Friday 14 October 2011

ഓം ശക്തി


നീലപത്മനാഭൻ



കമ്പനിയുടെ പടിക്കൽ പോലീസ്‌ വേഷത്തിൽ ഒരാൾ കാത്തുനിൽക്കുന്ന വിവരം സുധാകരൻ അറിയുമ്പോൾ വൈകുന്നേരം അഞ്ചുമണിയായിരിക്കും. ആരായിരിക്കും എന്ന്‌ ഊഹിക്കാൻ സാധിച്ചെങ്കിലും മനസ്സിന്റെ ഉളളിന്റെ ഉള്ളിൽ ഒരു പേടി.




 ഒരു വിധത്തിൽ, അയാൾ ഇവിടെ വന്നത്‌ നന്നായി, വീട്ടിൽ വന്ന്‌ ആവശ്യമില്ലാതെ അവിടെ വീട്ടിലും, തെരുവിലും ഉള്ളവരെയെല്ലാം ഭീഷണിപ്പെടുത്താതെ, ഇങ്ങനെ ഇവിടെ നേരിട്ട്‌ എതിരിടാൻ സൗകര്യം തന്നതിന്‌ അയാൾക്ക്‌ മാനസ്സികമായി നന്ദി പറഞ്ഞു, വെളിയിൽ പോകണമോ, അല്ല ഇവിടെ കമ്പനിക്കകത്തുതന്നെ അയാളെ സന്ധിക്കാമോ എന്ന്‌ ഒരു ക്ഷണം ആലോചിച്ചു.
 ജീവനക്കാർ ഓരോരുത്തരായി വെളിയിൽ പോകാൻ തുടങ്ങിയിരുന്നു. ബഹളമൊക്കെ പതുക്കെ പതുക്കെ കുറഞ്ഞ്‌ കമ്പനി ശൂന്യമായിക്കൊണ്ടിരിക്കുന്ന നേരം.
 അവിടവിടെ ഒന്നു രണ്ടുപേർ മാത്രം ജോലിയിൽ വ്യാപ്രതരായിരുന്നു. വാഷ്ബേസിനിൽ മുഖം കഴുകി, മേശവലിപ്പ്‌  പൂട്ടി, കൈനീട്ടി ബേഗ്‌ കൈയ്യിലെടുത്തശേഷവും, എഴുത്തേൽക്കാൻ ഒരു മടി.
 വെളിയിലിറങ്ങി എല്ലാവരുടേയും, മുന്നിൽ വച്ച്‌...


ഇതൊക്കെ ഇന്നലെ ആലോചിക്കണമായിരുന്നു! ആലോചിക്കാതിരുന്നില്ലല്ലോ.
പിന്നെ എന്തുകൊണ്ട്‌ ഈ പരുങ്ങൾ?
 ആർക്ക്‌ വേണ്ടി ഇന്നലെ ഈ സാഹസമൊക്കെ ചെയ്തോ അവൻ-വരദൻ ഇപ്പോൾ സുഖമായിഡൽഹിയിലേക്ക്‌ തീവണ്ടിയിൽ സുഖമായി യാത്രചെയ്തുകൊണ്ടിരിക്കുമ്പോൾ, അവന്റെ അളിയൻ-ഈ പോലീസുകാരന്റെ കൈയ്യിൽ താൻ മാത്രം ശരിക്ക്‌ അകപ്പെടുക എന്നു വച്ചാൽ...
ഇങ്ങനെ അധികമായി ആലോചിച്ച്‌ തല പുകയ്ക്കാൻ അനുവദിക്കാതെ ആ പോലീസുകാരൻ തന്നെ ഇപ്പോൾ തന്റെ മുമ്പിൽ വന്നു നിന്നു.
കലികയറിയ മുഖഭാവം.


ഇങ്ങനെ കമ്പനിക്കകത്ത്‌ തന്നെ ഒളിച്ചിരുന്നാൽ ഞാൻ പോയേക്കു എന്നു വിചാരിച്ചോ?
തനിക്കും ശുണ്ഠികയറി ഇയാൾക്കും തന്റെ പ്രയാമേ ഉള്ളൂ; തീരെ മര്യാദയില്ലാതെ സംസാരിച്ചാൽ...!
പോലീസ്‌ ഭാഷയിൽ അയാൾ വേറെ കൂട്ടക്ഷര പ്രയോഗങ്ങൾ നടത്താതെ വിട്ടതുതന്നെ ഭാഗ്യം...ഏതായാലും ഇയാളോട്‌ സമനില തെറ്റാതെ അൽപം നയപരമായി പെരുമാറിയില്ലെങ്കിൽ വരദനുമാത്രമല്ല, തനിക്കും ഈ വയ്യാവേലിയിൽ നിന്ന്‌ രക്ഷപ്പെടാൻ മാർഗ്ഗമില്ല.
ഒളിച്ചിരിക്കാൻ ഞാൻ കുറ്റമൊന്നും ചെയ്തില്ലല്ലോ...,ഇരിക്കൂ...


വേണമെന്നുതന്നെ അയാളുടെ സ്വരത്തിലിരുന്ന അതേ നീരസത്തോടെ ഭാവത്തോടെ പ്രതികരിച്ചപ്പോൾ അത്‌ ഉൾക്കൊള്ളാൻ അയാൾ ബുദ്ധിമുട്ടുന്നത്‌ ആമുഖം കാണിച്ചു.
 തന്റെ മുന്നിൽ വന്നിരുന്ന്‌ വെടിപറയാൻ വന്നതല്ല ഞാൻ തന്റെ കൂട്ടുകാരൻ ആബടുവാ എവിടെ?  അയാളെ എവിടെ ഒളിച്ചുവച്ചിരിക്കുന്നു?
ഓം ശാന്തി ഓം ശാന്തി ...
വീണ്ടും വീണ്ടും മനസ്സിനകത്ത്‌ പറഞ്ഞുറപ്പിച്ചു.
ഒളിച്ചു വയ്ക്കാൻ അയാൾ ചെറിയ കുട്ടിയാണോ? മൂന്നുമാസ ട്രെയിനിംഗ്‌ അയാൾ ഡൽഹിക്ക്‌ പോയിരിക്കുകയാണെന്ന്‌ അവന്റെ കെട്ടിയോൾ-അതുതന്നെ തന്റെ അനിയത്തി പറഞ്ഞില്ലേ?
 എല്ലാം പറഞ്ഞു പക്ഷെ, ഇതൊക്കെ ഒരു നാടകമാണെന്ന്‌ എനിക്കറിയാം. കെട്ടിയോളെ അങ്ങനെ  പറഞ്ഞ്‌ പറ്റിച്ചിട്ട്‌ തന്ത്രപൂർവ്വം അവളെയും രണ്ടുവയസ്സായ കൊച്ചിനേയും അവളുടെ വീട്ടിൽ കൊണ്ടുപോയി തള്ളിയിട്ട്‌ ട്രെയിനിംഗ്‌, അത്‌, ഇത്‌ എന്നൊക്കെ പറഞ്ഞ്‌ ഇവിടെ വീട്‌ ഒഴിഞ്ഞിട്ട്‌ ഒളിവിൽപ്പോയാൽ എല്ലാം തീർന്നേക്കുമെന്ന്‌ വിചാരിച്ചിരിക്കുകയാണോ അയാൾ? തനിക്കും കെട്ടിയോൾ, കുട്ടികൾ, സഹോദരങ്ങൾ എല്ലാം ഇല്ലേ? പ്രിയപ്പെട്ട കൂട്ടുകാരനെ ഗുണദോഷിക്കാതെ താനും ഇതിനോക്കെ കൂട്ടുനിന്നാൽ?


 അയാളുടെ ഒച്ച കൂടി. കമ്പിനിയിൽ ബാക്കിയുണ്ടായിരുന്ന ചിലർ വന്ന്‌ കൂടിയതുകൊണ്ടാണ്‌ എന്തോ അവർക്കുമറിയാവുന്ന കാര്യമാണല്ലോ, അയാൾ ദേഷ്യത്തിൽ തിരിഞ്ഞു നടന്നു. രണ്ട്‌ മൂന്ന്‌ അടി നടന്നിട്ട്‌ ക്രോധത്തോടെ തിരിഞ്ഞുനോക്കി താക്കീതു ചെയ്തു.
 ഞാൻ പോലീസുകാരനാണ്‌, എന്റെ അടുക്കൽ കളിയ്ക്കേണ്ട പറഞ്ഞേക്കാം...
 അയാൾ പോയി.
 വീട്ടിലേക്ക്‌ നടന്നുകൊണ്ടിരിക്കുമ്പോൾ, വീണ്ടുംവീണ്ടും, അയാളുടെ പോലീസ്‌ രീതിയിലുള്ള വിരട്ടുകളേക്കാൾ, തന്റെ ഭാര്യ, കുട്ടികൾ, സഹോദരങ്ങൾ എന്നിവരെയൊക്കെ അയാൾ വലിച്ചിഴച്ചതു മനസ്സിനെ നൊമ്പരപ്പെടുത്തി.
 വരദനു സംഭവിച്ചതു തനിക്കും സംഭവിച്ചിരുന്നാൽ...


 ചിലപ്പോൾ ഇപ്പോൾ വരദൻ പ്രതികരിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ത്രീവ്രമായി...
 അങ്ങനെ തീർത്തുപറയാൻ സാധിക്കുന്നില്ല. പക്ഷെ, ഒരു കാര്യം തീർച്ച. ഈ പോലീസുകാരൻ - വരദന്റെ അളിയന്‌ സംഭവിച്ചിരുന്നെങ്കിൽ എത്രഭയങ്കരമായി, ക്രൂരമായി കൊലപാതകത്തിലോ, ആത്മഹത്യയിലോ...
ഇതൊക്കെ ഇപ്പോൾ സർവ്വസാധാരണമാണല്ലോ...
ഇതിലേക്കായി ഇത്രയ്ക്കു വിഷമിക്കേണ്ടതായിട്ടുണ്ടോ? ഒരു സൗകര്യത്തിനുവേണ്ടി സ്ത്രീയും പുരുഷനും ചേർന്ന്‌ ഒരു കുടുംബത്തെ തുടങ്ങുന്നു. അവർക്കിടയിൽ അഭിപ്രായവ്യത്യാസമോ, വെറുപ്പോ ഉണ്ടാകാൻ കുട്ടികളുടെ സംഖ്യയോ പ്രായമോ ഒന്നും ഒരുതടസ്സമല്ല... ഇതിനുവേണ്ടി...
 അങ്ങനെ എളുപ്പത്തിൽ ഈ പ്രശ്നത്തെ അവഗണിയ്ക്കാൻ സാധ്യമാണോ?
വിവാഹം കഴിഞ്ഞ ഇടയ്ക്കു തന്നെ വരദൻ ഒന്നു രണ്ടു പ്രാവശ്യം തന്റടുക്കൽ സൂചിപ്പിച്ചപ്പോൾ, ഇതൊക്കെ വെറും സംശയമെന്നു പറഞ്ഞ്‌ സാരമാക്കേണ്ട എന്ന്‌ അവനെ ഉപദേശിച്ചതും താൻ തന്നെയല്ലേ...!


ജനിച്ച കുഞ്ഞിനെപറ്റിപ്പോലും അവന്‌ സംശയം ഉണ്ടായിരുന്നല്ലോ...
വീട്ടിൽ അവനില്ലാത്ത ദിവസങ്ങളിൽ, പ്രത്യേകിച്ച്‌ കമ്പനിയിൽ രാത്രി ഷിഫ്റ്റ്‌ ഡ്യൂട്ടിയുള്ള സമയങ്ങളിൽ അവനനുഭവിച്ചുപോന്ന ആത്മസംഘർഷം... വേദന...
തുപ്പാനും വിഷുങ്ങാനും സാധിക്കാതെ അയാൾ വിഷമിക്കുന്നതു കണ്ട്‌ എന്തുപറഞ്ഞ്‌, എങ്ങനെ കരകയറ്റുക എന്ന്‌ താനും മാനസ്സിക സംഘട്ടനങ്ങൾക്ക്‌  ആളായിട്ടുണ്ട്‌.
അങ്ങനെയിരിക്കുമ്പോഴാണ്‌ കഴിഞ്ഞ മാസം ഒരു ദിവസം...
രാത്രി രണ്ടു മണിയായിക്കാണണം...
പടാപടായെന്ന്‌ ഗേറ്റിലാരോ തട്ടുന്ന ഉച്ച...
ഉറക്കം വിട്ടുമാറാതെ കിടന്ന തന്നെ ശ്രീമതി തട്ടിയുണർത്തി.
നിങ്ങടെ ഫ്രണ്ട്‌ വരദൻ വന്നിരിക്കുന്നു.
വെളിയിൽ വന്നപ്പോൾ, 'ഇപ്പോൾ എന്റെടുക്കൽ ഒന്നും ചോദിക്കാതെ... പ്ലീസ്‌, ഷർട്ട്‌ എടുത്തിട്ടിട്ട്‌ വരൂ... ഒരു നിമിഷം, എന്റെ വീടു വരെ പോയിട്ടു വന്നേക്കാം...' എന്നു വരദന്റെ അഭ്യർത്ഥന.
അയാളുടെ മുഖം നോക്കിയപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഷർട്ട്‌ എടുത്ത്‌ ധരിക്കുമ്പോൾ, ഇന്ന്‌, ഇയാൾക്ക്‌ നൈറ്റ്‌ ഷിഫ്റ്റ്‌ ഡ്യൂട്ടിയാണല്ലോ, ഈ സമയത്ത്‌ വീട്ടിലേക്ക്‌... മനസ്സിൽ എറുമ്പുകൾ...
ബൈക്കിന്റെ പിൻസീറ്റിൽ തന്നെ കയറ്റിയിട്ട്‌ അവന്റെ വീട്ടിലേക്ക്‌ വേഗത്തിൽ വിട്ടു.
വീട്ടിൽ നിന്ന്‌ അൽപം അകലെ ബൈക്കിനെ സ്റ്റാൻഡിട്ട്‌ നിർത്തിയിട്ട്‌ അവന്റെ വീട്ടിലേക്ക്‌ നടന്ന്‌ അവന്റെ കൂടെ താനും നടന്നു.
വെളിക്കതകിനെ തട്ടിയപ്പോൾ...
കുറെനേരത്തേയ്ക്ക്‌ തുറന്നില്ല.
തുറന്ന ഉടനെ, കൊടുങ്കാറ്റുപോലെ അവൻ അകത്തു പാഞ്ഞ്‌ ഒരു ചെറുപ്പക്കാരനെ പിടിച്ചു വലിച്ചു കൊണ്ടുവന്നു.
പിന്നെ, രംഗം ശാന്തമാക്കാൻ താൻപെട്ട പാട്‌...
നാട്ടിൽ ഞങ്ങളുടെ അയൽപക്കവീട്ടിലെ ആൾ. ഇവിടെ ജോലിക്കാര്യത്തിനായി വന്നപ്പോൾ എന്നേയും കുഞ്ഞിനെയും കണ്ടിട്ട്‌ പോകാനായി വീട്‌ അന്വേഷിച്ചു വന്നതാ. ഞാൻ തന്നെ നാളെ രാവിലെ ചേട്ടനെ കണ്ടിട്ട്‌ പോകാമെന്ന്‌ ഇവിടെ കിടന്നോളാൻ പറഞ്ഞു... അതിലെന്താണു തെറ്റ്‌?
അവന്റെ ഭാര്യ ഒരു കുലുക്കവും കൂടാതെ സർവ്വസാധാരണമട്ടിൽ പറഞ്ഞു.
നുണപറയാതെ...! ഇതിനുമുമ്പേയും ഞാൻ വീട്ടിലില്ലാത്ത രാത്രികളിൽ ഇയാൾ ഇവിടെ വന്ന്‌ കിടന്നിട്ടില്ലേ?
വരദൻ ഉച്ചവച്ചു.
അവനെ ഒറ്റയ്ക്ക്‌ വിളിയ്ക്ക്‌, ഉച്ചവച്ച്‌ ബഹളമുണ്ടാക്കി നാട്ടുകാരെ കൂട്ടിയാൽ നാണക്കേട്‌ എന്നൊക്കെ പറഞ്ഞ്‌ ഒരുവിധം സമാധാനിപ്പിച്ചിട്ട്‌, ഇനി ഇവിടെ വരാൻ പാടില്ല എന്ന്‌ പറഞ്ഞ്‌ ആ ചെറുപ്പക്കാരനെയും പറഞ്ഞയക്കുന്നതുവരെ താൻ അനുഭവിച്ച വല്ലാത്ത മാനസികപീഢ, ക്ഷീണം...
കുറെ മാസങ്ങൾ ശല്യം ഇല്ലായിരുന്നു... പിന്നെ, വീണ്ടുംപഴയ കഥ...
ഇത്രയും നടന്നതിന്റെ അനന്തരഫലമാണ്‌ ഇന്നലത്തെ നാടകം.


മൂന്നുമാസക്കാല ഡൽഹി ട്രെയിനിംഗിന്‌ അവൻ അപേക്ഷിച്ചിരുന്നു. അതു കിട്ടിയ ഉടനെ, ഇന്നലെ ഒരു ടാക്സിയിൽ വളരെ മുൻജാഗ്രതയോടെ അവളുടെ തുണികൾ, ആഭരണങ്ങൾ, എന്നിവയോടു കൂടി അവളെയും കുഞ്ഞിനെയും കൂട്ടി അടുത്തുള്ള അവളുടെ നാട്ടിലേക്ക്‌ ഒരു അതിവേഗ യാത്ര... തന്ത്രപരമായി അവരെ അവിടെ ഇറക്കിയിട്ട്‌, അതേ കാറിൽ ഇവിടെ മടങ്ങിവന്നു. രാത്രി തന്നെ ബാക്കിയുള്ള വീട്ടുസാധനങ്ങളെ കമ്പനി സഹജീവനക്കാരുടെ വീടുകളിൽ കൊണ്ടുപോയി ഇട്ട്‌, വീടൊഴിഞ്ഞിട്ട്‌ ഇന്ന്‌ അതിരാവിലെ ഡൽഹിയിലേക്ക്‌ വരദന്റെ തീവണ്ടിയാത്ര... ഇനി ഈ ജന്മത്തിൽ അവളുടെ കൂടെ ജീവിക്കുന്നത്‌ അസാധ്യമെന്ന്‌ റെയിൽവേ സ്റ്റേഷനിൽ വച്ച്‌ അവൻ പറഞ്ഞത്‌ ഇപ്പോളും ചെവിയിൽ മുഴങ്ങുന്നുണ്ട്‌.
തന്റെ വീട്ടിലേക്ക്‌ തിരിയുന്ന തെരിവുകവല... തന്നെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ വന്നു നിൽക്കുന്ന ഒരു ആട്ടോ...


അതിലിരുന്ന്‌ ഇറങ്ങുന്ന കമ്പനി സഹജീവി ശ്രീനിവാസൻ...
ഈ തെരുവിലേക്കു തിരിയുന്ന ഭാഗത്തുള്ള വീട്ടിൽ അവന്റെ ബന്ധുവായ്‌ ഒരു അമ്മൂമ്മ. 70വയസ്സായിക്കാണും, താമസിക്കുന്നുണ്ടെന്ന്‌ കാര്യം അറിയാം. അവരെ കാണാൻ അവൻ കൂടെ കൂടെ ഇവിടെ വരാറുണ്ട്‌.
ഇന്ന്‌ കമ്പനിയിൽ നടന്ന നാടകമൊക്കെ കണ്ടു. എന്റെ മാമന്റെ ഗതി നാളെ വരദനും വരാതിരുന്നാൽ മതിയായിരുന്നു...
ചോദ്യചിഹ്നമായ്‌ അവനെ നോക്കി. അവൻ തലതിരിച്ച്‌ വീട്ടിലേക്ക്‌ നോക്കിയപ്പോൾ, അവിടെ കാണുന്ന അവന്റെ മാമിയുടെ തല...


ഉച്ചകുറച്ച്‌ അവൻ പറഞ്ഞു: ജോലിയിലിരുന്ന പെൻഷൻ പറ്റി പിരിയാൻ ഈ മാമിക്കിനിയും മൂന്നു കൊല്ലമേ ഉള്ളൂ. മാമൻ അടുത്ത കൊല്ലം റിട്ടയർ ആകും. തടിയന്മാരായി രണ്ടു പുത്രന്മാർ, ഒരു മോൾ ഒന്നിനും കുറവില്ല... ഈ വയസ്സിലും മാമനും മാമിയ്ക്കും ഇടയിൽ എപ്പോഴും വഴക്കാണ്‌. പൊരിഞ്ഞ വാക്കേറ്റം. ചിലപ്പോൾ കൈയ്യേറ്റത്തിൽ കലാശിക്കുന്ന ഘട്ടങ്ങളുമുണ്ട്‌. രണ്ടാഴ്ച മുമ്പേ, അങ്ങനെയാണു സംഭവിച്ചതു. ചുമ്മാ പറയരുതല്ലോ, മാമിയ്ക്കാണെങ്കിൽ ആയിരം നാക്കാണ്‌, നല്ല മുനയുള്ളവ... മാമനെയും അങ്ങേരുടെ പോയതലമുറ ആളുകളെയെല്ലാം ഒറ്റയ്ക്കു നിന്ന്‌ നാക്കുകൊണ്ട്‌ വറുത്തെടുത്തിട്ട്‌ , ഇനി ഈ ജന്മത്തിലില്ല എന്നു പറഞ്ഞ്‌ ഇവിടെ അവരുടെ അമ്മ വീട്ടിൽ വന്നു കളഞ്ഞു. ഇത്രദിവസമായി മാമൻ ക്ഷമിച്ചു നോക്കി. മാമി അനങ്ങിയില്ല. ഇന്ന്‌ അതിരാവിലെ മാമൻ എന്റെ മുറിയിൽ വന്ന്‌ കരഞ്ഞു പറഞ്ഞു. 'എടാ ശ്രീനി. അവളുടെ കാലു വേണമെങ്കിലും പിടിക്കാം, പോകൂ... പോയി അവളെ എങ്ങനെയെങ്കിലും വിളിച്ചിട്ട്‌ വരൂ...ഇനി ഒരു നിമിഷം പോലും അവളില്ലാതെ എനിക്ക്‌ ജീവിക്കാൻ വയ്യാ...തീരെ സഹിക്കാൻ വയ്യാതെയാണ്‌ ഞാൻ ഇപ്പോൾ ദൂതുവന്നിരിക്കുന്നത്‌. ശരി...ശരി...മാമിയുടെ അടുക്കൽ പോകുകയാണ്‌. എനിക്ക്‌ എന്തു സംഭവിക്കാൻ പോകുന്നോ...! ഏതായാലും താൻ എനിക്കു വേണ്ടി ഒന്നു പ്രാർത്ഥിച്ചിട്ട്‌ പോകൂ...
ശ്രീനി പോയി.
വീട്ടിലേക്ക്‌ നടന്നുകൊണ്ടിരുന്ന തന്റെ ഉള്ളിൽ ഇപ്പോൾ വരദന്റെ സ്ഥാനത്ത്‌ ഈ ശ്രീനിയുടെ മാമൻ.