Friday 14 October 2011

വിലാസരഹിതമായ എകാന്തതകളെ ജീവജലം തൊട്ടെഴുതുന്ന ഒരാൾ

            ''നിഷേധിക്കാനാവാത്തവണ്ണം പുതുകവിതയുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന  കവിതാസമാഹാരമാണിത്‌''

കാവാലം ബാലചന്ദ്രൻ
ബൃഹദാഖ്യാനവിമുഖരാണു പുതു കവികൾ. കുറുകിത്തിടം വച്ച്‌, താളവൃത്തസംബന്ധിയായ  അളവുകളും അയവുകളും ഉപേക്ഷിച്ച്‌, സൂക്ഷ്മവും സ്വതന്ത്രവുമാകാൻ ബദ്ധശ്രദ്ധമായിരിക്കുന്നു പുതിയ കവിത എന്ന അവകാശവാദം  നിലനിൽക്കുന്നുണ്ട്‌. കവിത അതിന്റെ ഗേയജനകീയതയിൽ നിന്നകന്നുപോയിരിക്കുന്നു എന്ന  സത്യം തിരിച്ചറിഞ്ഞു  നാം  അംഗീകരിച്ചിട്ടു ള്ളതാകുന്നു.


പറയാതിരുന്നത്
നാസർ ഇബ്രാഹിം
ബി.ബുക്സ്
വില
പുതുകവിതയിൽ  പാരായണസൗഭഗം  പ്രതീക്ഷിക്കുന്നവരുണ്ടാ വില്ല. ആസ്വാദനത്തിന്റെ പുതിയ ചില കാർക്കശ്യങ്ങളും ചിട്ടവട്ടങ്ങളുമാണ്‌ അതാവശ്യപ്പെടുന്നത്‌. അനുശീലനത്തിന്റെ, വ്യുത്പത്തിയുടെ  ആവശ്യകതയേയും അതു  ക്ഷണിച്ചിരുത്തുന്നില്ല. അതിസൂക്ഷ്മമായ പദസങ്കലനത്തിലൂടെ  പൊരുളു തുറക്കാൻ ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന പുതുകവിത പക്ഷേ, ഹൈക്കു സമാനമായി ധ്യാനാത്മകമാകുന്നത്‌ വളരെവളരെ വിരളമായി  മാത്രം നമ്മൾ ക ണ്ടെത്തുന്നു. ചിലപ്പോഴെങ്കിലും കവിതയുടെ ചെറുപൊടിപ്പുകൾ അവിടെയുമിവിടെയുമായി തിണർത്തുവരുന്നത്‌ കവിതാവായനക്കാർക്ക്‌ ഏറെ ആശ്വാസകരമാണ്‌. എഴുതുന്നതു ഗദ്യമായാലും പദ്യമായാലും  അതിൽ കവിതയുണ്ടോ  എന്നാണു ഭാവുകൻ  ആരായുന്നത്‌.


നാസർ ഇബ്രാഹിം
അനുവാചകനു തന്റെ ജീവിതത്തിനു  നേരേ തിരിച്ചുപിടിക്കാൻ പാകത്തിലുള്ള മനുഷ്യപ്പറ്റുണ്ടോ രചനകളിൽ എന്നാണവൻ അന്വേഷിക്കുന്നത്‌. കാവ്യമീമാംസയെ കൂട്ടുപിടിച്ചു  കവിതയുടെ  അക്കാദമികവായന നടത്തുന്നവൻ യഥാർത്ഥഭാവുകനല്ല.പണ്ടു രാജശേഖരൻ പറഞ്ഞ'ഹൃദയകവി' മീമാംസയെ  ചേർത്തുവച്ചു കവിതവായിച്ചവനാകാൻ തരമില്ല. അവൻ ഹൃദയത്തിൽ കവിതയുളളവനാണ്‌. കവികർമ്മം അനുഷ്ഠിക്കാത്ത കവി എന്നു വേണമെങ്കിൽ  നമുക്കവനെ  വിളിക്കാമെന്നു  തോന്നുന്നു. പുതിയ കവികളിൽ പലരും തങ്ങൾ  തീയിൽ ചവിട്ടി  നിൽക്കുന്നുവേന്നും  തങ്ങളുടെ കവിത രക്തപ്പെയ്ത്താണെന്നുമൊക്കെ പ്രഖ്യാപിച്ചു  സ്വയം നിർവൃതിയടയുന്നതു ചിരിക്കു വക  നൽകുന്നുണ്ട്‌. അവരെ  നമുക്കു വെറുതെവിടാം.  പ്രസിദ്ധീകരണത്തിന്റെ സുലഭസൗകര്യം  ലഭിച്ചവരിൽ  ചിലർ മാത്രം - പി.പി.രാമചന്ദ്രനെ പോലെ, വീ രാൻകുട്ടിയെ പോലെ,  റഫീക്‌ അഹമ്മദിനെപ്പോലെ -  സമകാലികകവിതയിൽ പുതിയ സ്വരങ്ങൾ വല്ലപ്പോഴുമെങ്കിലും കേൾപ്പിക്കുന്നുണ്ട്‌. പ്രസിദ്ധീകരണസൗകര്യം ലഭിക്കാത്ത അനേകം കവികൾ  മലയാളകവിതയുടെ പിന്നാമ്പുറങ്ങളിൽ നലമുള്ള വാക്കുകൾ സ്വരിക്കുന്നുണ്ടെന്നതു പലരും സൗകര്യപൂർവ്വം വിസ്മരിക്കുന്നുമുണ്ട്‌. ഒട്ടേറെ കവിയശ:പ്രാർത്ഥികൾ പത്രമാപ്പീസുകൾ തോറും പരക്കംപാഞ്ഞു നടക്കുന്നതു പതിവു കാഴ്ചയായിരിക്കുന്നു.


കവിതയെഴുതിയാൽ പോരാ, അതിനു മാർക്കറ്റുണ്ടാക്കിയെടുക്കാൻ പല കളികളും കളിക്കുകയും വേണം പുതിയ കവി എന്നു വന്നിരിക്കുന്നു. എസ്‌.എം.എസ്സിലൂടെ  നല്ല രചനകൾ തിരഞ്ഞെടുത്തുതുടങ്ങിയിരിക്കുന്നതായും കേട്ടു! ( പുഴ ഇന്റർനെറ്റ്‌ മാസിക ഇ-മെയിൽ വോട്ടിംഗിലൂടെ നല്ല കഥ തിരഞ്ഞെടുക്കുന്നതായി കഴിഞ്ഞ ദിവസം അറിയാൻ കഴിഞ്ഞു.)
 വളരെയൊന്നും അറിയപ്പെടാത്ത ചില യുവകവികളുടെ കവിതകൾ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്‌. അതിൽ ഒരാളാണു നാസർ ഇബ്രാഹിം. അദ്ദേഹത്തിന്റെ 'പറയാതിരുന്നത്‌' എന്ന  സമാഹാരത്തിലേക്കു കടക്കുമ്പോൾ മലയാളകവിതയെക്കുറിച്ച്‌ ഞാൻ ആലോചിച്ചു പോയതാണ്‌ മുകളിൽ കുറിച്ചതു.


            നിഷേധിക്കാനാവാത്തവണ്ണം പുതുകവിതയുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന  കവിതാസമാഹാരമാണിത്‌. പ്രത്യക്ഷത്തിൽ ഉപഹാസമെന്നു പോലും തോന്നിപ്പിക്കുന്ന  വരികൾ  ഇതിലുണ്ട്‌. പക്ഷേ, അവയൊക്കെ ആത്യന്തികമായി ഒറ്റപ്പെടലിന്റെ  ദിവ്യവ്യസനങ്ങളെ  ആത്മാവിലൂറിയ ജീവജലം തൊട്ടാണു കവി എഴുതിയിരിക്കുന്നതെന്നു സൂക്ഷ്മവായനയിൽ മനസ്സിലാവും. ഹൃദ്യമായ ഒട്ടേറെ കൽപനകളും അനിതരസാധാരണമായ ബിംബങ്ങളും ആത്മാംശങ്ങളുടെ വല്ലാതെ നനഞ്ഞ ചേരുവകളും വശ്യവും  സവിശേഷവുമായ പദസങ്കലനങ്ങളും ഒക്കെക്കൊണ്ട്‌ അനുവാചകനെ ഈ ചെറുകവിതകൾ ആകർഷിച്ചെടുക്കുമെന്നു ഞാൻ കരുതുന്നു.ആഴത്തിലുള്ള ഒരു ജീവിതദർശനം ഉരുവംകൊണ്ടുവരുന്നതിന്റെ  സൂക്ഷ്മരേഖകൾ ഞാൻ  ഈ  കവിതകളിൽ  ചിലവയിലെങ്കിലും കാണുന്നുണ്ട്‌. നമുക്കു കവിതകളിലേക്കു കടക്കാം.
 സേൻബുദ്ധിസ്റ്റുകളുടെ  ധ്യാനാത്മകങ്ങളായ 'ഹൈക്കു'കളെ  അനുസ്മരിപ്പിക്കുന്നതാണ്‌ നാസറിന്റെ രചനകളിൽ പലതും.വൃത്തനിബദ്ധമോ ഗേയസുഭഗമോ അല്ല ഈ കവിതകൾ.


പക്ഷേ,ജീവിതത്തിന്റെ അഗാധമായ താളം ഇതിലെ എല്ലാ കവിതകൾക്കുമുണ്ട്‌. ഒത്തിരി നനഞ്ഞ ആന്തരികതയുടെ പശിമയുള്ള വാക്കുകളിലാണ്‌ നാസർ സ്വയം തുറന്നുവയ്ക്കുന്നത്‌.
  ഉള്ളിലുള്ളതു മുഴുവൻ
  പകർത്തിവയ്ക്കാൻ
  നോക്കുമ്പോൾ
  നനഞ്ഞ തീരത്തെ
  ചിന്നിയ ചിപ്പിക്കുള്ളിൽ
  കടൽ അവശേഷിപ്പിച്ച
  ഒരു കുമിള
  പൊട്ടിപ്പോകുന്നു.....    (പകർത്തൽ) എന്നു നാസർ എഴുതുന്നു. സ്വയം പകർത്താനിരിക്കുമ്പോൾ, നനഞ്ഞ  തീരത്തെ ചിന്നിയ ചിപ്പിയായി

മനസ്സു മാറുന്നതും കടൽ അതിൽ അവശേഷിപ്പിച്ചതു ഒരു നീർക്കുമിള മാത്രമായിരുന്നുവേന്നും ആ നീർക്കുമിള  ഒരുപക്ഷേ, ഒരു പ്രണയത്തിന്റെ അല്ലെങ്കിൽ, മറ്റൊരു സ്നേഹത്തിന്റെ നൈമിഷികമായ തിളക്കമായിരുന്നെന്നും നീർക്കുമിളപൊട്ടിപ്പോയാലും  ജീവിതത്തിന്റെ  മഹാസാഗരം  അവിടെത്തന്നെ  അലതല്ലിയവശേഷിക്കുമെന്നും  ഒക്കെ  ധ്വനിപ്പിച്ചു കൊണ്ട്‌ ഈ കവിത  ഭാവുകഹൃദയത്തിൽ തൊടുന്നു.എത്ര കുമിളകൾ പൊട്ടിയാലും - എത്ര  സ്വപ്നങ്ങൾ കത്തിയമർന്നാ ലും-ആ കടൽ, മാനവജീവിതമെന്ന മഹാവാരിധി,നിലനിൽക്കുമെന്ന സത്യത്തെ  അതിശക്തമായി ഈ വരികൾ വ്യഞ്ജിപ്പിക്കുന്നുണ്ട്‌. സ്വയം തുറന്നുവയ്ക്കാൻ  ശ്രമിക്കുന്ന ഒരു കവി അനുഭവിച്ചേക്കാവുന്ന അന്തസ്സംഘർഷത്തിലോ ദിവ്യവ്യസനത്തിലോ  മറ്റൊരു വായനയുടെ  വിരലൂന്നിയേക്കാം. ഇതിലെ ബിംബങ്ങൾ ബഹുസൊ‍ാചകത്വം (​‍ുഹൗ​‍ൃശശെഴിമശ്​‍ി) വഹിക്കുന്നതായി  നമുക്കനുഭവപ്പെടുന്നു. എഴുതിക്കഴിയുന്നിടത്താണു യഥാർത്ഥ കവിത തുടങ്ങുന്നത്‌ എന്നു പറയുന്നതാവും ശരി. അതല്ലെങ്കിൽ സാർത്തൃ പറഞ്ഞതുപോലെ സാഹിത്യത്തിന്റെ ​‍്യ്‌വേലശെ​‍െ  ഭാവു കഹൃദയത്തിലാണു സംഭവിക്കുന്നതെന്നു ചുരുക്കാം. ബാഷോ മസുവോയുടെ മധുരവും അഗാധവുമായ ഒരു ഹൈക്കുവാണ്‌ ഓർമ്മയിലെത്തുന്നത്‌.


  "ചെറിമരത്തോടു ഞാൻ ചോദിച്ചു
  ദൈവത്തെക്കുറിച്ചെന്നോടു പറയുമോ ?
  അതു നിറയെപ്പൂവിട്ടു."     ഇതിലും മഹത്തായ,ആഹ്ലാദകരമായ ഒരു ദൈവസങ്കൽപം ഞാനിതുവരെ വായിച്ചിട്ടില്ല. കവിത ഇങ്ങനെയാണു കവിയിൽ  നിന്നു  വാർന്നുവീഴുന്നതെങ്കിൽ  ലോകം  അവസാനിച്ചുകഴിഞ്ഞും അതു നിലനിൽക്കും!
 യുവത്വത്തിന്റെ  ഭാവതാരള്യം  ആരചിക്കുന്ന  ഹൃദ്യമായ  വരികൾ നാസർ എഴുതിയിരിക്കുന്നതു നോക്കുക:
  ആകാശം കാണാതെ
  എന്നിട്ടും
  പെറ്റുപെരുകാതെ
  ഒരു മയിൽപ്പീലിത്തുണ്ട്‌
  അനന്തനീലിമയിൽ
  വിരിഞ്ഞ മഴവില്ലിനെ
  ഉടഞ്ഞ
  കുപ്പിവളപ്പൊട്ടുകളിൽ
  കോറിയിടുന്നുണ്ട്‌.    

  വർണ്ണമനോഹരമായ കാഴ്ചയുടെ സൊ‍ാചകങ്ങളിലെഴുതിയ പ്രണയകഥയാണിത്‌ എന്നു ഞാൻ പറയണമോ ?അതിഭാവുകത്വം തീണ്ടാതെ, വശ്യമായി ഇത്രയും ലളിതസുന്ദരമായി പ്രണയകഥ പറയാനാവുമെങ്കിൽ അതു പറയേണ്ടതു പുതുകവിതയുടെ  ഇത്തരം ശീലുകളിൽ തന്നെയാവണം എന്നു  ഞാൻ ആഗ്രഹിച്ചുപോവുകയാണ്‌. ഈ വരികളിലെ പ്രണയം ഒച്ചപ്പെടാത്തത്താണ്‌.

ഗൃഹാതുരമാണ്‌. അതൊരു നഷ്ടപ്രണയത്തിന്റെ ചേലും ചെമ്മാന്ത്രവും ചേർന്നതാണ്‌. ഓരോ മലയാളിയും  മനസ്സിൽ വച്ചോമനിച്ച പ്രണയത്തിന്റെ മുഖമാണതിന്‌.
 കവിതയും ഹാസ്യവും പരസ്പരം എത്രമാത്രം ചേരുമെന്നാലോചിച്ചുനോക്കിയപ്പോൾ തീരെ ചേരില്ല എന്നാണുത്തരം ലഭിച്ചതു. ഹാസ്യം പക്ഷേ, ഇരുണ്ടു  രോഷാകുലമായി  ആക്ഷേപമായി പുറത്തുവരാറുണ്ട്‌. സഹതാപാർദ്രമായ തലോടൽ കൊണ്ട്‌ ആക്ഷേപത്തെ മറികടക്കാൻ കഴിയാതിരിക്കുന്നപക്ഷം അത്‌ ഉത്തമസാഹിത്യത്തിന്റെ പന്തിയിലിരുത്താൻ യോഗ്യമല്ലെന്ന നിരീക്ഷണമുണ്ട്‌.* ചിരിയുണർത്തുന്ന ഒരു ചെറുകവിതയാണ്‌ നാസറിന്റെ 'മണിയറ.'വെറുതെ വായിച്ചുപോകാനും ഉള്ളിലൊന്നൂറിച്ചിരിക്കാനുമേ  ഈ  കവിത ഉപയോഗിക്കാനാവൂ എന്നു പറഞ്ഞാൽ,അതിൽ കവിഞ്ഞ  ലക്ഷ്യമൊന്നും ഇതിനില്ലെന്നു രചയിതാവു തന്നെ കുമ്പസാരിച്ചുവേന്നു വരാം. വരികൾ ഇങ്ങനെ:
  ഒറ്റുകാശിന്റെ
  കിലുക്കത്തിൽ
  മണിയറ
  അണിഞ്ഞൊരുങ്ങി.
  നേരത്തേ തന്നെ
  പടിയിറങ്ങിപ്പോയ
  നാണം
  മുറിയുടെ സാക്ഷയിടാൻ
  മറന്നിരുന്നു.   

ഈ വരികൾ ഉൽപാദിപ്പിക്കുന്ന ചിരി നിർദ്ദോഷമാണെന്നു തോന്നുന്നു.പക്ഷേ,'ഒറ്റു കാശു' കടന്നുവരുമ്പോൾ വിമർശനത്തിന്റ മുള്ളുകൾ തലനീട്ടുന്നതായി തോന്നാം.
   ബാഷോ  മസുവോയുടെയും  കോബയാഷി ഇസ്സയുടെയും  ഒക്കെ ഹൈക്കുരചനകൾ പോലെ ഹൃദ്യവും ദൃഢതരവും ദാർശനികവുമായ ഒരു രച ന നാസറിന്റേതായി ഈ സമാഹാരത്തിലുണ്ട്‌. അതിന്റെ ശീർഷകം അതിപ്രധാനമാണ്‌. കാരണം  അതു ചേർത്തു വായിക്കാതെ  കവിത പൂർണ്ണമാവില്ല. 'വാപ്പ' എന്നാണു കവിതാശീർഷകം. വാപ്പ
  നേർവാക്കിന്റെ
  ഉപ്പിനു വേണ്ടി
  മരുഭൂമി ഒറ്റയ്ക്കു താണ്ടി.
        ഇതിനെ വിടർത്തിയെടുത്തുംവ്യാഖ്യാനിച്ചും
വഷളാക്കാൻ ഞാൻ തയ്യാറല്ല.
 നാനാവിഷയങ്ങളിൽ നാസർ ഇബ്രാഹിം കൈവയ്ക്കുന്നുണ്ട്‌.

കുന്നുകൂട്ടിവച്ച
  ആയുധങ്ങളുടെ
  നിഗോ‍ൂഢഭാഷ കേട്ട്‌
  ഭൂമി
  അനുനിമിഷം
  കരിക്കട്ടയായി
  പരിണമിച്ചു
  കൊണ്ടിരിക്കുന്നു....എന്നെഴുതിക്കൊണ്ടു ഭൂമിയുടെ  സർവ്വവിനാശത്തിനു കാരണമാകുന്ന ആയുധപ്പന്തയങ്ങളെ വെളിപ്പെടുത്തുന്നു. വംശീയകലാപങ്ങളിലും  അധിനിവേശത്തിന്റെ  അന്ധമായ ക്രൂരതയിലും കൂട്ടത്തോടെ നഷ്ടപ്പെടുന്ന ജനതയ്ക്കുവേണ്ടി തന്റെ കവിത നിലകൊള്ളുമെന്നു സ്വന്തം കവിതയെ നിർവ്വചിച്ചുകൊണ്ടു കവി വെളിവാക്കുന്നതു നോക്കുക;
  തുടച്ചുനീക്കപ്പെടുന്ന
  ജനതയുടെ
  അടഞ്ഞ തൊണ്ടയിലെ
  മെലിഞ്ഞ നിശ്വാസമാണ്‌
  എന്റെ കവിത.
  കുഴിമാടത്തിനു മീതെ
  പെയ്തുനിറയുന്ന മഴയ്ക്ക്‌
  ദൈവവിലാപത്തിന്റെ
  മുഖഛായയുണ്ട്‌. എന്നെഴുതിക്കൊണ്ടു മഴയ്ക്കു ദൈവവിലാപവുമായി പാരസ്പര്യം നൽകുന്നു.
  ഇടാതെപോയ
  അളവ്‌
  ഒരിക്കലും പാകമാകാത്ത
  ഒരു കുഞ്ഞുടുപ്പ്‌
  എന്നുമന്റെ
  കണ്ണീരിനെപൊതിഞ്ഞുവച്ചു...       


എന്നു  കവിത കുറിച്ചുകൊണ്ടു ബാല്യത്തിന്റെ ഒളിച്ചുവച്ച കണ്ണുനീർ  അനുവാചകനിലേക്കു  പെയ്യുന്നു.  വേട്ടയാടപ്പെടുന്നവന്റെ  നിസ്സഹായതയ്ക്കു  ചരിത്രത്തോളം  തന്നെ  പഴക്കമുണ്ടെന്നും  അതുകൊണ്ടാണു ചരിത്രത്തിലെ  സമവാക്യങ്ങൾ വളഞ്ഞുതന്നെയിരിക്കുന്നതെന്നും എഴുതി ചരിത്രത്തിൽ കവി ഇടപെടുന്നു.  'ക്ലാസ്സുമുറികളിൽ തങ്ങി നിൽക്കുന്ന നനുത്ത ഗന്ധം തുറക്കാൻ  മറന്നു പോയ  പുസ്തകത്തിലെ  എഴുതാൻ  വിട്ടുപോയ   അവസാനവരിയെ   ഓർമ്മപ്പെടുത്തുന്നു' എന്നെഴുതി (എഴുതാത്ത വരി) വല്ലാത്ത ഒരു ഗൃഹാതുരത്വം ഈ കവി  ചിലപ്പോൾ  നിർമ്മിച്ചെടുക്കുന്നു .'തിരയടങ്ങിയ  കടൽ  ഒരുനാൾ എന്റെ മൗനത്തിലേക്കു ചേക്കേറു'മെന്നെഴുതി സ്വന്തം മൗനത്തിലൊരു  കടലിരമ്പുന്നുണ്ടെന്നു  പറയുന്നതോടൊപ്പം  തന്റെ  മൗനത്തിനു  കടലിന്റെ   ആഴമുണ്ടെന്നു കൂടി ധ്വനിപ്പിക്കുന്നു.'നോക്കുന്നവരുടെ മുമ്പിൽ അവരുടെ ഹൃദയം തെളിഞ്ഞുവരുമെന്ന ഭയത്താൽ ഞാൻ കണ്ണാടി നോക്കാറേയില്ല'എന്നെഴുതി സ്വന്തം ഹൃദയത്തിന്റെ വൈകൃതം -കാപട്യം- ഭയപ്പെടുത്തുന്നതാണെന്ന്‌  ഏറ്റുപറയാനുള്ള  ധൈര്യവും  ഈ  കവി കാട്ടുന്നു. ഈ കവിത മറ്റുള്ളവർക്കു കണ്ണാടിയായി വേണമെങ്കിൽ ഉപയോഗിച്ചു സ്വന്തം പ്രതിച്ഛായ പരിശോധിച്ചുനോക്കാവുന്നതാണ.​‍്‌  'മറഞ്ഞുപോയ  ആയിരം വസന്തങ്ങളുടെ ആത്മഗതങ്ങളെ  തേനീച്ചച്ചുണ്ടുകൾ  പകർത്തി വയ്ക്കുന്നുണ്ട്‌' എന്നെഴുതി  പോയവസന്തങ്ങളുടെ  മധുരം നമ്മിലേക്കു സന്നിവേശിപ്പിക്കുന്നു. കവിതയെ പ്രകൃതിയോടു  വളരെ  അടുപ്പിക്കുന്നു.

      
       ചുരുക്കത്തിൽ, നാനാവിഷയങ്ങൾ  കൈകാര്യം  ചെയ്യുമ്പോഴും നാസർ കയ്യടക്കത്തോടെ കവിതയെഴുതുന്നു.  യത്തവാക്കായി  നിലകൊള്ളുന്നു. ഭൂമിയുടെ പച്ചപ്പുകളെ സ്നേഹിക്കുന്നു.ഗൃഹാതുരനാകുന്നു.പ്രണയിക്കുന്നു.വിരഹിയാകുന്നു.ഏകാകിയാകുന്നു. വരുംകാലദുരന്തങ്ങൾ ദീർഘദർശനം ചെയ്യുന്നു.ചിപ്പിയിൽ മനസ്സും ജീവിതത്തിൽ കടലും കണ്ടെടുക്കുന്നു. ജീവിതത്തിലെ കുസൃതികളും കുന്നായ്മകളും പെറുക്കിയെടുക്കുന്നു. ആഡംബരമില്ലാതെ ജീവിതമെഴുതുന്നു. കവിതയാണെഴുതുന്നതെന്ന ഭാവമേ പ്രകടിപ്പിക്കാതിരിക്കുന്നു. എനിക്കു വിയോജിപ്പുണ്ടാക്കിയ,പോരാ എന്ന തോന്നലുളവാക്കി യ ചില കവിതകൾ ഈ സമാഹാരത്തിലുണ്ട്‌.  കവി  പറയാനിച്ഛിക്കുന്ന കാര്യം ഒരുപക്ഷേ,തെളിഞ്ഞു കിട്ടാത്തതു കൊണ്ടാകാം എനിക്കങ്ങനെ തോന്നിയത്‌. അല്ലെങ്കിൽ ഭാവുകത്വപരമായ എന്റെ പരിമിതികളാകാം അതുകളുടെ  സമഗ്രമായ ആസ്വാദനത്തിലേക്കെത്തിപ്പെടാൻ കഴിയാത്തത്‌. ഏതായാലും  എന്നിലെ വായനക്കാരനു  തെളിഞ്ഞു കിട്ടാത്ത  ചിലതൊക്കെ എവിടെയൊക്കെയോ  ഉണ്ടെന്ന തോന്നൽ അവശേഷിക്കുന്നുണ്ട്‌.


  ചില കവിതകൾ  സ്വയം  വെളിവാക്കാൻ  പ്രാപ്തമല്ലാതെ നിൽക്കുന്നതായി എനിക്കു തോന്നുന്നു. അവയുടെ മീതെ  ധ്യാനാത്മകമായി അടയിരുന്നാൽ  ചിലപ്പോൾ  ഭാവുകനിലേക്കു പകരാൻപാകത്തിൽ അവ വിരിഞ്ഞു കിട്ടുമെന്നു തന്നെ ഞാൻ കരുതുന്നു.  ചെറുപ്പത്തിന്റെ  സഹചാരിയായ  അനവധാനത നാസർ കൈവെടിയുകയും മനസ്സു കൂടുതൽ ഏകാഗ്രമാക്കി  ജീവിതമെഴുത്തു  തുടരുകയും ചെയ്യേണ്ടതാണെന്നു നാസ്സറിനെ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
                അറുപതു ചെറുകവിതകളുടെ ഈ സമാഹാരത്തിൽ  പകുതിയിലേറെയും നിലവാരമുള്ളവയാണ്‌. നാളത്തെ കവിതയുടെ  വഴികളിൽ പുതുശബ്ദങ്ങളുമായി  ഈ  യുവകവിയും മലയാളിക്കു കൂട്ടുവരട്ടെ എന്നാശംസിച്ചുകൊണ്ടു വിരമിക്കുന്നു.