Friday 14 October 2011

സ്വന്തം പ്രണയങ്ങൾ നിലനിർത്തിക്കൊണ്ടു നമുക്ക്‌ ഹസാരെയേയും പ്രണയിക്കാനാകും


ടിയെൻ ജോയ്‌
രാംലീല ഗ്രൗണ്ടിൽ കമൽവർമ്മ എന്ന ചെറുപ്പക്കാരനായ 31കാരൻ അവിടെ കൂടിയിരുന്നവർക്ക്‌ ചപ്പാത്തിയും മറ്റും വിതരണം ചെയ്തു. പത്രക്കാരും മറ്റും ചോദിച്ചപ്പോൾ അയാൾ പറഞ്ഞു എന്റെ മകന്‌ അഡ്മിഷനുവേണ്ടി ചെന്നപ്പോൾ അവർ ഒരു ലക്ഷംരൂപ എന്നോടു ചോദിച്ചു. രാംലീല ഗ്രൗണ്ടിൽനടന്ന ഒരു സംഭവത്തിന്റെ വിവരണം ഈ വേളയിൽ നടത്തുന്നതിനുവേണ്ടിയല്ല ഞാനിതു സൂചിപ്പിച്ചതു. എന്തുകൊണ്ടാണ്‌ ഈ വയസ്സുചെന്ന ; വയസ്സുചെന്നെങ്കിലും ഇന്നലെ ജയിലിൽനിന്നും വന്നയുടനെസ്റ്റേജിലേക്ക്‌ ഓടിക്കയറിയ രംഗം ഇന്നു ദേശാഭിമാനിയിൽ റിപ്പോർട്ടുണ്ട്‌.

ടൈംസ്‌ നൗ ഇത്‌ തുടർച്ചയായി കാണിക്കുന്നുണ്ട്‌. മലയാളികളുടെ എല്ലാറ്റിനെയും കളിയാക്കുന്ന ഒരു സംസ്കാര വിശേഷമുണ്ടല്ലോ; അവനവൻ ഒന്നും ചെയ്യുന്നില്ലെങ്കിലും ചെയ്യുന്നവരെ കളിയാക്കുന്നതിനുള്ള ഉൾപ്രേരണയുണ്ടല്ലോ, അതിനെതിരെ ഈ വയസ്സൻ എന്തുചെയ്തു എന്നാണ്‌ പറയുന്നത്‌. "ഓടിക്കയറി" എന്നാണ്‌ പറയുന്നത്‌. ഇതിനെഒരളവുവരെ വാഴ്ത്തുകയാണ്‌ പുരോഗമനകലാസാഹിത്യ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും നേതാക്കൾ ചെയ്തത്‌. സീതാറാം യച്ചൂരിയുടെ പ്രസ്താവനഞ്ഞാൻ ഓർമ്മിപ്പിക്കട്ടെ "ഇതിന്റെ പിന്നിൽ ബാഹ്യശക്തികളാണെന്നു പറയുന്ന കോൺഗ്രസ്സ്‌ ഗവണ്‍മന്റ്‌ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു"

ഞാൻ എന്റെ പ്രസംഗം അധികം ദീർഘിപ്പിക്കുന്നില്ല. അവസാനഭാഗത്ത്‌ ഈവാക്കിനെകുറിച്ചു പറയാനുണ്ട്‌; അടിയന്തരാവസ്ഥയെ കുറിച്ച്‌...ഞാൻ നേരത്തെ പറഞ്ഞതാണ്‌, സാധാരണ മനുഷ്യന്റെ സാധാരണ വികാരങ്ങളെതൊട്ട്‌ അഴിമതിക്കെതിരേയും കോൺഗ്രസ്സിനെതിരെയും ആര്‌ സമരം ചെയ്താലും ജനങ്ങൾ അപ്പോൾ അതിനെപിന്തുണക്കുന്ന അവസ്ഥയാണ്‌ ദേശവ്യാപകമായി ഉള്ളത്‌. വ്യക്തിപരമായി നല്ല ആളുകളൊക്കെ ആയിരിക്കും അതിന്റെ ഉള്ളിലൊക്കെ എങ്കിലും ഞാൻ ഒന്ന്‌ മറക്കുന്നില്ല.

എവിടെയാണ്‌ മലയാളി അവന്റെ വികാരങ്ങളെ ആത്മാർത്ഥമായ വികാരങ്ങളെ ഒളിപ്പിച്ചു വയ്ക്കുന്നത്‌. അവന്റെ രാഷ്ട്രീയ പ്രതികരണങ്ങളെ എങ്ങിനെയാണ്‌ ഭരണാധികാരികൾ ഹൈജാക്ക്‌ ചെയ്യുന്നത്‌; മോഷ്ടിക്കുന്നത്‌. മനസ്സ്‌ അഴിമതിക്കെതിരായിരിക്കുമ്പോഴും വോട്ട്‌ അപ്പുറത്തായിരിക്കുന്നത്‌? ഈ ഒരു കാര്യം ഈ ഐക്യദാർഢ്യപ്രഖ്യാപനവേളയിൽ എന്റെ നാട്ടുകാർ എന്നെ അറിയാവുന്നവർ എങ്കിലും ഓർക്കണമെന്ന്‌ ഞാൻ അഭ്യർത്ഥിക്കുന്നു. അതായത്‌ നിങ്ങളുടെ മനസ്സ്‌ ആരുടെകൂടെയാണോ അവർക്ക്‌ തന്നെ വോട്ടുചെയ്താൽ മതി. ഇവിടെ സ്വാഗതം ആശംസിച്ച വിജയൻമാഷുടെ മകൻ മനോജ്‌ സൂചിപ്പിച്ചതു നല്ല കാര്യമാണ്‌. അൽപം അഭിപ്രായവ്യത്യാസമുള്ളവരെക്കൂടി ഈ കൂട്ടായ്മയിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. പക്ഷേ, ഞാൻ ഏതായാലും അഭിപ്രായവ്യത്യാസമുള്ളവരുടെ കൂട്ടത്തിലല്ല. ഇക്കാര്യത്തിലെങ്കിലും ഞാൻ കലാസാഹിത്യസംഘവുമായി പൂർണ്ണമായും യോജിപ്പിലാണ്‌.

നിങ്ങൾക്കെല്ലാം അറിയാം, ഇടതുപക്ഷം ഭരിക്കുമ്പോൾ തരംകിട്ടുമ്പോഴെല്ലാം കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന ആളുകളാരും ഈ പാവം വയസ്സന്റെ ദൈന്യതയോട്‌ പ്രതികരിക്കാൻ വന്നില്ല. ജയിലിൽ കിടക്കുന്ന ഒരാളോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൊടുങ്ങല്ലൂർക്കാർ തയ്യാറാവാത്ത അവസ്ഥ 'ഒരു കമ്മ്യൂണിസ്റ്റുപാർട്ടിതന്നെ അതിനുവേണ്ടിവന്നു'. ആലോചിക്കണം. അബ്ദുറഹ്മാൻ സാഹിബിന്റെ നാടാണിത്‌. എന്റെ ചെറുപ്പത്തിൽ എന്റെ ഹീറോ കമ്മ്യൂണിസ്റ്റുകാർ പോലുമായിരുന്നില്ല. എന്റെ വടക്കേവീട്ടിൽ താമസിച്ച കെ.സി.കുഞ്ഞുമുഹമ്മദിന്റെ ജ്യേഷ്ഠൻ അബ്ദുറഹ്മാൻ സാഹിബ്‌ ആയിരുന്നു.

ജയിലുകൾ പുത്തരിയല്ലാത്ത, ജയിലുകളെ ആവശ്യത്തിലേറെ ഭയക്കാതിരുന്ന കുറേ ആളുകളുടെ പാരമ്പര്യത്തിന്റെ തുടർച്ചയാണ്‌ ഹസാരെയിൽ കണ്ടത്‌. വയസ്സുകാലത്ത്‌ ഒരു മടിയുമില്ല ജയിലിൽപോകാൻ. ജയിലിൽനിന്നു വിട്ടാലും പോകില്ല അദ്ദേഹം. ഇതെല്ലാം സൃഷ്ടിച്ച ചലനങ്ങൾ ഉണ്ടല്ലോ. ആ ചലനങ്ങൾ ഒപ്പിയെടുത്ത കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോട്‌ ഈ ഘട്ടത്തിൽ പൂർണ്ണമായ ഐക്യമുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങൾ മറ്റ്‌ ആരെങ്കിലും പറയുംഎന്ന പ്രതീക്ഷയിലാണ്‌ ഞാൻ നിൽക്കുന്നത്‌.

ഒരുകാര്യംകൂടി പറയട്ടെ. നിലവിലുള്ള നമ്മുടെ ഒരു മുദ്രാവാക്യവും ഉപേക്ഷിക്കാതെതന്നെ അണ്ണാഹസാരെയുടെ ലക്ഷ്യത്തോട്‌ നമുക്ക്‌ ഐഡന്റിഫൈ ചെയ്യാൻ കഴിയില്ലേ? ഉമ്മൻചാണ്ടി രാജിവെക്കുക എന്ന ഇടതുപക്ഷത്തിന്റെ മുദ്രാവാക്യത്തിൽ അൽപംപോലും മായം ചേർക്കാതെതന്നെ അണ്ണാഹസാരെയെ പൈന്തുണക്കാൻ കഴിയും. ഇതു രണ്ടും പരസ്പര വിരുദ്ധമല്ല എന്ന്‌ ഞാൻ ഓർമ്മിപ്പിക്കുകയാണ്‌. ഇതിനു കാരണം നമ്മൾ മലയാളികളുടെ ഒരു ശീലമുണ്ട്‌. എല്ലാ കാര്യങ്ങളും നീട്ടിവെയ്ക്കാനാണ്‌ നമുക്ക്‌ ഇഷ്ടം. ഇതു നീട്ടിവെയ്ക്കാൻ പറ്റുന്ന കാര്യമല്ല. നമ്മളല്ല ചിത്രം വരച്ചതു. ചിദംബരമാണ്‌ ചിത്രംവരച്ചതു. ജയിലിലടച്ചതു ചിദംബരമാണ്‌. അപ്പോൾ ഇന്ന തിയ്യതിയിലെ തീരുമാനം എടുക്കാൻ കഴിയൂ എന്നു പറയാൻ കഴിയില്ല. ഹസാരെയെ ഇന്ന തിയ്യതിയിലെ ജയിലിലടക്കാവൂ എന്നു പറയാൻ നമുക്കാവില്ല.


നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള ഭരണാധികാരികളുടെ ക്രൂരതകൾ ഒരു കഥയായിതുടരുന്ന രാജ്യത്ത്‌ ഇതുകൂടി ഞാൻ സഖാക്കളെ, സുഹൃത്തുക്കളെ, ഓർമ്മിപ്പിക്കുകയാണ്‌. നമ്മുടെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഭാഗമായി പലതിൽ ഒന്നെന്നുള്ള പ്രാധാന്യമല്ല ഇതിനുള്ളത്‌. അതുകൊണ്ടാണ്‌ ബിജെപി നടത്തുന്ന ഭാരതബന്ദിനോട്‌ നിങ്ങൾ സഹകരിക്കുമോ എന്ന ചോദ്യത്തിന്‌ പ്രകാശ്‌ കാരാട്ട്‌ മറുപടി പറഞ്ഞത്‌.  "അവരത്ത്‌ നടത്തട്ടെ"യെന്ന്‌. സാധാരണ ഗതിയിൽ ഇങ്ങിനെപറയാൻ പറ്റുമോ? ഇവിടെ ന്യായമായ കാരണങ്ങളാൽ ബിജെപിയെ എന്നും എതിർത്ത്‌ പോന്നിട്ടേയുള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അവരോട്‌ യോജിക്കാൻ പറ്റും!
ഈ കാലം വളരെ ആസുരമായ കാലമാണ്‌. അതായത്‌ എല്ലാവരും അവരവരുടെ പാട്ടുകൾ പാടുകയും, അവരവരുടെ ചിത്രങ്ങൾ വരക്കുകയും അവരവരുടെ പ്രണയങ്ങൾ പ്രണയിക്കുകയും ചെയ്യുന്ന കാലം. അവിടെ സാമൂഹ്യമായ ഒന്നിനും പ്രസക്തി വേണമെന്നില്ല. എങ്കിലും നിങ്ങൾ എടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ നിലനിർത്തിക്കൊണ്ടുതന്നെ അതായത്‌ നിങ്ങളുടെ പ്രണയങ്ങൾ പ്രണയിച്ചുകൊണ്ടുതന്നെ നിങ്ങൾക്ക്‌ ഹസാരെയുടെ ഇമൗലെനെ പ്രണയിക്കാനാകൂം.


അത്‌ തെളിയിക്കുന്നതിനുള്ള ബാദ്ധ്യത ഇനിയുള്ള ദിവസങ്ങളിലാണ്‌. ഏതെങ്കിലും സമരമുഖങ്ങളിൽനിന്നുകൊണ്ട്‌ പ്രഖ്യാപിക്കുന്ന ഐക്യമായിരിക്കും ഈ എഴുപതുവയസ്സുകാരൻ സൃഷ്ടിച്ച്‌ തുറന്നുവിട്ട ഭൂതത്തിന്‌ എന്തുചെയ്യാൻ കഴിയുമെന്ന്‌ നിർണ്ണയിക്കുക. ഈ ഭൂതത്തെ നമ്മൾതന്നെ നയിക്കും. നമ്മൾതന്നെ അതിന്റെ വിളവുകൊയ്യും, എന്നൊന്നും പറയാനാവില്ല.
അഴിമതിക്കെതിരായ സുസ്ഥിര നിലപാടുകളുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്‌ ഇടതുപക്ഷം. ഇത്‌ സ്വാഗതഗാനംപോലെ ഇടയ്ക്കിടയ്ക്ക്‌ പറഞ്ഞതുകൊണ്ട്‌ കാര്യമില്ല. ചെങ്കോട്ടയിൽ ചെങ്കൊടി പാറുന്നതിനു മുമ്പുതന്നെ ചില പ്രശ്നങ്ങളിൽ ഇടപെടേണ്ടിവരും. പ്രകാശ്‌ കാരാട്ട്‌ രണ്ടുകൊല്ലമുമ്പ്‌ ദളിതരുടെ പ്രശ്നത്തിൽ തമിഴ്‌നാട്ടിൽ പോയിട്ട്‌ (മതിലിന്റെ കാര്യത്തിൽ) ഇടപെട്ടു. പണ്ടാണെങ്കിൽ ഇതു ചെയ്യുമോ? ഒരു കേന്ദ്ര മുദ്രാവാക്യത്തിൽ - ചെങ്കോട്ടയിൽ ചെങ്കൊടി പാറിക്കുക!


കൊടുങ്ങല്ലൂരിൽ നിന്നിതു പറയുമ്പോൾ എന്നോട്‌ കുഞ്ഞിക്കുട്ടിതമ്പുരാട്ടി, സഖാവ്‌ നെന്മേലി (രണ്ടുപേരും മരിച്ചു) പ്രസംഗിച്ചതിനെകുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ചെങ്കോട്ടയിൽ ചെങ്കൊടി 1956ന്‌ മുമ്പ്‌ പാറുമെന്ന്‌! അപ്പോൾ ഒന്നാലോചിച്ചു നോക്കണം. എത്ര വർണ്ണ ശബളമായ സ്വപ്നങ്ങളുമായി ജീവിച്ച കൊടുങ്ങല്ലൂർക്കാർക്കിടയിലാണ്‌ ഇന്നത്തെ ദിവസം ഈ ആഗസ്റ്റ്‌ 20ന്‌ ഐക്യദാർഢ്യം നടത്തുന്നത്‌. ആ പ്രഖ്യാപനത്തിന്റെ ഈ ദിനത്തിൽ ഞാൻ നേരത്തെ പറഞ്ഞകാര്യം സൂചിപ്പിക്കാൻ ഒരു അൺവാണ്ടഡ്‌ ഏലിയനെപോലെ ആവശ്യമില്ലാത്ത കൊടുങ്ങല്ലൂർക്കാരൻ എന്ന നിലയ്ക്ക്‌ എന്നെ വിളിച്ച്‌ അദ്ധ്യക്ഷണാക്കിയ ആളുകളോട്‌ അതിന്റെ ഔചിത്യക്കുറവിനെഓർമ്മിപ്പിച്ചുകൊണ്ട്‌ ഞാൻ നേരത്തെ വാഗ്ദാനം ചെയ്ത അടിയന്തരാവസ്ഥ എന്ന കാര്യത്തെപറ്റിക്കൂടി പറഞ്ഞിട്ട്‌ ഞാൻ അവസാനിപ്പിക്കാം. അന്ന്‌ ജീവിച്ചിരുന്നെങ്കിൽ പത്തുവയസ്സുമാത്രം പ്രായമുണ്ടാകുമായിരുന്ന ബാബ രാംദേവുണ്ടല്ലോ. അയാളെയൊന്നും കളിയാക്കാൻ ഞാനില്ല; പോലീസുകാര്‌ നമ്മളെ തല്ലിയിട്ട്‌ നീയെന്താടാ കരയുന്നത്‌ എന്നുചോദിച്ചാൽ നമുക്കിഷ്ടമാകുമോ? ഇതുതന്നെയാണ്‌. അയാളെ ഒരു പരുവമാക്കി സ്റ്റേജിൽനിന്നിറക്കി ഓടിച്ചിട്ട്‌ കോൺഗ്രസ്സുകാർ തന്നെ കളിയാക്കുന്നു! അതു ശരിയല്ല. അനുഭവമുള്ളതുകൊണ്ട്‌ പറയുകയാണ്‌. സഖാക്കളെ ഈ ധീരത എന്നു പറയുന്നത്‌ അത്ര ശുദ്ധമായ വികാരമല്ല. എന്നാൽ ഭീരുത്വം എന്നു പറഞ്ഞാൽ....


(ഈ സ്റ്റേജിൽനിന്ന്‌ 20 മീറ്റർ അകലെമാത്രം നിന്നാണ്‌ ആർ.എസ്‌.എസ്‌.കാർ എന്റെ മൂക്കിനിടിച്ച ധീരത സംഭവിച്ചതും) അപ്പോൾപറഞ്ഞുവന്നതിതാണ്‌. എൽ.കെ.അദ്വാനി പറഞ്ഞു. ഇതു അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. ന്യായമാണ്‌. വി.എസ്‌.അച്ചുതാനന്ദൻ പറഞ്ഞു ഇത്‌ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നു. അവർക്കത്‌ പറയാം. അവർ അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നതാണ്‌. ജയിലിൽകിടന്ന പലയാളുകളും ഇതു പറഞ്ഞില്ല. എന്തായാലും അടിയന്തരാവസ്ഥയെന്നത്‌ തെരഞ്ഞെടുപ്പുവേളയിൽ നമ്മുടെ സ്ഥാനാർത്ഥിത്വത്തെ പൊലിപ്പിക്കാൻവേണ്ടിയുള്ള അനുഭവകഥകളല്ല, ഇടയ്ക്കിടയ്ക്ക്‌ ആവർത്തിക്കാവുന്നതാണ്‌. സഖാവ്‌ ഇ.എം.എസ്‌. പറഞ്ഞപോലെ ഈ ബൂർഷ്വാ ജനാധിപത്യം എപ്പോൾ വേണമെങ്കിലും വഴിമാറിപോകാം.


അടിയന്തരാവസ്ഥയെ ബന്ധപ്പെടുന്ന ഒരു കഥകൂടി പറഞ്ഞ്‌ അവസാനിപ്പിക്കാം.
ഒരിക്കൽ ഒരു നാട്ടിൽ കൊടുംവരൾച്ച വന്നു. ജനങ്ങൾ മുഴുവൻ സ്ഥലത്തെ പുരോഹിതന്റെ അടുത്തുചെന്നു. മഴവരാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. പ്രാർത്ഥിക്കാമെന്ന്‌ അച്ചൻ സമ്മതിച്ചു. നിങ്ങൾക്ക്‌ വിശ്വാസമുണ്ടെങ്കിലേ മഴവരൂ എന്നും അച്ചൻ പറഞ്ഞു. പ്രാർത്ഥനാസമയത്ത്‌ പള്ളി പരിസരത്ത്‌ കൂടിയവരോട്‌ അച്ചൻ ചോദിച്ചു. "നിങ്ങൾ എന്തേ കുട കൊണ്ടുവന്നില്ല"ഒരിക്കൽ ഒരു നാട്ടിൽ കൊടുംവരൾച്ച വന്നു. ജനങ്ങൾ മുഴുവൻ സ്ഥലത്തെ പുരോഹിതന്റെ അടുത്തുചെന്നു. മഴവരാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. പ്രാർത്ഥിക്കാമെന്ന്‌ അച്ചൻ സമ്മതിച്ചു. നിങ്ങൾക്ക്‌ വിശ്വാസമുണ്ടെങ്കിലേ മഴവരൂ എന്നും അച്ചൻ പറഞ്ഞു. പ്രാർത്ഥനാസമയത്ത്‌ പള്ളി പരിസരത്ത്‌ കൂടിയവരോട്‌ അച്ചൻ ചോദിച്ചു. "നിങ്ങൾ എന്തേ കുട കൊണ്ടുവന്നില്ല"