Friday 14 October 2011

കളമാറ്റം



ജയൻ എടക്കാട്ട്



കിളക്കാര്‍ കൈക്കോട്ടൂമായി പോകുന്നുണ്ട്
തടം തൂര്‍ന്നിട്ടുണ്ടാകും
കള കാടുപിടിച്ചിട്ടുണ്ടാകും.
പുരനിറഞ്ഞ പാടങ്ങള്‍
ചാരിത്ര്യപ്രാധാന്യമുള്ള ചരിത്ര
കഥകള്‍ കേട്ട് മടിമൂടി കിടക്കുന്നുണ്ടാകും.

കിളക്കാരുടെ കയ്യില്‍ ഏണിയുണ്ടല്ലോ?
ഇറയില്‍നിന്നിറങ്ങാന്‍ കഴിയാതെ മഴ
കുടുങ്ങിക്കിടക്കുന്നുണ്ടാകും.
പുരമോന്തായത്തില്‍ കയറ്റിവച്ച കുന്ന്
ആത്മഹത്യാഭീഷണി മുഴക്കിയിട്ടുണ്ടാകും.
വിനോദകേന്ദ്രത്തിലെ ,
അടിവസ്ത്രം മാത്രം ധരിച്ച നീര്‍ച്ചോല
കുളിമുറിയുടെ ചുവരില്‍ വേരുകളാഴ്ത്തിയ
മരത്തിന്റെ ചില്ലയില്‍ തൂങ്ങിമരിച്ചിരിക്കാം.
പ്ലംബിങ്ങ് പൈപ്പിലൂടെ
അള്ളിപ്പിടിച്ചൂ കയറിയ കുളത്തിന്റെ
അവാസവ്യവസ്ഥ ഉരിഞ്ഞു പോയിരിക്കാം

അവരുടെ കയ്യില്‍ മഞ്ഞള്‍ പാത്രമുണ്ടല്ലോ?
കൊടുത്തൂവയുടെ ഇല ഉരഞ്ഞ്
ഭൂമി ചൊറിഞ്ഞു വീങ്ങിയിട്ടുണ്ടാകും
പാമ്പായിമാറിയ അരഞ്ഞാണച്ചരടിന്റേയും
അരപ്പവന്‍ മാലയുടേയും കടിയേറ്റിരിക്കാം.

കിള ഒരു കല
കാണാന്‍ കുട്ടികളും സഞ്ചാരികളും വന്നേക്കും
സംരക്ഷിക്കണം.