Thursday 13 October 2011

കുട്ടികളുടെ ഓരോ കുസൃതികൾ


ജെ.ഷിജിമോൻ

 സ്കൂൾവാനിന്റെ ഹോൺ കേട്ടാണ്‌ ഞാൻ കണ്ണുതുറന്നത്‌. പതിവുള്ള മ്ലാനതയോടെ, എടുത്താൽപ്പൊങ്ങാത്ത ചുമടുമായി, കണ്ണൻ വാനിനുനേരെ വേച്ചുവേച്ച്‌ നടക്കുന്നുണ്ട്‌. പണ്ട്‌, ഞങ്ങൾ സ്കൂളിൽപ്പോയിരുന്ന കാലത്ത്‌, പല വിഷയങ്ങൾക്കുംകൂടി ഒരു നോട്ട്ബുക്കാണുണ്ടായിരുന്നത്‌. ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും പുസ്തകങ്ങൾ മാത്രമേ ക്ലാസ്സിൽ കൊണ്ടുപോകുമായിരുന്നുള്ളൂ. രണ്ട്‌ പുസ്തകങ്ങളും മൂന്നോ നാലോ ബുക്കുകളും അതിനുമുകളിൽ വട്ടത്തിലുള്ള ചോറ്റുപാത്രവും വച്ച്‌, വീതിയുള്ള കറുത്ത റബ്ബറിട്ട്‌. ഇടത്തേ തോളിൽവച്ചുകൊണ്ടുള്ള ഞങ്ങളുടെ യാത്ര കൗതുകകരമായ ഒരു കാഴ്ചയായിരുന്നു.
 അഫ്സലിനും അമീറിനുമൊപ്പം സ്കൂളിൽപ്പോയിരുന്നപ്പോൾ, കണ്ണൻ ഇങ്ങനെയായിരുന്നില്ല. സ്കൂൾവാൻ ഹോൺ മുഴക്കുംമുമ്പേ, വാനിന്റെ വിന്റോയിൽക്കൂടി തല പുറത്തേക്കിട്ട്‌ അഫ്സലിന്റെ "അച്ഛാ"എന്ന വിളിയാവും ആദ്യം കേൾക്കുക. ചാരുകസേരയിൽകിടന്ന്‌ ഞാൻ ചിരിച്ചുകൊണ്ട്‌ കൈവീശും. ഉത്തരവാദിത്തമുള്ള, മുതിർന്ന ഒരു സഹോദരനെപ്പോലെ അഫ്സൽവാനിന്റെ സ്റ്റെപ്പിൽ ഇറങ്ങിനിന്ന്‌ കണ്ണന്റെ ബാഗ്‌ അകത്തേക്കുവാങ്ങും. കണ്ണനെ കൈപിടിച്ചുകയറ്റി ഇരുവരും കൂടി എനിക്ക്‌ റാറ്റാ പറയുമ്പോൾ, പലപ്പോഴും, ആ സ്കൂൾവാൻ അവിടെത്തന്നെ നിൽക്കുന്നതായും ഓർമ്മകളുടെ മറ്റൊരുവാഹനത്തിൽപ്പെട്ട്‌ ഞാൻ ഞങ്ങളുടെ പഴയ കാലത്തേക്ക്‌ അതിവേഗം സഞ്ചരിക്കുന്നതായും എനിക്ക്‌ തോന്നുമായിരുന്നു. ജനറൽ ഹോസ്പിറ്റലിന്റെ ആ പഴയ വരാന്തയിലേക്ക്‌. അവിടെ ഞാൻ ഇരിക്കുന്നു. സലീം പരിഭ്രമത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്‌. അൽപ്പംകഴിഞ്ഞ്‌, തീയറ്ററിന്റെ വാതിൽതുറന്ന്‌ സിസ്റ്റർ പറയുന്നു;"ആൺകുട്ടിയാണ്‌. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു." ഞാൻ അവനെയാണോ അവൻ എന്നെയാണോ കെട്ടിപ്പുണർന്നത്തെന്നോർമ്മയില്ല. അങ്ങനെ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നതിലുള്ള ജാള്യതയിൽ ഞാൻ പതുക്കെ പറഞ്ഞു:"ഞാൻ പറഞ്ഞില്ലേ, ഒന്നും കണ്ണുനീർത്തുള്ളികൾ അതിനു മറുപടി പറഞ്ഞു. കുഞ്ഞിന്‌ ഞാൻ തന്നെ പേരിടണമെന്ന്‌ സലിമിന്‌ നിർബന്ധമായിരുന്നു. 'അഫ്സൽ' എന്ന പേര്‌ അവർക്ക്‌ ഇഷ്ടപ്പെടുകയും ചെയ്തു. അന്നുമുതൽ സലിം അവന്റെ ബാപ്പയും ഞാൻ അവന്റെ അച്ഛനുമായി.

 സലിമിന്റെ സൗഹൃദം എനിക്ക്‌ ഒരാശ്വാസമായി വന്നത്‌ സ്കൂൾജീവിതത്തിലെ ബാലിശമായ ചില വിഷമാവസ്ഥകളിലായിരുന്നുവേങ്കിലും, അന്ന്‌ അതൊരു ജീവന്മരണപ്രശ്നം തന്നെയായിരുന്നു. എന്റെ വീടിനടുത്തുള്ള പ്രൈമറിസ്കൂളിൽനിന്ന്‌ പുതിയ സ്കൂളിലെ അഞ്ചാം ക്ലാസിൽ ചേർന്നതുമുതൽ ഒറ്റപ്പെടലിന്റെ സങ്കടമായിരുന്നു എനിക്ക്‌. പഴയ കൂട്ടുകാരെല്ലാം പലയിടത്തേക്ക്‌ പിരിഞ്ഞുപോയതുമാത്രമല്ല, പുതിയ സാഹചര്യങ്ങൾ എന്നെ സ്വീകരിക്കാനുള്ള വിമുഖത കാട്ടിയതാണ്‌ കൂടുതൽ വേദനിപ്പിച്ചതു. ക്ലാസിലുള്ളവരെല്ലാം ആ സ്കൂളിൽതന്നെ പഠിച്ചുവന്നവർ. അവരുടെ നേതാവ്‌ എന്നും സ്കൂളിൽ ഒന്നാമനായിരുന്നവൻ. നന്നായി പഠിക്കുമായിരുന്ന ഞാൻ അവനൊരു വെല്ലുവിളിയാകുമെന്നുകരുതി നേതാവും അനുചരന്മാരും എന്നെ ഏകാന്തത്തടവിന്‌ വിധിച്ചു. സാമ്പത്തികശേഷിയിലും സ്വാധീനത്തിലുമൊക്കെ എന്നേക്കാൾ വളരെ മുമ്പിലായിരുന്നു അവർ. പലരും അധ്യാപകരുടെതന്നെ മക്കളും ബന്ധുക്കളുമായിരുന്നു. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കാലങ്ങളായി തഴച്ചുവളർന്ന അവരുടെ സുഹൃത്‌ വലയത്തിന്റെ മുൾവേലി മുറിച്ചുകടക്കാൻ എനിക്ക്‌ കഴിഞ്ഞതേയില്ല. ശാരീരികമായും മാനസികമായും എന്നെ പരമാവധി ഉപദ്രവിച്ചുകൊണ്ട്‌, എന്റെ എല്ലാ മുന്നേറ്റങ്ങളെയും അവർ ജാഗ്രതയോടെ ചെറുത്തു. അങ്ങനെ, അവർ ആഗ്രഹിച്ചതുപോലെ തന്നെ, എനിക്ക്‌ ആയുധംവച്ച്‌ കീഴടങ്ങേണ്ടി വന്നു.
 ഒടുവിൽ, ആ സ്കൂളിൽ നിന്ന്‌-അത്‌ കഴിയുമായിരുന്നില്ല-അതുകൊണ്ട്‌ ആ ക്ലാസിൽനിന്നെങ്കിലും മാറാതെ നിർവാഹമില്ലെന്ന നിലയിലായി. ഓരോ ദിവസവും നേരം വെളുക്കുംമുമ്പേ ഒരു വിങ്ങലോടെ ഞാൻ ഞെട്ടിയുണർന്നുതുടങ്ങി. പിന്നെ, വെളിച്ചം വീഴാൻ കാത്തുകിടന്ന്‌, ഉറങ്ങുന്ന അച്ഛനെ തട്ടിയുണർത്തി കരഞ്ഞുപറഞ്ഞു: "എനിക്ക്‌ ആ ക്ലാസിൽ നിന്ന്‌ മാറണം."തുടരെത്തുടരെ എല്ലാ ദിവസവും ഇങ്ങനെയായപ്പോൾ അച്ഛൻ അത്‌ ഗൗരവമായി എടുത്തിരിക്കണം. അതു മനസ്സിലായത്‌, മലയാളം പഠിപ്പിക്കുന്ന കുറുപ്പ്സാർ ക്ലാസിൽ വന്നയുടൻ കസേരയിലിരുന്ന്‌, 'ആരാണ്‌ ശിവൻ?' എന്ന്‌ ചോദിച്ചപ്പോഴാണ്‌. ഞാൻ പതിയെ എഴുന്നേറ്റു. സാർ അടുത്തേക്ക്‌ വിളിച്ചു. "എന്താണ്‌ ഈ ക്ലാസിൽനിന്ന്‌ മാറണമെന്ന്‌ തോന്നുന്നത്‌?" അടുത്തേക്കുനിർത്തി എന്റെ തോളിൽ കൈവച്ചുകൊണ്ട്‌ അദ്ദേഹം ചോദിച്ചു. ഞാൻ കരഞ്ഞുപോയി. "എനിക്കിവിടെ കൂട്ടുകാരാരുമില്ല" ഞാൻ പറഞ്ഞു. 'എന്താ നിങ്ങളാരും ഇവനോട്‌ കൂട്ടുകൂടാത്തത്‌?' സാർ ഒച്ചയുയർത്തി ചോദിച്ചു. നേതാവും അനുചരന്മാരും സുദൃഢമായ മൗനം പ്രകടിപ്പിച്ചു. എന്തോ പന്തികേടുതോന്നിയ സാർ ചുവടുമാറ്റി."എന്താ മോനോട്‌ ആരും കൂട്ടുകൂടാത്തത്‌ ?" സാർ എന്നോട്‌ ചോദിച്ചു."എനിക്കറിയില്ല." വിങ്ങലോടെ ഞാൻ പറഞ്ഞു. സാർ അൽപ്പം മയത്തിലായി: "ഇവനോട്‌ കൂട്ടുകൂടാൻ തയ്യാറുള്ള ഒരാൾപോലുമില്ലേ ഇവിടെ?" മൗനം അതേപടി തുടർന്നു.

 സൗഹൃദത്തിന്റെയും,സഹവർത്തിത്വത്തിന്റെയും ആവശ്യകതയെക്കുറിച്ച്‌ സാമൂഹികജീവിതത്തിന്റെ പണിപ്പുരയാവേണ്ട വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ച്‌, അങ്ങനെയങ്ങനെ പലതും പറഞ്ഞ്‌ സാർ ആ മൗനം മുറിക്കാൻ ശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. "ശരി. എന്നാലിവനെ ഈ ക്ലാസ്സിൽ നിന്നു മാറ്റിയേക്കാം." സാർ അൽപംകൂടി ശബ്ദമുയർത്തിപ്പറഞ്ഞു: "അവസാനമായിട്ട്‌ ചോദിക്കുകയാണ്‌. നിങ്ങളാരും ഇവനോട്‌ കൂട്ടുകൂടാൻ തയ്യാറില്ലേ?"
ഒരിലവീണാൽ അറിയുന്ന നിശബ്ദത തുടരുകയാണ്‌. ഞാൻ മുഖം കുനിച്ചുതന്നെ നിന്നു. ഇരുളിൽ വെളിച്ചം കണ്ടതുപോലെ, പെട്ടെന്ന്‌ സാർ പറഞ്ഞു: "മിടുക്കൻ നീ യാണു മനുഷ്യ സ്നേഹമുള്ളവൻ. നിന്നെ കണ്ട്‌ മറ്റുള്ളവർ പഠിക്കട്ടെ" ഞാൻ തലയുയർത്തി. പിൻബഞ്ചിന്റെ ഒരു മൂലയിൽ ഭയാശങ്കകളോടെ ഒരുവൻ എഴുന്നേറ്റുനിൽക്കുന്നു. പൊക്കവും വണ്ണവും കുറഞ്ഞ, പ്രകാശമുള്ള കണ്ണുകളുള്ള, ഇങ്ങനെയൊരാൾ ഇതിലുണ്ടായിരുന്നോ? എനിക്ക്‌ ഓർമ്മവന്നില്ല. ആരും മുഖം തരാതിരുന്നതുകൊണ്ട്‌ ആരൊക്കെയാണ്‌ ക്ലാസിലുണ്ടായിരുന്നതെന്നുപോലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല

. സാർ അവനെ അടുത്തേക്കു വിളിച്ചു. എന്റെ കൈ അവന്റെ കൈയ്യോടുചേർത്ത്‌ അദ്ദേഹം പറഞ്ഞു. "നിങ്ങളാണു കൂട്ടുകാർ. നിനക്കിനി ഒരു വിഷമവും വേണ്ട." മുൻ ബെഞ്ചിന്റെ നടുവിലായി അൽപം സ്ഥലം ഒരുക്കി സാർ തന്നെ ഞങ്ങളെ അവിടെ പ്രതിഷ്ഠിച്ചു. തിളയ്ക്കുന്ന കണ്ണുകളോടെ മറ്റുള്ളവർ  ഞങ്ങളെ നോക്കുന്നത്‌ ശ്രദ്ധിക്കാതെ ഞാൻ അവനോട്‌ അടക്കത്തിൽ ചോദിച്ചു: "നിന്റെ പേരെന്താണ്‌?" "സലിം". അങ്ങനെയാണ്‌ ഞങ്ങൾ ഒരുമിച്ചു ജീവിച്ചു തുടങ്ങിയത്‌.
 ഹൈസ്കൂളിലെ ആദ്യത്തെ ക്ലാസ്സിൽ വച്ചുതന്നെ പഴയ നേതാവിനെ ഏകാന്തത്തടവിനു വിധിച്ച്‌ ഞങ്ങൾ പകരംവീട്ടി. കഥ ആവർത്തിച്ചു. ക്ലാസ്സിൽ, നേതാവിനെമുന്നിൽ നിർത്തി. മണിയമ്മ ടീച്ചർ ചോദിച്ചു: "എന്താണ്‌ നിങ്ങൾ ആരും ഇവനോടു കൂട്ടുകൂടാത്തത്‌? " അവിടെ പഴയ രംഗം ആവർത്തിച്ചില്ല. ഞങ്ങൾ ഏകസ്വരത്തിൽ പറഞ്ഞു: "ഞങ്ങളെല്ലാം അവനോട്‌ കൂട്ടാണ്‌ ടീച്ചർ" അങ്ങനെ പറയാനുള്ള ബുദ്ധിയും സാമർത്ഥ്യവും എട്ടാംക്ലാസ്സിലെത്തിയപ്പോൾ ഞങ്ങൾക്കു കൈവന്നിരുന്നു. "പിന്നെ, നിനക്കെന്താണ്‌?" ടീച്ചർ ചോദിച്ചു. അവൻ നിസ്സാഹായനായി നിന്ന്‌ പൊട്ടിക്കരഞ്ഞു. മധുരമായി പ്രതികാരം വീട്ടിയെങ്കിലും പിന്നീട്‌ ഞങ്ങൾ ഒറ്റക്കെട്ടായാണ്‌ തുടർന്നത്‌. സ്നേഹവാത്സല്യങ്ങളുടെ ആൾരൂപമായിരുന്ന മണിയമ്മ ടീച്ചർ ഞങ്ങളെ അത്രയ്ക്ക്‌ മാറ്റിയെടുത്തിരുന്നു.

 പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ അവന്റെ ബാപ്പ മരിക്കുന്നത്‌. എസ്‌.എസ്‌.എൽ.സി പരീക്ഷ നടക്കുന്നതിനിടയിൽ, ഒരു രാത്രിയിൽ ബാപ്പ മരിച്ചു. നെഞ്ചുവേദനയായിരുന്നു. ഞാൻ നേരത്തെ അവന്റെ വീട്ടിലെത്തി. കുറെ കഴിഞ്ഞ്‌ സ്കൂളിലെ അധ്യാപകരൊക്കെ വന്നു. ഹൃസ്വമായ ഒരു കൂടിയാലോചനയ്ക്കു ശേഷം അവർ എന്നെ വിളിച്ചു. ഇത്‌ എസ്‌.എസ്‌.എൽ.സി പരീക്ഷയാണ്‌. പരീക്ഷ മുടങ്ങിയാൽ സലീമിന്റെ ഒരു വർഷം പാഴാവും. ശിവൻ വിചാരിച്ചാലേ കാര്യം നടക്കൂ. നീ അവനെ കൂട്ടിക്കൊണ്ടു വരണം. ഉച്ചയ്ക്കുള്ള പരീക്ഷയ്ക്കിടയിൽ സ്കൂളിനു മുന്നിലൂടെ ബാപ്പയുടെ മയ്യത്ത്‌ പള്ളിയിലേക്ക്‌ കൊണ്ടുവരുമ്പോൾ അവനെ അൽപം നേരത്തെ വിടാം. അതു മാത്രമല്ല, ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ശിവന്റെ വീട്ടിൽ അവൻ നിൽക്കട്ടെ.
 അന്ന്‌, ഉച്ചകഴിഞ്ഞുള്ള ബയോളജി പരീക്ഷയ്ക്ക്‌, ഇടയ്ക്കിടയ്ക്ക്‌ അവൻ റോഡിലേക്ക്‌ നോക്കുമ്പോഴൊക്കെ, ജനലരികിലിരുന്ന്‌ എന്റെ കണ്ണുകൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ, മയ്യെത്തു കൊണ്ടുവരുന്നതിന്റെ പ്രാർത്ഥനാ ശബ്ദം കേട്ടു. ഹെഡ്മാസ്റ്റർ വന്ന്‌ അവനെ കൂട്ടിക്കൊണ്ടുപോയി. അവൻ എന്നെ നോക്കിയില്ല.

 ഫസ്റ്റ്‌ ക്ലാസിൽ തന്നെ പാസ്സായി അവൻ ഡിപ്ലോമയ്ക്കു ചേർന്നു. ഞാൻ പ്രീഡിഗ്രിയ്ക്കു പോയി, നേരം കിട്ടുമ്പോഴൊക്കെ ഞാൻ അവനേയും അവൻ എന്നെയും തേടിവന്നു. കൗമാരക്കാലത്തെ എല്ലാ കുരുത്തക്കേടുകളും ഞങ്ങൾ ഒറ്റ ശരീരമായി നിർവ്വഹിച്ചുപോന്നു. അതിന്റെ പ്രത്യാഘാതങ്ങളും ഒരുപോലെ നേരിട്ടു.
 എന്താ, ഇന്നു രാവിലെ കാപ്പികുടിയൊന്നുമില്ലേ? അതോ കൂട്ടുകാരൻ വന്നിട്ടേയുള്ളോ? അകത്തുനിന്നും സ്നേഹ വിളിച്ചു ചോദിച്ചു.

 സലീം ഇന്നെത്തുമെന്നാണ്‌ അറിയിച്ചതു. വൈകുന്നേരമാകും. എങ്കിലും ഒരുദിവസം അവധിയെടുക്കണമെന്ന്‌ ഇത്തവണയും തോന്നി. വന്നാലുടൻ എന്നെയാവും വിളിക്കുക. രാവിലെ മുതൽ കാത്തിരിക്കുകയാണെന്നു കേൾക്കുമ്പോൾ അവന്‌ ഒരു സന്തോഷമുണ്ടാകുന്നതും ഞാൻ കണ്ടിട്ടുണ്ട്‌. മടങ്ങിപ്പോകുന്ന ദിവസമാണെങ്കിൽ യാത്ര പറയാനായി ഞാൻ അവിടേക്കു ചെല്ലാറില്ല. തലേ ദിവസം ഇവിടെയോ അവിടെയോ ഒരുമിച്ചു കൂടും. പിന്നെ അങ്ങു ചെന്നു കഴിഞ്ഞ്‌ വിളിക്കും. അതാണ്‌ പതിവ്‌.

 ജ്യേഷ്ഠന്മാർ കാലങ്ങളായി ഗൾഫിലായിരുന്നതു കൊണ്ട്‌ ഡിപ്ലോമ കഴിഞ്ഞയുടൻ അവനും ഗൾഫിലേക്ക്‌ പോകേണ്ടി വന്നു. ഏറെ വൈകാതെ, എനിക്ക്‌ ഒരു കൊറിയർ വന്നു. റേഡിയോയും കാസറ്റ്‌ പ്ലേയറുമുള്ള ഒരു ടു ഇൻ വൺ സിസ്റ്റമായിരുന്നു അത്‌. കൂടെ ഒരു കുറിപ്പും. "കത്തെഴുതുമ്പോഴൊക്കെ നീ എഴുതുന്ന 'മടുപ്പി'നുള്ള മരുന്നാണിത്‌. നല്ല നല്ല പാട്ടുകൾ കേട്ട്‌ സന്തോഷമായിരിക്കുക ജോലികിട്ടിക്കഴിഞ്ഞാൽ അതിനൊന്നും നേരം കാണുകയില്ല. അന്ന്‌ ടി.വി പ്രചാരത്തിലായിരുന്നില്ല. വീട്ടിലാണെങ്കിൽ ഒരു റേഡിയോ പോലുമില്ലായിരുന്നുതാനും.
 ഒരിക്കൽ, അൽപം കനം കൂടിയ കത്താണ്‌ വന്നത്‌. പൊട്ടിച്ചപ്പോൾ അതിൽ മറ്റൊരു കവർ കൂടി കണ്ടു. പേരുവായിച്ചപ്പോൾ കാര്യം മനസ്സിലായി. ഏഴാം ക്ലാസ്സ്‌ മുതൽ അവൻ ചൂണ്ടിക്കാണിച്ചു തന്നിരുന്ന പ്രണയം. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ അവളെ അറിയിക്കാനുണ്ടെന്നും അതിന്‌ മറ്റ്‌ മാർഗ്ഗമില്ലെന്നും നീ ഇത്‌ എങ്ങനെയും അവളുടെ കൈയ്യിൽ കൊടുക്കണമെന്നുമാണ്‌ നിർദ്ദേശം. ഒരു പെൺകുട്ടിയുടെ നേരെ നിൽക്കാനുള്ള വൈമുഖ്യം കൊണ്ടു മാത്രം സ്വന്തമായി ഒരു പ്രേമലേഖനമെഴുതാതെ ഏകാന്തജീവിതം നയിച്ചു വന്ന എനിക്ക്‌ വലിയൊരു കീറാമുട്ടിയാണ്‌ മുന്നിലേക്കിട്ടുതന്നത്‌. അങ്ങനെ പഴയ സ്കൂളിനടുത്തുള്ള, പോസ്റ്റോഫീസിനോട്‌ ചേർന്നു നിൽക്കുന്ന, ടൈപ്പ്‌റൈറ്റിംഗ്‌ ഇൻസ്റ്റിറ്റിയൂട്ടിൽ  ചെന്നു. വലിയ മടിയൊന്നും കാണിക്കാതെ സഫിയ ഇറങ്ങി വന്നു. അന്ന്‌ ആദ്യമായി ഞാൻ സഫിയയെ ശരിക്കും  കണ്ടു. സുന്ദരിയാണല്ലോ എന്ന്‌ എനിക്കു തോന്നി. തിരികെപ്പോരുമ്പോൾ അവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം ഞാൻ മനസ്സിൽ സങ്കൽപിച്ചു.

 ഏറെക്കുറെ, ദരിദ്രകുടുംബത്തിൽ ജനിച്ച സഫിയയെ സ്നേഹാധിക്യം കൊണ്ട്‌ മാത്രമാണ്‌ അവൻ  വിവാഹം കഴിച്ചതു. അക്കാര്യത്തിൽ, മാനസികമായി എന്റെ പിൻതുണ പലപ്പോഴും അവന്‌ ആവശ്യമായി വന്നു. പിന്നീട്‌, പ്രണയിക്കാനുള്ള ധൈര്യംകിട്ടിയ കാലത്ത്‌ സ്നേഹ എന്റെ മുന്നിൽ വന്നുപെട്ടപ്പോൾ അവൻ അതിന്‌ പ്രത്യുപകാരം ചെയ്തു. ഒത്തിരി സംഘർഷാത്മകമായിരുന്നല്ലോ ഞങ്ങളുടെ വിവാഹം.

 നാട്ടിൽ ചുവടുറയ്ക്കും മുമ്പേ, ഗൾഫിലേക്കു പോയതുകൊണ്ട്‌ മറ്റു പലരേയും പോലെ ഗൾഫ്‌ ജീവിതം സലീമിനും ഒഴിവാക്കാനാകാതെ നീണ്ടുപോയി. ഇടവേളകളിൽ മാത്രം വന്നുപോയ, അവന്റെ അസാന്നിധ്യം അവന്റെ കുടുംബത്തെ മാത്രമല്ല ഞങ്ങളേയും വേദനിപ്പിച്ചു പോന്നു. ഒരിക്കൽ വന്നപ്പോൾ അവൻ പറഞ്ഞു: "ഗൾഫിലെ ജോലിയുടെ കാര്യവും എന്താവുമെന്നറിയില്ല. ഇന്ത്യക്കാരനെന്നു കേട്ടാൽ ഇപ്പോൾ അവർക്കു ദേഷ്യമാണ്‌ പള്ളിപൊളിച്ചതിൽ പിന്നെ ഉള്ളവരെത്തന്നെ പറഞ്ഞുവിടാനാണ്‌ അവർക്കു താത്പര്യം." ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്‌ ബ്രിട്ടീഷ്കാരുടെ തന്ത്രമായിരുന്നു. ഇപ്പോൾ, നമ്മുടെ തന്നെ രാഷ്ട്രീയക്കാരും മതമേധാവികളും അത്‌ പിൻതുടരുകയാണ്‌. പൊതുജനം പണ്ടെ കഴുതയാണല്ലോ. ഞാൻ പറഞ്ഞു.
 "എല്ലാവരും മതവും പറഞ്ഞ്‌ ഭാഗംവച്ചു പോകുമ്പോൾ നമ്മൾ എവിടെപ്പോകും?" -സ്നേഹ. സങ്കരവർഗ്ഗക്കാർക്ക്‌ സംവരണം കിട്ടുമായിരിക്കും. സലീം ഉറക്കെ ചിരിച്ചു.
 അഫ്സലും അമീറും കണ്ണനും ഒരേ സ്കൂളിലാണ്‌ പഠിച്ചിരുന്നത്‌. ഞങ്ങളുടെ ചിരകാല സൗഹൃദം ഞങ്ങളുടെ മക്കളിലും ആഴമേറിയ ഹൃദയബന്ധമായി വളരുന്നത്‌ ഞങ്ങൾക്ക്‌ ഏറ്റവും ആഹ്ലാദകരമായ കാര്യമായിരുന്നു. പക്ഷേ, ഇടയ്ക്ക്‌ അഫ്സലിനെയും അമീറിനെയും മറ്റൊരു സ്കൂളിലേക്ക്‌ മാറ്റേണ്ടിവന്നു. പുതുതായി ആരംഭിക്കുന്ന അൽ-അമിൻ ഇംഗ്ലീഷ്‌ മീഡിയം സ്കൂളായിരുന്നു അത്‌. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട സമുദായ നേതാക്കളുടെ സമ്മർദ്ദം മൂലമാണ്‌ അങ്ങനെ ചെയ്യേണ്ടിവന്നത്‌. അന്ന്‌ കണ്ണൻ ആകെ വിഷമത്തിലായിരുന്നു. കണ്ണന്റെ പ്രയാസം അൽപമെങ്കിലും സലീം അറിഞ്ഞിരുന്നുവേങ്കിൽ ഒരിക്കലും ആ മാറ്റത്തിന്‌ അവൻ സമ്മതിക്കുമായിരുന്നില്ല. അതുകൊണ്ടുതന്നെ അക്കാര്യം അവനെ അറിയിക്കേണ്ടെന്ന്‌ ഞാൻ തീരുമാനിക്കുകയും ചെയ്തു.

 കുറച്ചുദിവസങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി കണ്ണൻ എന്നോട്‌ ചോദിച്ചു: "മുസ്ലീങ്ങൾ മാത്രം പഠിക്കുന്ന സ്കൂളാണതെന്ന്‌ ഇന്നലെ കണ്ടപ്പോൾ അമീർ പറഞ്ഞു. നമ്മുടെ മതത്തിലുള്ളവർക്ക്‌ പഠിക്കാനുള്ള സ്കൂൾ ഏതാണാച്ഛാ?" അടുത്ത കാലത്തു പത്രങ്ങളിൽ വന്ന വിവാദമോർത്തുകൊണ്ടാവാം സ്നേഹ ചിരിച്ചുകൊണ്ട്‌ പെട്ടെന്ന്‌ പറഞ്ഞു. നീ മതമില്ലാത്ത ജീവനല്ലേ? അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യനും. നിനക്ക്‌ മതവും ജാതിയും ഇല്ലെന്നല്ലേ സ്കൂളിൽ ചേർത്തപ്പോൾ നമ്മൾ എഴുതിക്കൊടുത്തത്‌. അങ്ങനെയുള്ളവർക്കുള്ളതാണ്‌ നീ പഠിക്കുന്ന ഗവണ്‍മന്റ്‌ സ്കൂൾ. നീ അവിടെ പഠിച്ചാൽ മതി. കണ്ണൻ വിട്ടില്ല: "അതു പറ്റില്ല. എനിക്ക്‌ ഹിന്ദുവോ ക്രിസ്ത്യനോ ആകണം. അങ്ങനെയാണെങ്കിൽ എനിക്കുള്ള സ്കൂളിൽ തന്നെ ചേരാമല്ലോ." ഞാൻ അവനെ അനുനയിപ്പിച്ചു."അതു തീരുമാനിക്കാനുള്ള അറിവും പ്രായവുമാകുമ്പോൾ മോൻ തന്നെ അതുതീരുമാനിച്ചു കൊള്ളൂ. അതുവരെ ഇങ്ങനെപോകട്ടെ. " അവന്റെ മുഖം തെളിഞ്ഞില്ല.
 സ്കൂൾ മാറിയതുകൊണ്ട്‌ എന്നും കാണാനും ഒരുമിച്ചു കളിക്കാനും അവസരം ഇല്ലാതായതുകൊണ്ടോ എന്തോ, കണ്ണന്‌ അഫ്സലിനോടും അമീറിനോടുമുള്ള അകൽച്ച വർദ്ധിച്ചു വരികയായിരുന്നു. അത്‌ ഒഴുവാകട്ടെ എന്നു കരുതിയും സലീമിന്റെ മക്കളെ കാണാനുള്ള ആഗ്രഹംകൊണ്ടും ഞങ്ങൾ മുമ്പത്തേക്കാൾ കൂടുതലായി അവരുടെ വീട്ടിലേക്ക്‌ ചെന്നു തുടങ്ങി. സോഫിയ, ജോലിത്തിരക്കിനിടയിലും, കിട്ടുന്ന സമയങ്ങളിലൊക്കെ കണ്ണനെത്തേടിയും വന്നു. എങ്കിലും കുട്ടികൾ തമ്മിലുള്ള ഇഴയടുപ്പം കുറഞ്ഞുകുറഞ്ഞു വരുന്നത്‌ ഞങ്ങൾ ശ്രദ്ധിക്കാതിരുന്നില്ല. അഫ്സലിനെയും അമീറിനേയും ചേർത്തുപിടിച്ച്‌ ഒരു ദിവസം സോഫിയ പറഞ്ഞു: അച്ഛനെക്കാണാൻ വരുന്ന കാര്യത്തിൽ ഈ രണ്ടുമക്കൾക്കും ഇപ്പോൾ വലിയ താൽപ്പര്യമില്ല. കളിയാണ്‌ മുഖ്യം. എനിക്ക്‌ ഒരു കൂട്ടിനു വരാൻ പറഞ്ഞാൽപ്പോലും ഇവന്മാർക്കു വലിയ മടിയാണ്‌. ബാപ്പ അറിഞ്ഞാൽ സഹിക്കത്തില്ല കേട്ടോ.

 അതിനെന്താ, അച്ഛനുമക്കളേയും വന്നുകാണാമല്ലോ. അവരുടെ കളിയും മുടക്കേണ്ട. ഞാൻ പറഞ്ഞു. പക്ഷേ കണ്ണന്റെ കാര്യത്തിലും ഈ മാറ്റം ഞങ്ങൾ കണ്ടു. നിങ്ങൾ പോയി വരുന്നതുവരെ ഞാനിവിടിരുന്ന്‌ കാർട്ടൂൺ കണ്ടുകൊള്ളാമെന്ന്‌ അവൻ നിരുത്സാഹപ്പെടുത്താൻ തുടങ്ങി.
 ഒരു ദിവസം കണ്ണൻ ചോദിച്ചു: "കാഫിർ എന്നാൽ എന്താണച്ഛ?" ദൈവത്തിൽ വിശ്വാസമില്ലാത്തവൻ. നമ്മൾ കാഫീറാണോ? അമീർ അങ്ങനെ പറഞ്ഞു. അവൻ എന്റെ മുഖത്തേക്കു നോക്കി. ഞാൻ പറഞ്ഞു: അതെങ്ങനെ? നമുക്ക്‌ ദൈവത്തിൽ വിശ്വാസമുണ്ടല്ലോ." അൽപ്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അവൻ ചോദിച്ചു: ഏതു ദൈവത്തിൽ? ഒരു ദൈവമല്ലേയുള്ളൂ. ആ ദൈവത്തിൽ അലക്കിയതുണികൾ മടക്കി വയ്ക്കുന്നതിനിടയിൽ സ്നേഹ പറഞ്ഞു.
 "എങ്കിൽപ്പിന്നെ അമീർ പറഞ്ഞതുപോലെ നമ്മൾ നരകത്തിൽപോകുന്നതെങ്ങനെ? സ്നേഹ പൊട്ടിച്ചിരിച്ചു: നിനക്ക്‌ നരകത്തിൽ പോകണമെങ്കിൽ പൊയ്ക്കോളൂ. എന്തായാലും ഞങ്ങൾ അങ്ങോട്ടേയ്ക്കില്ല.

 കഴിഞ്ഞ ഓണത്തിനു സഫിയയ്ക്കും മക്കൾക്കും സദ്യ വിളമ്പിക്കൊണ്ടിരിക്കുമ്പോൾ, ഊണുകഴിഞ്ഞ്‌ ഒരു സിനിമയ്ക്കും പിന്നെപാർക്കിലും പോകാമെന്ന്‌ ഞാൻ പറഞ്ഞതുകേട്ട്‌ നിനച്ചിരിക്കാതെ അഫ്സൽ പറഞ്ഞു: സിനിമയ്ക്കു ഞങ്ങൾ വരുന്നില്ല. ഞങ്ങൾ ഇസ്ലാമാണ്‌. അടികിട്ടിയതുപോലെയായെങ്കിലും ചിരി വരുത്തിക്കൊണ്ടു ഞാൻ പറഞ്ഞു: ഞങ്ങളും ഇസ്ലാമാണ്‌. സൂര്യനും ചന്ദ്രനും ഭൂമിയും കല്ലും മരങ്ങളും മൃഗങ്ങളുമെല്ലാം ഇസ്ലാമാണെന്ന്‌ മദ്രസയിൽ നിങ്ങളെ പഠിപ്പിച്ചിട്ടില്ലേ? അഫ്സൽ എന്തോ പറയാൻ വന്നത്‌ സഫിയ തടഞ്ഞു. സിനിമയ്ക്കില്ലെങ്കിൽ പാർക്കിലേക്ക്‌ ഞാനുമില്ല. കണ്ണൻ ഇറങ്ങിപ്പോയി. അൽപം കഴിഞ്ഞ്‌ പുറത്ത്‌ ഒച്ചപ്പാടും ബഹളവും കേട്ട്‌ ഞങ്ങളിറങ്ങിച്ചെല്ലുമ്പോൾ കണ്ണൻ നിന്നു കരയുകയാണ്‌. വിജയികളെപ്പോലെ അഫ്സലും അമീറും നെഞ്ചും വിരിച്ചു നിൽക്കുന്നു. സഫിയ എത്ര വട്ടം ചോദിച്ചിട്ടും അവർ കാര്യം പറഞ്ഞില്ല. ഇതുങ്ങളെയും കൊണ്ട്‌ ഇനി ഇങ്ങോട്ടുവരുന്ന പ്രശ്നമില്ല. വഴക്കുണ്ടാക്കാൻ മാത്രമേ അറിയൂ. ദേഷ്യത്തോട്‌ പറഞ്ഞുകൊണ്ട്‌ സഫിയ കുട്ടികളെയുംകൂട്ടി ഇറങ്ങിപ്പോയി.
 കണ്ണൻ ശാന്തമായി കഴിഞ്ഞപ്പോൾ ഞാൻ അവനോട്‌ വിവരങ്ങൾ തിരക്കി. ഞങ്ങൾ ഇസ്ലാമാണോ അല്ലയോ എന്നതർക്കം പുറത്തുവച്ചു വീണ്ടും തല പൊക്കിയത്രെ. ഇസ്ലാമാണെന്ന്‌ നിന്റെ നെറ്റിയിൽ എഴുതിവച്ചിട്ടുണ്ടോ എന്ന്‌ കണ്ണൻ ചോദിച്ചു. അപ്പോൾ അത്‌ നിനക്കറിയാൻ പാടില്ലാഞ്ഞിട്ടാണ്‌ എന്ന്‌ പറഞ്ഞ്‌ വീടിന്റെ പുറകിലേക്കു കൊണ്ടുപോയി ആ രഹസ്യം അവർ പ്രദർശിപ്പിച്ചുവത്രെ.ഇസ്ലാമിന്റെ അടയാളം. "അച്ഛനെന്തിനാണ്‌ കള്ളത്തരം പറഞ്ഞത്‌? ഞാൻ ആകെ നാണംകെട്ടുപോയി. കണ്ണൻ പറഞ്ഞതുകേട്ട്‌ ഒന്നും മിണ്ടാനാകാതെ ഞാൻ നിന്നു.
 സലീം എന്നെ വിളിക്കുമ്പോഴൊക്കെ അമേരിക്ക, സദ്ദാം ഹുസൈൻ, ബിൻ ലാദൻ, അൽ-ഖ്വൈദ എന്നിങ്ങനെ അന്താരാഷ്ട്ര കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണും ഇളകിത്തുടങ്ങിയെന്ന്‌ അവനെ അറിയിക്കാൻ എന്തുകൊണ്ടോ എനിക്കു മനസ്സുവന്നില്ല. സ്വന്തം നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വത്തിന്റെ സുഖമുള്ള നൊമ്പരം അനുഭവിക്കാൻ അവന്‌ ആവാതെ വന്നെങ്കിലോ എന്ന്‌ ഞാൻ ഭയന്നിരിക്കാം.

 കുറച്ചുകാലമായി കുട്ടികൾ തമ്മിൽ കാണാറില്ല. എന്നതാണ്‌ സത്യം. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രകൾ കുറഞ്ഞതു തന്നെ കാരണം. സലീം നാട്ടിലെത്തിയാലുടൻ വിളിക്കും. അപ്പോൾ മാത്രമാണ്‌ ഞങ്ങൾ അവിടേക്ക്‌ പോകുക. സലീം തിരികെ പോകുന്നതുവരെ എല്ലാം പഴയതുപോലെ തുടരും. കുട്ടികളും ഇപ്പോൾ നന്നായി അഭിനയിക്കാൻ പഠിച്ചിരിക്കുന്നു.

 കുളിയും കാപ്പികുടിയും കഴിഞ്ഞ്‌, ഞാൻ ഡ്രോയിംഗ്‌ ർറൂമിലെ സോഫയിൽപ്പോയി കിടന്നു. ടി.വി ഓൺചെയ്തു. ചാനലുകൾ മാറി മാറി നോക്കിയിട്ടും ഒന്നും കാണാൻ ഒരുത്സാഹം തോന്നിയില്ല. ടിവി ഓഫ്‌ ചെയ്ത്‌ കണ്ണടച്ചു.

 ഫോൺ ബല്ലാണ്‌ വിളിച്ചുണർത്തിയത്‌. എടുക്കുംമുമ്പേ മനസ്സിലായി. സലീം എത്തിയിരിക്കുന്നു. അവൻ വളരെ ആവേശത്തിലാണ്‌. എപ്പോഴത്തെയും പോലെ ഇപ്പോൾതന്നെ ഇറങ്ങുകയാണെന്ന്‌  ഞാൻ പറഞ്ഞപ്പോൾ കണ്ണൻ സ്കൂളിൽ നിന്ന്‌ വന്നോ എന്ന്‌ അവൻ ചോദിച്ചു. കണ്ണൻ വന്നിട്ട്‌ ഒരുമിച്ച്‌ ചെന്നാൽമതിയത്രെ. കണ്ണന്‌ എന്തോ പ്രത്യേക സമ്മാനവുമായി ആണ്‌ ഇത്തവണത്തെ വരവ്‌.

വൈകുന്നേരം, പോകാൻ ഇറങ്ങുമ്പോൾ കണ്ണൻ തയ്യാറായി വന്നു. ഗൗരവമുള്ളൊരു തമാശ കണ്ടതുപോലെ അവൻ ചിരിവരാതെ നിന്നുപോയി. കുങ്കുമം കൊണ്ട്‌ നെറ്റിയിൽ നീളത്തിലുള്ള ഒരു കുറി വരച്ചിട്ടുണ്ട്‌. ഇതെന്താണ്‌? ഇത്‌ തുടച്ചു കളഞ്ഞിട്ട്‌ എന്റെ കൂടെ വന്നാൽ മതി. ഞാൻ പറഞ്ഞു. ഞാൻ വരുന്നില്ല. എടുത്തടിച്ചതുപോലെ അവൻ. പെട്ടെന്നു വന്ന ദേഷ്യത്തിന്‌ കർച്ചീഫ്‌ കൊണ്ട്‌ കുങ്കുമക്കുറി തുടച്ചുമാറ്റി ഞാൻ അവനെ ഓട്ടോയിലേക്ക്‌ വലിച്ചിടുകയായിരുന്നു. നിനക്ക്‌ എന്തിന്റെ കേടാണ്‌? അവൻ ഒന്നും മിണ്ടിയില്ല.
 സലീമിന്റെ വീടിനു മുന്നിൽ എത്തി ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ തന്നെ പഴയ ക്ലാസ്‌ ർറൂമിൽ , പിൻബഞ്ചിന്റെ അതേ മൂലയിൽ എന്നോടു കൂട്ടുകൂടാൻ എഴുന്നേറ്റു നിൽക്കുന്ന അതേ നിഷ്കളങ്കതയോടെ, അവൻ പുറത്തേക്കു നോക്കിനിൽക്കുന്നതു കണ്ടു. പെട്ടെന്ന്‌, വീടിന്റെ തുറന്നു കിടക്കുന്ന തെക്കേ ജനൽപ്പാളിയ്ക്കു പിന്നിൽ പതുങ്ങി നിൽക്കുന്ന അമീറിനെയും അവന്‌ നിർദ്ദേശം കൊടുക്കാനെന്നവണ്ണം ടെറസ്സിൽ നിൽക്കുന്ന അഫ്സലിനെയും കണ്ട്‌ ഞാനൊന്നു ഞെട്ടി. ഒരു ഞൊടിയിൽ അഫ്സലിന്റെ വിസിൽ മുഴങ്ങുകയും സലീം പുതിയതായി കൊണ്ടുവന്നതാണെന്ന്‌ തോന്നിയ എയർഗണ്ണിന്റെ ട്രിഗറിൽ, ഉന്നം നോക്കിനിന്ന്‌ അമീർ വിരലമർത്തിയതും പെട്ടെന്നായിരുന്നു. ഒന്നുമറിയാതെ, എന്റെ പിന്നാലെ പുറത്തേക്കിറങ്ങിയ കണ്ണന്റെ നെറ്റിമുറിഞ്ഞ്‌ ചോരതെറിക്കുമ്പോൾ, സലീം കയ്യിൽക്കിട്ടിയ വടിയെടുത്ത്‌ അമീറിന്റെ പിന്നാലെ അലറിക്കൊണ്ട്‌ പാഞ്ഞെങ്കിലും സഫിയയുടെ വിളികേട്ട്‌ അവൻ ഞങ്ങളുടെ അടുത്തേക്കുതന്നെ തിരിച്ചുവന്നു. ആശുപത്രിയിലേക്ക്‌, അതേ ഓട്ടോറിക്ഷയിൽ ഞാനും കണ്ണനെ തന്റെ മടിയിലിരുത്തി നെറ്റിയിലമർത്തിപ്പിടിച്ചു നെഞ്ചോടുചേർത്ത്‌ സലീമും, ഇരിക്കുമ്പോൾ ഭീകരമായ ഒരു മൗനം ഞങ്ങളെ വലയം ചെയ്തു.

 അതു തുടരുന്നതിനുമുമ്പ്‌, ഞാൻ പറയാൻപോകുന്നതെല്ലാം നിഷേധിക്കുന്നതുപോലെ, കേൾക്കാൻപോകുന്നതെല്ലാം കുടഞ്ഞുകളയുന്നതുപോലെ, ഇരുവശത്തേക്കും തലയാട്ടിക്കൊണ്ട്‌ സലീം പറഞ്ഞുകൊണ്ടിരുന്നു..."കുട്ടികളുടെ ഓരോ കുസൃതികൾ...കുട്ടികളുടെ ഓരോ കുസൃതികൾ..."