Friday 14 October 2011

തിരിച്ചു കൊടുക്കാന്‍ മറന്ന താക്കോല്‍


ജെയിംസ് ബ്രൈറ്റ്

 


എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല . താമസിച്ചിരുന്ന മുറിയുടെ താക്കോല് തിരിച്ചു കൊടുത്തില്ല! ഇങ്ങിനെ ഒരിക്കലും ചെയ്തിട്ടില്ല.. എന്തായിരിക്കും ഈ താക്കോല് തിരിച്ചേല്‍പ്പിക്കാന്‍ മറന്നത്? മറ്റെല്ലാ ചിന്തകളെയും മാറ്റി നിറുത്തി മനസ്സ് ശുദ്ധമാക്കി ഒന്നുകൂടെ ചിന്തിച്ചു. എന്താണ് സംഭവിച്ചത്?
ആ ഹോട്ടലില്‍ ഞാന്‍ താമസിച്ചു.
അതെ ..അതൊരു ഹോട്ടല്‍ ആയിരുന്നുവെന്നാണ് ഓര്‍മ്മ. എപ്പോഴാണ് അവിടം വിട്ടത്? എന്തിനാണ് അവിടെ പോയത്?
എന്തായാലും ഈ താക്കോല് തിരിച്ചു കൊടുത്തേ മതിയാവൂ. അത് തിരിച്ചു കൊടുക്കാതെ പോന്നത് ഒരിക്കലും ശരിയായില്ല. ഇനി തിരിച്ചു പോവുകയല്ലാതെ എന്റെ മുന്നില്‍ ഒരു മാര്‍ഗ്ഗവും കണ്ടില്ല.
ഹോട്ടല്‍ നിന്നിരുന്ന നഗരത്തിലേക്ക് യാത്രതിരിച്ചു. വളരെയേറെ യാത്രചെയ്തു അവിടെ എത്തി. നഗരം പഴയപടി തന്നെ . ഒരു മാറ്റവും ഇല്ല. ഇനി ഹോട്ടല്‍ കണ്ടുപിടിക്കണം.
താക്കോല് തിരികെ കൊടുത്താല്‍ സമാധാനമായി. പക്ഷേ ഹോട്ടല് കാണുന്നില്ല! അതിന്റെ പേരും മറന്നുപോയി! ആരോടെങ്കിലും ചോദിക്കാമെന്നു കരുതി.
റോഡരുകിലെ ഒരു ബെഞ്ചില്‍ രണ്ടു വൃദ്ധന്മാര്‍ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു.
അവരോടു ചോദിച്ചുനോക്കാം.
അവരുടെ അടുത്തു ചെന്ന് ചോദിച്ചു.പക്ഷേ ചോദിച്ചതൊന്നും അവര്‍ക്ക് മനസ്സിലായില്ല. അതിനൊരു കാരണവും ഉണ്ടായിരുന്നു. അവരിലോരാള്‍ക്ക് ചെവി കേള്‍ക്കില്ലായിരുന്നു. മറ്റേയാള്‍ അന്ധനും ആയിരുന്നു! എന്തായിരിക്കാം അവര്‍ സംസാരിച്ചുകൊണ്ടിരുന്നത്? എന്തായാലും അതിനെപ്പറ്റി ആലോചിക്കാന്‍ സമയമില്ല.
വേറെ ആരെയെങ്കിലും കണ്ടുപിടിക്കുക തന്നെ. അല്പം അകലെയായി ഒരാള്‍ പത്രം വില്‍ക്കുന്നുണ്ടായിരുന്നു. അയാളോട് ചോദിക്കാം. അയാളെ സമീപിച്ചു. ഒരു സര്‍വ്വജ്ഞാനിയെപ്പോലെ ആയിരുന്നു അയാളുടെ മുഖ ഭാവം. എന്നെ അയാള്‍ ഒരുതരം അവജ്ഞയോടെ നോക്കി.
ഹോട്ടല്‍ എവിടെയാണെന്ന് അയാള്‍ക്കറിയില്ലായിരുന്നു. വീണ്ടും നടന്നു. ഒരു തുറന്ന സ്ഥലത്ത് എത്തപ്പെട്ടു.
അവിടെ ഒരാളെ കുരിശില്‍ തറച്ചു നിര്ത്തിയിട്ടുണ്ടായിരുന്നു! അദ്ദേഹം ഒരു ഉപദേശി ആണെന്നും ,സ്വയം ക്രൂശില് അവരോധിതനായതാണ് എന്നും മറ്റും അയാള്‍ മരിക്കുവാനായി അവിടെ കാത്തു നിന്നിരുന്ന പോലീസുകാരും പുരുഷാരവും എന്നോട് പറഞ്ഞു.
അവിടെ നിന്നും വീണ്ടും നടന്നു. ഒരു സ്ത്രീ ഒരു കുഞ്ഞിനെ തോളില്‍ എടുത്തുകൊണ്ടു വരുന്നുണ്ടായിരുന്നു. അവരോടു ഹോട്ടലിനെപ്പറ്റി ചോദിച്ചു. അവര്‍ ഹോട്ടല്‍ ഇപ്പോള്‍ വേറെ ഏതോ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു എന്ന വാര്‍ത്ത തന്നു.
വിഷമം തോന്നി. വേറെ ആരോടെങ്കിലും ഒന്ന് കൂടെ ചോദിക്കാം എന്ന് കരുതി അടുത്ത തെരുവിലേക്ക് കടന്നു.
അത്ഭുതം എന്ന് പറയട്ടെ.. ഞാനിപ്പോള്‍ പുറപ്പെട്ട അതെ സ്ഥലത്ത് തന്നെ എത്തപ്പെട്ടിരിക്കുന്നു..
അലറാന്‍ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തു വന്നില്ല.
അപ്പോഴാണ്‌ ഉറക്കത്തില്‍ നിന്ന് ഉണരുന്നതും ഇതെല്ലാം ഒരു സ്വപനമായിരുന്നുവെന്നു മനസ്സിലാക്കിയതും!
എന്നിരിക്കിലും താക്കോല് എന്റെ കയ്യില്‍ ഉണ്ടോ എന്ന് നോക്കി. ഇല്ല..സമാധാനമായി. പക്ഷേ എന്തിനായിരിക്കാം ഞാന്‍ ഇങ്ങിനെ ഒരു സ്വപ്നം കണ്ടത്?