Friday 14 October 2011

ആകാശയാത്ര


ബി.ജോസ്കുട്ടി
സത്യം, സ്നേഹം, നീതി എന്നിവയ്ക്കുവേണ്ടി ഈ പ്രസ്ഥാനം നിലകൊള്ളണമെന്നും, ഇവ മൂന്നും അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്നുമുള്ള നിർദ്ദേശം നൽകിയാണ്‌ ഞങ്ങളുടെ നാട്ടിലെ പ്രമുഖ ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ ശ്രീ. കിടങ്ങാട്ട്‌ കൃഷ്ണൻ നമ്പ്യാർ എന്ന കെ. കെ. നമ്പ്യാർ ഞങ്ങളുടെ സംഘടനയ്ക്കുവേണ്ടി പത്തുസെന്റ്‌ സ്ഥലം എഴുതിത്തന്നത്‌. തന്റെ എഴുപത്തിയഞ്ചാമത്തെ വയസ്സിലും ഒരു യുവാവിന്റെ പ്രസരിപ്പോടെ അദ്ദേഹം സംഘടനയുടെ യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾക്ക്‌ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ്‌ സംഘടനയ്ക്ക്‌ 'ട്രിനിറ്റി' എന്ന പേരു നൽകിയത്‌. സത്യവും സ്നേഹവും നീതിയും സംഗമിക്കുന്ന ഒരു ത്രിത്വശക്തിയാണ്‌, അതിന്റെ മാഹാത്മ്യമാണ്‌ ഈ പ്രസ്ഥാനത്തെ നയിക്കേണ്ടതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നമ്പ്യാരുടെ നിര്യാണത്തോടെയാണ്‌ ഞങ്ങൾ മനസ്സിലാക്കിയത്‌, സംഘടനയ്ക്ക്‌ സ്ഥലം നൽകിയത്‌ അദ്ദേഹത്തിന്റെ മക്കൾക്കാർക്കും അത്ര രസിച്ചിരുന്നില്ല എന്ന കാര്യം.


മാത്രമല്ല മക്കൾക്ക്‌ ആ ഒറ്റക്കാരണം കൊണ്ടുതന്നെ കെ. കെ. നമ്പ്യാർ എന്ന അവരുടെ പിതാവിനോട്‌ കടുത്ത വിദ്വേഷവുമുണ്ടായിരുന്നു. ആകെയുള്ള മൂന്നാൺമക്കൾക്ക്‌ തന്റെ കനത്ത സമ്പാദ്യം ഭാഗിച്ചുനൽകിയിട്ടും അവരുടെ കോപതാപങ്ങൾക്ക്‌ ശമനമുണ്ടായില്ല. അതുകൊണ്ടായിരുന്നിരിക്കാം തന്റെ അവസാന കാലങ്ങളിൽ വരെ ട്രിനിറ്റി ക്ലബ്ബുമായി  അദ്ദേഹം സഹകരിച്ചും സഹവസിച്ചും പോന്നത്‌. ചില ദിവസങ്ങളിൽ ക്ലബ്ബിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരുന്നു നമ്പ്യാരുടെ അന്തിയുറക്കം. പിതാവിനോടുള്ള രോഷം ഏറെ കടുപ്പമുള്ളതാണെന്ന്‌ ഞങ്ങൾ മനസ്സിലാക്കിയത്‌ അദ്ദേഹം മരിച്ചതിനുശേഷമായിരുന്നു. നമ്പ്യാരുടെ സപിണ്ഡി അടിയന്തിരത്തിന്റെ ക്ഷണക്കത്ത്‌ ട്രിനിറ്റി ക്ലബ്ബിന്‌ കിട്ടുന്നതിനുമുമ്പേ ലഭിച്ചതു ഇളയമകൻ വേണുനമ്പ്യാരുടെ അഡ്വക്കേറ്റ്‌ അയച്ച വക്കീൽ നോട്ടീസായിരുന്നു. പക്ഷേ നിയമയുദ്ധത്തിൽ ഞങ്ങൾ ജയിക്കുക തന്നെ ചെയ്തു. അതുകൊണ്ടുതന്നെ നമ്പ്യാരുടെ മക്കൾക്ക്‌ ട്രിനിറ്റി ക്ലബ്ബിനോടും അതിന്റെ പ്രവർത്തകരായ ഞങ്ങളോടും രോഷവും വാശിയും വർദ്ധിച്ചതേയുള്ളൂ. കെ. കെ. നമ്പ്യാരുടെ ഛായാചിത്രത്തിന്റെ അനാഛാദനവേളയിൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ആരുമെത്തിയതുമില്ല. പക്ഷേ ഞങ്ങളെ ആശീർവദിക്കുന്ന മട്ടിലുള്ള നമ്പ്യാരുടെ ചിരിക്കുന്ന ഛായാപടം ഞങ്ങളെ ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.
ഫുട്ബോൾ ടൂർണ്ണമന്റ, ഏകദിന ക്രിക്കറ്റ്‌ മത്സരം, പി.എസ്‌.സി. കോച്ചിംഗ്‌ ക്ലാസ്സുകൾ സിനിമാറ്റിക്‌ ഡാൻസ്‌ മത്സരങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്ന ഞങ്ങളുടെ സംഘടനയുടെ വാർഷിക യോഗത്തിലാണ്‌ പുതിയൊരാശയം ക്ലബ്ബിന്റെ രക്ഷാധികാരിയും എൽ.പി. സ്കൂളിലെ ഹെഡ്മാസ്റ്ററുമായ വിജയകൃഷ്ണൻമാഷ്‌ മുന്നോട്ടുവച്ചതു.
"നമ്പ്യാർ സാറിന്റെ ഓർമ്മയ്ക്ക്‌ വൃദ്ധജനങ്ങൾക്കായി എന്തെങ്കിലും ചെയ്യണം. അവർക്കുവേണ്ടി ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ കഴിയണം. അവരുടെ ജീവിത സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ നമ്മുക്കെന്തെങ്കിലും പരിപാടി ആസൂത്രണം ചെയ്യണം."
മീറ്റിംഗിലുണ്ടായിരുന്ന ചിലരെങ്കിലും അതിനെ എതിർത്തെങ്കിലും ഭൂരിപക്ഷത്തിന്റെ ഏകസ്വരത്തിൽ അവർ നിശബ്ദരായി. ട്രിനിറ്റി ക്ലബ്ബിന്റെ പ്രവർത്തന പരിധിയിലുള്ള വീടുകളിലെ വൃദ്ധജനങ്ങളുടെ എണ്ണമെടുക്കുകയായിരുന്നു ഞങ്ങളുടെ ആദ്യത്തെ പ്രവർത്തനം. പ്രാഥമികാന്വേഷണത്തിൽ തന്നെ നാൽപതുപേരുടെ ലിസ്റ്റെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ പതിനഞ്ചുപേരെകൂടി കണ്ടെത്തി. അങ്ങനെ അമ്പത്തിയഞ്ചുപേർ. അവരിൽ പാതിയോളം ട്രിനിറ്റി ക്ലബ്ബിന്റെ പ്രവർത്തകരുടെ അച്ഛനമ്മമാർ തന്നെയായിരുന്നു. എല്ലാവരും അറുപതു കഴിഞ്ഞവർ, വാർദ്ധക്യത്തിന്റെ അവശതകളും അസ്വസ്ഥതകളും താങ്ങുവടികളായുള്ളവർ.
ഒരു ഒക്ടോബർ ഒന്നിനായിരുന്നു ട്രിനിറ്റി ക്ലബ്ബിന്റെ ആദ്യ വയോജന സംഗമത്തിന്റെ ഉദ്ഘാടനം. അന്നാണല്ലോ ലോക വയോജനദിനവും. വാർദ്ധക്യത്തിലെത്തിയ ഒരു മുൻമന്ത്രിയായിരുന്നു ഉദ്ഘാടകൻ. ഇങ്ങനെയൊരു പരിപാടി ഒരുക്കിയ ഞങ്ങളെ പ്രസംഗത്തിൽ ധാരാളം പുകഴ്ത്തിയിട്ടാണ്‌ അദ്ദേഹം മടങ്ങിയത്‌. പരിപാടിയുടെ ഭാഗമായി എല്ലാവർക്കും സൗജന്യ ആരോഗ്യപരിശോധനയും, മരുന്നുവിതരണവും നടത്തി. എല്ലാവർക്കും ഓരോ തരത്തിലുള്ള അസുഖങ്ങളുണ്ടായിരുന്നു. ബ്ലഡ്‌ പ്ലഷർ, ഡയബറ്റിക്‌, ഹാർട്ട്‌ കംപ്ലയിന്റ്‌, ആസ്ത്മ, വാതം എന്നിങ്ങനെ ഏതെങ്കിലുമൊന്ന്‌.


"ഓരോ മാസത്തിലെ സംഗമത്തിലും പുതിയൊരു അനുഭവം അവർക്കു നൽകാൻ കഴിയണം. അതിന്‌ നമുക്കെന്തൊക്കെ ചെയ്യാൻ കഴിയണമെന്ന്‌ ആലോചിക്കണം."
ആദ്യത്തെ സംഗമപരിപാടിക്കുശേഷം ഞങ്ങളങ്ങനെയൊരു തീരുമാനമെടുത്തു. അതനുസരിച്ചാണ്‌ അടുത്ത നവംബർ ഒന്നിന്‌ അവരെ ബീച്ചിൽ കൊണ്ടുപോകാൻ തീരുമാനിച്ചതു. ആ ദിവസം ഉച്ചകഴിഞ്ഞ്‌ ഞങ്ങളുടെ റൂട്ടിലോടുന്ന ഒരു സ്വകാര്യബസ്സ്‌ വാടകയ്ക്കെടുത്ത്‌ അമ്പത്തിയഞ്ചുപേരുമായി ബീച്ചിലെത്തി. അവിടെ എത്തിയ ഉടനെ ഓരോരുത്തരും പ്രായവും അവശതകളും മറന്ന്‌ കപ്പലണ്ടിയും കൊറിച്ച്‌ തിരമാലകളുമായി ഉല്ലസിക്കുന്ന കാഴ്ചകൾ കണ്ട്‌ ഞങ്ങൾ സംതൃപ്തരായി.
'ഇത്‌ കണ്ടില്ലേ. എത്ര ആനന്ദത്തോടെയാണവർ ഇത്‌ സെലിബ്രേറ്റ്‌ ചെയ്യുന്നത്‌.'
ക്ലബ്ബ്‌ സെക്രട്ടറി ശശികുമാർ നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളോടു പറഞ്ഞു.
'ഇതൊക്കെയാണ്‌ നമ്മൾ ലക്ഷ്യമാക്കുന്നത്‌. അവരുടെ മന:സന്തോഷം, ജീവിതത്തോടുള്ള സ്നേഹം'
വിജയകൃഷ്ണൻ മാഷ്‌ സംതൃപ്തിയോടെ പറഞ്ഞു.


അവരിൽ പലരും വർഷങ്ങൾക്കുശേഷമാണ്‌ കടപ്പുറത്ത്‌ വരുന്നതുതന്നെ. ചിലർ തങ്ങളുടെ മധുവിധുകാലത്ത്‌ വന്നിട്ട്‌ പിന്നീടിതുവരെ പോയിട്ടില്ലത്രേ. ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ, പ്രശ്നങ്ങൾ അങ്ങനെ എത്രയെത്ര കാരണങ്ങൾ. അസ്തമയത്തിനുശേഷമാണ്‌ എല്ലാവരും മടങ്ങിയെത്തിയത്‌. ഓരോരുത്തരേയും സുരക്ഷിതരായി വീട്ടിലെത്തിച്ച്‌, ക്ലബ്ബിൽ മടങ്ങിയെത്തി സെക്രട്ടറി കണക്കവതരിപ്പിച്ചു. ആകെ ചിലവ്‌ ആറായിരം രൂപ. നാലായിരം രൂപ ബസ്സിന്‌, പിന്നെ ചായയും മറ്റ്‌ ചില്ലറ ചെലവുകളും വലിയ സമ്പാദ്യമൊന്നും ക്ലബ്ബിനില്ലായിരുന്നു. എങ്കിലും ക്ലബ്ബിന്റെ കുറച്ചുപണവും ഞങ്ങളുടെ ചില പോക്കറ്റുകളിൽനിന്നെടുത്തും ആ തുക കണ്ടെത്തി. ഇനി ഇത്തരം ചിലവേറിയ പരിപാടികൾക്ക്‌ സ്പോൺസറെ കണ്ടെത്തണമെന്നും ഞങ്ങൾ ഒരേസ്വരത്തിൽ തീരുമാനമെടുത്തു.


കൊച്ചിയിലേയ്ക്കുള്ള ഒരു യാത്രയായിരുന്നു അടുത്ത പരിപാടി. ഇതുവരെ കൊച്ചി നഗരം കണ്ടിട്ടില്ലാത്ത പകുതി പേരെങ്കിലും ഉണ്ടായിരുന്നു. മട്ടാഞ്ചേരിയിലും, ജൂതത്തെരുവിലും, കൊച്ചിതുറമുഖത്തും, മറൈൻ ഡ്രൈവിലും, സുഭാഷ്‌ പാർക്കിലും ഞങ്ങളവരെ കൊണ്ടുപോയി. എല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു. ക്ലബ്ബിന്റെ പരിസരത്തുതന്നെയുള്ള ഫൈനാൻസ്‌ സ്ഥാപനം നടത്തുന്ന ഒരു ബാങ്കർ ആയിരുന്നു കൊച്ചി പ്രോഗ്രാമിന്റെ സ്പോൺസർ. ഒരാവശ്യം അയാൾ നിർദ്ദേശിച്ചിരുന്നു. തന്റെ പ്രായമായ അച്ഛനേയും അമ്മയേയും ഉൾപ്പെടുത്തണമെന്ന്‌. ഞങ്ങൾക്കതിന്‌ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.



മറ്റൊരു പരിപാടി ആലപ്പുഴയിലെ കുട്ടനാടൻ ജലാശയങ്ങളിലൂടെയുള്ള യാത്രയായിരുന്നു. ഒരു ഹൗസ്ബോട്ട്‌ വാടകയ്ക്കെടുത്ത്‌ അതിലായിരുന്നു സഞ്ചാരം. ചില സിനിമകളിൽ മാത്രമേ ഈ ആഢംബര ജലനൗകകൾ ഞങ്ങൾ കണ്ടിരുന്നുള്ളൂ. ഏകദേശം ഇരുപതിനായിരം രൂപ ചെലവ്‌ വന്ന ആ പരിപാടിക്കും ഞങ്ങൾക്കൊരു പ്രായോജകനെ കിട്ടി. ഒരു സ്വർണ്ണക്കട മുതലാളി. അയാൾക്കും ഒരു ഡിമാന്റ്‌ ഉണ്ടായിരുന്നു. വീട്ടിലെ വൃദ്ധജനങ്ങളേക്കൂടി ഉൾപ്പെടുത്തണമെന്ന്‌. ഞങ്ങനെ ചില മാസങ്ങൾ പിന്നിട്ടു. മാസംതോറും വൈവിധ്യമുള്ള യാത്രാപരിപാടികളാണ്‌ ഞങ്ങളവർക്കു വേണ്ടി ഒരുക്കിയത്‌. തീർത്ഥാടന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്ക്‌, മൂന്നാർ, കന്യാകുമാരി എന്നിവിടങ്ങളിലേയ്ക്കുള്ള സന്ദർശനയാത്രകൾ. എല്ലാം അവരെ സംതൃപ്തരാക്കി.
ഇടയ്ക്ക്‌ നടന്ന വൈദ്യപരിശോധനയിൽ അവരിൽ ഒട്ടുമിക്കവരുടേയും ആരോഗ്യനില മെച്ചപ്പെട്ടു. ബി.പി. ഉള്ളവർക്ക്‌ അത്‌ നോർമ്മലായി, വാതരോഗങ്ങൾ മാറി, ആസ്ത്മ ഭേദപ്പെട്ടു.


ജീവിതത്തോടുള്ള ആസക്തി ഉണ്ടായി. മനസ്സിന്റെ സന്തോഷവും സുഖവുമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ മെഡിക്കൽ ക്യാമ്പിലെത്തിയ ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഇതിനിടയിലാണ്‌ ഞങ്ങളുടെ ട്രിനിറ്റി ക്ലബ്ബിനേത്തേടി നഗരത്തിലെ സമ്പന്നരുടെ ക്ലബ്ബായ ടൈഗേഴ്സ്‌ ക്ലബ്ബിന്റെ പുരസ്ക്കാരം വന്നെത്തിയത്‌. വൃദ്ധജനങ്ങളെ സ്നേഹിക്കുകയും സേവിക്കുകയും അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചതിനുമാണ്‌ ടൈഗേഴ്സ്‌ ക്ലബ്ബ്‌ ഇങ്ങനൊരു പുരസ്ക്കാരം ഏർപ്പെടുത്തിയത്‌.  ടൈഗേഴ്സ്‌ ക്ലബ്ബിന്റെ ആസ്ഥാനമന്ദിരത്തിൽ വച്ച്‌ നടന്ന ചടങ്ങിൽ ക്ലബ്ബ്‌ പ്രസിഡന്റ്‌ സൂര്യനാരായണമൂർത്തിയാണ്‌ ഞങ്ങൾക്ക്‌ പുരസ്കാരം നൽകിയത്‌. നാൽപതു വയസ്സോളം വരുന്ന സുമുഖനായ സൂര്യനാരായണമൂർത്തി പുരസ്ക്കാരം നൽകുന്നതിന്‌ മുമ്പ്‌, വൃദ്ധജനങ്ങളെപ്പറ്റിയും, അവരെ സംരക്ഷിക്കേണ്ടത്‌ യുവാക്കളുടെ കടമയാണെന്നും അതിനുവേണ്ടി മാറ്റിവെയ്ക്കുന്ന സമയം പാഴല്ലെന്നും, വൃദ്ധജനങ്ങൾ നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ കണ്ണികളാണെന്നും വിശദീകരിച്ചുപറഞ്ഞു.

മറ്റു പ്രമുഖരുടെ ആശംസാപ്രസംഗത്തിനുശേഷം ഞങ്ങളുടെ നന്ദി പ്രസംഗമായിരുന്നു. അതിനായി സെക്രട്ടറി ശശികുമാർ വേദിയിലെത്തി. കെ. കെ. നമ്പ്യാരിൽ തുടങ്ങിയ പ്രസംഗം വൃദ്ധജനക്ഷേമപ്രവർത്തനങ്ങളെക്കു
റിച്ചും അവർക്ക്‌ നൽകിയ യാത്രാനുഭവങ്ങളെക്കുറിച്ചും ശശികുമാർ വിവരിച്ചു. ഒടുവിൽ ഞങ്ങളുടെ പ്രിയപ്പെട്ട വന്ദ്യവയോധികരുടെ ആ സുപ്രധാന ആഗ്രഹത്തെക്കുറിച്ചും....
സാധാരണയായി എല്ലാ യാത്രാപരിപാടികളും തീരുമാനിക്കുന്നത്‌ ഞങ്ങളുടെ എക്സിക്യൂട്ടീവ്‌ മീറ്റിങ്ങുകളിലാണ്‌. അതനുസരിച്ചാണ്‌ ഞങ്ങൾ അവർക്കുവേണ്ടി ഓരോ യാത്രാപരിപാടിയും ഒരുക്കുന്നത്‌. തികച്ചും അപ്രതീക്ഷിതമായാണ്‌ ബീഡിതെറുപ്പുകാരനായിരുന്ന ഗോവിന്ദേട്ടൻ ഞങ്ങളുടെ മുന്നിൽ ഒരു നിർദ്ദേശം വെച്ചതു.
'വിമാനത്തീ കേറണമെന്നൊരാശ, നടക്കുമോടാ മക്കളേ.....?'
പാർക്കിൻസൺ സിൻട്രോം എന്ന വിറയൽ രോഗം ബാധിച്ചിരുന്ന ഗോവിന്ദേട്ടൻ അത്‌ പറയുമ്പോൾ ഞങ്ങൾ ചിരിച്ചതേയുള്ളൂ.


'എന്റെ ഗോവിന്ദേട്ടാ അതൊന്നും നടപ്പുള്ള കാര്യമല്ല.' എന്ന്‌ ഞങ്ങൾ മനസ്സിൽമാത്രമേ പറഞ്ഞുള്ളൂ.
'നിങ്ങളെന്നാ പേർഷ്യായ്ക്ക്‌ പോണമെന്നാണോ പറഞ്ഞേ...... പൂതി കൊള്ളാം'
ഇങ്ങനെ എഴുപതുകാരി നാണിക്കുട്ടിയമ്മയും അറുപത്തിയഞ്ചുകാരൻ കുര്യച്ചനും ഗോവിന്ദേട്ടനെ കളിയാക്കി പറഞ്ഞെങ്കിലും അവരുടെ കണ്ണുകളിലും അങ്ങനെയൊരു മോഹം മുളയെടുക്കുന്നതായി ഞങ്ങൾ കണ്ടു. ക്രമേണ ആ അമ്പത്തിയഞ്ചുപേരിലും അങ്ങനെയൊരു അതിമോഹം ആകാശത്തോളം ഉയരുന്നത്‌ ഞങ്ങളറിഞ്ഞു. പക്ഷേ പിന്നീടാരും അങ്ങനെയൊരു ആഗ്രഹത്തെപ്പറ്റി പറഞ്ഞില്ല. ഞങ്ങളിൽ ചിലരിൽ അത്‌ ഒരു കാർമേഘമായി വളരാൻ തുടങ്ങിയിരുന്നു. ഒരു കാരണവശാലും ചിലവിന്റെ ആധിക്യം കൊണ്ട്‌ അത്‌ സാക്ഷാത്കരിക്കാത്ത ഒരു സ്വപ്നമായി ഞങ്ങൾ അവഗണിച്ചതാണ്‌.
നന്ദി പ്രസംഗത്തിൽ അവരുടെ ഈയൊരാഗ്രഹം ശശികുമാർ അവതരിപ്പിച്ചു. ഒരു വിമാനയാത്ര, അവരുടെ ജീവിതത്തിൽ ഇനിയൊരിക്കലും സാധ്യതയില്ലാത്ത ഒരു ആകാശയാത്ര. അതവരുടെ സ്വപ്നമായി അവശേഷിക്കുകയാണെന്നുള്ള ശശികുമാറിന്റെ പ്രസംഗം വേദിയിലുള്ളവരും മുൻനിരയിലുള്ളവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.


അവാർഡ്‌ വിതരണസമ്മേളനത്തിനൊടുവിൽ ഒരുക്കിയ ചായസൽക്കാരത്തിനിടയിലാണ്‌ ടൈഗേഴ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ സൂര്യനാരായണ മൂർത്തിയും സെക്രട്ടറി അലക്സ്‌ നൈനാനും ഞങ്ങളുടെ അടുത്തെത്തിയത്‌. അവർ സെക്രട്ടറി ശശികുമാറിനോടുപറഞ്ഞു.
"മിസ്റ്റർ ശശികുമാർ നിങ്ങളേറ്റവും വേണ്ടപ്പെട്ടവരുമായി കമിംഗ്‌ സൺഡേ ഈവനിംഗിൽ ക്ലബ്ബിൽ വരിക. ഒരു കാര്യമുണ്ട്‌"
"ഓ. കെ. സാർ, ഞങ്ങൾ തീർച്ചയായും എത്താം."
ആഘോഷങ്ങളുടെയും പാനോപചാരങ്ങളുടെയും ഒടുവിൽ ടൈഗേഴ്സ്‌ ക്ലബ്ബ്‌ ഏർപ്പാടുചെയ്ത വണ്ടിയിൽ ഞങ്ങൾ തിരിച്ചെത്തി. 'വരുന്ന ഞായർ' ഒരു പ്രലോഭനമായി ഞങ്ങളെ കാത്തുനിന്നു. ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെ ഞങ്ങൾ ടൈഗേഴ്സ്‌ ക്ലബ്ബിലെത്തി. ശീതീകരിച്ച ബാർ ഹാളിനുമുമ്പിൽ കാവൽ നിന്ന സെക്യൂരിറ്റിയോട്‌ ആഗമനോദ്ദേശം അറിയിച്ചു. അയാൾ ഞങ്ങളെ അകത്തോട്ടു കടത്തിവിട്ടു. ആദരപൂർവ്വമാണ്‌ അവർ ഞങ്ങളെ സ്വീകരിച്ചതു. വിശാലമായ ഡൈനിംഗ്‌ ടേബിളിനുമുമ്പിൽ ഞങ്ങളെ ഇരുത്തി. ഒപ്പം ക്ലബ്ബിന്റെ ഭാരവാഹികളുമിരുന്നു. ഓരോരുത്തരേയും സൂര്യനാരായണമൂർത്തി പരിചയപ്പെടുത്തി. ഒരു ജോൺ ഉലഹന്നാൻ, രവിപ്രസാദ്‌, ടി. കെ. ആർ. മേനോൻ, മുഹമ്മദ്‌ ഹാരിസ്‌, രാജ്മോഹൻ തമ്പി, അലി മുഹമ്മദ്‌, അലക്സ്‌ നൈനാൻ, വേണു നമ്പ്യാർ.... ഞങ്ങൾ അതിശയിച്ചുപോയി ഞങ്ങളെ ഒന്നാംനമ്പർ ശത്രുക്കളാക്കിയിട്ടുള്ള വേണു നമ്പ്യാർ, കെ. കെ. നമ്പ്യാരുടെ ഇളയമകൻ ! എല്ലാവരും ഞങ്ങളുടെ ക്ലബ്ബിന്റെ പ്രവർത്തനത്തെപ്പറ്റി സംസാരിച്ചു.


ഞങ്ങൾക്കഭിമാനം തോന്നി. അവരെല്ലാം എത്രയോ ഉന്നതർ. സമൂഹത്തിന്റെ മേലേതട്ടിൽ വിരാജിക്കുന്നവർ, ഞങ്ങൾ എത്രയോ താഴെയുള്ളവർ. സംസാരിക്കുന്നതിനിടയിൽ വിലയേറിയ വിഭവങ്ങൾ യൂണിഫോം അണിഞ്ഞ പരിചാരകർ ടേബിളിൽ നിരത്തുന്നുണ്ടായിരുന്നു. സൽക്കാരത്തിനുമുമ്പായി മൂർത്തി പറയാൻ തുടങ്ങി.
"ഡിയർ ട്രിനിറ്റി ഫ്രണ്ട്സ്‌......
ഇവിടെ കൂടിയിരിക്കുന്ന ടൈഗേഴ്സ്‌ ക്ലബ്ബിന്റെ എല്ലാ മാന്യ മെമ്പേഴ്സിന്റെയും അനുവാദത്തോടെ നിങ്ങളെ ആ ഗ്ലാഡ്‌ ന്യൂസ്‌ അറിയിക്കട്ടെ. ട്രിനിറ്റി ക്ലബ്ബിന്റെ വൃദ്ധജനങ്ങളോടുള്ള സ്നേഹസേവനങ്ങൾ ആഴത്തിൽ മനസ്സിലാക്കിയ ഞങ്ങൾ അവരുടെയും അവർ സ്നേഹിക്കുന്ന സീനിയർ സിറ്റീസൺസിന്റേയും സ്വപ്നം സാക്ഷാത്കരിക്കാൻ തീരുമാനിച്ചിരിക്കുന്നു. അവരുടെ വിമാനയാത്ര സ്പോൺസർ ചെയ്യാൻ ടൈഗേഴ്സ്‌ ക്ലബ്ബ്‌ തീരുമാനിച്ചിരിക്കുന്നു.

അവിശ്വസനീയതയോടെയാണ്‌ ഞങ്ങളാവാർത്ത ശ്രവിച്ചതു. മൂർത്തി വിശദീകരിക്കാൻ തുടങ്ങി.
"ആകെ മൂന്നുലക്ഷം രൂപയാണ്‌ നമ്മുടെ ഈ ഫ്ലൈയിംഗ്‌ ട്രിപ്പിന്‌ ചെലവാകുന്നത്‌."
ഞങ്ങളുടെ കണ്ണുതള്ളിപ്പോയി. അഞ്ചുലക്ഷം രൂപ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വൻതുക തന്നെയാണ്‌. ഇതിന്റെ ഒരു ഭാഗം ഞങ്ങളെടുക്കണമെന്നെങ്ങാനും ആവശ്യപ്പെട്ടാൽ....
എന്നാൽ ഞങ്ങളുടെ മനസ്സ്‌ വായിച്ചിട്ടെന്നപോലെ ജോൺ ഉലഹന്നാൻ പറഞ്ഞു.
"നിങ്ങൾ ഒരു രൂപപോലും മുടക്കേണ്ടതില്ല. മുഴുവൻ എക്സ്പെൻസസും ടൈഗേഴ്സ്‌ ക്ലബ്ബ്‌ മീറ്റ്‌ ചെയ്യും വിത്ത്‌ എ ഡിമാന്റ്‌"
ഞങ്ങൾ പരസ്പരം നോക്കി.


"വെറേയൊന്നുമല്ല. ഞങ്ങളുടെ കുറച്ചുപേരെകൂടി ഈ യാത്രയിൽ ഉൾപ്പെടുത്തണം. എന്താ...."
ഞങ്ങൾക്ക്‌ നൂറുവട്ടം സമ്മതമായിരുന്നു. അവരുടെ പണം, അവരുടെ നിർദ്ദേശം ഞങ്ങൾക്കതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
"ഞങ്ങളുടെ ക്ലബ്ബിൽനിന്ന്‌ ഇരുപത്‌ പേരുകൂടി വരും, അവർ വേറെയാരുമല്ല. ഞങ്ങളുടെ ഫാദേഴ്സും മദേഴ്സുമൊക്കെ തന്നെ."
മൂന്നുലക്ഷം രൂപയുടെ വിശദമായ കണക്കും അവർ വിശദീകരിച്ചു.
'ഈ വരുന്ന ഒക്ടോബർ ഒന്നിന്‌ ട്രിനിറ്റി ക്ലബ്ബിന്റെ അമ്പത്തിയഞ്ചും, ടൈഗേഴ്സ്‌ ക്ലബ്ബിന്റെ ഇരുപതുപേരുമടങ്ങിയ എഴുപത്തിയഞ്ച്‌ നമ്പേഴ്സ്‌ ആണ്‌ ഈ യാത്രയ്ക്കൊരുങ്ങുന്നത്‌. പനാമ എയർവേയ്സിന്റെ ഒരു ഫ്ലൈറ്റാണ്‌ നമ്മൾ ചാർട്ടർ ചെയ്തിട്ടുള്ളത്‌. പേർ ഹെഡ്‌ ടുതൗസന്റാണ്‌ അവർ ഈടാക്കുന്നത്‌, വിത്ത്‌ സ്നാക്സ്‌ ആന്റ്‌ ബീവറേജസ്‌. രാവിലെ പത്തുമണിക്ക്‌ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന്‌ ഫ്ലൈറ്റ്‌ ടേക്കോഫ്‌ ചെയ്യും. കൃത്യം നാൽപതു മിനിട്ടുകഴിയുമ്പോൾ അവർ ട്രിവാൻഡ്രം പോർട്ടിൽ ലാന്റ്‌ ചെയ്യും. മുപ്പത്‌ മിനിട്ട്‌ ലോഞ്ചിലെ ഫോർമാലിറ്റീസ്‌.



പതിനൊന്നേകാലിന്‌ അവർ ഒരു ഏസീ ബസിൽ അവരെ പിക്‌ ചെയ്ത്‌ കോവളത്ത്‌ എത്തിക്കും. അവിടെ ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ ലഞ്ച്‌. പിന്നെ  അവിടുന്ന്‌ സൺസെറ്റുകഴിഞ്ഞ്‌ മടക്കയാത്ര. രാത്രി പത്തുമണിയോടെ അവർ മടങ്ങിയെത്തും. ഇതവർക്കൊരിക്കലും മറക്കാനാവാത്ത ട്രിപ്പ്‌ ആയിരിക്കും. നിങ്ങളൊന്നും അറിയേണ്ട. രാവിലെ എട്ടുമണിക്കു തന്നെ അവരെ തയ്യാറാക്കി നിർത്തുക. ഞങ്ങളുടെ പേരന്റ്സും ട്രിനിറ്റി ക്ലബ്ബിലെത്തും. പിന്നെ മറ്റൊരു പ്രധാന കാര്യം, ഫ്ലൈറ്റിൽ നമുക്കാർക്കും കൂടെ പോകാനാവില്ല."
"അയ്യോ സാർ അത്‌....."
സെക്രട്ടറി ശശികുമാർ ആശങ്ക പ്രകടിപ്പിച്ചു.
"ഡോണ്ഡ്‌ വറി അവർ നന്നായി കീയർ ചെയ്യും. നാല്‌ എയർ ഹോസ്റ്റസുമാരാണ്‌ അവർക്കുവേണ്ടി സർവ്വീസ്‌ ചെയ്യുന്നത്‌. പിന്നെ രണ്ട്‌ ഡോക്ടേഴ്സും"
സൂര്യനാരായണ മൂർത്തി ഞങ്ങളെ ആശ്വസിപ്പിച്ചു. ടൈഗേഴ്സ്‌ ക്ലബ്ബിൽ നിന്നിറങ്ങുമ്പോൾ ഞങ്ങൾ അസ്വസ്ഥതയിലായിരുന്നു. പലയാത്രകളിലും ഞങ്ങൾ കൂടെയുള്ളത്‌ അവർക്കിഷ്ടമായിരുന്നു. ഇനി ഇപ്പോൾ ഇവരെ ഒറ്റയ്ക്ക്‌........ ഒരു വിമാനയാത്ര ഞങ്ങളും കൊതിച്ചിരുന്നതാണ്‌. പക്ഷേ എന്തുചെയ്യാം ആശങ്കയും വിഷമവും പങ്കുവെയ്ക്കാൻ മാത്രമേ ഞങ്ങൾക്ക്‌ കഴിഞ്ഞുള്ളൂ.
അങ്ങനെ ഒക്ടോബർ ഒന്ന്‌ വന്നെത്തി. വിമാനയാത്രയ്ക്ക്‌ എല്ലാവരും ഫിറ്റാണെന്ന്‌ തലേന്ന്‌ ഞങ്ങളുടെ ക്ലബ്ബിലെത്തിയ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. എല്ലാവരും അത്യാഹ്ലാദത്തിലായിരുന്നു. ഞങ്ങളുടെ അസാന്നിദ്ധ്യമുണ്ടാകുമെന്ന്‌ പറഞ്ഞിട്ടും അവർക്കത്‌ വലിയ വിഷമമായി തോന്നിയില്ല. ഒരു ആകാശയാത്രയുടെ വരാനിരിക്കുന്ന അനുഭവങ്ങൾ പലരും ഇപ്പോഴേ ആസ്വദിക്കുന്നുണ്ടായിരുന്നു.


അമ്പത്തിയഞ്ചുപേരും രാവിലെ ആറുമണിയോടെ ക്ലബ്ബിലെത്തി അവരെ യാത്രയാക്കാൻ കുടുംബാംഗങ്ങൾ എല്ലാവരും എത്തിയിരുന്നു. ആറരയോടെ ഒരു ലക്ഷ്വറി ബസ്സിൽ ടൈഗേഴ്സ്‌ ക്ലബ്ബിലെ അംഗങ്ങളുടെ അച്ഛനമ്മമാരും എത്തി. അവരിൽ പലരും തങ്ങൾക്കിഷ്ടമില്ലാത്ത യാത്രയ്ക്ക്‌ ആരുടെയൊക്കെയോ നിർബന്ധപ്രകാരം പോകുന്നതുപോലെ തോന്നി. എല്ലാവർക്കും ഒരു ലഘു ചായ സൽക്കാരം ഞങ്ങളൊരുക്കിയിരുന്നു. ഞങ്ങൾക്കതിശയം തോന്നി വീൽച്ചെയറിൽ സഞ്ചരിക്കുന്നവരും, നടക്കാൻ പ്രയാസമുള്ളവരും, എന്തിന്‌ ചില കിടപ്പുരോഗികളും അതിലുണ്ടായിരുന്നു. ഞങ്ങളുടെ ആശ്ചര്യസമേതമുള്ള സംശയങ്ങൾക്ക്‌ ആരും വ്യക്തമായ ഉത്തരം നൽകിയില്ല.


"പതിനഞ്ചോളം രാജ്യങ്ങളിലായി നൂറുകണക്കിന്‌ വിമാനയാത്ര ചെയ്തിട്ടുള്ളവനാ ഞാൻ. എനിക്കെന്താ ഫ്ലൈറ്റിൽ കേറാൻ ഇത്രവല്യ മോഹമാണോ? പിന്നെ മകൻ നിർബന്ധിച്ചപ്പോൾ പോയേക്കാമെന്നു കരുതി.'
ടൈഗേഴ്സ്‌ ക്ലബ്ബിൽ നിന്നുവന്ന എഴുപതുവയസ്സുള്ള ഡിക്രൂസ്‌ ആരോടെന്നില്ലാതെ പറഞ്ഞു.
"ഒട്ടും വയ്യ ശരിക്ക്‌ നടക്കാൻപോലും, പിന്നെ നിങ്ങളെല്ലാവരും ഒരു യാത്രയ്ക്ക്‌ പോകുന്നുണ്ടെന്ന്‌ പറഞ്ഞപ്പോൾ.... പിന്നെ എന്റെ മരുമോളാ നിർബന്ധിച്ചുവിട്ടത്‌"
എഴുപതുവയസ്സുകാരിയായ ലക്ഷ്മീനായരും ഞങ്ങളുടെ ക്ലബ്ബിലെ നാണിക്കുട്ടിയമ്മയോട്‌ പറയുന്നുണ്ടായിരുന്നു.
"എത്രയോ യുദ്ധങ്ങളിൽ പങ്കെടുത്തവനാണ്‌ ഞാൻ എത്ര വാർ മൂവ്‌മന്റ്‌ കമാൻഡ്‌ ചെയ്തിരിക്കുന്നു. ശത്രുക്കളോട്‌ ഫെയ്സ്‌ ടു ഫെയ്സ്‌ ഫൈറ്റ്‌ ചെയ്തിരിക്കുന്നു..... പക്ഷേ പുതിയ കാലത്തിന്റെ യുദ്ധരീതികളേയും ഡൊമസ്റ്റിക്‌ എനിമീസിനേയും നേരിടാൻ വയ്യ"


കേണൽ ആർ. വി മേനോൻ ആരോടെന്നില്ലാതെ പിറുപിറുത്തുകൊണ്ടിരുന്നു. വിമാനത്തിൽ ഒപ്പം പോകാനാവില്ലെങ്കിലും ഞങ്ങൾ എയർപോർട്ടിൽ വരെ ബസ്സിൽ പോകാൻ തീരുമാനിച്ചു. എട്ടുമണിയോടെ രണ്ടു ബസ്സുകളിലായി ഞങ്ങൾ പുറപ്പെട്ടു. ഒമ്പതരയോടെ വിമാനത്താവളത്തിലെത്തി. എല്ലാവരും ഡിപ്പാർച്ചർ വിഭാഗത്തിലേയ്ക്ക്‌ കയറി. ചിലർ ഞങ്ങളെ കൈവീശി വിട ചോദിച്ചു. എല്ലാവരും അകത്തേയ്ക്ക്‌ കയറിയ ഉടനെ ഞങ്ങൾ വ്യൂവിംഗ്‌ ഗ്യാലറിയിൽ പ്രവേശന ടിക്കറ്റെടുത്തു കയറി. നാലഞ്ചു വിമാനങ്ങൾ പോകാൻ തയ്യാറെടുത്തു നിൽപ്പുണ്ടായിരുന്നു. ഇതിനിടയിൽ ഞങ്ങളതു കണ്ടു. പനാമ എയർലൈൻസിന്റെ ഫ്ലൈറ്റ്‌ നിൽക്കുന്നു, ഒരു കഴുകൻ ചിറകുവിരിച്ചു നിൽക്കുന്നതുപോലെ.


അതിനടുത്തേയ്ക്ക്‌ വരിവരിയായി ഞങ്ങളുടെ പ്രിയപ്പെട്ടവർ കയറുന്നു. ഗ്രൗണ്ട്‌ ജോലിക്കാർ ഓടിനടക്കുന്നു. സമയം പത്തുമണി. അവസാന യാത്രക്കാരനും കയറിയതോടെ. ഫ്ലൈറ്റിന്റെ വാതിലുകൾ അടഞ്ഞു. ചിറകുകളിലെ പങ്കായങ്ങൾ ഹുങ്കാരത്തോടെ കറങ്ങി തുടങ്ങി. അടിവശത്ത്‌ വെള്ളിവെളിച്ചങ്ങൾ മിന്നിത്തുടങ്ങി. ഗ്രൗണ്ട്‌ ട്രാഫിക്‌ സിഗ്നൽ ലഭിച്ചതോടെ പനാമ ഫ്ലൈറ്റ്‌ ചലിച്ചു തുടങ്ങി. പിറക്കോട്ട്‌ തിരിഞ്ഞ്‌ റൺവേയിലേയ്ക്ക്‌ പ്രവേശിച്ച്‌ മുന്നോട്ടു കുതിച്ചു. ഏതാനും ദൂരം ഓടി പിന്നെ  വിമാനം ഉയർന്നുപൊങ്ങി. കൂടുതൽ വേഗത കൈവരിച്ച്‌ പാഞ്ഞുപോയി. ഇപ്പോൾ എഴുപത്തിയഞ്ചുപേരും ആകാശത്തെരുവിലൂടെ ചിറകുകൾ വീശി പറന്നുപോകുകയാണെന്ന്‌ ഞങ്ങളറിഞ്ഞു.

എന്നാൽ, ശരീരമെന്ന കൂടുവിട്ട്‌ ആത്മാക്കളായി ആകാശത്തിന്റെ അതിർത്തിവിട്ട്‌ അവർ പറന്നകലുകയാണെന്ന്‌ ഞങ്ങളറിഞ്ഞില്ല. അവരെ കൊണ്ടുപോയ കഴുകൻ വിമാനം ഒരു ചാവേറായി പൊട്ടിത്തകർന്ന്‌ ധൂളികളായി പറന്നതും ടൈഗേഴ്സ്‌ ക്ലബ്ബിന്റെ സേൻട്രലൈസ്ഡ്‌ ഏസീ ബാറിൽ ചിയേഴ്സ്‌ വിളികളുയർന്നതും ഞങ്ങളാരും അറിഞ്ഞിരുന്നില്ല.