Thursday 13 October 2011

തിർവ്വോണം


അശോകൻ അഞ്ചത്ത്‌


 നാളെ വിശേഷപ്പെട്ട ദിവസമാണ്‌. തള്ളയ്ക്ക്‌ രാത്രി ഉറക്കം വന്നില്ല. മകൾ പണിയിച്ച പുതിയ വീട്ടിലേക്ക്‌ രണ്ടുദിവസം മുമ്പ്‌ കൊണ്ടുവന്നതാണ്‌. തറവാട്ടിൽ വേലക്കാരി മാത്രമായിരുന്നു കൂട്ട്‌.
 പാവം, തിർവ്വോണമല്ലേ...അവളുടെ വീട്ടിൽ പൊയ്ക്കോട്ടെയെന്നു വിചാരിച്ചു പറഞ്ഞയച്ചു. പോകുമ്പോൾ കമല അവൾക്ക്‌ എന്തൊക്കെയോ കൊടുക്കുന്നതും കണ്ടു.
 ഇവിടെ വനം പെട്ടതു മുതൽ ഒരു ശ്വാസം മുട്ടലാണ്‌. തള്ളയുടെ ഇരിക്കപൊറുതിയില്ലായ്മ കണ്ട്‌ മകൾ ചോദിക്കുകയും ചെയ്തു.
 അമ്മയ്ക്കെന്താമ്മേ പറ്റീത്‌... ഒരു സ്ഥലത്തുപോയി ഇരിയ്ക്കമ്മേ.
കൂടുതൽ ശാസന ഭയന്ന്‌ സെറ്റിയിൽ പോയിരുന്നു. തറവാട്‌ വീട്ടിൽ തന്നെ കഴിയണതായിരുന്നു ഭേദം. ചാവടിയിലിരുന്നാൽ തൊടിയിൽ നിന്നു വരുന്ന കാറ്റ്‌ കിട്ടും. വേലക്കാരി പൊന്നുവിനെക്കൊണ്ട്‌ തലമുടിയൊക്കെ ഒന്ന്‌ വേർപെടുത്തി പറമ്പിൽ ചിക്കിചികയുന്ന കോഴികളെയും, അയൽവാസി ശങ്കരന്റെ പൂച്ചകളെയും, പട്ടിക്കുട്ടികളെയുമൊക്കെ കണ്ടിരുന്നാൽ എന്തായിരുന്നു സുഖം. പോരെങ്കിൽ മനസ്സിൽ തികട്ടി വരുന്ന നാരേണന്റെ ഓർമ്മകളും.
 മകൾ വിളിച്ചപ്പോൾ കുറെ എതിർത്തത്തായിരുന്നു.
 എനിക്കൊരു വീടായിട്ട്‌ ആദ്യത്തെ വിശേഷാവരണത്‌. മഹാദേവേട്ടനും, സുദർശനും കുടുംബായിട്ട്‌ വരണുണ്ട്‌. മക്കളൊന്നിച്ചുകൂടുമ്പോ അമ്മ മാത്രം വര്യാണ്ടിരിയ്ക്ക്യാ...
കമല സങ്കടപ്പെട്ടപ്പോൾ പൊന്നുവാണ്‌ നിർബന്ധിച്ചതു.
പോയിട്ടുവരൂ കൊച്ചമ്മ... ആരൊക്കെ എത്രകാലാ ഉണ്ടാവ്വാന്നറിയോ...ഒരു തിർവ്വോണമല്ലേ വരണത്‌...കമലേച്ചീടെ വീട്ടില്‌ ഒരാഴ്ചയോ, രണ്ടാഴ്ചയോ നിന്നിട്ട്‌ വർവ്വാ...
പൊന്നൂവിനെ അവളുടെ വീട്ടിൽ പറഞ്ഞയച്ചു. തറവാട്‌ അടച്ചിട്ടു. കമലമ്മടെ കൂടെ മനസ്സില്ലാമനസ്സോടെ പോന്നു.
 പേരക്കുട്ടികൾ ടിവി ശബ്ദം കൂട്ടിവച്ച്‌ ചാനൽ പരിപാടികൾ ആസ്വദിക്കുന്നു.
അടുക്കളയിൽ ഉപ്പേരിയോ മറ്റോ ആയോ ആവോ.. രണ്ടു കഷ്ണം പൊടിയും കിട്ടിയാൽ തിന്നാമായിരുന്നു.
സുദർശനും, ഭാര്യയും മക്കളും രാത്രി വരണ്ണ്ട്‌. ഇന്ദൂനെ കണ്ട്‌ കാലം കുറെ ആയിട്ടുണ്ട്‌. മക്കളെ ഒരിക്കൽ അവൻ തറവാട്ടിൽക്ക്‌ കൊണ്ടന്നിരുന്നു.
മഹാദേവൻ രാവിലെ വന്നു. കുമാരിയേയും കൂട്ടി എവിടേക്കോ പോയിരിക്കുന്നു. രാത്രി എപ്പഴാണാവോ എത്ത്വാ... എല്ലാവരും കൂടി വന്നാൽ എന്തൊരു ബഹളമാണ്‌. വിജയന്റെ ആക്സിഡന്റ്‌ ഇൻഷ്വറൻസ്‌ തുക മുഴുവൻ കമലവീടിനു വേണ്ടി ചെലവാക്കീട്ടുണ്ട്‌. വലിയ മുറികൾ...ആർഭാടങ്ങൾ...വീട്‌ പണ്ട്‌ തട്ട്‌ ആദ്യത്തെ ഓണാഘോഷത്തിലേക്ക്‌ അമ്മയെയും വിളിച്ചുകൊണ്ടുവന്നിരിക്കുന്നു.
..
തള്ള തറവാട്ടിലെ കറുത്തചാന്തു തേച്ച നിലത്തിന്റെ തണുപ്പിനെക്കുറിച്ചാലോചിച്ചു. അവിടെ യാതൊരു ബഹളവുമില്ല. ഞാനും, പൊന്നൂം മാത്രം.
 വൈകിട്ട്‌ നേരത്തെ ഊണുകഴിഞ്ഞ്‌ കിഴക്കെ ഇറയത്ത്‌ തിണ്ണയ്ക്കു താഴെ പച്ചനിലത്തു കിടന്നാൽ എന്തൊരാശ്വാസമാണ്‌. പൊന്നു ചിലപ്പോ സീരിയലു കാണും.
 അതിലൊക്കെ എന്തു ജീവിതാടിമോളെ ഉണ്ടാവണത്‌ എന്ന്‌ ചിലപ്പോഴൊക്കെ പൊന്നൂന്നോട്‌ ചോദിക്കാറുണ്ട്‌.
 വലിച്ചുനീട്ടി ഏങ്കോണിച്ചും, വക്രിച്ചുമൊക്കെ പടച്ചു കൂട്ടുന്ന ഒരേർപ്പാട്‌...ടി.വീടെ ശബ്ദം കുറയ്ക്കടിപ്പെണ്ണെ...സീരിയൽ ആക്രോശങ്ങളും അട്ടഹാസങ്ങളും ഉറക്കെയാവുമ്പോൾ തലയുയർത്തി പൊന്നുവിനെ ഉപദേശിക്കും.
 അടുക്കളേല്‌ എന്താടി ആക്കണത്‌...കാളനോ, ശർക്കരുപ്പേര്യോ...എന്തെങ്കിലും ഉണ്ടാക്ക്യേ...?
കളിയും ചിരിയും, തിമർത്തു കൊണ്ടിരുന്ന പേരമക്കളോട്‌ തള്ള ഉത്കണ്ഠയോടെ ചോദിച്ചു.
ചിക്കണാ മുത്തശ്ശി...അടുപ്പത്ത്‌...ഓവനില്‌ കേക്ക്‌ വച്ച്ട്ട്ണ്ട്‌...
ശിവ! ശിവ! തള്ള മുകളിലേക്കു നോക്കി കൈകൂപ്പി. ഓണം ത്രിടായിട്ട്‌ എറച്ചി-
അടുക്കളയിലായിരുന്ന കമല പുറത്തുവന്നു.
അമ്മയ്ക്ക്‌ ഊണ്‌ കാലായിട്ടുണ്ടെങ്കിൽ കഴിക്കാം...
എറച്ചി വെന്തട്ട്ണ്ട്‌...
കമല തോണ്ടി വിളിച്ചു. തള്ള മിണ്ടീട്ടില്ല. ഓക്കാനമാണ്‌ വരൺത്‌.
സുദർശനും, ഭാര്യേം, കുട്യോളും എത്തുമ്പോ 10മണിയാവുമ്ന്ന്‌ മൊബെയിലീന്ന്‌ വിളിച്ച്‌ പറഞ്ഞ്ട്ട്ണ്ട്‌...മഹിയേട്ടനും, കുമാരേച്ചിം തൃശൂർന്ന്‌ തുണിക്കടേന്ന്‌ ഇറങ്ങീട്ടേളളൂ...അമ്മ അവരെ കാത്തിരുന്ന്‌ വയറ്‌ കായണ്ട.
കമല വീണ്ടും പറഞ്ഞു.
എനിക്കായിട്ടില്ല. പിള്ളേരൊക്കെ വരട്ടെ.
കമല അകത്തേയ്ക്കു പോയി.
എവിട്യാടി തൃക്കാക്കരയപ്പൻ ഒരുക്കി വച്ചേക്കണെ...
പൂവൊക്കെ പൊട്ടിയ്യോ...അരിമാവും ചന്ദനമുട്ടീം കാലത്ത്‌ തപ്പിനടക്കേണ്ട...എവിട്യാടി ഓണം കൊള്ളണെ... ഒക്കെ എട്ത്ത്‌ വയ്ക്കടി മക്കളെ...
ഒരു സ്വപ്നം കാണുന്ന സുഖത്തോടെ ശ്വാസം പിടിച്ച്‌ തള്ള പേരമക്കളോട്‌ പറഞ്ഞു.
കുറച്ചുനേരത്തേക്ക്‌ പേരമക്കൾ മിണ്ടിയില്ല. തള്ള രണ്ടാമതും നാവുയർത്തുമ്പോൾ കമലേടെ മൂത്ത മകൾ പറഞ്ഞു.
ഇവിടെ തൃക്കാക്കരപ്പനൊന്നും ല്ല്യാഅമ്മൂമ്മേ...പിന്നെ ശരതേട്ടൻ വരുമ്പോ ടൗണീന്ന്‌ കിട്ട്വേന്ന്‌ നോക്കാൻ പറയാം...
വേണ്ടടി വേണ്ട...തിർവ്വോണായിട്ട്‌ എറച്ചീം കേക്കും തിന്ന്‌ നടന്നോ...ഒന്നും വേണ്ട...
തള്ള ഉളളിൽ മുറുമുറുത്തു.
-നാളെ ഞങ്ങള്‌ ടൂറ്‌ പൂവ്വാ...വയനാട്ടിൽക്ക്‌ അമ്മ പോരണില്ല. ഉച്ചയ്ക്ക്‌ ഊണ്‌ കഴിഞ്ഞാ പൊറപ്പെടും അച്ചമ്മയ്ക്കറിയ്‌വോ...അവ്ടെ മഴകാണാൻ നല്ല രസാന്നാ പറയണെ. സുദർശൻ കുഞ്ഞച്ഛനാ കൊണ്ടോണത്‌.
മഹാദേവന്റെ ഇളയകുട്ടി പറഞ്ഞു. തള്ള വിമ്മിഷ്ടപ്പെട്ടു.
സ്വന്തം വീട്ടുമുറ്റത്തു പെയ്യണമഴ ആർക്കും വേണ്ട. വല്ല നാട്ടിലും മഴ കാണാൻ പോണൂത്രെ...അതും തിർവ്വോണായിട്ട്‌.
കുട്ടികളുടെ സംഭാഷണം ഇപ്പോൾ നാളത്തെ യാത്രയെക്കുറിച്ചുമാത്രമാണ്‌.
നാരേണനോടൊപ്പമുണ്ടായിരുന്ന ഓണക്കാലങ്ങൾ തള്ള ഓർത്തു. മഹീം, കമലേം, സുദർശനും അന്ന്‌ ചെറിയ കുട്ടികളായിരുന്നു. പുലർച്ചേ എഴുന്നേറ്റ്‌ കിണറ്റുവക്കത്ത്‌ കുളിച്ച്‌, നെറ്റിയിൽ ചന്ദനക്കുറിയിട്ട്‌ ആവണപലകയിട്ട്‌ കിഴക്കോട്ട്‌ തിരിഞ്ഞിരുന്ന്‌ പൂത്തറയിലും, കട്ടിലപ്പടിയിലുമൊക്കെ അരിമാവ്‌ കൊണ്ട്‌ അണിഞ്ഞ്‌ പലകയും ഇലയും വച്ച്‌ ചെത്തിപൂക്കൾ ചൂടിച്ച തൃക്കാക്കരയപ്പൻമാരെ ഏഴെണ്ണം വച്ചാണ്‌ പൂജിക്കാറ്‌. അന്ന്‌ മനപറമ്പീന്ന്‌ നെറച്ച്‌ തുമ്പക്കൊടം കിട്ടീരുന്നു. മഹീം, സുദർശനും, വട്ടിയെടുത്ത്‌ ഉത്രാടത്തിന്റെന്ന്‌ കാലത്തെ പുറപ്പെടും... അടുക്കളപ്പത്തായത്തിൻ മുകളിൽ തൂങ്ങുന്ന രണ്ടുകൊല നേന്ത്രപ്പഴം. അത്തം മുതലുള്ള നാളുകളിൽ ഉപ്പേരിവറവ്‌, പൂത്തറകെട്ടൽ, പന്തലുണ്ടാക്കൽ, കുട്ട്യോൾക്കും, നാരേണനും നാരേണന്റമ്മയ്ക്കും, പെങ്ങന്മാർക്കും, കുട്ട്യോൾക്കും, തനിക്കുമൊക്കെ വാങ്ങിക്കുന്ന ഓണപ്പുടവകൾ. ശർക്കര വച്ച അടയുടെ മധുരം ഇപ്പഴും നാവിലുണ്ട്‌. ഉച്ചയ്ക്ക്‌ ഊണു കഴിഞ്ഞാൽ മനയ്ക്കലെ ആത്തേമാരുടെ വക കൈക്കൊട്ടികളി...എന്തായിരുന്നു ആ കാലം?
 തള്ള സെറ്റിയിലിരുന്ന്‌ മയങ്ങിപ്പോയി. ഉമ്മറത്ത്‌ കാറിന്റെ ഹോണടി കേട്ടപ്പോൾ ഉണർന്നു. തുണി എടുക്കാൻ പോയ മഹാദേവൻ വന്നിരിക്കുന്നു. എല്ലാവരും അകത്തേക്ക്‌.
ഇതമ്മയ്ക്ക്‌... തള്ളയുടെ അരികെവന്ന്‌ മകൻ ഒരു കവർ നീട്ടി.
കൈ നീട്ടിവാങ്ങിയെന്നു വരുത്തി.
എനിക്കിപ്പോ വേണ്ട തുണിയൊക്കെ ഉണ്ടെടാ...
അങ്ങിനെ പറയാനാണ്‌ തോന്നിയത്‌.
ഇരിക്കട്ടെ അമ്മേ...അടുത്ത കൊല്ലത്തേക്ക്‌ ആരൊക്ക്യാ ഉണ്ടാവ്വാന്ന്‌ പറയാൻ പറ്റ്വേ..
കമല വന്നു വിളിച്ചപ്പോഴും പൊന്നു ഉപദേശിച്ചതു ഇതായിരുന്നു. അടുത്ത കൊല്ലത്തേക്ക്‌.
അമ്മ ഊണു കഴിച്ചോ? കുമാരി അടുത്തുവന്ന്‌ വിശേഷം ചോദിച്ചു. അവൾ വല്ലാതെ കറുത്തു പോയിരിക്കുന്നു. ഒന്നുകൂടി തടിയും വച്ചിരിക്കുന്നു.
ഇല്ല. വിശപ്പു തോന്നണില്ല.
ഞാൻ വിളിച്ചതാ- അമ്മയ്ക്കായിട്ടില്ല എന്നു പറഞ്ഞു.
കമല നാത്തൂനെ പറഞ്ഞു കേൾപ്പിച്ചു.
 മഹാദേവൻ എല്ലാവർക്കും തുണിത്തരങ്ങൾ വാങ്ങിയിട്ടുണ്ട്‌. തങ്ങൾക്കു കിട്ടിയ വസ്ത്രങ്ങളുടെ ഭംഗിനോക്കി പരസ്പരം അഭിപ്രായം പറയുന്ന കുട്ടികൾ. തള്ള തനിക്കായി നീക്കി വച്ചിട്ടുള്ള മുറിയിലേക്കു നടന്നു.
കമലേടെ മൂത്തമോന്‌ പട്ടണത്തീന്ന്‌ ഈ രാത്രി തൃക്കാക്കരപ്പനെ കിട്ട്യോ ആവോ?
തള്ള ഓരോന്നാലോചിച്ച്‌ വെറുതെ കിടന്നു. കുറെക്കഴിഞ്ഞ്‌ സുദർശനനും, കുടുംബവുമെത്തി. മുറിയിലേക്കു കടന്നുവന്ന്‌ അവൻ കട്ടിൽ തലയ്ക്കെ ഇരുന്നു. പുറത്തുനിന്ന്‌ തലകാണിക്കുന്ന അവന്റെ ഭാര്യയും  കുട്ടികളും. പാറുമോൾ ചുരിദാറൊക്കെ ഇട്ട്‌ സുന്ദരിയായിരിക്കുന്നു.
കാലങ്ങൾ കൂടീട്ട്‌ സുദർശനനെ കാണ്വാണ്‌. പൊന്നുവാണ്‌ അവൻ വിളിക്കുമ്പോ ഫോണിലൂടെ അമ്മയുടെ വിശേഷങ്ങൾ പറയാറ്‌... ആ യന്ത്രം ചെവിയിൽവച്ച്‌ വർത്തമാനം പറയാൻ ഒരിഷ്ടവും തോന്നാറില്ല. മഹാദേവനും, കമലമ്മേം കൂടി മുറിയിലേക്കു വന്നു.
എന്താമ്മേ സുഖംല്ലേ... സുദർശൻ അമ്മയെ വട്ടം പിടിച്ചു.
അമ്മയ്ക്ക്‌ സുഖം തന്നെ...നീയ്യാകെ ചടച്ചല്ലോ...
തള്ള ക്ഷീണ സ്വരത്തിൽ പറഞ്ഞു.
അവന്റെ തലയിൽ തടവുമ്പോൾ കുട്ടിക്കാലത്ത്‌ തല നിറയെ ചൊറിവന്നിരുന്ന കാലമാണ്‌ ഓർമ്മ വരുന്നത്‌.
വരു അമ്മേ ഊണുകഴിക്കാം.
മക്കൾ ഓരോരുത്തരായി വിളിച്ചു.
എനിക്ക്‌ വിശപ്പില്ല.
അമ്മയ്ക്ക്‌ ഓറഞ്ചു കഴിക്കണോ? അതോ ആപ്പിളുവേണോ?
ഒന്നും വേണ്ട.
ഓണംത്രിടായിട്ട്‌ ഒരു സാമ്പാറ്‌ വച്ച്‌, പപ്പടം കാച്ചി, ഒരുമെഴുക്കു പുരട്ടീം ഉണ്ടാക്കി തരായിരുന്നില്ലേ കമലെ ഈ അമ്മയ്ക്ക്‌...
തള്ളയുടെ അകത്തുകിടന്ന്‌ ഒരു സങ്കടപ്പുഴ കലങ്ങി.
ഊണുകഴിക്കാൻ അമ്മ വരാഞ്ഞ്‌ മക്കൾ പുറത്തു കടന്നു.
ഊണുമേശപ്പുറത്തുനിന്നും വെന്ത കോഴിക്കറിയുടെ മണം വന്നു. ഓക്കാനം വന്ന തള്ള തലയിണകൊണ്ട്‌ വായ അമർത്തിപ്പിടിച്ചു.
അപ്പുറത്ത്‌ ഭക്ഷണമേള തകർക്കുമ്പോൾ തള്ള വെറുതെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
പട്ടണത്തിന്‌ വരുമ്പോ ഒരു തൃക്കാക്കരയപ്പനെ വാങ്ങിക്കാൻ കമലേടെ മോന്‌ തോന്നിക്കണെ ഈശ്വരാ...