Friday 14 October 2011

അവനവന്റെ മുഖം

 

 

രഘുനാഥ് പാലേരി


മുന്നിൽ കാണുന്നവരുടെ മുഖം കാണുന്നതുപോലെ
കാണാൻ സാധിക്കാത്തതുകൊണ്ടാവും അവരെക്കാൾ ഉയരത്തിലാണ് താനെന്ന മിഥ്യാ ബോധത്തിലേക്ക് മനുഷ്യർ അറിയാതെ വഴുതിപ്പോകുന്നത്. അതുകൊണ്ടുതന്നെ, സ്തുതിക്കാൻ ഏറ്റവും ഉചിതം ഒരാളുടെ ‘മുഖകമലം‘ തന്നെ. എന്താണോ ഒരാളിൽ ‘പൂമുഖംപോലെ’ മുന്നിട്ടു നിൽക്കുന്നത് അതു തന്നെ ആ വ്യക്തിയുടെ മുഖവും. അത് ശരീരമാവാം, കാഴ്ച്ചയാവാം, കഴിവാവാം, സമ്പത്താവാം, ജ്ഞാനമാവാം…..

സ്തുതി വചനങ്ങളാൽ ധന്യരാണ് പലരും. കാര്യം നേടിയെടുക്കാനുള്ള വിഭ്രാന്തിയിൽ അവരിൽ ചിലർ മഹാകവികളെപ്പോലും അമ്പരപ്പിക്കും. ആഗ്രഹിച്ചത് നേടിക്കഴിഞ്ഞാൽ അടുത്ത മാത്രയിൽ ആ വാ‍ക്കുകളെല്ലാം നിന്ദാസങ്കീർത്തനങ്ങളും ആകും. സത്യത്തിൽ അതൊരു ഭീകരാവസ്ഥയാണ്. കാലാകാലങ്ങളായി യാതൊരു മാറ്റവുമില്ലാതെ അത് തുടരുന്നു. ഒന്നു താങ്ങി ഇത്തിരി ഉയർത്തിക്കൊടുത്താൽ ചിലർ തലകൊണ്ട് സുര്യനെ തട്ടും. എന്നിട്ട് സൂര്യനെക്കാൾ പ്രഭയേറിയവനായി നിലം തൊടാതെ “മങ്ങി” നിൽക്കും. വിണ്ടും ഏന്തിവലിഞ്ഞ് ഒന്നുകൂടി ഉയർത്തിക്കൊടുത്താൽ, ആ സുര്യനെ അവർ കാൽക്കിഴിലേക്കിട്ട് പന്തു തട്ടും. ഇതുപോലെ എത്ര സുര്യന്മരെ കണ്ടു ഹേ… എന്ന് സ്വയം നെറ്റിപ്പട്ടം കെട്ടി കൊമാളിയായി നിൽക്കും.
ഒടുക്കം, ഉയർത്തുന്ന താങ്ങ് അയഞ്ഞയഞ്ഞ് അറിയാതെ ഭൂമി തൊടുമ്പോൾ ശരിയായ സൂര്യനെ കണ്ട് അമ്പരന്ന് മരവിക്കും… സത്യത്തിൽ ഈ ഭൂമിയിലെ ജീവജാലങ്ങളിൽ ഏറ്റവും വലിയ വിഡ്ഡി മനുഷ്യനാണോ.. അറിയില്ല. മറ്റുള്ളവർ പരസ്പരം പറയുന്നത് കേട്ടു നോക്കണം.
ഒരു കുറുക്കനും ഒരു കാക്കയേയും ഇന്നുവരെ ഭൂമിയിൽ സ്തുതി പറഞ്ഞു പറ്റിച്ചിട്ടുണ്ടാവില്ല.. എല്ലാം അതു പറയുന്ന മനുഷ്യന്റെ മനസ്സിലിരുപ്പ്….