Friday 14 October 2011

കടലായി ഇരമ്പുന്നത്‌ ആരുടെ ജലം?




കെ.ഇ.എൻ. കുഞ്ഞഹമ്മദ്‌


കടൽജലം,ബക്കർ മേത്തല, കവിതകൾ,ഗ്രീൻബുക്സ്,വിലrs 70/
 ബക്കർ മേത്തലയുടെ കടൽജലം എന്ന കവിതാസമാഹാരത്തെക്കുറിച്ച്

ദൈവം ചിരിച്ചപ്പോഴാണെത്രെ അരുവികൾ ഉണ്ടായത്‌! ഇതൊരു പഴയ ഈജിപ്ഷ്യൻ കഥയാണ്‌. എന്നാൽ ദൈവത്തിന്റെ ആ പഴയ ചിരി എന്നെന്നേക്കുമായി മാഞ്ഞുകഴിഞ്ഞു. ഇപ്പോൾ 'വെള്ളക്കുപ്പി'യിൽ കിടന്ന്‌ തിളങ്ങുന്നത്‌ ദൈവത്തിന്റെ കണ്ണുനീരാണ്‌. അത്‌ കുപ്പി ഒന്നിന്‌?പന്ത്രണ്ട്‌ രൂപ നിരക്കിൽ റെയിൽവെ സ്റ്റേഷനിൽനിന്ന്‌ വാങ്ങാൻ കിട്ടും! ഒരിക്കൽ, ഭക്ഷ്യവസ്തുക്കൾക്ക്‌ ഇളവുനൽകുന്ന കോളേജ ​‍കാന്റീനിൽ ചോറിന്‌ വില എട്ടുരൂപയാക്കി കുറച്ചു. അപ്പോഴും കുപ്പിവെള്ളത്തിന്‌ വില പഴയതുപോലെ പത്തുരൂപ തന്നെ! ഫാറൂക്ക്കോളജ്‌ കാമ്പസിലെ കുട്ടികൾ അവരുടെ മാഗസിന്‌ 'കൂയ്‌'?എന്നു പേരിട്ടുകൊണ്ടാണ്‌ അന്നതിനോട്‌ പ്രതികരിച്ചതു.

ചോറിന്‌ വില കുറക്കുകയും ഒരിക്കൽ വെറുതെ കിട്ടിയിരുന്ന വെള്ളത്തിന്റെ വില കുറയാതിരിക്കുകയും ചെയ്യുന്നതിനെതിരായാണ്‌ ഫാറൂക്ക്കോളേജ്‌ മാഗസിൻ അന്ന്‌ കൂക്കി വിളിച്ചതു. ബക്കർ മേത്തലയുടെ കടൽജലം എന്ന കാവ്യസമാഹാരം കൈയിലെടുക്കുമ്പോൾ ഇന്നുമാ കൂക്കിന്റെശബ്ദം ചെവിയിൽ മുഴങ്ങുകയാണ്‌. കടലായിഇരമ്പുന്നത്‌ അരുവിയായി ചിരിക്കുന്നത്‌ ഇപ്പോൾ ആരുടെ വെള്ളമാണ്‌? ഒന്നുകിൽ വിവാൻഡി എന്ന വെള്ളകുത്തകയുടെ അല്ലെങ്കിൽ സൂയസിന്റെ, ഇനി അതുമല്ലെങ്കൽ മറ്റേതങ്കിലുമൊരു കുത്തകകമ്പനിയുടെ?


വൈരുധ്യങ്ങളുടെ അജ്ഞാത അടരുകൾക്കിടയിൽ സംഭ്രമിപ്പിക്കുന്ന ഒരാവർത്തനമായി പിന്നെയും പിന്നെയും അദൃശ്യവൈരുധ്യങ്ങൾ ആർത്തുലച്ചുവരുന്ന ഒരസ്വസ്ഥലോകത്തിന്റെ ആമുഖം പോലെ ബക്കർ മേത്തലയുടെ 'കടൽജലം' എന്ന ശ്രദ്ധേയമായ കാവ്യസമാഹാരം ഒരു കുത്തകകടലിനും കീഴടങ്ങാതെ ഒരാദിജലത്തിന്റെ അപാരത സ്വയം ആഘോഷിച്ചുകൊണ്ട്‌ സ്വന്തം സ്വപ്നങ്ങളിൽ കരുത്താർജിക്കുകയാണ്‌. ശ്ലഥകാഴ്ചകളുടെ ചോരവഴികളിൽനിന്ന്‌ സമഗ്രകാഴ്ചപ്പാടിന്റെ സമഗ്രവഴികളിലേക്കുള്ള ഒരു മഹാകാലത്തിന്റെ കുതിപ്പിനുവേണ്ടി അതെപ്പോഴോ കാതോർത്തിരിക്കുകയാണ്‌. മർദ്ദകസത്യങ്ങൾക്കും മാദകസ്വപ്നങ്ങൾക്കുമിടയിലെ നേർത്ത അതിർത്തികളിൽ മിഴിനട്ട്‌ തിരിച്ചറിവിന്റെ തീനാളം തെളിയുന്നത്‌ കണ്ട്‌ കോരിത്തരിക്കാൻ അതെപ്പോഴോ കാത്തിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ബക്കർ മേത്തലയുടെ 'കടൽജല'ത്തിന്‌ വരൾച്ചയുടെ വൻ പതനങ്ങൾക്കിടയിലും പുതുമുളകളുട 'ഹരിതസംഗീതം' കേൾക്കാൻ കഴിയുന്നത്‌. അതുകൊണ്ടണതിന്‌ വേനലിൽ എത്ര കരിഞ്ഞിട്ടും കാലിടറാതെ കരുത്താർജ്ജിക്കാനും ആഞ്ഞുതളിർക്കാനും കഴിയുന്നത്‌.


നിലവിലുള്ള നൂറുകാരണങ്ങൾകൊണ്ട്‌ ന്യായമായും നിങ്ങൾക്ക്‌ നിരാശരാവാൻ കഴിയുമെങ്കിൽ, നിലവിലില്ലാത്ത ഒരായിരം കാര്യങ്ങൾ സ്വയം സൃഷ്ടിച്ച്‌, നിങ്ങൾക്കെന്തുകൊണ്ട്‌ സ്വയം സന്തുഷ്ടരായി തീരാൻ ശ്രമിച്ചുകൂടെന്നാണത്‌, ആർദ്രമായി ആശങ്കപ്പെടുന്നത്‌.
സമവാക്യങ്ങൾക്കൊക്കെയുമപ്പുറമുള്ള അസമവാക്യങ്ങളിലെ, നേരിടാൻ പ്രയാസമായ നേരിലേക്കാണത്‌ നിവരാൻ ശ്രമിക്കുന്നത്‌. തീവണ്ടിയാത്രക്കിടയിൽ വാക്കുകൾ അവ്യക്തമാകുന്നത്‌ റെയ്ഞ്ച്‌ കുറയുന്നതുകൊണ്ടാണെന്നറിയാതെ, രോഷാകുലയാവുന്ന പ്രണയിനിയോട്‌ അക്കാര്യത്തിന്‌ എന്നോടല്ല ഓടുന്ന തീവണ്ടിയോടാണ്‌ നീ രോഷംകൊള്ളേണ്ടതെന്ന്‌ സ്നേഹപൂർവ്വം പറയുന്ന പ്രിയനെപ്പോലെ ബക്കർ മേത്തലയുടെ കവിതകളും മാറുന്ന 'റെയ്ഞ്ചിൽ' മുറിയുമ്പോഴുംമുറിയാത്തൊരു സ്നേഹസാന്ദ്രതയുടെയൊരു മഹാസ്പർശമായി മാറുകയാണ്‌.
ഏത്‌ വരൾച്ചയുടെ വിള്ളലുകൾക്കിടയിൽ വിറയാർന്ന്‌ നിൽക്കുമ്പോഴും എന്നോ വരാനിരിക്കുന്ന അപൂർവ്വ മഴത്തുള്ളികളെ കിനാവ്‌ കാണുന്ന മരുഭൂമിയുടെ ചൂടാർന്ന മാറിടംപോലെ, ബക്കർ മേത്തലയുടെ കടൽജലവും സാന്ത്വനത്തിന്റെ ഏതോ തീരങ്ങളെ തീവ്രമായി സ്വപ്നം കാണുകയാണ്‌.


സ്വയം ഉഴുതുമറിച്ചും ഇളകിയാടിയും അസ്വസ്ഥതകളെ അതിന്റെ അഗാധതയോളം ചെന്ന്‌ അഭിവാദ്യം ചെയ്തും അസംതൃപ്തികൾക്കിടയിലെ സംതൃപ്തികളോട്‌ സംവദിച്ചും ദേശീയപാതകളിൽ നിവർന്നും തുരങ്കവഴികൾനൂണും സങ്കീർണ്ണമാവുന്നതാണ്‌ ഇന്ന്‌ ശരിയെന്ന സത്യം അത്‌ സ്വയമനുഭവിക്കുകയാണ്‌. വ്യാജലാളിത്യത്തിന്റെ അലസസുതാര്യതയേക്കാൾ നിർവ്യാജ സങ്കീർണ്ണതയുടെ അന്വേഷണങ്ങളിലാണത്‌ നിർവൃതി നുണയുന്നത്‌. ഒറ്റവായനയിൽ തെളിഞ്ഞും മങ്ങിയും പുതിയ തെളിച്ചങ്ങൾക്കും തിളക്കങ്ങൾക്കും പിന്നെയും വഴി ഒരുക്കിയും വിനയവും വെല്ലുവിളിയുമായി അത്‌ പതിഞ്ഞമട്ടിൽ, കൊള്ളരുതായ്മകൾക്കൊക്കെയുമെതിരെ കുതറിനിൽക്കുകയാണ്‌.


പറഞ്ഞുകൊണ്ടുതന്നെ പറയാത്തതിലേക്കും കണ്ടുകൊണ്ടുതന്നെ കാണാത്തതിലേക്കും എന്തിനോടൊക്കയോ കണക്കുതീർക്കാനായി അത്‌ കുതിക്കുകയാണ്‌. ബക്കർ മേത്തലക്ക്‌ കവിത പുളകക്കാഴ്ചയൊരുക്കുന്നൊരു പൂപാത്രമല്ല, പീഡിപ്പിക്കുംവിധം ഭാരമാർന്ന ഒരു ക്വിന്റൽക്കട്ടിയാണ്‌. ഒളിച്ചോടുന്നവരുടെ ജാള്യതയില്ലാത്ത ഇളിഭ്യച്ചിരിയിൽ വെച്ചല്ല, ഒരൊളിപ്പോരാളിയുടെ നിതാന്തമായ ഉള്ളുണർവിൽനിന്നാണ്‌ ബക്കർ നിവർന്നുനിന്നു പൊരുതുന്നത്‌.


'ഇങ്ങനെയൊക്കെ' എഴുതിയാൽ അങ്ങനെയൊക്കെ മുദ്രചാർത്തപ്പെടുമല്ലോ എന്നോർത്തയാൾ ഉറങ്ങാതിരിക്കുന്നില്ല. സൗമ്യമായിരിക്കെത്തന്നെ അതുകൊണ്ടാണ്‌ ബക്കർ മേത്തലയുടെ കവിതകൾ ധീരവുമാകുന്നത്‌. അദൃശ്യമായ അധികാരശാസനകൾക്കുമുന്നിൽ അതുകൊണ്ടാണതിന്‌ ശിരസ്സുയർത്തിനിൽക്കാൻ കഴിയുന്നത്‌. അതുകൊണ്ടാണതിന്‌ ഇക്കിളികളിൽ നിന്ന്‌ കോളിളക്കങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നത്‌. ചോരവാർന്നൊഴുകുന്ന മുറിവേറ്റ സത്യങ്ങളെ ഏറ്റുവാങ്ങാനാവാത്ത, സങ്കൽപങ്ങളുടെ നീറ്റലുണ്ടാക്കുന്ന നിസ്സഹായവസ്ഥയാണ്‌ ബക്കറിന്റെ 'കവിതകൾക്കുമപ്പുറത്ത്‌' എന്ന കവിതയിൽ ഒരുപാട്‌ ചുളിവുകളോടെ ഒടിഞ്ഞുമടങ്ങി കിടക്കുന്നത്‌. ഒരു കവിതയായിട്ടും അതുകൊണ്ടാണത്‌ വെറുമൊരു കവിതയായിരിക്കാൻ കൂട്ടാക്കാത്തത്‌. 'പൊട്ടിപ്പോയ അക്ഷരങ്ങളുടെ പൂപ്പാത്രം' എന്ന ബക്കർ മേത്തലയുടെ കാവ്യബിംബം അർഥപൂർണ്ണമാകുന്നത്‌, ഒരു കാവ്യബിംബത്തിലും വിശ്രമിക്കുകവയ്യാത്ത ഗുജറാത്ത്‌ നരഹത്യയുടെ വന്യമായ തിരയിളക്കങ്ങൾ അതിൽ തലകുത്തിമറിയുന്നതുകൊണ്ടാണ്‌.


സച്ചിദാനന്ദൻ മുതൽ കടമ്മൻ വരെയുള്ളവർ എഴുതിയ 'ഗുജറാത്ത്‌ കവിത'കളുടെ സമീപത്തുതന്നെയാണ്‌. വേറൊരുവിധത്തിൽ 'കവിതകൾക്കുമപ്പുറത്ത്‌' എന്ന ബക്കറിന്റെ കവിതയും ഉള്ളിലൊതുങ്ങാത്ത സങ്കടത്തോടെയും രോഷത്തോടെയും നിലകൊള്ളുന്നത്‌. ഗുജറാത്ത്‌ ബക്കറിന്‌ ഉടഞ്ഞ പൂപ്പാത്രവും കത്തിപ്പോയ കടലാസും ഇളകുന്ന മേശയും മാത്രമല്ല എല്ലാ കവിതകൾക്കുമപ്പുറത്ത്‌, ഒരു കവിതക്കും ഒരിക്കലും താങ്ങാൻ കഴിയാത്തവിധമുള്ള മാരകമായൊരു മുറിവുമാണ്‌. സങ്കൽപസാഗരങ്ങൾക്കൊന്നും സ്പർശിക്കാനാവാത്തവിധം അകലെയായിപ്പോയ ഒരു കരയുടെ സന്തപ്ത സത്യമാണ്‌ ബക്കർ സ്വന്തം ഗുജറാത്ത്‌ കാഴ്ചയിൽ തീവ്രമായി ആവിഷ്കരിച്ചിരിക്കുന്നത്‌.


സ്വന്തം കവിതയിൽ ബക്കർ മേത്തല പകുത്തുനൽകുന്നത്‌, സ്വാദ്‌ പകർന്നതിനുശേഷം തിരസ്കരിക്കപ്പെടുന്ന കറിവേപ്പിലയുടെ സങ്കടമല്ല, മറിച്ച്‌ സർവസങ്കടങ്ങൾക്കെതിരെയും രോഷാകുലമാവുന്ന സമരോൽസുകതയുടെ ശക്തിയാണ്‌. പുറംതൊലിയുടെ മിനുപ്പിൽനിന്നല്ല, അകക്കാമ്പിന്റെ കരുത്തിൽനിന്നാണത്‌ ഉയിർത്തെഴുന്നേൽക്കുന്നത്‌. മയിൽപ്പീലിയുടെ വർണ്ണശബളിമയിൽ നിന്നല്ല കൂർപ്പിച്ച എല്ലിന്റെ വർദ്ധിച്ച മൂർച്ചയിൽനിന്നാണത്‌ വീര്യമാർജിക്കുന്നത്‌. പ്രജയെ പഴിപറയുന്ന പഴയ അനുഭൂതിവാദങ്ങളിൽനിന്നല്ല പ്രതിഭയെ വെളിപാട്‌ മാത്രമായി മിനുസപ്പെടുത്തുന്ന വരേണ്യന്യൂനീകരണ വിദ്യയിൽ വെച്ചുമല്ല മറിച്ച്‌ വാക്കിനെ ആയുധമാക്കുന്ന സമരോൽസുകമായ അനുഭൂതിയിൽനിന്നാണത്‌ ശക്തിസംഭരിക്കുന്നത്‌.


'കവിതവരുന്ന വഴിയേത്‌?' എന്ന ചോദ്യരൂപേണയുള്ള കാവ്യം ശരാശരി ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമപ്പുറമുള്ള അനുഭവയാഥാർഥ്യത്തിന്റെ ആഴം തേടിയുള്ള സമരയാത്രയാണ്‌. 'കത്തും കരളിന്റെ ജ്വാല വഴി/പൊട്ടുന്നൊരെല്ലിന്റെ ശബ്ദം വഴി/ഇരുളായ്‌ പെയ്യുന്ന മരണം വഴി/മൃതഭൂമിയിൽ കേൾക്കും തേങ്ങൽ വഴി/കട്ടിപ്പനിജ്വരവിറയൽ വഴി/ദു:സ്വപ്നസർപ്പങ്ങൾ കൊത്തുന്ന നേരം/ഞെട്ടിയുണരുന്ന പ്രജ്ഞവഴി...' ഇവ്വിധം കലങ്ങി കലമ്പി വരുന്നതുകൊണ്ടാണ്‌ ബക്കറിന്റെ കവിതകൾക്ക്‌ കരയാനെന്നപോലെ കയർക്കാനും കഴിയുന്നത്‌.


ഒരോമനത്തിങ്കൾകിടാവിലേക്ക്‌ കണ്ണുതുറക്കാനാവാതെ കുഞ്ഞാവുന്നതിനുമുമ്പെ കൊലചെയ്യപ്പെട്ട 'ദേശീയത' സംശയിക്കാവുന്ന ഒരിന്ത്യൻ ഭരണകൂടത്തിന്റെ നിശ്ശബ്ദമെന്നുപോലും വിശേഷിപ്പിക്കാനാവാത്ത വേറിട്ടൊരു നിലവിളിയിൽ പൊള്ളിവെന്തവരുടെ പിടച്ചിൽതന്നെയാണ്‌ വ്യത്യസ്തവഴികളിലൂടെ കടന്നുവരുന്ന ആ കവിതകളിലൊക്കെയും നിറയുന്നത്‌.


അകം കത്തിയ ദുർഗന്ധത്തെ പുറത്തു തിരയുന്ന വിപര്യയത്തിന്റെ ഉപരിപ്ലവതകളെയാണ്‌ 'ദുർഗന്ധം' എന്ന കവിതയിൽ ബക്കർ കുറ്റവിചാരണക്ക്‌ വിധേയമാക്കുന്നത്‌. സർവവ്യാപിയായിത്തീരുന്ന ദുർഗന്ധത്തിന്റെ സ്രോതസ്സ്‌ ചീയുന്ന മനുഷ്യത്വംതന്നെയാണെന്ന അശാന്തസത്യത്തെയാണ്‌ 'ദുർഗന്ധം' എന്ന കവിത തീവ്രമായി അനുഭവിപ്പിക്കുന്നത്‌. 'ഗന്ധങ്ങൾ' എന്ന വൈലോപ്പിള്ളിയുടെ കവിത പ്രകൃതിവൈവിധ്യത്തിന്റെ വിസ്മയ ഗന്ധസാന്നിധ്യമാണെങ്കിൽ ബക്കർ മേത്തലയുടെ ദുർഗന്ധം മനുഷ്യപ്രകൃതങ്ങൾക്ക്‌ ബാധിച്ച രോഗത്തിന്റെ മരുന്നുശീട്ടാണ്‌. ബക്കറിന്റെ കടൽജലത്തിന്റെ ഉപ്പിൽ അളിയാതെ സൂക്ഷിച്ചിരിക്കുന്നത്‌ അനുരാഗത്തിന്റെയും ബഹുത്വത്തിന്റെയും സർഗാത്മകതയുടെയും പ്രകൃത്യാഭിമുഖ്യത്തിന്റെയും ചോദ്യതീഷ്ണതകളുടെയും അതിജീവനശേഷിയുള്ള വിത്തുകളാണ്‌. ഇണങ്ങിയും പിണങ്ങിയും ഇടറാതെ നിൽക്കുന്ന ഒരു വലിയ സ്നേഹസാമീപ്യത്തിന്റെ സാന്ത്വനസ്പർശങ്ങൾക്കും മലയിടിച്ചിലുകൾക്കും കീഴ്മേൽ മറിച്ചിലുകൾക്കും കുറുകെ പറക്കുന്ന വിഹ്വലപ്രതീക്ഷകൾക്കും ഇടയിൽ അത്‌ കാത്തുസൂക്ഷിക്കുന്നത്‌ മനുഷ്യബന്ധങ്ങളുടെ ഭൂമിയും ആകാശവുമാണ്‌.



ബക്കറിന്റെ കവിതയിലെ, കടൽ കിനാവുകാണുന്ന 'മരിച്ച മീനുകൾ' സ്വാതന്ത്ര്യനഷ്ടത്തിന്റെയും സ്നേഹരാഹിത്യത്തിന്റേയും ആറിത്തണുത്തൊരു അസ്വസ്ഥരൂപകമാണ്‌.
പ്രണയമെന്നും ആ കവിതകളുടെ പ്രാണനായിരിക്കുന്നത്‌, പ്രാണൻ നഷ്ടപ്പെടുന്നൊരു കാലത്തിന്റെ ദുർമേദസ്സ്‌ ബാധിച്ച വെറുമൊരു ശരീരമായിരിക്കാൻ അതിനൊരിക്കലും മനസ്സില്ലാത്തതുകൊണ്ടാണ്‌. ശരീരകാമനകളുടെ ഇളകിയാട്ടങ്ങളിൽ ഒതുങ്ങുന്ന, നിരുത്തരവാദിത്ത കാമങ്ങളിൽ കത്തിത്തീരാത്ത ആർദ്രമനുഷ്യബന്ധത്തിന്റെ നിത്യലഹരിയായി സൂര്യശോഭയോടെ ഉദിക്കുന്ന പ്രണയത്തിന്റെ ഉദാത്തത്തയാണ്‌ ബക്കറിന്റെ 'പ്രണയം' എന്ന കവിതയിൽ പൂവായി വിരിഞ്ഞ്‌ സഫലമാവുന്നത്‌. ഉപഭോഗസ്വഭാവവും ഉദ്ബുദ്ധ സ്വഭാവവും തമ്മിലുള്ള വലിവുകൾക്കിടയിൽവെച്ചാണ്‌ 'പ്രണയഭീരുത്വ'വും 'പ്രണയധീരത'യുമായി 'പ്രണയം' എന്ന കവിത വിഭജിതമാവുന്നത്‌. വാങ്ങലിനും വിൽക്കലിനുമപ്പുറമുള്ള ആവിഷ്കാരങ്ങളുടെ വെളിച്ചവഴികളിലേക്ക്‌ ധീരന്റെ പ്രണയം കാലെടുത്തുവെക്കുമ്പോൾ, ആത്മാവമാനത്തിന്റെ കുരിശേറാൻപോലും കഴിയാതെ, ഭീരുവിന്റെപ്രണയം ഒരസ്തമനകാലത്തിന്റെ  ഓക്കാനമായി ഒതുങ്ങുന്നതാണ്‌ 'പ്രണയം' എന്ന കവിതയിൽ നാം കാണുന്നത്‌. 'ഭീരുവിന്റെ പ്രണയം/ഒരു ബോൺസായ്‌ വൃക്ഷമാണ്‌/ അത്‌ ആർത്തുവളരാതെ മുരടിപ്പിന്റെ നിശ്ചിതത്വങ്ങളെ പുണരുന്നു....' എന്ന ബക്കറിന്റെ പ്രണയകാഴ്ചയിൽ കിടന്നാടുന്നത്‌ ഒരു കെട്ടകാലത്തിന്റെ പേക്കോലങ്ങളാണ്‌.


രതിപുളകം മാത്രമാണ്‌ ജീവിതമെന്നും പതിനഞ്ചിനും നാൽപതിനുമിടയിലാണ്‌ പ്രായ സ്വൗഭാഗ്യമെന്നും പണമാണ്‌ മോക്ഷമെന്നും തരികിടകളാണ്‌ തത്ത്വശാസ്ത്രമെന്നും വെറും ആനന്ദത്തിനപ്പുറം ജീവിതത്തിനെന്ത്‌ അർത്ഥമെന്നും നുരയുകയും പതയുകയും ചെയ്യുന്ന കാലനിമിഷത്തിന്റെ നിർവൃതികൾക്കപ്പുറം സ്മരണകൾക്കും സ്വപ്നങ്ങൾക്കും പ്രസക്തിയെന്തെന്നും അന്നന്നത്തെ അന്നത്തിനപ്പുറം വെച്ചുവിളമ്പാൻ വേറെ ആദർശമെന്തിനെന്നും വിളിച്ചുകൂവുന്നവർക്കു മുന്നിൽ ബക്കറിന്റെ 'ഉമ്മ' എന്ന കവിത സ്നേഹമസൃണമായ ഒരു സ്മരണയും ദീപ്തമായ ഒരു സ്വപ്നവും അതിനുമപ്പുറം ജരാനരകൾക്ക്‌ കീഴടക്കാനാവാത്ത ഒരു നിത്യസ്നേഹ സത്യവുമായി നമ്മുടെ ഉള്ളുണർത്തുന്ന, എത്ര മറഞ്ഞാലും മറയാത്ത ഒരു മധുരത്തിന്റെ മഹാസാന്നിധ്യമാണ്‌. 'ഉമ്മ ഇന്നെനിക്ക്‌/ഇടനെഞ്ചിൽനിന്നൊരു വിളിയാണ്‌


/ഇരുൾവീണവീഥിയിലൊരു നക്ഷത്രം/ പെരുന്നാൾ ദിവസങ്ങളിലെ നെയ്ച്ചോറ്‌ മണക്കുന്ന ഉച്ചകളിൽ/ സ്നേഹപൂർണമായൊരു നിർബന്ധം/പാനപാത്രം ചുണ്ടോടടുപ്പിക്കുമ്പോൾ ഒരു വിലക്ക്‌/പതിനാലാം രാവിന്റെ പൊലിമകളിൽ ഉമ്മ ഒരു നിലാവാണ്‌/...മൃതികൾക്കും സ്മൃതികൾക്കുമിടയിൽ കിടന്നുകൊണ്ട്‌/ഉമ്മ അളന്നിരുന്ന ആകാശം അതിരുകളില്ലാത്തത്താണ്‌....' കവിത ജീവിതം കിനാവുകാണുന്ന മറ്റൊരു വലിയജീവിതത്തിന്റെ കരുത്തും കാന്തിയുമാണെന്ന്‌ മറ്റെല്ലാ കവിതകളുമെന്നപോലെ ബക്കർ മേത്തലയടെ കവിതകളും നമ്മെ അനുഭവിപ്പിക്കുന്നു.​


കടൽജലം
ഗ്രീൻ ബുക്സ്
വില 70/