Thursday 13 October 2011

അവസ്ഥ


ഒലിവർ

പാഞ്ഞു വന്ന വടിവാൾ ! എന്നെ-
യാകെപ്പിളർന്നതോ  1 ,യെന്റെ സോദരഹസ്തം!
പാളിപ്പോയ്‌ നരഹത്യ ; ഇരുട്ടിലി-
താണിന്നെന്നിലെരിയുന്ന, യോർമ്മ !
പകലിന്നൊപ്പം മുടന്തൻ ഞാൻ,
രാവിന്നൊപ്പം  ഞാനീ കണ്ണീർപാത്രം !
പാഞ്ഞു വരുന്നു വടിവാൾ! കിടക്ക -
പ്പായിലുമരങ്ങേറുന്നു 2 സ്വപ്നഹത്യ!
തള്ളിപ്പറയുന്നു മനുഷ്യപുത്രരെന്നെ,
ആട്ടിപ്പായിക്കുന്നു മഹാപുരോഹിതനക്ഷത്രങ്ങളുമെന്നെ!3
ആയുസ്സിൻ മണ്ണിതിൽ ഞാ,നന്യനായി4
ആരോ എറിഞ്ഞുടയ്ക്കുന്നെൻ കൺജാലകങ്ങളും! 5
ഉയരുന്നു പാതാളക്കോട്ടകൾ ചുറ്റും ;
ഉയിരു വറ്റുന്നു, ഉണ്മ മായുന്നു !
അന്നപഥങ്ങളിലേതോ രോഗത്തിന്റെ തേരോട്ടം!
അത്താഴച്ചോറിൽ കൊടികുത്തുന്നു മരണം!
പൂക്കുന്നില്ലാ നീതിതൻ അത്തിവൃക്ഷങ്ങൾ;
ഭൂമിതൻ ഉപ്പല്ലാ, മെങ്ങോ പോയ്‌ 6
മുറ്റും ചൊല്ലുക നിങ്ങളെങ്ങനെ മുള്ളും പറക്കാരയുമായി? 7
കുറ്റംപൊറുക്കും നിയമങ്ങളെങ്ങനെ മുരടിച്ചും പോയി ?
*****************************************************
1. യുവാവിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചെന്ന്‌ പത്രവാർത്തയെ അവലംബിച്ച്‌.
2. സ്വപ്നത്തിന്റെ മന:ശാസ്ത്രം.
3. ബൈബിൾ- മത്തായി അ-26 .വാ-69.
4. അൽബേർ കാമുവിന്റെ ഔട്ട്​‍്സൈഡർ എന്ന നോവലിലെ കഥാപാത്രത്തെ സ്മരിച്ച്‌.
5. എ.അയ്യപ്പന്റെ കവിത -ബുദ്ധനും ആട്ടിൻകുട്ടിയും- ഓർക്കുക
6. നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു - യേശുവചനം മത്തായി അ.5-വാ-13
7. നിയമവ്യവസ്ഥയുടെ പോരായ്മകളും ജീർണ്ണതയും ധ്വനിപ്പിക്കുന്നു.