Thursday 13 October 2011

ഗുണശേഖരൻ ചേട്ടന്റെ കാര്യസാദ്ധ്യം


രാജനന്ദിനി

ഗുണശേഖരൻ ചേട്ടൻ എന്റെ അയൽക്കാരനായി വന്നിട്ട്‌ അധികകാലമൊന്നുമായില്ല. വീടിനുതാഴത്തെ പറമ്പിലെ രണ്ടുമുറിയും അടുക്കളയുമുള്ള കൊച്ചുവീട്ടിൽ രണ്ടായിരത്തി അഞ്ഞൂറുരൂപ വാടകക്കാരനായി വന്നതാണ്‌. വിറകുകൊള്ളിപോലെ കറുത്തുണങ്ങിയ ചേട്ടനും, ആലഭാരങ്ങൾ കൊണ്ട്‌ കരുവാളിച്ച മുഖമുള്ള സൗഭാഗ്യവതിചേച്ചിയും നാലുമക്കളുമാണ്‌ കുടുംബം. കുട്ടികളെല്ലാം കാലഘട്ടത്തിന്റെ സന്തതികളാണെന്നാണ്‌ ചേട്ടൻ പറയാറ്‌. ഒന്നാമൻ ഹണിമൂൺ കാലഘട്ടത്തിൽ പിറന്നവനായതുകൊണ്ടാണത്രെ സന്തോഷെന്ന്‌ പേരിട്ടത്‌. രണ്ടാമൻ സന്താപനുണ്ടായത്‌ നിനച്ചിരിക്കാത്ത നേരത്തായിരുന്നുപോലും. അതായത്‌ തുച്ഛശമ്പളക്കാരനായ ചേട്ടൻ നിത്യച്ചെലവിന്റെ രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാനുള്ള തന്ത്രപ്പാടിൽ തുടങ്ങിയ ഒരു ചെറിയ ബിസിനസ്സ്‌ പൊട്ടിപ്പാളീസായി.


വറചട്ടിയിൽ നിന്നും എരിതീയിലേയ്ക്ക്‌ വീണ ചേട്ടന്റെ മനോനില ഒന്നുവീണ്ടെടുക്കാനായി കുറച്ചുനാൾ ലീവെടുത്ത്‌ വീട്ടിലിരുന്നു. അതിന്റെ മെമ്മറിയാണ്‌ സന്താപൻ. മൂന്നാമനാകട്ടെ ഗുജറാത്ത്‌ ഭൂകമ്പത്തിന്റെ കരൾകീറിയെടുക്കുന്ന വേദനാദൃശ്യങ്ങൾ ടിവിയിലും പത്രങ്ങളിലും നിറഞ്ഞാർക്കുമ്പോൾ സൗഭാഗ്യവതിയ്ക്ക്‌ പേറ്റുനോവുതുടങ്ങി. ആദ്യത്തെ രണ്ടുപ്രസവവും കക്കൂസിൽ പോയി വരുന്നതുപോലെ നിർവഹിച്ച സൗഭാഗ്യവതിയാകട്ടെ ഈ മൂന്നാം നോവിൽ അലറിവിളിയ്ക്കുകയാണ്‌. ആശുപത്രിവരാന്തയിൽ മറ്റൊരു ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട്‌ ഡോക്ടർ പറഞ്ഞു ഓപ്പറേഷൻ ഉടൻ വേണം. സൗഭാഗ്യവതി മരിച്ചു എന്നു പറയുന്നതുപോലെയാണ്‌ ഗുണശേഖരൻ ചേട്ടനു തോന്നിയത്‌. ലേബർർറൂമിലേയ്ക്ക്‌ ഓടിക്കയറിയ ചേട്ടൻ എന്ത്‌ സമാശ്വാസ വാക്കാണ്‌ പറയേണ്ടതെന്നറിയാതെ കുഴങ്ങി. ഒടുവിൽ ഭാര്യയുടെ നെറുകയിൽ കൈവച്ചുകൊണ്ട്‌ ചേട്ടൻ രണ്ടു കൽപിച്ചങ്ങ്‌ പറഞ്ഞു. ഇനിയൊരു ജീവിതല്യാന്നു വിചാരിച്ച്‌ നീയങ്ങട്‌ പെറ്‌ പെണ്ണെ. അത്‌ പറഞ്ഞതും ചേട്ടൻ പുറത്തേയ്ക്ക്‌ ചാടി. പിന്നെ രണ്ടും രണ്ട്‌ തിരിയുന്നതുവരെ ഉള്ളിലൊരു അളക്കലും ചൊരിയലുമായിരുന്നത്രെ. കുഞ്ഞിന്‌ വിനാശൻ എന്നു പേരിട്ടതിന്‌ സൗഭാഗ്യം തല്ലിയില്ലെന്നേയുള്ളൂ.



 നാലാമത്തവൾ സുനാമി. അമ്മയെ വെട്ടുന്ന നാക്കാ. സുനാമിത്തിരകൾ കടലോരജീവിതങ്ങളെ അമ്മാനമാടുമ്പോൾ...അത്‌ ജനഹൃദയങ്ങളിൽ തീക്കാറ്റുപടർത്തുമ്പോൾ, സൗഭാഗ്യവതിയ്ക്ക്‌ പേറ്റുനോവ്‌ തുടങ്ങി. ആശുപത്രിയിലെത്തിയ്ക്കാൻ വാഹനം വല്ലതും കിട്ടണ്ടെ? എല്ലാവരും ടിവിയ്ക്കു മുന്നിൽ സുനാമിത്തിരകളിൽ ഒലിച്ചുപോകുന്ന ജീവിതങ്ങൾ കണ്ട്‌ ദുഃഖം പ്രകടിപ്പിയ്ക്കുകയാണ്‌. ഒടുവിൽ പൊക്കത്തെ വീട്ടിലെ സത്യവാന്റെ മകൻ സഹൃദയൻ മനസ്സില്ലാമനസ്സോടെയാണ്‌ ഓട്ടോയും കൊണ്ടുവന്നത്‌. ആശുപത്രിയിലേയ്ക്കുള്ള വഴിയിൽ നൂറുമീറ്റർ പോയില്ല. വലിയൊരു സുനാമിത്തിര എടുത്തെറിഞ്ഞതുപോലെ സൗഭാഗ്യവതിയുടെ കാലിനിടയിലൂടെ ചോരക്കുഞ്ഞ്‌ സീറ്റിലേയ്ക്ക്‌ തെറിച്ചു വീണു. ഏതെങ്കിലും ഒരത്യാഹിതം നാട്ടിലുണ്ടാവുമ്പോൾ സൗഭാഗ്യവതി പെറാൻ പോകും.


 നിങ്ങൾക്ക്‌ പോയി ആ അമ്പലത്തീന്ന്‌ ഊണ്‌ കഴിച്ചൂടെ മനുഷ്യാ...?
ഓരോന്നോർത്ത്‌ മുറ്റത്തുനിന്ന ചേട്ടന്റെ നേരെ ഭാര്യയുടെ ചോദ്യം.
അവർ അടുത്തുവന്ന്‌ മുഖത്തേയ്ക്കൊന്ന്‌ വക്രിച്ച്‌ നോക്കിക്കൊണ്ട്‌ വീണ്ടും.
പെൻഷനായപ്പൊ നുള്ളിപ്പെറുക്കിയൊപ്പിച്ച മൂന്നു സെന്റു വീടും ചിട്ടിക്കാരുകൊണ്ടുപോയി. മേലനങ്ങാതെ പണമുണ്ടാക്കാനല്ലേ മനുഷ്യാ നിങ്ങള്‌ ചിട്ടിതൊടങ്ങീതും പണം പലിശയ്ക്കു കൊടുത്തതും. എന്നിട്ട്‌ ഒടുവിലെന്തായി? പലിശപ്പണോം പോയി മുതലും പോയി ചിട്ടീം പൊളിഞ്ഞു. കെടപ്പാടം കരക്കാർക്ക്‌ വേണ്ടി തൊലച്ചു. ഇങ്ങനെ മെയിൽക്കുറ്റിപോലെ നിൽക്കാണ്ട്‌ എന്തേലും പണിചെയ്യാൻ നോക്ക്‌. പടക്കക്കമ്പനീലെ, എന്റെ നക്കാപ്പിച്ചകൊണ്ട്‌ നിങ്ങടെ നാലുമക്കൾക്കു വയറുനിറയ്ക്കാൻപോലും തെകയ്യോ?


 സൗഭാഗ്യവതിയുടെ വായിൽ നിന്ന്‌ പിന്നേയും പടക്കങ്ങൾ പൊട്ടുന്നതിനിടെ സപ്താഹയജ്ഞം നടക്കുന്ന ക്ഷേത്രത്തിൽ നിന്നും ദേവീഭക്തിഗാനം ഒഴുകിവന്ന്‌ പടക്കത്തിനുമേൽ ആധിപത്യം നേടി.
 ഗുണശേഖരൻ ചേട്ടൻ ഓർമ്മകളിലേയ്ക്ക്‌ താന്നിറങ്ങി. അഞ്ചുപെങ്ങന്മാരുടെ ആകെയുള്ള ആങ്ങളയായി ജനിച്ചതേ പിശകായി. കുഞ്ഞിക്കാവ്‌ അതായത്‌ തന്റെ അമ്മ പെറുന്നതെല്ലാം പെൺകുട്ടികൾ. ഒന്ന്‌ രണ്ട്‌ മൂന്ന്‌ അങ്ങനെ ഓരോ പ്രസവത്തിനും ഒരാൺതരിയെ കാത്തിരുന്ന്‌ അച്ഛൻ മടുത്തു. പിന്നെപ്പിന്നെ അമ്മയുടെ ഗർഭം അച്ഛനെ ശുണ്ഠിപിടിപ്പിയ്ക്കും.


പെണ്ണിനെ മാത്രം പെറാനറിയുന്ന നാശം എന്ന്‌ പിറുപിറുക്കും. എന്നാൽ പിന്നെ കുട്ടികളുണ്ടാവാത്ത സംവിധാനം ഉണ്ടാക്കികൂടെ എന്ന്‌ അയൽക്കാരനായ കൃഷ്ണൻകുട്ടി ആശാരി ചോദിച്ചതും അച്ഛൻ തട്ടിക്കയറി. മനുഷ്യന്റെ തായ്‌വേരു മുറിക്കണ ആ പരിഷ്കാരമൊന്നും നമുക്കു പറ്റില്ല. കുഞ്ഞിക്കാവ്‌ എന്നെങ്കിലും ആണിനെ പെറും, അഞ്ചു പെണ്ണും നാഴിയും ചിരട്ടയും പോലെ പുരനിറഞ്ഞു. ആറാമത്‌ കുഞ്ഞിക്കാവിന്റെ ഗർഭമറിഞ്ഞ്‌ അച്ഛൻ വിഷാദ രോഗിയായി. പലകാരണങ്ങളുണഅടായി അമ്മയോട്‌ തട്ടിക്കയറും തല്ലും.


ഒടുവിൽ സഹിക്കെട്ട്‌ അഞ്ചാമത്തവളെയും ഒക്കത്തെടുത്ത്‌ അമ്മ സ്വന്തം വീട്ടിലേയ്ക്ക്‌ പോന്നു. അച്ഛൻ തിരിഞ്ഞു നോക്കാൻ പോയില്ല. ഇത്തവണ കുഞ്ഞിക്കാവ്‌ പെറ്റത്‌ ആൺകുട്ടിയെയാണ്‌. അവന്റെ ഉണ്ണിപ്പൂവിലേയ്ക്ക്‌ നോക്കി കുഞ്ഞിക്കാവ്‌ നിർവൃതികൊണ്ടു. അഭിമാനിച്ചു. കുട്ടിയെ കാണാൻ അച്ഛൻ പാഞ്ഞെത്തി. അച്ഛന്റെ തറവാട്ടിലെ അന്തേവാസികൾ മുഴുവൻ പലപല സമ്മാനങ്ങളുമായെത്തി. അങ്ങനെ എല്ലാവരുടെയും വാത്സല്യം നുകർന്ന്‌ വളർന്ന തനിക്ക്‌ പെങ്ങന്മാരോടുള്ള കടമ വീട്ടണ്ടെ? അതുകൊണ്ടാണ്‌ അച്ഛൻ മരിച്ചതിൽ പിന്നെ കുടുംബഭാരങ്ങൾ ഏറ്റെടുത്ത്‌ എല്ലാപെങ്ങന്മാരെയും ഓരോരുത്തരെ ഏൽപിച്ച്‌ കഴിഞ്ഞതിനുശേഷം മതിവിവാഹം എന്നു തീരുമാനിച്ചതു. അഞ്ചാമത്തവളെയും ഇറക്കിവിട്ടപ്പോഴേയ്ക്കും കിടപ്പാടംപോലും പണയത്തിലായി.

. ആ കടം കൂടി ഒന്നൊതുങ്ങിയപ്പോ വയസ്സ്‌ നാൽപത്തിയഞ്ച്‌. ജാതകദോഷം കൊണ്ട്‌ കല്യാണം മുടങ്ങി നിന്ന സൗഭാഗ്യവതി ജീവിത സഖിയുമായി. നേരത്തെ കല്യാണം കഴിച്ചിരുന്നെങ്കിൽ ഈ വയസ്സുകാലത്ത്‌ കുട്ടികൾ ഒരു കരപറ്റിയിട്ടുണ്ടാകുമായിരുന്നു. ഇതിപ്പൊ... അവളെയും പറഞ്ഞിട്ടുകാര്യമില്ല. നാലുമക്കളെ പോറ്റണ്ടെ? സൗഭാഗ്യം അങ്ങനെയാണ്‌ പെട്ടെന്ന്‌ ചൂടാവും ഉടനെ തണുക്കുകയും ചെയ്യും.


അവൾ തിരികെ വന്ന്‌ ഓർമ്മിപ്പിച്ചു. അമ്പലത്തിലെ ഊണ്‌ തീരുന്നതിനുമുമ്പ്‌ ചെല്ല്‌, ഇനി 14 ദിവസം ഇവിടെ ഉച്ചയ്ക്ക്‌ ഒന്നും കാണില്ല്യ. "ഇന്നലത്തെ ഗോതമ്പുപായസമായിരുന്നു ഇന്നത്തെ അരിപ്പായസത്തേക്കാൾ സ്വാദ്‌. പിന്നേയ്‌, ആ കണ്ണാടിപ്പറമ്പിലെ ശാരദേടെ മകൾടെ ഗർഭം ട്യൂബിലായിരുന്നത്രെ. ഇന്നലെ ഓപ്പറേഷൻ നടത്തി ട്യൂബ്‌ മുറിച്ചു കളഞ്ഞുപോലും. ഇനി ഒരു ട്യൂബല്ലേ ഉള്ളൂ. സന്താനഭാഗ്യം ഉണ്ടാവ്വോ എന്തോ എന്നു പറഞ്ഞുള്ള ശാരദേടെ കരച്ചില്‌ കണ്ട്‌ എന്റെ കണ്ണും നെറഞ്ഞുപോയി. ദേ, ഇങ്ങോട്ട്‌ നോക്ക്‌ മനുഷേനെ, അവർ ഭർത്താവിനെ തോണ്ടി വിളിച്ചു. ആ അമ്പാട്ടെ സരോജിനീടെ മകനിപ്പൊ അമേരിക്ക്യേലാത്രെ! ഭർത്താവ്‌ കള്ളുകുടിച്ചും കഞ്ചാവു വലിച്ചും നശിപ്പിച്ചെങ്കിലും മകനെക്കൊണ്ട്‌ ആയമ്മ നന്നായി. എല്ലാരേയും ഒന്നിച്ചൊന്ന്‌ കാണാൻ കൂടി വേണ്ട്യാ ഞാനിന്ന്‌ പടക്കക്കമ്പനീല്‌ പോകാഞ്ഞത്‌. എത്ര നാളായി മനുഷേന്മാരുടെ മൊഖത്തു നോക്കി ഒന്നുമിണ്ടീട്ട്‌. അതെങ്ങനാ ശ്വാസം വിടാൻ നേരം കിട്ടീട്ടു വേണ്ടെ?



 അവർ അടുത്തുവന്ന്‌ ചേട്ടനെ കുറ്റപ്പെടുത്തും മട്ടിൽ പറഞ്ഞു. അതേയ്‌ ഇന്നത്തെ കാലത്തു ജീവിക്കണോങ്കി ഇത്തിരി തട്ടിപ്പും വെട്ടിപ്പും ഒക്കെ വേണ്ടിവരും. അല്ലെങ്കി ഇങ്ങനെ മൃങ്ങസ്യ മേലോട്ടുനോക്കി ഇരിക്കേണ്ടിവരും. അവർ തലവെട്ടിച്ചുകൊണ്ട്‌ തിരിഞ്ഞു നടന്നു.

ഹാവൂ...ഇനിയൊന്നു നടുനിവർത്തി ഒറങ്ങണം എത്രനേരായി കൂനിക്കൂടി ഒരേ ഇരുപ്പ്‌. ഈ സപ്താഹന്നൊക്കെ പറഞ്ഞ്‌ അവ്ടെ ഇരുന്ന്‌ ചൊല്ലിക്കൂട്ടണത്‌ ആർക്കെങ്കിലും മനസ്സിലാവണുണ്ടൊ ആവോ? ഇതിപ്പൊ കഥയറിയാണ്ടെ കേട്ടിരിയ്ക്ക്യണെ.


 അവർ അകത്തേയ്ക്ക്‌ കയറിപ്പോയി. സപ്താഹങ്ങൾ വീട്ടമ്മമാരുടെ സംഗമകേന്ദ്രങ്ങളാണ്‌. പരദൂഷണം പറഞ്ഞ്‌ ഉച്ചയാക്കാം. പിന്നെ ഊണ്‌ പായസം. ഇതെല്ലാം കഴിഞ്ഞാൽ ഏമ്പക്കോം വിട്ട്‌ പകുതിയിലധികം പേരും സ്ഥലം വിടും. ഇനി പോകാത്തവരോ, വയർ നിറഞ്ഞ സുഖത്തിൽ ഉറക്കം തൂങ്ങി. കണ്ണുകൾ വലിച്ചുതുറക്കാൻ പാടുപെട്ട്‌ ഒരിരിപ്പാണ്‌. സപ്താഹം എന്താണെന്നോ എന്തിനാണെന്നോപോലുമറിയാത്ത പാവങ്ങൾ.


 ഗുണശേഖരൻ ചേട്ടൻ ക്ഷേത്രത്തിലേക്ക്‌ വച്ചുപിടിച്ചു. ക്ഷേത്രത്തിൽ നിന്നും ഒഴുകിയെത്തിയ ദേവീഭക്തിഗാനം കേട്ടപ്പോൾ ചേട്ടന്‌ ബോധോദയം ഉണ്ടായി. ഊണു കഴിക്കുന്നതിനിടെ ചേട്ടൻ കൂട്ടിയും കിഴിച്ചും തലയാട്ടിയും കണ്ണുകൾ ചുരുട്ടിപ്പിടിച്ചും കാര്യങ്ങൾക്ക്‌ ഒരു നീക്കുപോക്കുണ്ടാക്കി. ഇതുതന്നെ ഐഡിയ! ഊണുകഴിഞ്ഞ്‌ ചേട്ടൻ നേരെപോയത്‌ സിഡിക്കടയിലേക്കാണ്‌. രണ്ടു മൂന്നുതരം ഭക്തിഗാന സിഡികൾ വാങ്ങി. തിരിച്ചു മറിച്ചും പ്ലേ ചെയ്ത്‌ കേട്ടു. പിന്നെ അവിടത്തെ വാക്ക്‌ ഇവിടെയും ഇവിടത്തെ വാക്ക്‌ അവിടെയുമൊക്കെ ആക്കി മാറ്റിയും മറിച്ചും ചേട്ടൻ രണ്ടുമൂന്നു പാടുകൾ റെഡിയാക്കി. തൊട്ടടുത്തുള്ള ദേവിയുടെ പേരിൽ തയ്യാറാക്കിയ, വള്ളിക്കുന്നു കാവിലമ്മയുടെ പ്രിന്റുള്ള ഒരു കലക്കൻ സിഡി. ആദ്യത്തെ രണ്ടുമൂന്നു പാട്ടുകളാണ്‌ ഈ വിധം മാറ്റിയത്‌.

മറ്റുള്ള പാടുകൾ ദേവിയുടെ പേരുമാത്രം വച്ച്‌ തയ്യാറാക്കിയതാണ്‌. ഇതിനുള്ള പണം കണ്ടെത്തിയത്‌ സുനാമിയുടെ മണിമാല വിറ്റിട്ടാണ്‌. സൗഭാഗ്യവതിയുടെ ആങ്ങളകൊടുത്ത അരപ്പവന്റെ മണിമാല മാത്രമാണ്‌ ആ വീട്ടിലെ സ്വർണ്ണത്തരി. എന്തു കഷ്ടപ്പാട്‌ വന്നിട്ടും സൗഭാഗ്യം അതിൽ കൈവച്ചില്ല. തറവാട്ടുവീട്‌ വിറ്റ്‌ പാലക്കാട്‌ സ്ഥലം വാങ്ങിയപ്പോൾ പെങ്ങൾക്ക്‌ കൊടുത്ത ഔദാര്യമാണ്‌ ആ മണിമാല. അന്ന്‌ മാലകിട്ടിയപ്പോൾ സുനാമി കുറച്ചൊന്നുമല്ല തുള്ളിച്ചാടിയത്‌. മാല നെഞ്ചിൽ കിടന്ന്‌ ആടാൻ വേണ്ടി അന്നവൾ നല്ലവണ്ണം കുണുങ്ങിക്കുണുങ്ങിയാണ്‌ നടന്നത്‌. പഠിക്കാൻ പോയപ്പോൾ ഊരി മേശയിൽ വച്ച മാലയാണ്‌ വിറ്റുതുലച്ചതു. ഭഗവതീ കാത്തുകൊള്ളണെ!


 പിന്നെ ചേട്ടൻ ഒട്ടും താമസിച്ചില്ല, കുളിച്ച്‌ കാവിധരിച്ചു. നെറ്റിയും ശരീരത്തും ഭസ്മം പൂശി. കണ്ണുകളിൽ കരുണ നിഴലിപ്പിച്ചു. ശബ്ദം താഴ്ത്തി സാവധാനം സ്ഫുടമായി സംസാരിച്ച്‌ റിഹേഴ്സൽ എടുത്തു. അമ്പലമുറ്റത്ത്‌ അത്‌ തയ്യാറാക്കുന്ന അവസരത്തിൽ ചേട്ടനുണ്ടായ ഗുണങ്ങളും കാര്യസാധ്യങ്ങളും ഭക്തിപുരസ്സരം വിളമ്പിക്കൊടുത്തു. ഭക്തരേ! അറച്ചു നിൽക്കാതെ വരുവിൻ! ദേവീപ്രസാദത്തിനായി ഈ സിഡികൾ വാങ്ങുവിൻ. ഇതിന്റെ യഥാർത്ഥവില 70 രൂപയാണ്‌. ദേവിയോടുള്ള വഴിപാടായി ഞാനിത്‌ 50 രൂപയ്ക്ക്‌ തരികയാണ്‌. ഈ ഭക്തിഗാനങ്ങൾ കേൾക്കുന്നതിലൂടെ എനിയ്ക്ക്‌ ഉണ്ടായതുപോലുള്ള കാര്യസാധ്യങ്ങൾ നിങ്ങൾക്കും ഉണ്ടാകുന്നതാണ്‌. സ്റ്റാർട്ടിങ്ങ്‌ പ്രോബ്ലമുള്ള മലയാളിക്ക്‌ മുന്നിലേക്ക്‌ ചേട്ടൻ കാശുകൊടുത്ത്‌ ഏർപ്പാടാക്കിയ ആളുകൾ സിഡിക്കുവേണ്ടി തിക്കിത്തിരക്കി. പിന്നെ ഒരു കൊയ്ത്തായിരുന്നു. പിറ്റേന്നും അതിന്റെ പിറ്റേന്നും അങ്ങനെ കച്ചവടം കസറി.



 തൃക്കുന്നത്തപ്പന്റെ സിഡിയായിരുന്നു അടുത്ത ഇനം. അതേ ഗാനങ്ങൾ തന്നെ പേരുമാത്രം തൃക്കുന്നത്തപ്പനായെന്നുമാത്രം. ഈ വിധം അമ്പലങ്ങൾ മാറിമാറി ചേട്ടനൊന്നു കൊഴുത്തു. മിനുങ്ങി. സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാലയും. പളുങ്കുകൊണ്ടുള്ള മറ്റൊരു മാലയും അതിന്റെ അറ്റത്തൊരു പുലിനഖലോക്കറ്റുമൊക്കെ തൂക്കിയിട്ട്‌ ചേട്ടന്റെ കെട്ടും മട്ടും മാറ്റി. സുനാമിയുടെ മണിമാലയ്ക്ക്‌ പകരം മാലയെത്ര വാങ്ങിയെന്ന്‌ ചേട്ടന്‌ കണക്കില്ല. സൗഭാഗ്യവതി പടക്കകമ്പനിയുടെ ഏഴയലത്തുപോലും വരില്ല. മീഡിയം പബ്ലിക്‌ സ്കൂളിൽ കാശ്‌ കൊടുത്ത്‌ അഡ്മിഷൻ വാങ്ങി. യൂണിഫോമിട്ട്‌ ടൈകെട്ടി ഷൂസിൽ  വലിഞ്ഞുകേറി കുട്ടികൾ ശ്വാസം മുട്ടി ഇറങ്ങിപ്പോകുന്നത്‌ ആയമ്മ അഭിമാനത്തോടെ നോക്കിനിന്നു. സ്കൂൾ ബസ്സിൽ ഇംഗ്ലീഷ്‌ പറയുന്ന കുട്ടികളെ നോക്കി അവർ പകച്ചിരുന്നു. കുട്ടികൾക്ക്‌ മികച്ച ട്യൂഷൻ ഏർപ്പാടാക്കി. മാഷ്ക്ക്‌ ഇരട്ടിഫീസുകൊടുത്തു. മാഷിന്റെ അടുത്തുനിന്നും. സൗഭാഗ്യവതി ഗോപ്യമായി ഇംഗ്ലീഷും പഠിച്ചു തുടങ്ങി. പടക്കക്കമ്പനിയിൽ പോയിരുന്ന കാലത്തെ സാരികൾ പഴയകാലങ്ങൾ ഓർക്കാൻ പ്രേരിപ്പിക്കുന്നതുകൊണ്ട്‌ അവയെല്ലാം ഒറ്റയടിയ്ക്ക്‌ കത്തിച്ചുകളഞ്ഞു.


 വീടും കാറും സൗകര്യങ്ങളുമൊക്കെയായി നാളുകൾ പിന്നിട്ടു. സുനാമി ചെറിയ ക്ലാസ്സിലായിരുന്നതുകൊണ്ട്‌ അവൾ ഇംഗ്ലീഷിൽ പിടിച്ചു കയറിത്തുടങ്ങി. സന്താപനും സന്തോഷവും എത്ര പിടിച്ചിട്ടും ഇംഗ്ലീഷ്‌ ഒച്ചുപോലെ വഴുക്കി. ഇഴഞ്ഞു. സൗഭാഗ്യവതി ഭർത്താവിനോട്‌ പരാതിപ്പെട്ടു. ഇങ്ങനെപോയാൽ നമ്മുടെ ആൺകുട്ടികൾ പത്തിൽ തോൽക്കും. പിന്നാമ്പുറത്തുകൂടി പണം കൊടുത്തിട്ടാണ്‌ കഴിഞ്ഞ വർഷവും ജയിപ്പിച്ചു വിട്ടത്‌.
അവരെ തിരിച്ച്‌ മലയാളം മീഡിയത്തിലാക്കിയാലോ? ചേട്ടൻ സംശയം ചോദിച്ചു.
സൗഭാഗ്യവതിയുടെ വായിൽ നിന്നും 'പഴയ' പടക്കങ്ങൾ പൊട്ടിത്തെറിച്ചു. കെട്ടും മട്ടും മാറിയെന്നേയുള്ളു.
നാക്ക്‌ പഴയ പടിതന്നെ
ചേട്ടൻ പിറുപിറുത്തു.


എന്നാലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. കാരണം ഒരു കമ്പ്യൂട്ടർ വാങ്ങിക്കൊടുത്ത്‌ ചേട്ടൻ ബുദ്ധികാണിച്ചു. കമ്പ്യൂട്ടർ പഠിപ്പിക്കാൻ വരുന്ന ചെറുപ്പക്കാരൻ ആ പാവം വീട്ടമ്മയെ എല്ലാം "ഭംഗി"യായി പഠിപ്പിച്ചുകൊണ്ടിരുന്നു. ചില സൈറ്റുകൾ കുട്ടികൾ കാണാതെ പൂട്ടിവയ്ക്കാനും ചെറുപ്പക്കാരൻ പഠിപ്പിച്ചു. അതോടെ സൗഭാഗ്യവതി ഭർത്താവിനെ ശല്യം ചെയ്യാറേയില്ല. ഓവറേജ്ഡ്‌ ചേട്ടന്‌ ദേവീഭക്തിഗാനം കേൾക്കാൻ ധാരാളം സമയം. പോരാത്തതിന്‌ ചില ചാനലുകളിൽ ചേട്ടൻ നക്ഷത്രങ്ങൾ വച്ച്‌ ഭാവികാര്യം പ്രവചിക്കുന്നുമുണ്ട്‌. "ആചാര്യ ഗുണശേഖരാനന്ദ" എന്നുവരെ പേരു മാറ്റിയത്‌ ചേട്ടനോടു പോലും ചോദിക്കാതെയാണ്‌. ആ പേര്‌ ചേട്ടനെ ആദ്യമൊന്നു ഞെട്ടിച്ചെങ്കിലും ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ ചേട്ടന്റെ നിയന്ത്രണം ചേട്ടന്റെ കയ്യിലല്ല. മതവിശ്വാസികളുടെ കയ്യിലാണ്‌. അവർ പലപദ്ധതികളും ചേട്ടനെവച്ച്‌ ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞു.



 ചിലപ്പോൾ ഒരു വെളിപാടുപോലെ സൗഭാഗ്യവതിചേച്ചി ആവലാതിയുമായി ചേട്ടന്റെ അടുത്തുചെല്ലും. കുട്ടികൾ ഒന്നിനൊന്ന്‌ മടിയന്മാരായി വരുന്നു. ഇല്ലായ്മക്കാലത്ത്‌ നന്നായി പഠിച്ചിരുന്ന കുട്ടികളാണ്‌. പക്ഷെ ചേട്ടൻ ആരാ മോൻ ഓടുന്ന മുയലിന്‌ ഒരു മുഴം മുമ്പെ എറിഞ്ഞു. പുതുതായി വാങ്ങിയ കെട്ടിടത്തിൽ വെള്ളപൂശാൻ വന്ന ജോലിക്കാരൻ മതിലിൽ പൊട്ടിമുളച്ച ഒരു പാലമരം പിഴുതെടുത്ത്‌  താഴെയിടുന്നതു കണ്ടപ്പോഴാണ്‌ ചേട്ടന്‌ വീണ്ടും ബോധോദയമുണ്ടായത്‌.


വേഗം ചെന്ന്‌ ആ ചെറിയ ചെടി കയ്യിലെടുത്തു. തലോടി, ഉമ്മ വച്ചു. പിന്നെ ആരും കാണാതെ പറമ്പിലെ തെക്കു കിഴക്ക്‌ മൂലയിൽ നട്ടു. വെള്ളമൊഴിച്ചു. ഉണക്ക തെങ്ങോലകൾ കയറിൽ കെട്ടിഞ്ഞാട്ടി ഒരു മറയുണ്ടാക്കി. ശുശ്രൂഷയിൽ വേഗം വേഗം വളരുന്ന പാലമരം നോക്കി ചേട്ടൻ തലയാട്ടും. കണക്കുകൾ കൂട്ടും. സൗഭാഗ്യവതിയുടെ പരാതിമൂത്തപ്പോൾ ചേട്ടൻ അതുവെളിപ്പെടുത്തി. സന്തോഷാണല്ലോ ഒട്ടും പഠിക്കാത്തത്‌. എങ്ങനെയെങ്കിലും അവനെ 10വരെ എത്തിയ്ക്കാം.
അതുകഴിഞ്ഞാൽ അവനൊരു ഒന്നാന്തരം തൊഴിലാകുമെടി. ചേട്ടൻ ഭാര്യയുടെ കാതിൽ പാലമരത്തെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകൾ നിരത്തി. കുട്ടികൾ വളരുന്നതോടൊപ്പം പാലമരവും വളരുന്നുണ്ട്‌. പെട്ടെന്നൊരു ദിവസം സ്വയംഭൂവായ പാലമരത്തെക്കുറിച്ച്‌ നമുക്ക്‌ കഥയുണ്ടാക്കണം.

.
ഭക്തരുടെ ഒഴുക്കിനു വേണ്ടി കാശുകൊടുത്ത്‌ ഏർപ്പാടാക്കിയ നമ്മുടെ ആളുകൾ വള്ളിക്കുന്നു കാവിൽ നിന്നും ദേവിയെ എഴുന്നെള്ളിച്ച്‌ പാലമരം ദർശിക്കുവാൻ കൊണ്ടുവരും. അമ്പലക്കാർക്ക്‌ ഇത്തിരി കാശുമുടക്കേണ്ടി വരും അതുസാരമില്ല. ആനയും അമ്പാരിയുമൊക്കെയായി താലപ്പൊലി കൊഴുക്കുമ്പോൾ പാവം ഭക്തജനങ്ങൾ പാലമരത്തിനു വലം വയ്ക്കും. ക്രമേണ പാലമരത്തിന്റെ തായ്ത്തടിയിൽ തെളിഞ്ഞു വന്ന (തെളിച്ച) പരമശിവന്റെ മൂന്നാം തൃക്കണ്ണും ശൂലവും മഹാവിഷ്ണുവിന്റെ ശംഖും ചക്രവും ഒക്കെ കാണാൻ ഭക്തർ ശാഷ്ടാംഗം കിടക്കും. പണം ഒഴുകി വരും. നമ്മുടെ സീമന്തപുത്രന്‌ ഇതിലും നല്ല ജോലി കിട്ടുമോടി. സർക്കാരുതരുന്ന തുച്ഛശമ്പളത്തിന്‌ സമയം കളയാതെ നല്ലവണ്ണം തിന്നും കുടിച്ചും പണം വാരിയെറിഞ്ഞു ജീവിക്കാമെടീ...
 സൗഭാഗ്യവതി ഭർത്താവിനെ വട്ടംകെട്ടിപ്പിടിച്ചു. നിങ്ങളെ സമ്മതിക്കണം. ആദ്യമായി സൗഭാഗ്യം ഭർത്താവിന്റെ ബുദ്ധിയെ വാഴ്ത്തി.


 ഗുണശേഖരൻ ചേട്ടൻ ഇപ്പോൾ ഒരു പുതിയ ഐഡിയ വിജയിപ്പിച്ച സന്തോഷത്തിലാണ്‌.
 രോഗശാന്തിയ്ക്കുള്ള മന്ത്രച്ചരട്‌. വശീകരണയന്ത്രം, കാര്യസാദ്ധ്യത്തിനുള്ള ഏലസ്സ്‌. ഉദ്ധാരണശേഷി കൂട്ടാനുള്ള മാന്ത്രികത്തകിട്‌, ഇത്യാദികൾ ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺനമ്പർ വച്ച്‌ പത്രപ്പരസ്യം ഇടയ്ക്കിടെ വച്ചുകാച്ചും. ഫോൺ അറ്റൻഡു ചെയ്യാൻ ഒരു പെൺകുട്ടിയെ വച്ചിട്ടുമുണ്ട്‌. ചില കസ്റ്റമേഴ്സ്‌ പെൺകുട്ടിയോട്‌ വശീകരണത്തെക്കുറിച്ചുമൊക്കെ ഉദ്ധാരണത്തെക്കുറിച്ചുമൊക്കെ സംശയങ്ങൾ ചോദിക്കും. ഏതുസംശയത്തിനും ഉത്തരം കൊടുക്കണമെന്നാണ്‌ "ആചാര്യ" ചേട്ടൻ കൽപിച്ചിരിക്കുന്നത്‌. അതിന്‌ വേറെ അലവൻസുണ്ട്‌.
 തൊട്ടപ്പുറത്തുള്ള ഡോക്ടറുടെ വീട്ടിലെ രോഗികളുടെ ക്യൂവിനേക്കാൾ എത്രയോ നീളം കൂടിയ ക്യൂവാണ്‌. 'ആചാര്യ ഗുണശേഖരാനന്ദൻ ചേട്ടന്റെ വീട്ടിലെ ക്യൂ... പല നാട്ടിൽ നിന്നും വയോവൃദ്ധന്മാർവരെ തപ്പിപ്പിടിച്ചു വരുന്നുണ്ട്‌. ഉദ്ധാരണശേഷി വീണ്ടെടുക്കാൻ. ക്യൂവിൽ നിൽക്കുന്ന ചിലർ പരുങ്ങലോടെ നോക്കുന്നത്‌ പരിചയക്കാരാരെങ്കിലുമുണ്ടോ എന്നാണ്‌.


 സുഹൃത്തുക്കളെ വരുവിൻ! നിങ്ങളുടെ ഏതുകാര്യവും സാധിച്ചെടുക്കാൻ വെറും ആയിരം രൂപ മുടക്കുവിൻ! രോഗശമനത്തിന്‌, നല്ല ജോലി കിട്ടാൻ, പി.എസ്‌.സി പരീക്ഷ ജയിക്കാൻ. ലോട്ടറിയടിക്കാൻ, അമ്മായിയമ്മയുടെ ശല്യമൊഴിക്കാൻ. അങ്ങനെ നീളുന്നു കാര്യസാദ്ധ്യങ്ങളുടെ ക്യൂ...