Friday 14 October 2011

അദ്ധ്വാനിക്കുന്നവരും മോഡികൂട്ടുന്നവരും


പി. സുജാതൻ



ചരിത്രത്തിലൂടെ തേരോടിച്ചുപോയ നാടുവാഴികളുടെ വിജയകഥ ഇന്ത്യൻ പ്രധാനമന്ത്രിപദം സ്വപ്നം കാണുന്ന അദ്വാനിയെ ആവേശഭരിതനാക്കുന്നുണ്ടാകണം. അലക്സാണ്ടറുടെ ദിഗ്‌വിജയങ്ങൾ, മഹാത്മജിയുടെ ദണ്ഡിയാത്ര, ഹൈദരാലിയുടെയും മകൻ ടിപ്പുവിന്റെയും പടയോട്ടങ്ങൾ, എൻ.ടി.രാമറാവുവിന്റെ ചൈതന്യരഥയാത്രകൾ എന്നിവയെല്ലാം വെറുതെയിരിക്കുമ്പോൾ അദ്വാനി ആലോചിച്ചു രസിക്കുന്ന ചരിത്രസംഭവങ്ങളാണ്‌. മോട്ടോർ വാഹനങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്
ത കാലത്ത്‌ പ്രമാണിമാർ കുതിരവലിക്കുന്ന തേരിൽ സഞ്ചരിച്ചു. മോട്ടോർ വാഹനത്തിൽ അദ്വാനി നടത്തുന്ന രാഷ്ട്രീയ യാത്രകളെ ചരിത്രസ്മൃതികളോടെ രഥയാത്ര എന്ന്‌ വിളിക്കാനാണ്‌ അദ്ദേഹത്തിന്‌ ഇഷ്ടം. പടയോട്ടമോ രഥയാത്രയോ പദയാത്രയോ കൊണ്ട്‌ എൽ.കെ.അദ്വാനിക്ക്‌ തന്റെ ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കാൻ കഴിയുമോ? ബി.ജെ.പിക്ക്‌ 2014ൽ തിരഞ്ഞെടുപ്പുജയിക്കാനായാലും അദ്വാനി പ്രധാനമന്ത്രിയാകുമോ?


ഒക്ടോബർ പതിനൊന്നാം തീയതി അദ്വാനി ആരംഭിക്കാനിരിക്കുന്ന രഥയാത്രയെ ബി.ജെ.പി.യിലെ അദ്ദേഹത്തിന്റെ ശിഷ്യന്മാർ തന്നെ തകിടം മറിക്കുവാൻ ഒരുങ്ങുകയാണ്‌. ഗുജറാത്തിൽ മുഖ്യമന്ത്രി നരേന്ദ്ര ദാമോദർ ദാസ്‌ മോഡി നടത്തിയ ഉപവാസ സമരം വെറും നിഴൽ യുദ്ധമല്ല. അറുപതാം പിറന്നാൾ പ്രമാണിച്ച്‌ മോഡി തന്റെ നാട്ടിൽ സ്വന്തം ഭരണകൂടത്തിനും പ്രവൃത്തിക്കുമെതിരെ ആളുകളെ പറ്റിക്കാൻ മൂന്നുദിവസം പട്ടിണി സമരം നടത്തുന്നതെന്തിന്‌? ബി.ജെ.പി.യുടെ ദേശീയ നേതൃനിരയിലേക്ക്‌ ചുവടുയർത്തുകയാണ്‌ നരേന്ദ്രമോഡി. ഗുജറാത്തിലെ പത്തുവർഷത്തെ ഭരണം 'ലോകമാതൃക'യാണെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ മുഖ്യമന്ത്രി മോഡി ആരംഭിച്ചതും ഒരു രാഷ്ട്രീയയാത്രയാണ്‌.


അഹമ്മദാബാദിൽ നിന്ന്‌ ന്യൂഡെൽഹിയിലേക്കുള്ള അദൃശ്യമായ ആ യാത്ര അദ്വാനിക്കുള്ള വെല്ലുവിളിയാണ.​‍്‌ ബി.ജെ.പി.യിലെ അധികാരകാംക്ഷികളെയെല്ലാം അവിചാരിത സന്ദർഭത്തിലെ ഉപവാസയജ്ഞത്തിലൂടെ മോഡി അസ്വസ്ഥരാക്കിയിരിക്കുന്നു. ബി.ജെ.പി.യുടെ ആശയ അടിത്തറ പണിയുന്ന ആർ.എസ്‌.എസ്സിന്റെ പൈന്തുണയോടെ മോഡി ആരംഭിച്ച രാഷ്ട്രീയ കരുനീക്കങ്ങൾ ശ്രദ്ധേയമാകുന്നത്‌ പല കാരണങ്ങൾകൊണ്ടാണ്‌.


രണ്ടായിരത്തി നാലുമുതൽ ദേശീയ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ബി.ജെ.പി. പരാജയപ്പെടുന്നു. എൽ.കെ. അദ്വാനിക്ക്‌ അടൽ ബിഹാരി വാജ്പേയിയെപ്പോലെ ഒരു സെക്യുലർ ഛായ നിലനിറുത്താൻ കഴിയുന്നില്ല. രണ്ടാംനിരനേതാക്കൾ തമ്മിൽ കലഹിച്ച്‌ മുഖം തിരിച്ച്‌ നിൽക്കുന്നു. അദ്വാനിയെ മാറ്റിയാൽ ആശ്വാസമായി എന്ന്‌ വിശ്വസിക്കുന്ന നാലഞ്ചുനേതാക്കളുണ്ട്‌. അവരുടെയെല്ലാം ലക്ഷ്യം ഒന്നായതിനാൽ ആരും തമ്മിൽ ചേരില്ല. ലോക്‌ സഭയിലെ പ്രതിപക്ഷനേതാവ്‌ സുഷമ സ്വരാജിന്‌ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ അരുൺ ജെയ്റ്റിലിയെ കണ്ടുകൂട. ബി.ജെ.പി. മുൻ പ്രസിഡന്റ്‌ രാജ്‌ നാഥ്‌ സിംഗിന്‌ തന്റെ പിൻഗാമി വേങ്കയ്യ നായ്ഡുവിനെ ഇഷ്ടമല്ല. അനന്തകുമാറിന്‌ ദക്ഷിണേന്ത്യയിലെ അനിക്ഷേധ്യ നേതാവാകണം. അതിനാൽ യുഡിയൂരപ്പയെ അടിച്ചു താഴെയിടാൻ നിതിൻ ഗഡ്ക്കരിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ബി.ജെ.പി.യുടെ തുടർ തോൽവികൾക്ക്‌ മുഖ്യകാരണക്കാരൻ നരേന്ദ്രമോഡിയാണെന്ന്‌ കുറ്റപ്പെടുത്തുന്ന രാജ്‌ നാഥ്‌ സിംഗ്‌ യാത്രകളിൽ അദ്വാനിയുടെ 'ലക്ഷ്മണൻ' എന്നാണ്‌ കരുതപ്പെടുന്നത്‌.


ബി.ജെ.പി. നേതൃത്വത്തിലെ ചേരിതിരിവുകളെ ഗുജറാത്തിലെ ഭരണമികവുകാട്ടി വിസ്മയിപ്പിക്കുന്ന നരേന്ദ്രമോഡിക്ക്‌ 2002 ലെ വർഗ്ഗീയ കലാപം മൂലം വന്നുപെട്ട കറുത്തപാടുകൾ മാറ്റിയെടുത്താലേ ദേശീയ തലത്തിൽ ശോഭിക്കാൻ കഴിയൂ. സെപ്തംബർ 17 മുതൽ മൂന്നുദിവസം നിരാഹാരം സമരം നടത്തി രാജ്യത്തെ ജനങ്ങൾ തനിക്കെതിരെ പുലർത്തുന്ന ധാരണകൾ തിരുത്താൻ ശ്രമിച്ചു. ഗുൽബർഗ്ഗ വർഗ്ഗീയത കലാപത്തെക്കുറിച്ചുള്ള സുപ്രിംകോടതി നിരീക്ഷണം തനിക്ക്‌ അനുകൂലമാണെന്ന്‌ വ്യാഖ്യാനിച്ചായിരുന്നു മോഡിയുടെ പുറപ്പാട്‌. അഹമ്മദാബാദിലെ വിചാരണക്കോടതി മോഡിക്കെതിരായ ആരോപണങ്ങളിൽ തീർപ്പുകൽപ്പിക്കട്ടെ എന്നുമാത്രമേ സുപ്രിംകോടതി പറഞ്ഞിട്ടുള്ളു. ഗുൽബർഗ്ഗ കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ്‌ എം.പി. ഇസാൻകുഫ്രിയുടെ വിധവ സഖിയെ കുഫ്രി മോഡിക്കെതിരെ നൽകിയ ഹർജി കോടതിയിലുണ്ട്‌. നരേന്ദ്രമോഡി സംഭവത്തിൽ നിരപരാധിയാണെന്ന അന്വേഷണ റിപ്പോർട്ട്‌ പുന:പരിശോധിക്കാൻ അഭിഭാഷകനെ നിയോഗിച്ച സുപ്രിംകോടതി മുഖ്യമന്ത്രി മോഡിയെ കുറ്റവിമുക്തനാക്കിയിട്ടൊന്നുമില്ല. ഗുജറാത്തിലെ ഭരണപ്രവർത്തനങ്ങളെപ്പറ്റി മലയാള പത്രങ്ങളിലടക്കം ദേശവ്യാപകമായി പരസ്യ പ്രചാരണം നടത്തി സ്വന്തം പ്രതിച്ഛായ മിനുക്കൽ യജ്ഞത്തിലാണ്‌ മോഡി. അദ്വാനിയുടെ അടുത്ത രഥയാത്രയ്ക്ക്‌ മുന്നേയുള്ള ഒരേറ്‌.


അദ്വാനി അഴിമതിക്കെതിരെ രഥയാത്ര നടത്താനൊരുങ്ങുന്ന  കാര്യം പ്രഖ്യാപിച്ചപ്പോൾ ഒരു മാധ്യമ പ്രതിനിധി അദ്ദേഹത്തോടു ചോദിച്ചു; യാത്രബല്ലാരി വഴിയും പോകുമോ എന്നു അനധികൃത ഖാനനത്തിന്‌ കർണ്ണാടകത്തിലെ ബല്ലാരി സഹോദരന്മാർക്ക്‌ അനുവാദം നൽകിയ ബി.ജെ.പി. സർക്കാർ അഴിമതി ആരോപണത്തിൽ തകർന്നു വീണ സംഭവം അരും മറന്നിട്ടില്ല. ഉത്തരഖണ്ഡിലെ ബി.ജെ.പി. മുഖ്യമന്ത്രിക്കും അഴിമതി ആരോപണ വിധേയനായി ഒഴിയേണ്ടിവന്ന ദിവസമായിരുന്നു അദ്വാനിയുടെ രഥയാത്ര പരിപാടികളുടെ പ്രഖ്യാപനം. അഴിമതി വിരുദ്ധസമരം ഇരുതലവാളാണെന്ന്‌ അദ്വാനിക്ക്‌ അനുഭവപ്പെട്ടിരിക്കാം.


അണ്ണാഹസാരെ സമരം നടത്തി കേന്ദ്രസർക്കാരിനെ അഴിമതി വിരുദ്ധ ലോക്പാൽ ബിൽ കൊണ്ടുവരാൻ പ്രേരിപ്പിച്ച സംഭവം രാജ്യവ്യാപകമായി ജനപിന്തുണ നേടിയിരുന്നു. അതിൽ പ്രചോദിതനായിട്ടാവണം അദ്വാനിയും അതേ വിഷയവുമായി രംഗത്തുവന്നത്‌. അഴിമതിയുടെയും വർഗ്ഗീയതയുടെയും പാപഭാരങ്ങൾ ഒരുപോലെ വഹിക്കുന്ന ബി.ജെ.പി.യുടെ രഥത്തിൽ അദ്വാനിക്ക്‌ ധാർമ്മിക ശക്തിയോടെ ഒരു പ്രചരണയാത്ര നയിക്കാൻ പ്രയാസമാണ്‌. എന്നാൽ അധികാരക്കൊതിപൂണ്ട അദ്വാനി പലതവണ ആഞ്ഞിട്ടും ലഭിക്കാത്ത പ്രധാനമന്ത്രിപദം അദ്ദേഹത്തെ വസ്തുതകൾ മറക്കാൻ പ്രേരിപ്പിക്കുന്നുണ്ടാകണം.



1989-ൽ സോമനാഥ ക്ഷേത്രത്തിൽ നിന്ന്‌ അയോദ്ധ്യയിലേക്ക്‌ അദ്വാനി ആരംഭിച്ച രഥയാത്ര ലക്ഷ്യം കാണാൻ വി.പി.സിംഗ്‌ സർക്കാർ അനുവദിച്ചില്ല. പക്ഷേ രാജ്യത്ത്‌ ആ യാത്ര സൃഷ്ടിച്ച വർഗ്ഗീയ മുറിവുകൾ അർബുദ ബാധയെപ്പോലെ തുടരുകയാണ്‌. ആന്ധ്രയിലെ എൻ.ടി.ആറിന്റെ ചൈതന്യ രഥയാത്രയുടെ വികൃതാനുകരണമായിരുന്നു അദ്വാനിയുടെ രഥയാത്ര.


പുരാണകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ച്‌ നടൻ രാമറാവു ഉണ്ടാക്കിയ പൊതുപ്രതിച്ഛായ ആന്ധ്രയിലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ മുതലെടുപ്പിന്‌ ഉപകരിച്ചു. അതുകണ്ട്‌ രാമക്ഷേത്രം പണിയാൻ തേരോടിച്ചിറങ്ങിയ അദ്വാനിക്ക്‌ ചരിത്രം നൽകിയത്‌ ഒരു കോമാളിത്തൊപ്പിയാണ്‌. അഴിമതിക്കെതിരെ വീണ്ടും രഥമിറക്കുമ്പോൾ മോഡിയെപ്പോലെ അധികാരഭ്രമം പൂണ്ട നേതാക്കൾ അദ്വാനിയുടെ മോഹത്തിൻ പാല്‌ തട്ടിത്തെറിപ്പിക്കുമെന്ന്‌ തോന്നുന്നു.