Thursday 13 October 2011

അതിജീവനം


ദീപു കാട്ടൂർ

പ്രധാനമായും മൂന്നു കഥാപാത്രങ്ങളാണ്‌ ഈ കഥയിലുള്ളത്‌. പിന്നെ അവരെ ചുറ്റിപ്പറ്റിയുള്ള ചിലരും...ജീവിതത്തിന്റെ മൂന്നു വ്യത്യസ്ഥ തലങ്ങളെ പ്രതിനിധാനം ചെയ്യുന്നവരാണ്‌ പ്രധാന കഥാപാത്രങ്ങൾ. ജീവിതത്തിലെ ഒരു വഴിത്തിറിവിൽ ഇവർ മൂവരും കണ്ടുമുട്ടുന്നതാണ്‌ കഥയുടെ ട്വിസ്റ്റ്.
സീൻ നമ്പർ: 1
 നഗരത്തിലെ പ്രശസ്തമായ ആശുപത്രിയുടെ ഗേറ്റുകടന്ന്‌ വെയിലിൽ തിളച്ച റോഡിലൂടെ നടക്കുന്ന യുവതിയായ വീട്ടമ്മ. ദുഃഖവും നിസ്സാഹായതയും നിഴലിക്കുന്ന മുഖഭാവം. ഭർത്താവിനെ അടുത്ത ബഡ്ഡിലെ കൂട്ടിരിപ്പുകാരനെ ഏൽപ്പിച്ച്‌ ധൃതിയിൽ നടക്കുകയാണവൾ. ബന്ധുക്കൾ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ ഭർത്താവ്‌ ആശുപത്രിയിലായി മാസം ഒന്നു കഴിഞ്ഞിട്ടും ഒരാളും തിരിഞ്ഞു നോക്കിയില്ല. അവരുടെ ശാപം ഫലിച്ചതിൽ സന്തോഷിക്കുകയാണവർ. വീട്ടുകാരടെ എതിർപ്പ്‌ അവഗണിച്ച്‌, മതത്തിന്റെ അതിരുകൾ ഭേദിച്ച്‌ ഒന്നായവരുടെ പതനത്തിൽ നാട്ടുകാരും സന്തോഷിക്കുന്നുണ്ടാവാം. ഒഴുക്കിനെതിരെ നീന്തുന്നവന്റെ തളർച്ചയിൽ ഉണ്ടാകുന്ന ആഹ്ലാദം. രോഗികളാകുമ്പോഴാണ്‌ മനുഷ്യൻ ഏറ്റവും നിസ്സാഹായകനാകുന്നതെന്ന്‌ തോന്നുന്നു. അതുവരെ ഉണ്ടായിരുന്ന തന്റേടം ചോർന്നു പോകുന്നതുപോലെ. സഹായിക്കാനാരുമില്ലാത്ത അവസ്ഥ. കൈയിലുണ്ടായിരുന്ന ചെറിയ സമ്പാദ്യമൊക്കെ തീർന്നു. നല്ലവരായ ചില സുഹൃത്തുക്കളുടെ സഹായം കൊണ്ട്‌ ഇതുവരെ പിടിച്ചുനിന്നു. ഇന്നുതന്നെ പണം അടച്ചില്ലെങ്കിൽ ചികിത്സ തുടരാനാവില്ലെന്ന്‌ സിസ്റ്റർ പറഞ്ഞപ്പോൾ മറ്റൊരു വഴിയും കണ്ടില്ല. ശരീരത്തിൽ അവശേഷിച്ച താലിമാല വിൽക്കുക തന്നെ. തീരുമാനം ഭർത്താവിനോട്‌ പറഞ്ഞില്ലെങ്കിലും അദ്ദേഹമത്‌ ഊഹിച്ചെന്ന്‌ തോന്നുന്നു. അരുതെന്നു പറയാൻ നാവ്‌ വഴങ്ങില്ലല്ലോ? തളർച്ച ബാധിച്ച ശരീരത്തിൽ ചലന ശേഷിയുള്ളത്‌ ഇടതുകൈവിരലുകൾക്ക്‌ മാത്രമാണ്‌. അവളുടെ കണ്ണുകൾ നിറഞ്ഞു സാരിത്തുമ്പു കൊണ്ട്‌ കണ്ണുനീരും വിയർപ്പും തുടച്ച്‌ അവൾ നടപ്പിന്‌ വേഗം കൂട്ടി.

സീൻ നമ്പർ: 2
 തന്റെ പഴയ തുരുമ്പിച്ച സൈക്കിൾ ചവിട്ടി നീങ്ങുന്ന ദിനേശൻ. ഹാന്റിലിൽ തൂക്കിയിട്ടിരിക്കുന്ന പെയ്ന്റ്പാട്ടയിൽ രണ്ടു മൂന്നു ബ്രഷുകൾ. പുറകിൽ തന്റെ മകൾ പാറുവിന്‌ ഏറ്റവും ഇഷ്ടപ്പെട്ട പരിപ്പുവടപ്പൊതി. പാറുവിന്റെ സ്കൂൾ നാളെ തുറക്കുകയാണ്‌. ബാഗ്‌, കുട, യൂണിഫോം, ചെരിപ്പ്‌, പുസ്തകം...ലിസ്റ്റ്‌ നീളുന്നു. ഈ നശിച്ച മഴക്കിടയിലെ തെളിവിൽ ഭാഗ്യത്തിനു രണ്ടു മൂന്നു ദിവസത്തെ പണി കിട്ടി. ഇന്നു നേരത്തെ തീർക്കാൻ കഴിഞ്ഞു. ഈ വാസ്തുപുരുഷൻ തന്നെപ്പോലുള്ളവർക്ക്‌ ഒരു അനുഗ്രഹമാണ്‌. കൈയിൽ കാശും മനസ്സിൽ അഹങ്കാരവും കൂടുമ്പോൾ വാസ്തുപ്രകാരം നല്ല വീടുകൾ പൊളിച്ച്‌ ഷേപ്പ്‌ മാറ്റും. സുധാകരൻ സാറിന്റെ വീടിനെന്തായിരുന്നു ഒരു കുഴപ്പം. ഭാര്യ ബാത്ത്‌ ർറൂമിൽ വീണ്‌ കൈയ്യൊടിഞ്ഞത്‌ വാസ്തു ദോഷമുള്ളതു കൊണ്ടാണത്രെ. കീയോ കീയോ ശബ്ദത്തോടെ നീങ്ങുന്ന സൈക്കിളിന്‌ ചെറിയൊരു ചാട്ടമുണ്ട്‌. മുന്നിലെ ടയർ കീറിയിട്ട്‌ ചെറിയൊരു കഷണം അകത്തിട്ട്‌ തയിച്ചിരിക്കയാണ്‌. അധികദിവസം നിൽക്കില്ലെന്നാണ്‌ വർക്ക്‌ ഷോപ്പുകാരൻ പറഞ്ഞത്‌. എന്തു ചെയ്യാനാണ്‌?  ആദ്യം പാറുവിന്റെ കാര്യം. അതൊക്കെ കഴിഞ്ഞിട്ട്‌ മതി സൈക്കിൾ. വൈകിട്ട്‌ അവളെയും കൂട്ടി രാജപ്പൻ ചേട്ടന്റെ കടയിൽ പോകാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അവിടെ പല അളവിലുള്ള യൂണിഫോം തയിച്ചിട്ടുണ്ട്‌. തുണി വാങ്ങി തയ്യൽക്കൂലിയും കൊടുക്കുന്നതിനെക്കാൾ ലാഭമാണെന്നാ ജോർജ്ജ്‌ പറഞ്ഞത്‌. പാറു ഇപ്പോഴെ വഴിയിലേക്ക്‌ നോക്കി പടിയിലിരിപ്പുണ്ടാവും.

 രാധയുടെ നടുവേദനയ്ക്ക്‌ ഒരു കുറവുമില്ല. മരുന്ന്‌ കഴിഞ്ഞു. ഇനി കിഴി കുത്തണം എന്നാണ്‌ ഡോക്ടർ പറഞ്ഞത്‌. ഇലക്കിഴി, ധാന്യക്കിഴി, ഞവരക്കിഴി...അങ്ങനെ ഒരു മാസത്തിനു മേൽ അവിടെ കിടക്കണം. എത്ര രൂപയുണ്ടെങ്കിലാ...ദിനേശന്‌ തല പെരുക്കുന്നതു പോലെ തോന്നി.

സീൻ നമ്പർ: 3
 രാഹുൽ വയസ്‌ 21. അച്ഛൻ ഗൾഫിലാണ്‌ പ്ലസ്ടു കഴിഞ്ഞ്‌ ഡിഗ്രിക്ക്‌ ചേർന്നെങ്കിലും രണ്ടാംവർഷം കൊണ്ടുതന്നെ പഠനം അവസാനിപ്പിച്ചു. ഹോസ്റ്റലിൽ നിന്നും പുറത്താക്കിയതാണ്‌ പെട്ടെന്നുണ്ടായ കാരണം. വാർഡന്റെ പഴ്സ്‌ കാണാതായതിനു പിന്നിൽ അലക്സിനൊപ്പം താനുമുണ്ടായിരുന്നുവേന്ന്‌ പറഞ്ഞത്‌ അജിത്തായിരുന്നു. അതിനവൻ അനുഭവിക്കുകയും ചെയ്തു. അലക്സിനോടു കളിച്ചാൽ വെറുതെ വിടുമോ? കയ്യും കാലുമൊടിഞ്ഞ്‌ ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ്‌. വെറും ഒരാക്സിഡന്റ്‌. വണ്ടി ഏതെന്ന്‌ പോലും അറിയില്ല. അലക്സ്‌ നല്ലവനാണ്‌. അല്ലെങ്കിൽ ഒരു ആംപ്യൂൾ തനിക്ക്‌ വെറുതെ തരുമോ? വല്ലപ്പോഴും ഒളിച്ചിരുന്ന്‌ സിഗരറ്റ്‌ മാത്രം വലിച്ചിരുന്ന തന്നെ ലഹരിയുടെ മായാലോകത്തിലെത്തിച്ചതു അവനാണ്‌.

കടപ്പുറത്തെ കാറ്റാടിമരങ്ങൾക്കിടയിലിരുന്ന്‌ ഞരമ്പുകളിലേക്ക്‌ പ്രവഹിച്ച ആ ദ്രാവകത്തിന്റെ അനുഭൂതി, പഞ്ഞിക്കെട്ടു പോലെ ആകാശത്തിൽ പറന്നു നടക്കുന്ന അനുഭവം...തനിക്കാദ്യമായി പകർന്നു നൽകിയത്തവനാണ്‌. മമ്മിയുടെ എ.ടി.എം കാർഡ്‌ പൊക്കാൻ പറഞ്ഞതും അലക്സാണ്‌. മമ്മി ഒരു മണ്ടിയാണ്‌. അല്ലെങ്കിൽ ആരെങ്കിലും കാർഡിന്റെ കൂടെ പിൻ എഴുതി വെക്കുമോ? മമ്മി ബാത്ത്‌ർറൂമിൽ പോയപ്പോൾ മേശപ്പുറത്തൂരിവച്ചിരുന്ന മാല മുറ്റത്തു വന്ന പാണ്ടിക്കാരൻ കൊണ്ടുപോയെന്നാ പാവം ഇപ്പോഴും വിശ്വസിച്ചിരിക്കുന്നത്‌. ഞങ്ങൾക്ക്‌ രണ്ടാഴ്ച അടിച്ചു പൊളിക്കാൻ ആ മാല ധാരാളമായിരുന്നു. പെട്ടെന്നാണ്‌ സാധനത്തിന്‌ വില കൂടിയത്‌. ഒറ്റയടിക്ക്‌ നേരെ ഇരട്ടിയാക്കി. ഇപ്പോൾ ചെക്കിംഗ്‌ കൂടുതലാണത്രെ. സാധനം കിട്ടാനുമില്ല. ഒരു ആംപ്യൂൾ പോലുമില്ലാതെ മിനിയാന്ന്‌ അനുഭവിച്ച ടെൻഷൻ. ഹോ...അത്‌ പറഞ്ഞറിയിക്കാനോക്കില്ല.

അപ്പോഴാണ്‌ അലക്സിന്റെ പുതിയ ഐഡിയ. ചീറിപ്പായുന്ന തന്റെ ബൈക്കിന്റെ പിന്നിലിരുന്ന്‌ അവൻ ആരോടോ മൊബെയിലിൽ സംസാരിക്കുന്നുണ്ട്‌. പെട്ടെന്ന്‌ അലക്സ്‌ തന്നെ ഒന്നു തോണ്ടി. ചിന്തയുടെ ലോകത്തായിരുന്ന തനിക്ക്‌ കാര്യം മനസ്സിലായി. ഒട്ടേറെ വിജനമായ റോഡിലൂടെ ധൃതിയിൽ നടന്നു നീങ്ങുന്ന ഒരു യുവതി. വഴി ചോദിക്കാനെന്ന ഭാവത്തോടെ താൻ അവർക്കരികിൽ വണ്ടി നിർത്തിയതും അവരുടെ മാലയിൽ കടന്നു പിടിച്ച അലക്സ്‌ അവരെ തൊഴിച്ചു വീഴ്ത്തി. മുന്നോട്ടു പാഞ്ഞ ബൈക്കിന്റെ പിന്നിൽനിന്നും അലക്സിന്റെ ആഹ്ലാദ ശബ്ദം ഉയരുന്നു. പുറകോട്ടു തിരിഞ്ഞ്‌ താനും ചിരിയിൽ പങ്കു ചേർന്നു.
ഒരു നിമിഷം...
പോക്കറ്റ്‌ റോഡിൽ നിന്നും കയറി വരുന്ന ദിനേശന്റെ സൈക്കിൾ. ഇടിയുടെ ആഘാതത്താൽ ഉയർന്നു പൊങ്ങി. റോഡിൽ തലയടിച്ച്‌ വീണ്‌ രക്തം ഒഴുകി പരക്കാൻ തുടങ്ങി. ആ പരിപ്പു വടകൾ നനഞ്ഞു ചുവന്നു തുടങ്ങുമ്പോൾ ബൈക്കിന്റെ വേഗം വീണ്ടും കൂടുകയായിരുന്നു.