Friday 14 October 2011

പശുപാലൻ



ആർ.എസ്‌ .പണിക്കർ
മറ്റുള്ളവരെ ആകർഷിക്കാൻ തക്ക ആകാരവടിവോ സൗന്ദര്യമോ ഇല്ലാതിരുന്ന പശുപാലന്‌ ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ വധുവായിക്കിട്ടിയതിൽ നാട്ടുകാരോടൊപ്പം വീട്ടുകാരും അത്ഭുതം കൂറിയിരുന്നു. ആദ്യദിവസം രാത്രിയിൽ അയാളോട്‌ അധികമൊന്നും ചേർന്ന്‌ കിടക്കാതെതന്നെ അവളുടെ ജീവിതവ്യഥകൾ പശുപാലനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു: "നിന്റെ  ഇന്നലെവരെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും  എനിക്ക്‌ അറിയേണ്ടതില്ല,  ആറുപശുക്കളും അതിന്റെ കന്നുകളും കൂടി ഏതാണ്ട്‌ പതിന്നാലെണ്ണം ഇപ്പോൾ ഇവിടെയുണ്ട്‌. അതിൽ നിന്നുള്ള വരുമാനമാണ്‌ നമ്മുടെ ജീവിതമാർഗ്ഗം. പിന്നെ കുറച്ചു കൃഷിയും.  വിവാഹം കഴിക്കുന്നതിൽ എനിക്ക്‌ വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. തോട്ടത്തിലെ പയറും പാവലും പടവലോം വിളഞ്ഞുകിടക്കുന്നതു കാണുമ്പോഴുള്ള സന്തോഷം മറ്റൊന്നിലും ഉണ്ടാവില്ലെന്നാണ്‌ എന്റെ വിശ്വാസം.
ഏകനായി ഇങ്ങനെ കഴിഞ്ഞുപോകുന്നത്‌ കല്ലുതൂക്കാത്ത പടവലം പോലെ ചുരുണ്ടുപോകുമെന്ന്‌ അമ്മ പറഞ്ഞതുകൊണ്ടാണ്‌ ഈ സാഹസത്തിന്‌ ഞാൻ ഇറങ്ങിപ്പുറപ്പെട്ടത്‌. എനിക്ക്‌ രാവിലെ എഴുന്നേറ്റ്‌ പശുവിനെ കറക്കണം, പാൽ കൊണ്ടുപോയി പീടികയിൽ കൊടുക്കണം, ചാണകം വാരണം. തൊഴുത്ത്‌ കഴുകണം. അവയ്ക്ക്‌ ആവശ്യമായ തീറ്റ കൊടുക്കണം, ഇതിലൊന്നും ഒരു ഭംഗവും വരാൻ പാടില്ലെന്നുള്ളതാണ്‌ എന്റെ മതം. ഇത്തരം കാര്യങ്ങളിലൊന്നും നിനക്ക്‌ താൽപര്യമുണ്ടാകാൻ ഇടയില്ല. നിന്നോട്‌ ഞാൻ ഒന്നും ആവശ്യപ്പെടുന്നുമില്ല. അമ്മയ്ക്ക്‌ സുഖമില്ലാത്തതുകൊണ്ട്‌ നിന്റെ സഹായം ഉണ്ടാവണം." ഇത്രയും പറയുന്നതിനിടയിൽ തന്നെ പശുപാലൻ പലതവണ കോട്ടുവായിട്ടു. അവളെല്ലാം ശ്രദ്ധിച്ചു കേട്ടതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അയാൾ സാധാരണപോലെ മലർന്നുകിടന്ന്‌ സ്വച്ഛന്ദമായ ഉറക്കത്തിലേക്ക്‌ പ്രവേശിച്ചു. അവൾ കുറച്ചുസമയം അയാളുടെ കിടപ്പിനെത്തന്നെ നോക്കിക്കിടന്നു. അവൾക്ക്‌ എന്തുകൊണ്ടോ അന്ന്‌ ഉറങ്ങാൻ കഴിഞ്ഞില്ല.


 പശുപാലൻ രാവിലെ എഴുന്നേറ്റ്‌ അയാളുടെ പതിവ്‌ തൊഴിലുകളിൽ ഏർപ്പെട്ടു. അവൾ അൽപം താമസിച്ചാണ്‌ എഴുന്നേറ്റതെങ്കിലും അയാളെ സഹായിക്കാനായി തൊഴുത്തിലേയ്ക്ക്‌ ചെന്നു. പശുപാലൻ പറഞ്ഞു: "നിന്നെ ഈ വിധത്തിലൊന്നും കഷ്ടപ്പെടുത്താൻ എനിക്ക്‌ താൽപര്യമില്ല, നീ സുന്ദരിയായിത്തന്നെ എപ്പോഴും ഇരിക്കണം,സൗന്ദര്യം കെടുത്തുന്ന ഒരു കാര്യവും വേണ്ട. എനിക്കാണെങ്കിൽ സൗന്ദര്യമോ പഠിപ്പോ ഇല്ല.  എന്നെക്കണ്ട്‌ ഇഷ്ടപ്പെട്ടിട്ട്‌ ആരും വിവാഹത്തിന്‌ മുതിരുകയില്ല. നീ ഇതിന്‌ സമ്മതിച്ചതിന്റെ കാര്യമൊക്കെ ഞാൻ നേരത്തെതന്നെ അറിഞ്ഞിരുന്നു. ആരേയും വിശ്വസിക്കരുത്‌."


 അന്നു വൈകുന്നേരം പതിവില്ലാതെ പശുപാലൻ ഭാര്യയ്ക്കുവേണ്ടി വാങ്ങിയ വാസനസ്സോപ്പ്‌ തേച്ചുകുളിച്ച്‌ ഉൽസാഹപൂർവ്വം പെരുമാറിയെങ്കിലും ഉറക്കത്തിന്റെ കാര്യത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. പുരുഷന്റെ ചൂരും ചുണയും അവൾ ഇതിനുമുമ്പുതന്നെ അറിഞ്ഞിട്ടുള്ളതാണ.​‍്‌ പക്ഷേ പശുപാലൻ ഈ വിധത്തിൽ അവളോട്‌ പെരുമാറിയതിൽ അൽപം മനസ്താപം തോന്നിയെങ്കിലും അയാളോട്‌ അത്‌ പ്രകടിപ്പിക്കാനുള്ള ശ്രമമൊന്നും അവളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.


 അടുത്തദിവസം രാവിലെ അവൾ അയാൾക്കൊപ്പം തൊഴുത്തിലേയ്ക്ക്‌ ചെന്നപ്പോൾ പശുപാലൻ പറഞ്ഞു: "പശുവിന്‌ സംസാരിക്കാൻ അറിയില്ലെങ്കിലും അവരുടെ ഭാഷ എനിക്ക്‌ മനസ്സിലാകും. അതുപോലെ എന്റെ ഭാഷയും. ഇടപഴകിക്കഴിയുമ്പോൾ മാത്രമേ പരസ്പരം മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ." അന്ന്‌ അവൾ അധികമൊന്നും കേൾക്കാൻ നിൽക്കാതെ അടുക്കളയിലേയ്ക്ക്‌ ചെന്ന്‌ അയാൾക്ക്‌ ഇഷ്ടപ്പെട്ട പലഹാരവും ചായയും ഉണ്ടാക്കിവച്ചു. ജോലികഴിഞ്ഞ്‌ വന്നപ്പോൾ അവൾ അയാൾക്ക്‌ വിളമ്പിക്കൊടുത്ത്‌ വയറുനിറയെ തീറ്റിച്ചു. അന്നുമുതൽ അയാളുടെ ആഹാര കാര്യത്തിൽ അവൾ ശ്രദ്ധാലുവായി. അയാൾക്ക്‌ ഇഷ്ടമുള്ള കറികൾവച്ച്‌ അവൾ അയാളെ സന്തോഷിപ്പിച്ചു. ഊണുകഴിക്കുന്നതിനിടയിൽ പശുപാലൻ പറഞ്ഞു: "നിന്റെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്‌. എന്റെ അമ്മ പോലും ഇത്രയും നല്ല കറികൾവച്ചുതന്നിട്ടില്ല.... മിടുക്കി." അയാൾ ആവേശപൂർവ്വം അവളെ പ്രോത്സാഹിപ്പിച്ചു. അവൾ കുണുങ്ങിച്ചിരിച്ചുകൊണ്ട്‌ അടുക്കളയിലേയ്ക്കുപോയി. പോകുന്നവഴിക്ക്‌ അയാളുടെ  കറുത്തുകുറുകിയ അടിവയറ്റിൽ തന്റെ മനോഹരമായ കൈത്തടം കൊണ്ട്‌ മറുപടിയെന്നോണം ഒന്നുതടവിക്കൊടുത്തു. അയാൾ തീർത്തും സംതൃപ്തനായിരുന്നു.


 അന്നുവൈകുന്നേരം പശുപാലൻ പശുക്കളെയെല്ലാം തൊഴുത്തിൽ കെട്ടി അവയ്ക്ക്‌ തീറ്റയും വെള്ളവും കൊടുത്ത്‌ ഓരോന്നിനെയും സൂക്ഷ്മനിരീക്ഷണം നടത്തി. ആർക്കും ഒരു കുഴപ്പവുമില്ലെന്ന്‌ ബോധ്യപ്പെടുത്തിയതിനുശേഷമായിരുന്നു അയാൾ വീട്ടിലേയ്ക്ക്‌ കയറിയത്‌.  അന്നു പതിവുപോലെ വിവാഹത്തിനുശേഷം മാത്രം ശീലിച്ച തേച്ചുകുളി പൂർത്തിയാക്കി, പശുപാലൻ ഭാര്യയോടൊപ്പം ആഹാരം കഴിച്ച്‌ ഉറങ്ങാൻ കിടന്നു. അന്നും അയാൾക്ക്‌ അവളോട്‌ എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ പതിവിന്‌ വിപരീദമായി തുടങ്ങിവച്ചതു അവളായിരുന്നു. "എനിക്ക്‌ ചേട്ടനെ അങ്ങേയറ്റം ഇഷ്ടമാണ്‌.  ചേട്ടന്റെ ഈ അസൗന്ദര്യം അദ്ധ്വാനം കൊണ്ടുണ്ടായതാണ്‌. ചേട്ടൻ നല്ല ആരോഗ്യത്തോടെ ഇരിക്കണം. ആദ്യരാത്രിയിൽ ചേട്ടൻ വന്നു കയറിയപ്പോൾ തോന്നിയ ചാണകത്തിന്റെയും വിയർപ്പിന്റെയും നാറ്റം എനിക്കിഷ്ടമാണ്‌......." അവൾ പറഞ്ഞുതുടങ്ങിയപ്പോൾ തന്നെ തൊഴുത്തിൽ നിന്നും ഒരു പശു അമറാൻ തുടങ്ങിയിരുന്നു.  ഒന്നുരണ്ടുപ്രാവശ്യം അവൾ അതിനെ അവഗണിച്ചുവേങ്കിലും മ്പാ....മ്പാ... എന്നുള്ള നിലവിളി ഉച്ചസ്ഥായിയിലായപ്പോൾ ഉറക്കത്തിലേയ്ക്ക്‌ ആണ്ടുപോയ പശുപാലനെ അവൾ വിളിച്ചുണർത്തി. പുറത്ത്‌ നല്ല നിലാവുണ്ടായിരുന്നുവേങ്കിലും അവൾ ഒരു നിലവിളക്ക്‌ കത്തിച്ചുപിടിച്ച്‌ പശുപാലനോടൊപ്പം തൊഴുത്തിലേയ്ക്ക്‌ ചെന്നു.  അയാൾ വിളറിപിടിച്ചുനിൽക്കുന്ന പശുവിന്റെ അടുക്കലേയ്ക്ക്ചെന്ന്‌  പിൻഭാഗത്ത്‌ പരിശോധന നടത്തിയിട്ടുപറഞ്ഞു "പേടിക്കാനൊന്നുമില്ല നാളെ രാവിലെത്തന്നെ ഇതിനെ കാളയ്ക്കുകെട്ടണം"


 തിരിച്ചുവരുമ്പോൾ അവൾ ചോദിച്ചു: "പശുക്കളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്ക്‌ സാധിക്കും. പക്ഷേ മനുഷ്യരുടെ പ്രശ്നങ്ങളെക്കുറിച്ച്‌ ഒരിക്കലെങ്കിലും ഒന്നു ചിന്തിച്ചിട്ടുണ്ടോ?"
 ജീവിതത്തിലാദ്യമായിട്ടാണ്‌ പശുപാലന്‌ കുറ്റബോധം തോന്നിയത്‌. അയാൾ ഒരു ചെറുപുഞ്ചരിയോടുകൂടി അവളെ കോരിയെടുത്ത്‌ വീടിനകത്തേയ്ക്ക്‌ കയറിപ്പോയി. പിറ്റേന്നു രാവിലെ പശുപാലൻ ഉണരുന്നതിനുമുമ്പുതന്നെ തൊഴുത്തിലെ ജോലികൾ പലതും അവൾ ഉത്സാഹപൂർവ്വം പൂർത്തിയാക്കിയിരുന്നു.