Friday 14 October 2011

ജാലകം




മേലൂർ വാസുദേവൻ


ആരെൻമുറിയുടെ ജാലക വാതിൽ, ഹാ!
ക്രൂരമായ്‌ കൊട്ടിയടയ്ക്കുന്നു പിന്നെയും?
അപ്പുറത്തെ നാട്ടുമാവിന്റെ ചില്ലയിൽ 
നിത്യവും പാടുവാനെത്തുന്ന പക്ഷികൾ
എങ്ങുപറന്നുപോയ്‌? വേർത്ത പകലിന്റെ
വിങ്ങുന്ന നെഞ്ചിൽ നെടുവീർപ്പുലഞ്ഞുവോ?
ദൂരവേ, ഗ്രാമസത്രത്തിലിരുന്നൊരാൾ
നോവുകളെല്ലാം മറന്നുപാടുന്നുവോ?
എന്നയൽക്കാരൻ വിളിപ്പാടകലത്ത്‌ 
വന്നുനിന്നെന്നെ തിരയുന്നുവോ? വീണ്ടും -
അങ്ങകലെ കടലാർത്തിരമ്പുന്നുവോ?
വിങ്ങിപ്പിടഞ്ഞുവോ കാറ്റിന്റെ കൗതുകം?
ഒന്നുമറിവീല, ആരോയെൻ ജാലകം 
പിന്നെയും കൊട്ടിയടച്ചു മറഞ്ഞുപോയ്‌!