Friday 14 October 2011

ഈശ്വരസ്ഥിതി


മേതിൽ വേണുഗോപാലൻ

 കള്ളക്കർക്കിടകത്തിനു ശേഷം പവന്‌ ഇരുപതിനായിരത്തിൽപ്പരം രൂപേടെ പൊന്നിൻ ചിങ്ങമാസം വന്നു ചേർന്നു. ജ്യോതിർമയിയുടെ നൃത്തം പോലായിരുന്നു മാസപ്പിറവി.
 അന്ന്‌ കോഴി,കിളി, പത്രം, എം.എസ്‌.സുബ്ബലക്ഷ്മി ഇത്യാദി സമസ്ത പ്രകൃതിയേക്കാളും മുമ്പിനാലെ കളത്രം എഴുന്നേറ്റു. കണവനെ വിധത്തിലും തരത്തിലും കുലുക്കി കൂന്തലാൾ വിളിച്ചുണർത്തി.
 നിതംബത്തിനു പിന്നിൽ ഒളിച്ചു കളിച്ചിരുന്ന കാർകൂന്തൽ വകഞ്ഞ്‌ മാടിയൊതുക്കി പെണ്മണി കെട്ടിയിട്ടു.
 'വെളുപ്പിനെന്താ പരിപാടി' എന്നു ചോദിച്ചെഴുന്നേറ്റ്‌ മൂരിനിവർന്ന വല്ലഭനോട്‌ വല്ലഭ മന്ത്രിച്ചു.
'സുപ്രഭാതത്തിൽത്തന്നെ നടത്തണം...നമുക്കൊരു ക്ഷേത്രദർശനം. മറ്റൊന്നും ഇപ്പ വേണ്ട!
പതിവിൻപടി ബ്രാഹ്മമുഹൂർത്തത്തിൽ ജ്വല്ലറിയോ ജൗളിക്കടയോ പൂകണമെന്നല്ലല്ലോ സുദിനത്തിലെ ഇന്ദ്രിയയുടെ ഇംഗിതമെന്ന ആശ്വാസത്തിൽ കാന്തൻ കാന്തയോട്‌ കിന്നരിച്ചു. "ശീഘ്രമാവാം ഒരുഗ്രൻ ക്ഷേത്രദർശനം".
കൃത്യവിലോപനം കൂടാതെ ത്ഡുതിയിൽ പ്രഭാതകൃത്യങ്ങൾ കഴിച്ച്‌ പത്നി സമക്ഷം പതി ഹാജരായപ്പോൾ ഗജരാജവിരാജിതമന്ദഗതി അനിതരസാധാരണമായി എവർറെഡിയായി നിൽപ്പുണ്ട്‌.
നിദ്രയെ നിഗ്രഹിച്ച ആദ്ധ്യാത്മിക ബാറ്ററിയോട്‌ പുണ്യപുരുഷോത്തമൻ അന്വേഷിച്ചു:
"തീർത്ഥയാത്ര ഗുരുവായൂർക്കൊ ചോറ്റാനിക്കയ്ക്കോ, അതൊ ഏറ്റമാനൂര്ർക്കൊ...?
"എത്രയോ തവണ പ്രസ്തുത ഭൂപ്രദേശങ്ങളിലെ ദൈവങ്ങളെ നാം സന്ദർശിച്ചിരിക്കുന്നു..." ദ്വിതീയ ദയിതനോട്‌ ഉണർത്തിച്ചു: "ഇനിയും കണ്ടാൽ ടി പരാശക്തികൾക്കു നമ്മേ ബോറടിയ്ക്കും".
"പിന്നെ നാം ശബരിമലയ്ക്കാണോ...; കല്ലും മുള്ളും താണ്ടിയുള്ള ആദ്ധ്യാത്മിക സഞ്ചാരം!" ചിരിവന്ന പരിഗ്രഹൻ പരിമളയോട്‌ മന്ദഹാസിച്ചു: "സ്ത്രൈണശല്യം സഹിക്കാനാവാത്ത ഏക കലിയുഗവരദനാണവിടെ. മാളികപ്പുറത്തമ്മ ദേവി ലോകമാതാവിനേപ്പോലും ആണ്ടിലൊരിയ്ക്കലേ തേവര്‌ മുഖാമുഖം ദർശിക്കൂ. സന്ദർശനത്തിനു വരുന്ന ശേഷിച്ച ലലനകളെ കൈകാര്യം ചെയ്യാൻ അന്യത്ര, അല്ല സർവ്വത്ര നമ്പൂര്യാരെ വിന്യസിച്ചിട്ടുമുണ്ട്‌ വില്ലാളിവീരൻ, വീരമണികണ്ഠൻ!"
രമണി രമണനോട്‌ ഗർവ്വിച്ചു.
"ആത്മീയയാത്ര മലയ്ക്കല്ല മണ്ടാ..."
"പിന്നേ?"
"തിരുവിതാംകൂർ രാജൻ ശ്രീപത്മനാഭന്റെ സന്നിധിയിലേയ്ക്കാകുന്നു നമ്മുടെ തീർത്ഥാടനം."
പുണ്യയാത്ര വിദൂരത്തേയ്ക്കു വേണ്ട. അനന്തശയനനോട്‌ നാം എത്രയോ വട്ടം ആവലാതികൾ ബോധിപ്പിച്ചിട്ടുണ്ട്‌..." പ്രിയതമൻ പ്രിയതമയോട്‌ കുശുകുശുക്കി: "അരവിന്ദനയനനും നമ്മളോട്‌ ശ്ശി കുശലം ചോദിച്ചിട്ടുണ്ട്‌. പിന്നെന്തിന്‌?"
അതൊക്കെ പണ്ടല്ലേ?
അത്ര പണ്ടൊന്നുമല്ല.
ഗൗരവത്തിൽ സഹധർമ്മിണി സഹധർമ്മചാരിയോട്‌ അരുളി:
"മറ്റ്‌ പഹയരേപ്പോലല്ല, ഇപ്പോൾ പുള്ളിക്കാരനാകുന്നു ഈശ്വരന്മാരിൽ കോടീശ്വരൻ...!"
പണ്ടും മൂപ്പര്‌ കോടീശ്വരനായിരുന്നു."
"പക്ഷെ, ഇപ്പോഴല്ലേ ത്രയ്ക്കു കോടീശ്വരത്വമുള്ള വിവരം നമ്മളറിഞ്ഞുള്ളു...!
കോപിഷ്ഠനായ നാഥൻ ജീവനാഥയോട്‌ തർക്കിച്ചു:
"അപ്പൊ ശേഷിച്ച മുപ്പത്തിമുക്കോടി ലക്ഷപ്രഭുക്കളോ?"
പാണിഗൃഹീതി നിഷ്കളങ്കമായി ഉരിയാടി.
"കോടീശ്വര ദർശനത്തിനു ശേഷം സമയമുണ്ടെങ്കിൽ ടിയാരേയും പരിഗണിയ്ക്കാം; ധനസ്ഥിതിക്കനുസരിച്ചാവും മുൻഗണന!"
അനുബന്ധം :
ഒരു ജീർണ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠ പ്രാർത്ഥിച്ചു:
"ഭക്തരുണ്ടാകുവാനീ ദൈവത്തിന്‌ ദ്രവ്യമുണ്ടാകണേ...!