത്ത മുഖം
കണ്ടന്തരമൊന്നു തുടിച്ചതുമാകാം
വാക്കുകൾ ശേഷക്രിയ പോലെ-
ങ്കിലുമോർക്കുക നിദ്ര മുടിച്ചൊരു
ജന്മത്തരിശിൻ ഉറവക്കണ്ണുകൾ
ഒന്നു കുതിർന്നാൽ കൊടു-
വാളിൻ തലയന്നു ചുവക്കും
ചോരതെറിച്ച വഴിച്ചാലുകളിൽ
കോലം കെട്ട ജഡങ്ങൾ പണ്ടാ-
ബാല്യം കൊണ്ടു നടന്ന മുനീന്ദ്ര
ദുശ്ശാഠ്യം കൊണ്ടോ കോപം കൊണ്ടോ
മോക്ഷത്തമരു കൊളുത്തിയൊടുക്കിയ
വേട്ടപ്പെണ്ണിനെ ഓർക്കുന്നുണ്ടോ
അന്നു തുടങ്ങി വനത്തിലശാന്തി
നിറച്ച കശാപ്പുകളൊന്നിനു പിറകെ
ഏഴുമരങ്ങൾക്കിപ്പുറമകലെ
പാത്തുപതുങ്ങി നടുങ്ങി വിറച്ചു
തൊടുത്തൊരു കൂരമ്പറുതിവരുത്തിയ
വാനരയൗവനമെന്തു പിഴച്ചു?
ഊതിയണച്ച വിളക്കിൻ തിരിപോൽ
ദേഹിയൊടുങ്ങിയ പ്രേതച്ചുണ്ടിൽ
മോക്ഷപ്പാവു കുറുക്കിയൊഴുക്കിയ
വന്ധ്യംകരണ സുരാധമ കർമ്മം.
മൂത്തുനരച്ചു മുഷിഞ്ഞു കിടക്കെ,
മോക്ഷം സാന്ത്വന വാക്കതീഗോ‍ൂഢം
ഓർത്തു ജപിച്ചു കിടക്കാനിനിയും
കാലക്കുറികോലങ്കനമേറെ
കാടു കനത്ത കരുത്തിൻ നെഞ്ചിൽ
രോമച്ചൂടു പുണർന്നിളവേൽക്കാൻ
കാറച്ചുണ്ടിൻ അതിമധുരത്തേൻ
മുത്തിയുരുമി വിയർത്തു കുളിക്കാൻ
കുറ്റിരുളിൻ ഭയകടുകിടിലങ്ങൾ
പുച്ഛമതഞ്ചും അടക്കിയിരിക്കാൻ
ബാലിപ്പെരിയോരില്ലാതെ പ്രിയ-
താരയ്ക്കെന്തു സമാധാനം
ലക്ഷ്മണരേഖ മുറിഞ്ഞു പകക്കണ്ണൊ-
പ്പിയെടുത്തു പറന്നിവിടുത്തെ
ശിംശപ വൃക്ഷച്ചോട്ടിലിരുത്തിയ
സുന്ദരി സീതയ്ക്കെന്തു സുഖം
ഇനിയൊരു സന്ധിയുമില്ല രാവണ-
ഗുണപാഠങ്ങളിൽ യുദ്ധം മാത്രം
കുരുതിച്ചെണ്ട മുഴക്കിയടുത്താൽ
മരണം തന്നെ സുനിശ്ചിതമറയൂ.
ചന്ദ്രഹാസമിളക്കി രാവണ-
സിംഹ ഗർജ്ജനമായെടോ
സേതു ബന്ധനമെന്തന്‌
നീ പോരിനായി വിളക്കെടോ
യുദ്ധമായകളത്ഭുതങ്ങൾ
നഭസ്സിലാകെ നിരന്നതാ
ശത്രുവാനരരൊക്കെയും
ഭയചിത്തരായി വിരണ്ടിടാം
ലങ്കകത്തി സുഖങ്ങൾ കത്തി
മനസ്സു കത്തിയ രാവണൻ
സങ്കടങ്ങളഴിച്ചു വച്ചു
കരുത്തു നേടി വിഭീഷണ
കൂറുമാറ്റമിതൊന്നു കൊണ്ടു
സഹർഷമേകിയ സ്വാഗതം
വ്യാജമെന്നു ധരിക്ക നീ
ചരിതാർത്ഥമായ നിപാതകം
രാമരാവണ യുദ്ധമൂർച്ചയിൽ
തീറുബാണമതെറ്റിടുമ്പോൾ
ഒറ്റവാക്ക്‌ വിഭീഷണ,
നീ ഒറ്റരുതെൻ ജ്യേഷ്ഠനെ
കറുകറുത്തു വരുന്നു മുന്നിൽ
തെളിവു കണ്ട നിരത്തുകൾ
കരുകരുത്തു പുളിച്ച കണ്ണിൽ
ഇരുളുകോരിയൊഴിച്ചതോ
കറപിടിച്ചു കനച്ചകനവുകൾ
വെകിളിപൂണ്ട പടക്കളം
കണ്ണിറമ്പിലുടഞ്ഞ തുള്ളി-
യൊരക്ഷരച്ചതിനൊമ്പരം
കോട്ടുവായുടെ നിർഗ്ഗമങ്ങളി-
ളക്ഷരങ്ങൾ ഉടക്കിയോ
ആറുമാസം ഭ്രാന്ത നിദ്ര-
യിലാണ്ടു പോകാൻ മാത്രകൾ
എത്ര നിന്ദ്യമിതെന്തു ദുഃഖമി-
തെന്തുഹീന തമോവരം
എന്തുറക്കമിതെന്തു ദ്രോഹമി-
തെന്തു ധർമ്മ വിവേചനം.