Friday 14 October 2011

ചരിത്രത്തിന്റെ ചാരുത


എ. എസ്‌. ഹരിദാസ്‌

 ഭാഷയുടെ ശക്തിയും വിസ്തൃതിയും സംബന്ധിച്ച  ചിന്തയെ ഉണർത്തിവിട്ടത്‌ സേതുവിന്റെ 'മറുപിറവവിയെന്ന നോവൽ വായിച്ച സന്ദർഭത്തിലാണ്‌.


മലയാളഭാഷയെ സംബന്ധിച്ച്‌ പിറവിയെടുത്തിരിക്കുന്ന വിഭ്രാമാത്മകമായ ഒരു സത്യം, ഭാഷകൊണ്ട്‌ നമുക്കൊന്നും ചെയ്യാനാവില്ലെന്ന വിശ്വാസമാണ്‌. ഭാഷയുടെ ആവശ്യം, വിദേശസംസ്കാരത്തിൽ ഉപയുക്തമാവുന്ന തൊഴിൽരംഗത്തു മാത്രമാണെന്ന്‌ നാം എങ്ങനെയോ ധരിച്ചുറപ്പിച്ചിരിക്കുന്നു. അതുകൊണ്ട്‌ നാം വിദേശഭാഷയാണു വശമാക്കേണ്ടതെന്നു വിശ്വാസം ഉറച്ചിരിക്കുന്നു.
ഇതിനിടിയാക്കുന്ന ഒരു കാരണം, മലയാളിയുച്ചേ ഭ്രമമൊന്നു മാത്രമാണെന്നു കുറ്റപ്പെടുത്തിയതുകൊണ്ടായില്ല. മലയാളഭാഷയെ വേണ്ട വിധത്തിൽ വിന്യസിക്കാൻ കഴിവുള്ള എഴുത്തുകാരുടെ ദൗർലഭ്യം ആയിക്കൂടേ അത്‌? വിപുലമായ പദസമ്പത്തില്ലാത്തതും വ്യത്യസ്ത ജീവിതമുഖങ്ങളുമായുള്ള പരിചയക്കുറവും മൂലം നമ്മുടെ ഭാഷയുടെ ശക്തിയും വിസ്തൃതിയും നാമാവശേഷമാവുകയാണ്‌. ഭാഷയെ ശരിയായി ഉപയോഗിക്കാൻ കഴിയുന്നവർ, അതിലൂടെ ഭാവനാലോകത്തെവിടെയും സഞ്ചരിക്കാൻ കഴിവുള്ളവർ മലയാളസാഹിത്യലോകത്ത്‌ എത്രയോ വിരളം! നമ്മുടെ കാൽപനികതയുടെ വിസ്താരം ശുഷ്കമാവുകയും, അതിർവരമ്പുകൾ രൂപപ്പെടുകയും ചെയ്തിരിക്കുന്നു. തൊട്ടു മുകളിൽ കാണുന്നതു മാത്രമേ ആവിഷ്കരിക്കൂ എന്നു വന്നാൽ സാഹിത്യലോകം ചെറുതാവുകയുള്ളൂ.

ഭാഷയുടെ ശക്തിയും വിസ്തൃതിയും സംബന്ധിച്ച ഈ ചിന്തയെ ഉണർത്തിവിട്ടത്‌ സേതുവിന്റെ 'മറുപിറവവിയെന്ന നോവൽ വായിച്ച സന്ദർഭത്തിലാണ്‌. ഭാഷയ്ക്ക്‌ തൊഴിലധിഷ്ഠിതമല്ലാത്തതും പല പല ജീവിതമുഖങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ പദങ്ങൾ ധാരാളമുള്ളത്‌ തിരിച്ചറിയാൻ ഇടയാക്കിയതും ചരിത്രസ്പർശമുള്ള ഈ നോവൽ തന്നെ! ഭാഷയുടെ വേരുകൾ നൂറ്റാണ്ടുകൾക്കു പിന്നിൽ നിന്നു മുളപൊട്ടുന്നത്‌ തിരിച്ചറിയാൻ അനുവാചകനു കഴിവുണ്ടാക്കുന്നതാണീ കൃതി.

നാം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയെയ്യാണല്ലോ തൊഴിലെന്നു പറയുന്നത്‌? ജീവിക്കാൻ വേണ്ട വരുമാനവും അതിൽനിന്നുണ്ടാവണം. അതു വേണമെങ്കിൽ തൊഴിൽ 'പ്രത്യുൽപ്പാദനപരരമാവണമെന്നും, മലയാള ഭാഷ വച്ചുകൊണ്ട്‌ അത്തരം പുനരുൽപ്പാദന തൊഴിലൊന്നും ചെയ്യാനാവില്ലെന്നും നാം തെറ്റിദ്ധരിക്കുന്നു. വ്യാവസായികയുഗത്തിൽ സേവനങ്ങൾപോലും തൊഴിലുകളായി മാറുകയും, 'പരക്ലേശവിവേകം' മങ്ങിപ്പോവുകയും ചെയ്യുന്നു.
അതുകൊണ്ടുമാത്രം ജീവിതം പൂർണ്ണമായെന്നു പറയാനാവില്ല. വൈവിധ്യങ്ങളുടെ വിശാലലോകത്തുനിന്ന്‌ ശുഷ്കതയിലേയ്ക്കു പറിച്ചു നടാൻ വിധിക്കപ്പെട്ട സമൂഹമാണ്‌ കേരളം ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകണമെങ്കിൽ നമ്മുടെ സാംസ്കാരിക സമ്പത്തിന്റെ ആഴം തിരിച്ചറിയണം. ഈ അവബോധമുണ്ടാക്കാൻ സഹായിക്കുന്നു, സേതുവിന്റെ ഏറ്റവും പുതിയ നോവൽ (മറുപിറവി. അത്രമാത്രം ശക്തിയോടെ നമ്മുടെ മനസ്സിനെ കീഴ്പ്പെടുത്താൻ സേതുവിനു കഴിഞ്ഞത്‌ മറ്റൊന്നും കൊണ്ടല്ല, മറ്റാർക്കുമില്ലാത്ത പദശേഷിയും, ഭാഷയിലുള്ള പ്രതിഭാധിഷ്ഠിതമായ അറിവുമാണ്‌. മലയാളം പലരും എഴുതാറുണ്ട്‌; എന്നാൽ ഈ നോവൽ പോലെ അതിന്റെ തേജസ്സു കണ്ടെത്തുന്നത്‌ സേതുവാണെന്ന്‌ ചരിത്രം വിധിക്കുമെന്നുറപ്പിക്കാം.
സാഹിത്യത്തിൽ പുതിയൊരു ആവിഷ്കരണപാതയായി ഈ കൃതി മാറുമെന്നുറപ്പാണ്‌.

ഭാഷയുടെ വിന്യാസമേഖല എത്ര വിസ്തൃതമാണെന്നുള്ള യഥാർത്ഥ്യത്തിലേക്കു കൺതുറക്കുന്നതോടെ നമ്മുടെ സഹൃദയലോകം ഈ ഭാഷയെ വേണ്ട വിധത്തിൽ അടിത്തറിയാനും തിരിച്ചറിയാനും തുടങ്ങും. ഒരർത്ഥത്തിൽ ഭാഷയോടുള്ള ഭ്രാന്തമായ പ്രേമത്തിൽനിന്നും വിമുക്തമാവുന്നത്‌ നല്ലതിനു തന്നെ. അത്‌ മലയാളിയുടെ യഥാർത്ഥ്യബോധത്തിനുള്ള തെളിവുകൂടിയാണ്‌. ഭാഷയെ അമിതമായി രാഷ്ട്രീയവൽക്കരിക്കുന്നതാവും ഒരു പ്രശ്നം. രാഷ്ട്രീയം എല്ലാ ദേശത്തും ഒരേ വിഷയങ്ങളെ മാത്രം കൈകാര്യം ചെയ്യുമ്പോൾ, ഭാഷയേക്കാളും സംസ്കാരത്തേക്കാളും രാഷ്ട്രീയം ജീവിതപ്രശ്നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുമ്പോൾ, ജീവിതം കേവലം നിലനിൽപ്പിന്റേതു മാത്രമായി ചുരുങ്ങുന്നു. നിലനിൽപ്പിന്റെ ഭാഗമായി ജീവിതത്തിനുണ്ടാവേണ്ട താരും തളിരും വളർത്തിയെടുക്കുന്നതാണല്ലോ സംസ്കാരം? അതിന്‌ അടിത്തറയിടുന്നതാവട്ടെ, ഭാവനയും സാഹിത്യവുമാണ്‌. ഈ അർത്ഥത്തിൽ ഭാഷയുടെ വിന്യാസസാധ്യതകലെ തിരിച്ചറിഞ്ഞുപയോഗിക്കുന്ന കർത്തവ്യം ഏറ്റെടുക്കുകയാണ്‌ എഴുത്തുകാരൻ വേണ്ടത്‌.

ഈ വാസ്തവം വെളിപ്പെടുത്തുന്നുവേന്നതാമ്‌, ഇവിടെ പരാമർശിക്കുന്ന കൃതിയുടെ മറ്റൊരു സവിശേഷത. സാംസ്കാരിക മൂല്യങ്ങൾ എല്ലാ കാലത്തും ഒരേ പോലെയാവില്ലെന്നതിനാൽ, കാലഘട്ടത്തിനനുസൃതമായി അവയെ പുഷ്ടിപ്പെടുത്തേണ്ടതുണ്ട്‌. പുതിയ കാലത്ത്‌ പുതിയ മൂല്യബോധം രൂപപ്പെടണം.  അതിനുവേണ്ട ജീവിതാവബോധപരവും വിസ്തൃതവുമായ പശ്ചാത്തലം രൂപപ്പെടുത്തുകയാണ്‌ എഴുത്തുകാരന്റെ കർത്തവ്യം. ഇത്‌ ബോധപൂർവ്വമല്ലാതെ തന്നെ, ഒരു സ്വാഭാവികപ്രക്രിയയെന്നോണം നടക്കുന്നതാണ്‌. പക്ഷേ, ഒന്നുണ്ട്‌: എഴുത്തുകാരൻ സമൂഹത്തിൽ ജീവിക്കുകയും ജനങ്ങളുടെ വിചാരധാരകളുമായി ഇടപഴകുകയും വേണം. ഈ ഗുണമുള്ളതുകൊണ്ടു കൂടിയാവാം സേതുവിന്‌ ഇത്രയും ശക്തമായ ഒരു കൃതി രചിക്കാൻ സാധിച്ചതു.
പ്രത്യയശാസ്ത്രപരമായും മൂല്യബോധപരമായും മുന്നോട്ടുള്ള ഗതിമുട്ടുമ്പോൾ, പുതിയൊരു സമീപനധാരയ്ക്കായി പിന്നിലേയ്ക്കു തിരിഞ്ഞു നോക്കുന്നതാണ്‌ ചരിത്രാധിഷ്ഠിതമായ സാഹിത്യകൃതികളുടെ പിറവിക്കിടയാക്കുന്നത്‌. അതെ, 'മറുപിറവി' തീർത്തും ഇത്തരമൊരു കൃതിയാണ്‌. ഇതുവരെയുണ്ടായിരുന്ന സാമൂഹ്യാവബോധം നമ്മെ ഭാഷയിൽനിന്നുള്ള 'വിമോചന'ത്തിനു പ്രേരിപ്പിക്കുന്നുവേങ്കിൽ ആവശ്യമാവുക, ആ സാമൂഹ്യബോധത്തിന്‌ എന്തെങ്കിലും തകരാറുണ്ടോ എന്ന അന്വേഷണമാണ്‌. ഈ രീതിയിൽ, കഴിഞ്ഞുപോയ കാലങ്ൻഘളെ പുനഃപരിശോധന നടത്തുകയാണ്‌ സേതു ചെയ്യുന്നത്‌. ചരിത്രത്തെ നവീനമായ ഉൾക്കാഴ്ചയോടെ വിലയിരുത്താൻ സഹായിക്കുന്ന രചനയായി 'മറുപിറവി' രൂപം കൊള്ളുന്നു.

ഇത്തരം പുനർജ്ജന്മങ്ങൾക്കുവേണ്ടി മറ്റു പല ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരും ആശ്രയിച്ചതു പുരാണങ്ങളുടെ പുനരാഖ്യാനങ്ങളെയാണെങ്കിൽ, അതിൽനിന്നും വ്യത്യസ്തമായി ഒട്ടേറെ അദ്ധ്വാനം ചെയ്താണ്‌ സേതു തന്റെ ഉദ്യമം പൂർത്തീകരിച്ചതു. ഇത്‌ സാർത്ഥകമായ ഒരന്വേഷണമായിത്തീരുകയും ചെയ്തു.


'യയാതി'യുടെ മാതൃകയിൽ മലയാളത്തിൽ പിറന്നുവീണ ഒട്ടനവധി പുരാണ പുനരാഖ്യാനങ്ങൾക്കു പക്ഷേ, ആധുനിക കാലത്തിന്റെ മുഴുവൻ സ്പന്ദനങ്ങളേയും ഉൾക്കൊള്ളാനായില്ല. എന്നു മാത്രമല്ല, അവ പലപ്പോഴും തെറ്റായ ഒരു പ്രത്യയശാസ്ത്രാവബോധത്തിലേയ്ക്കു വായനക്കാരനെ നയിക്കുകയും ചെയ്തു. പുരാണങ്ങൾ അവസാന വാക്കായി മാറുന്നുവേന്ന തരത്തിൽ ചില അവകാശവാദങ്ങളും സാഹിത്യത്തിൽ ഉയർന്നുവന്നു.

ഈ പ്രശ്നങ്ങൾക്കെല്ലാമുള്ള മറുപടിയായി 'മറുപിറവി' നിലകൊള്ളുമ്പോൾ, അത്‌ ഒരേ സമയം നമ്മുടെ സമൂഹത്തെ യഥാർത്ഥ്യബോധത്തിലൂന്നിയ ഭൂതകാലപരിശോധനയ്ക്ക്‌ തയ്യാറെടുപ്പിക്കുകയും, ശാസ്ത്രീയമായ ചരിത്രാബോധം വളർത്താൻ സഹായിക്കുകയും ചെയ്യുന്നു!
വൈദേശികസംസ്കാരത്തിന്‌ രാഷ്ട്രീയേതരമായ ഒരർത്ഥതലം കൂടിയുള്ളതിനെ അടുത്തറിയാനും, അധികാരം ആരേറ്റെടുത്താലും ജനങ്ങൾ ദേശദേദം കൂടാതെ സ്വയം ഇഴുകിച്ചേർന്നു ജീവിക്കുന്നതിന്റെ ചരിത്രാവിഷ്കാരവുമായി 'മറുപിറവി'യിലൂടെ സാധ്യമാവുന്നു. ഈ നോവലിലെ 'ആഡ്രിയൻ' അത്തരമൊരു ജീവിതസമീപനത്തിന്റെ പ്രതിനിധിയാണ്‌. സാംസ്കാരികമായ അധിനിവേശം ജനങ്ങളുടെ ജീവിതസമീപനത്തിൽ ഗുണകരമായ സംഭാവനകൾ നൽകുന്നതെങ്ങനെയെന്നതിനുള്ള വിശദീകരണമായും ഈ കൃതി നിലകൊള്ളുന്നു. 'മുചിരി'യുടെ ഭൗതിക സമ്പത്തിന്റെ സ്ത്രോതസ്സായി മാറിയ 'കറുത്തപൊന്നു' കണ്ടറിഞ്ഞ യവനരെ വിന്യസിക്കുന്നതാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. പിന്നീട്‌ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നന്മെ കീഴ്പെടുത്തിയെങ്കിലും, ഇവിടെ വന്നു കയറിയവർ, നമ്മുടെ അവികസിതസ്ഥിതിയുടെ മോചനത്തിനുള്ള പ്രോത്സാഹനത്തിനു സഹായിച്ചു.
സാന്ദ്രമായ ഇഴകൾ
ഏതു കൃതിയേയും വായനക്കാരന്റെ ഹൃദയത്തിൽ സ്ഥിതമാക്കുന്നത്‌ അതിലെ ഭാഷാപ്രയോഗത്തിന്റെ സൗന്ദര്യാത്മകതയാണ്‌. 'മറുപിറവി' യുടെ അവസാനപുറങ്ങളിൽ 'കിച്ചൻ' എന്ന കഥാപാത്രം ഓടിട്ട പുറയിലെ വെറും നിലത്ത്‌ ആശങ്കകളേതുമില്ലാതെ ഉറക്കത്തിലേയ്ക്ക്‌ ആഴ്‌ന്നു പോകുന്ന ഭാഗമെത്തുമ്പോൾ, അയാളുടേതെന്നു പോലെ അനുവാചകഹൃദയവും യവനന്മാരുടെ വരവിന്റെ ആഘോഷവേളകൾ ഓർത്ത്‌ വിതുമ്പിപ്പോവും. ആ സ്മരണകൾ ഒരു ജീവിതത്തിന്റെയല്ല, പല തലമുറകളുടെ പരമ്പരകളിൽ ജീവിക്കുമ്പോൾ നമ്മുടെ ഹൃദയക്ഷോഭങ്ങളും അലിഞ്ഞലിഞ്ഞു തീരുന്നപോലെ തോന്നും. പഴമയ്ക്കുണ്ടായിരുന്ന ഹൃദയലാവണ്യം നമുക്കെങ്ങനെ നഷ്ടമായെന്നും, അതിലൂടെ മറ്റെന്തെല്ലാം നഷ്ടപ്പെട്ടുവേന്നുമോർത്ത്‌ നമ്മിലും വിതുമ്പലുയരുന്നു.
ആ സാന്ദ്രമായ ദുഃഖത്തിൽനിന്നും ഉണരുന്നതാവട്ടെ, ഇനിയും താണ്ടാനുള്ള, നമുക്കു നാമായിത്തന്നെ തുടരാനുള്ള സാധ്യതകളെക്കുറിച്ചുള്ള ബോധത്തിലേയ്ക്കും വികാരങ്ങൾ വറ്റിപ്പോയ കേരളീയ സമൂഹത്തിൽ സാന്ദ്രതമുറ്റിയ വികാരങ്ങളുടെ തിരകൾ ഓടിയെത്തുന്നു. അതിലൂടെ, നമുക്കില്ലെന്നു നാം ധരിച്ച ചരിത്രപാരമ്പര്യം നമ്മുടെ ജീവിതത്തിൽ വളർന്നുവരികയും വലിയൊരു ഭാവി നമുക്കു മുന്നിൽ  തുറക്കുകയും ചെയ്യുന്നു. ഈ കണ്ടെത്തൽ സഹായിക്കുന്നുവേന്നതാണ്‌ 'മറുപിറവി'യുടെ മറ്റു നോവലുകളിൽനിന്നും ഭിന്നമായ സവിശേഷത.

ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വസ്തുതയുണ്ട്‌: ചരിത്രം വർത്തമാനത്തിൽനിന്നും ഭിന്നമായ എന്തോ ഒന്ന്‌ എന്നല്ല നോവലിസ്റ്റിന്റെ കൽപന. അതൊരു തുടർച്ചയാണ്‌. യവനകാലത്തെ കഥാപാത്രങ്ങൾ ഇങ്ങേയറ്റത്ത്‌ വല്ലാർപാടം ടെർമിനലിന്റെ കാലം വരെ സഞ്ചരിക്കുന്നുണ്ട്‌ ഈ നോവലിൽ. അതു 'സാദ്ധ്യമോ' എന്നതല്ല പ്രശ്നം. എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്റെ കാൽപനികതയെ ആവിഷ്കരിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അത്തരം കഥാപാത്രങ്ങളാണ്‌ 'കിച്ചൻ', 'കുങ്കമ്മ' തുടങ്ങിയവർ. യവനകാലത്തെ സമ്പന്നകുടുംബം വല്ലാർപാടം ടെർമിനലിന്റേയും ഗോശ്രീയുടേയും കാലത്തും സമ്പന്നം തന്നെയാണ്‌. ഇവിടെ കാഴ്ചപ്പാടിനാണു പ്രസക്തി. മറ്റു സാധാരണ മനുഷ്യരിൽനിന്നു ഭിന്നമായി 'വടക്കേടത്തു' കുടുംബം യവനകാലത്തും തങ്ങളുടെ 'വലുപ്പം' നിലനിർത്തിയിരുന്നു. അനേക കുടുംബത്തിലെ പിൻപരമ്പരയിലെ അംഗങ്ങൾ വർത്തമാനകാലത്തും സമ്പന്നരായും, അതു വെട്ടിപ്പിടിക്കാനുള്ള തന്ത്രത്തിലൂടെയും ജീവിക്കുന്നു. പക്ഷേ നോവലിസ്റ്റ്‌ സമ്പന്നതയുടെ ആരാധനനൊന്നുമല്ല. സമ്പത്തിനോടുള്ള 'കുങ്കമ്മ'യുടെ അമിതമായ ആർത്തി 'കിച്ചനെ' അവരിൽനിന്നും അകറ്റുകയും ചെയ്യുന്നുണ്ട്‌. ഇതിലൂടെ, ആ വ്യവസ്ഥയോടുള്ള പ്രതിഷേധവും 'കിച്ചനി'ലൂടെ നോവലിസ്റ്റ്‌ തുറന്നുകാട്ടുന്നു. ഭൗതികസമ്പത്തിനേക്കാൾ വലുതായ സ്നേഹവും മാനവികതയും കൈക്കൊള്ളുന്നയാളാണു കിച്ചൻ.

കാർഷികസംസ്കാരത്തിന്റെ ശോഷണത്തിനിടയാക്കിയ നാണ്യവിളകൃഷിയെ നോവലിൽ വിമർശിനവിധേയമാക്കുന്നു. കൃഷി നമ്മുടെ ഭക്ഷണാവശ്യങ്ങൾ നിറവേറ്റാൻ ഉതകണമെന്നാണ്‌ എഴുത്തുകാരന്റെ നിർദ്ദേശം.

ചരിത്ര രചയിതാക്കൾ നിഷ്കാസനം ചെയ്തവരെങ്കിലും, ചരിത്രനിർമ്മിതിയിൽ പങ്കാളികളായ ഭരതൻ മാഷും, സഖാവ്‌ ജലീലും, ജോസഫും, ടി.സി.എൻ. മേനോനും ഒക്കെ കഥാപാത്രങ്ങളായി വരുന്നത്‌, ഭാവിതലമുറയ്ക്ക്‌ ദിശാസൂചികളായിത്തീരാൻ ഇടയാക്കുന്നു. പ്രശസ്തമായ ചേണ്ടമംഗലം കൈത്തറിയുടെ വരവിന്റെ ചരിത്രവും നോവലിസ്റ്റിന്റെ ഭാവനാവിന്യാസത്തിലൂടെ പരാമർശിക്കപ്പെടുന്നുണ്ട്‌ നോവലിൽ.

മലയാള സാഹിത്യത്തിലെ ഇതര ചരിത്ര നോവലുകളായ 'മാർത്താണ്ഡവർമ്മ'യും മറ്റും കൈകാര്യം ചെയ്ത പ്രമേയങ്ങളുമായ 'മറുപിറവി'യുടെ പ്രമേയവുമായി താരതമ്യപ്പെടുത്തിയാൽ, ചില പ്രത്യേക നിഗമനങ്ങളിൽ നമുക്കെത്തിച്ചേരാൻ കഴിയും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ പുറത്തിറങ്ങിയ ചരിത്രനോവലുകൾ, തികച്ചും അടുത്തുള്ള കാലഘട്ടത്തെ മാത്രമേ പരാമർശിക്കുന്നുള്ളൂ. പിന്നീട്‌ പുറത്തുവന്ന തീർത്തും ഭാവനാത്മകമായ കൃതികൾ ചരിത്രവിഷയങ്ങൾ കൈകാര്യം ചെയ്തിട്ടില്ല. പക്ഷേ, 'മറുപിറവി'യിലൂടെ സേതു തുടങ്ങി വച്ച നൂതനമായ പ്രവണത, നാം മനസ്സിലാക്കിയ ചരിത്രത്തിന്റെ വസ്തുതാപരമായ ഘടകങ്ങൾ എന്തൊക്കെയെന്നു പുനഃപരിശോധനയ്ക്ക്‌ സഹായകമാവും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിനു പിന്നിൽ, അതിനെ രൂപപ്പെടുത്തിയ ചരിത്രത്തെ മറ്റൊരു വീക്ഷണത്തിലൂടെ വിലയിരുത്താൻ ഉതകുന്ന തരത്തിൽ, സ്പഷ്ടമായ ഒരു പരിശോധനാരീതി വികസിപ്പിച്ചെടുക്കാൻ കഴിയും.
ഏറെ ത്യാഗം സഹിച്ചു കൊണ്ടുള്ള പഠനങ്ങൾക്ക്‌ നാം തയ്യാറാവണമെന്നു മാത്രം! അത്തരമൊരു ദിശാസൂചി, ഒരു ചരിത്രനിരീക്ഷണശൈലി വാർത്തെടുക്കാൻ സേതുവിനായിയെന്നത്‌, മലയാളത്തിന്റെ സാഹിത്യലോകത്തിന്റെ ഗതി തന്നെ തിരിച്ചുവിടാൻ ഇടയാക്കികൂടായ്കയില്ല. ഇതു സാധ്യമായതു തന്നെ, മറ്റേതെങ്കിലും സ്വദേശ-വിദേശ മാതൃകകളെ ആസ്പദമാക്കിയല്ല എന്നുകൂടി വരുമ്പോൾ, ഈ നോവൽ നൽകുന്ന സന്ദേശം ഏറെ വിലപ്പെട്ടതാണെന്നു കാണാൻ സഹായകമാവും. നമ്മുടെ ഭാഷയിൽ നൂതനമായ ഒരു സാഹിത്യസരണി രൂപപ്പെടുമെന്നുതന്നെ നമുക്കു വിശ്വാസിക്കാം.