Friday 14 October 2011

ഒന്നുവന്നെങ്കിൽ !



 ശകുന്തള എൻ.എം

ഒറ്റയ്ക്കു ഞാനങ്ങു നിന്നുപോയ്‌
ഒത്തനടുവിലാവരമ്പിൻ മേൽ
ഓർമ്മകൾ മുറ്റുന്നമനസ്സുമായ്‌ !
ഒട്ടും നേരമില്ല എന്ന്‌
ഒട്ടും ഖേദമില്ലതെ തന്നെ ചൊല്ലി
ഓടിപ്പോകുന്ന സഖിമാർ !
എവിടെ പോയെൻ സഖിമാർ?
മണ്ണപ്പം ചുട്ടവർ, തൊടിയിൽ-
അച്ഛനമ്മയും ചമഞ്ഞവർ !
ആദർശം പറഞ്ഞുമടുത്തവർ,
കസ്തൂർബാ ചമഞ്ഞുനടന്നവർ,
ഖാദിയുടുക്കുവാൻ കൊതിച്ചവർ!
വീണുകിട്ടിയ സായാഹ്നങ്ങൾ
വീറോടെ വീമ്പിളക്കിയും വിലപിച്ചും
വിജ്ഞാനം വിളമ്പി നിന്നവർ !
?നേരമില്ല അണുവിട? എന്ന്‌
ഒരു നിമഷം ഒരു ചെറുവാക്കിൽ
എല്ലാം ഒതുക്കി മറയുന്നു !
നടന്നുപോകുന്നു അവർ,
ഓടിയും പോകുന്നു ചിലർ,
സ്വഭവനങ്ങൾക്കുനേർക്കായ്‌ !
കാത്തിരിക്കുന്നു
വിടെ-
ഉണ്ണാതെയൊരു പതിയും
ഉറങ്ങാതെ പൊന്നോമനമക്കളും !
എങ്ങോ പോയ്മറഞ്ഞിരിക്കുന്നെല്ലാം!
മേഘങ്ങൾക്കു മുന്നിൽ സൂര്യൻ ചമച്ച
മഴവില്ലൻ നേരിയ ഓർമ്മകൾമാത്രം !
പതിയുടെ കൂടണഞ്ഞിരിക്കുന്നവർ!
പത്നിയായ്‌, അമ്മയായ്‌,
ജീവിതനാടകരംഗത്തു തിമിർക്കുന്നു !
ഊട്ടിയുമുറക്കിയും വെച്ചുപരിപാലിച്ചും
ഉറക്കറചമച്ചും കാത്തുകിടന്നും
ഒരു പുരക്കോലമായ്‌ തീർന്നവർ!
ഉച്ചിയിൽ സൂര്യൻ; താപമേറ്റു-
പൊള്ളുന്നു ഈ വയൽ വരമ്പിൽ ഞാൻ;
മനം ഓർമ്മകളാലും!
കരിന്തിരി കൊളുത്തുന്നു കാലം!
എണ്ണയും തീരാറായ്‌ എൻ മനസ്സിലും!
എന്നിട്ടും കാക്കുന്നു ഓരോ മുഖങ്ങളും!
സഖി അവളൊന്നു വന്നെങ്കിൽ
കഴിഞ്ഞെങ്കിൽ ഒട്ടുനേരം
വല്ലതും ചൊല്ലിയിരിക്കുവാൻ !
ഒരിക്കൽകൂടി അലഞ്ഞു നടക്കുവാൻ
വെറുതെ അലസമായ്‌-
ആ തൈമാവിൻ തോപ്പുകൾ തോറും!