Friday 14 October 2011

കർമ്മഭാണ്ഡം



ശ്രീജിത്ത്‌ മൂത്തേടത്ത്‌

 പ്രാചീനമായ ഇരുട്ടുപിടിച്ച കൽപ്പടവുകൾക്കു മുന്നിൽ ദിനകരൻ പകച്ചു നിന്നു. മുന്നിൽ ൻശ്ചേതനമാം വണ്ണം ചലനമറ്റ, പച്ചപ്പായലിന്റെ നിറം പൂണ്ട, ജലാശയം. മുകൾപ്പരപ്പിലെ നിശ്ചലതയിൽ കാലാതീതമായ ഏതോ ഘനദുഃഖം തളം കെട്ടിക്കിടക്കുന്നതു പോലെ. അതിനുമടിയിൽ ഒരുപക്ഷെ തിളച്ചുമറിയുന്ന രോഷമാവാം. ചാരംമൂടിയ കനൽപോലെ. ഏതായാലും താനീ ജലനിരപ്പിന്നഗാധതയിൽ കാംകഷിക്കുന്നത്‌ മോക്ഷമാണ്‌. ജൻമബാന്ധവങ്ങളിൽ നിന്നുള്ള മോക്ഷം. തന്റെ പൂർവ്വികരെ പിൻതുടർന്ന്‌.....


 എന്തിനീസ്ഥലം തന്നെ തിരഞ്ഞെടുത്തു എന്നുള്ള ചോദ്യം അസ്ഥാനത്താണ്‌. ദിനകരന്‌ സ്വപ്നം പോലെ പരിചിതമാണിവിടം. കൂടാതെ യക്ഷികളുടെയും കിന്നരൻമാരുടെയും വിഹാരകേന്ദ്രമായ ഇവിടം ആരും ശ്രദ്ധിക്കുകയുമില്ല. ദുർഗന്ധം മതിൽക്കെട്ടുകടന്ന്‌ പുറത്തേക്ക്‌ വമിക്കുമ്പോൾ മാത്രമേ ആരെങ്കിലും അറിയൂ. ?സുരക്ഷിതം?. അങ്ങിനെയാണ്‌ ദിനകരൻ ആ ഗോ‍ൂഢ സ്ഥലത്തെപ്പറ്റി സ്വയം വിശേഷിപ്പിച്ചതു.


 ദിനകരൻ വീടുവിട്ടിറങ്ങിയിവിടമെത്തും വരെയുള്ള കാര്യങ്ങൾ ഓർത്തു. സ്വസ്ഥത തേടിയിറങ്ങിയതാണ്‌. കുന്നുകൾ താണ്ടി, ദുർഘടമായ പുരാതനവഴിയിലൂടെ നടന്നപ്പോൾ ഇരുവശവും തലയുയർത്തി നിന്നിരുന്ന കെട്ടിടങ്ങൾ പ്രലോഭിപ്പിച്ച്‌ മാടി വിളിച്ചിരുന്നു. ഓരോന്നും ആകർഷകം. ആവേശപൂരിതം. പല നിമിഷങ്ങൾ ശങ്കിച്ചു നിന്നു. മനസ്സിലെ കണക്കുകൂട്ടലുകളിൽ പിഴവുതോന്നുന്നു എന്നുറപ്പായപ്പോൾ മുന്നോട്ടു തന്നെ നടന്നു. വെട്ടുകല്ലുകൾ പാവിയ ഇടവഴികൾ...!
 മുമ്പൊരു സ്വപ്നദർശനത്തിൽ ഈ ജലാശയത്തിന്നരികെ ഒരു കോട്ടയുണ്ടായിരുന്നു. ഒരു സുന്ദരിമാത്രം തനിച്ച്‌ താമസിച്ചിരുന്ന വിളക്കുകൾ പ്രകാശിച്ചിരുന്ന കോട്ട. കൽപ്പടവുകളിൽ വിലാസവതിയായി മുടിയഴിച്ചിട്ട്‌ നിലാവുകായുന്ന സുന്ദരി. കോട്ടയുടെ മതിലിൽ ഉറപ്പിച്ചു വച്ചിരുന്ന കൽ വിളക്കുകളിൽ എരിഞ്ഞ എള്ളെണ്ണയുടെ മണം അന്ന്‌ താനറിഞ്ഞിരുന്നു.
 ഇന്നത്‌ മൂകമാണ്‌. തന്റെ മോക്ഷപ്രാപ്തിക്ക്‌ മൗനത്തിന്റെ കുട പിടിക്കുന്നതു പോലെ. ദിനകരൻ കോട്ടയെ നോക്കി. കുളിച്ച്‌ ഈറൻ ചുറ്റി മുടി വിടർത്തിയിട്ട്‌ നിലാവുകാഞ്ഞ്‌ കൽപ്പടവിലിരിക്കുന്ന സുന്ദരിയില്ല. പകരം കട്ടപ്പിടിച്ച ഇരുട്ട്‌. അതു സ്വപ്നം മാത്രമായിരുന്നു. ദിനകരന്‌ ആശാഭംഗം തോന്നിയതുപോലെ.


 പടവുകളിറങ്ങാൻ തുടങ്ങവെ ഒരു വിളി കേട്ടതു പോലെ. ദിനകരനിൽ ഭയമോ, മതിഭ്രമമോ തിരിച്ചറിയാനാവാത്ത ഒരു സമ്മിശ്ര വികാരം നുരഞ്ഞുയർന്നു. കോട്ടയുടെ കൂറ്റൻ തൂണുകളിലൊന്നിന്റെ മറവിൽ നിന്നും പ്രകാശം പുറത്തേക്കരിച്ചെത്തുന്നു. വിളക്കിനു പിന്നാലെ കോടി മുണ്ടുടുത്ത ഒരു വൃദ്ധസ്ത്രീരൂപം പുറത്തേക്ക്‌ നീങ്ങി വരുന്നു.
 ?മോനേ നിനക്കെന്നെ കാണുന്നുണ്ടോ ??


 ആ സ്ത്രീ വിളിച്ച്‌ ചോദിക്കുന്നു. ദിനകരനിൽ ഏതോ അതീന്ദ്രിയഭാവം നിറഞ്ഞു. അയാൾ സ്വയമറിയാതെയെന്നോണം കോട്ടയുടെ പടവുകൾ കയറി. വെളിച്ചം അയാളെ അകത്തേക്കു നയിച്ചു. സ്ത്രീയും വെളിച്ചവും കോട്ടക്കകത്തെ ഇരുട്ടിൽ ലയിച്ചു. ദിനകരൻ എന്തു ചെയ്യണമെന്നറിയാതെ കൂരിരുട്ടിൽ തപ്പിത്തടഞ്ഞു. ഏതോ കനമുള്ള വലിയ പാത്രത്തിൽ തട്ടി അതിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെ അയാൾ അഗാധതയിലേക്ക്‌ വീണു!.
 താനിപ്പോൾ കോട്ടയുടെ അകത്തളത്തിലെ നടുമുറ്റത്താണെന്ന്‌ ദിനകരന്‌ മനസ്സിലായി. അവിടം മഞ്ഞ വെളിച്ചം നിറഞ്ഞിരുന്നു. വിളക്കു തറയ്ക്കടുത്ത്‌ താൻ സ്വപ്നത്തിൽ ദർശിച്ചിരുന്ന പ്രാചീനസുന്ദരി മുടിയുലർത്തിയിരിക്കുന്നു. ദിനകരൻ അവളുടെയടുത്തേക്ക്‌ നടന്നു.
 ?നീ ആരാണ്‌ ?? - ദിനകരൻ ആരാഞ്ഞു. സുന്ദരി തന്റെ കൂർത്ത കോമ്പല്ലുകൾ പുറത്തേക്ക്‌ നീട്ടി വശ്യമായി പുഞ്ചിരിച്ചു.
 ?ചോദ്യം അസ്ഥാനത്താണ്‌. നീ ??
 ?ഞാൻ ദിനകരൻ.?
 ?എന്തിനിവിടെ വന്നു ??
 ?മോക്ഷം തേടി.?
 ?എങ്ങിനറിഞ്ഞു ഈ സ്ഥലത്തെപ്പറ്റി ? മുമ്പിവിടെ വന്നിട്ടുണ്ടോ ??
 ?സ്വപ്ന ദർശനങ്ങളിൽ കണ്ടിട്ടുണ്ട്‌.?
 അവൾ കുപ്പിച്ചില്ലു ചിതറുന്നതുപോലെ ചിരിച്ചു. കൈകളിലെ കൂർത്ത നഖങ്ങളിൽ രക്തം കിനിഞ്ഞു.
 ?എന്നെക്കണ്ടിട്ട്‌ പേടി തോന്നുന്നില്ലേ ??
 ?എന്തിനു പേടിക്കണം ? നീ സുന്ദരിയല്ലേ ? പോരാത്തതിന്‌ ഞാൻ മരിക്കാൻ തയ്യാറായി വന്നതാണ്‌.?
 ?ഞാൻ യക്ഷിയാണ്‌.?
 ?യക്ഷികളെ എനിക്കിഷ്ടമാണ്‌. പാലപ്പൂമണം പരത്തുന്ന ശുഭ്രവസ്ത്ര ധാരിണികളായ യക്ഷികളോടൊത്തു ഞാൻ സ്വപ്നങ്ങളിൽ ശയിച്ചിട്ടുണ്ട്‌.?
 ദിനകരൻ അവളോടടുത്തു. സ്ത്രീ സഹജമായ പരിഭ്രമത്തോടെ അവൾ പിന്നോട്ട്‌ മാറി. അപ്പോഴും ദിനകരനിലെവിടേയോ ദൃശ്യമായിരുന്ന ശിശുഭാവത്തെ കണ്ട്‌ അവൾ മാതൃഭാവം പൂണ്ടു. അയാളെ അവൾ വാത്സല്യത്തോടെ നോക്കി. അവളിൽ മാതൃത്വം ചുരന്നു. അമ്മയറിവിന്റെ മൃദു ഗന്ധത്തിൽ ദിനകരൻ ഒരു കുട്ടിയായി. അവൾ ആ കുഞ്ഞിനെ മാറോട്‌ ചേർത്തു.
 ?നീയെന്തിനാണ്‌ മരിക്കാൻ വന്നത്‌ ??
 ?മോക്ഷപ്രാപ്തിക്ക്‌.?
 ?ഇവിടെ മരിച്ചാൽ മോക്ഷപ്രാപ്തിയുണ്ടാവുമെന്ന്‌ ആരു പറഞ്ഞു ??
 ?സ്വപ്ന ദർശനമുണ്ടായി.?
 വാത്സല്യാതിരേകം ആ പ്രാചീന അമ്മ അവന്റെ മുടിയിഴകളിൽ വിരലോടിച്ചു.   ?വരൂ.? - അവൾ മുന്നിൽ നടന്നു. അവൻ അനുഗമിച്ചു.
 ?മോക്ഷപ്രാപ്തിയടഞ്ഞുവേന്ന്‌ പുറം ലോകം കരുതുന്ന ആത്മാക്കളെ ഞാൻ നിനക്ക്‌ കാട്ടിത്തരാം.?
 നിലവറയുടെ വാതിൽ തുറന്ന്‌ കരിങ്കൽ പടവുകളിറങ്ങി, ഭൂഗർഭ അറയിലേക്ക്‌ അവൾ വഴികാട്ടി. അവൾ ചൂണ്ടിക്കാണിച്ചിടത്ത്‌ ഒരു ചെറു തടവറയിൽ ഇരുമ്പഴികൾക്കുള്ളിൽ മനുഷ്യാത്മാക്കൾ പുഴുക്കളെപ്പോലെ നുരയുന്നു. മോക്ഷം പ്രാപിച്ചുവേന്ന്‌ വിശ്വസിച്ച്‌ വർഷാവർഷം താൻ ശ്രാദ്ധബലി നേരുന്ന തന്റെ പൂർവികരെയും ദിനകരൻ ആ കൂട്ടത്തിൽ കണ്ടു. പ്രാചീന അമ്മ പുഞ്ചിരിച്ചു.
 ?അവരിപ്പോഴും കർമ്മബന്ധത്തിൽ ബന്ധനത്തിൽപ്പെട്ട്‌ ഉഴലുകയാണ്‌.?
 ?എനിക്കവരെ മോചിപ്പിക്കണം.? - അയാളുടെയുള്ളിൽ നിന്നും ഒരു ഭഗീരഥൻ വിളിച്ചു പറഞ്ഞു.
 ?അവരുടെ കർമ്മശേഷങ്ങൾ ഏറ്റെടുത്ത്‌ നിറവേറ്റാൻ നിനക്ക്‌ സാധിക്കുകയാണെങ്കിൽ...?
 ?നമുക്കു പോകാം.? - അയാൾ തിരക്കു കൂട്ടി. നിലവറക്കു പുറത്ത്‌ നടുമുറ്റത്ത്‌ അവർ പരസ്പരം നോക്കി നിന്നു.
 ?ഞാൻ ഈ ആത്മാക്കളുടെ കാവലാളാണ്‌. നിനക്കിനിയും കർമ്മങ്ങൾ ബാക്കിയില്ലേ ? പോകൂ.. കർമ്മബന്ധ വിമുക്തനാവൂ.?
 പ്രാചീനസുന്ദരി പുറത്തേക്കുള്ള വാതിലിലേക്ക്‌ വിളക്ക്‌ കാണിച്ചു. ദിനകരൻ കുളത്തിലേക്കിറങ്ങാൻ ഭാവിച്ച്‌ മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുത്തു. ഒരു നിമിഷം അയാളുടെയുള്ളിൽ തന്റെ വീടും, സഹോദരിമാരും മറ്റും നിറഞ്ഞു. അടുത്ത നിമിഷം അയാൾ തിരിച്ച്‌ നടക്കാൻ തുടങ്ങി. ?കർമ്മഭാണ്ഡം? ചുമക്കാൻ. സ്വഗൃഹം ലക്ഷ്യമാക്കി.....