Friday 14 October 2011

ദന്ദ്വജീവിതം

  ധര്‍മ്മരാജ്‌ മടപ്പള്ളി       

മഴ നനഞ്ഞ് ചിറക് തളര്‍ന്ന ഒരു പക്ഷി രവി. മണല്‍ചൂടില്‍ വേവിച്ചെടുത്ത ഒരു തുണിച്ചിത്രം സായാഹ്നം. ആവോളം നുണഞ്ഞിറങ്ങാന്‍ പാകത്തില്‍ ചില്ലുപാത്രത്തില്‍ വീഞ്ഞിന്റെ സമൃദ്ധപശ്ചാത്തലം. വേരറുത്തിട്ടും ഉണങ്ങാതെ ആകാശത്തിലേക്ക് കഴുത്തുനീട്ടി നില്‍ക്കുന്ന ഒറ്റമുളയുടെ മരക്കുറ്റിയായി രവിപ്പക്ഷി ഇരുന്നു. തൊണ്ടയില്‍ വീഞ്ഞ്  മണക്കുന്ന മൌനത്തിന്റെ നോവോടെ. ജനലോരം ആരോ മറന്നു പോയ പൊന്ന് തൂവലപോലെ മരുഭൂമി. അതിന്റെ നാഴിയിടങ്ങഴിക്കുന്നുകളില്‍ വിശന്നലയുന്നു ഒരു ചായ്പ്പുവെയിലൊട്ടകം. നിമ്ന്നോന്ന തങ്ങള്‍ ഗാധമാക്കാത്ത മരുഭൂമി യാത്രക്കാരന്റെ മാത്രമല്ല വഴിതെറ്റിയെത്തുന്നവന്റെയും സുഹൃത്താണ്. രവി ജാലകം കുറച്ചു കൂടെ തുറന്നു വെച്ചു. എതിര്‍വശത്തെ ചുവരില്‍ അതൊരു പൊന്‍ചതുരം വരച്ചു. അതില്‍തന്നെ നോക്കിയിരിക്കുമ്പോള്‍ അത്രമേല്‍ ശൂന്യമായതോന്നും അതിനുമുമ്പ് കണ്ടിട്ടില്ലെന്ന പോലെ അയാള്‍ കണ്ണുകള്‍ പതിയെ അടച്ചു. ശൂന്യമായതൊക്കെയും ധ്യാനാത്മകങ്ങളാണ്. ജനലുകളില്ലാത്ത ഒരു ചുവരും എവിടെയുമില്ല. കാണുന്നില്ലെങ്കില്‍പോലും അതുണ്ടെന്ന  ബോധമാണ് ജീവിക്കാനുള്ള ഭയമില്ലായ്മ നമ്മില്‍ വളര്‍ത്തിയെടുക്കുന്നത്. അല്ലെങ്കില്‍ ജനലുകള്‍ സൂക്ഷിക്കാന്‍  വേണ്ടിയാണ് നാം ചുവരുകള്‍ ഉണ്ടാക്കുന്നത്‌ തന്നെ.... ഇത്രയും വാക്കുകള്‍ എവിടെ നിന്നാണ് കിട്ടിയതെന്നരിയാതെ രവി മനസ്സ് പൂട്ടിവെച്ചു. നിരന്തരം അടക്കുകയും തുറക്കുകയും ചെയ്കയാല്‍ വിജാഗിരികള്‍ വേര്‍പെട്ട് അശ്ലീലംപോലൊരു ശബ്ദം രവി കേള്‍ക്കുന്നുണ്ട് അപ്പോളൊക്കെയും.  

     
   പൂര്‍വ്വാശ്രമങ്ങളില്‍ മരവുരി ഉണക്കാനിട്ട വെയില്‍ക്കാടുകള്‍ ഓര്‍മ്മയുടെ അക്ഷാംശങ്ങളായി.... അതില്‍നിന്നും വായുപുത്രന്‍ ഭീമന്‍ ഒന്നട്ടഹസിച്ചു പരിസരശുദ്ധി വരുത്തി. ഇത് കൈമോശം വന്ന രംഗസാമഗ്രികളുടെ ഉടലടയാളം. പൊട്ടിച്ചിരി ഉത്ഖനനം ചെയ്തെടുത്ത ചുമ ശ്വാസംതരാതെ കോപിക്കെ രവി ഉള്ളില്‍പറഞ്ഞു ഞാന്‍ ഇന്നലെയുടെ അടയാളം!
ഇലയില്ലാത്ത ശിശിരത്തിന്റെ മരം.
ഉരുക്കി ഒഴിച്ചത് പോലെ മണ്ണില്‍ പതഞ്ഞാഴ്ന്ന ഒറ്റക്കലടയാളം!  
നിങ്ങളിവിടിരിപ്പുണ്ടോ എന്ന ആശ്ചര്യചിന്നം പോലെ ശിവന്‍ വാതില്‍ തുറന്നു.
"ഉം" എന്ന മൂളലില്‍ അവന്‍ തന്നെ സാക്ഷ പൂട്ടി.
പെട്രോളിന്റെ മണമുള്ള അടിയുടുപ്പടക്കം അഴിച്ചു മൊണാലിസയുടെ അയല്‍പക്കത്തെ ആണിയില്‍ തൂക്കി ശോകസ്ഥായിയില്‍ ഒന്ന് പുഞ്ചിരിച്ചു. വര്‍ഷങ്ങളായി അവന്റെ ചിരി അങ്ങിനെയാണ്. ചിരിയുടെ ഫോസില്‍ മാത്രമേ ചുണ്ടുകളില്‍ ഉരുത്തിരിഞ്ഞു വരികയുള്ളൂ. രവി ഓര്‍ത്തു, പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊരു വിഷയമാണ്. ചരിത്രംതിരഞ്ഞു പോകുന്നത് പോലെ ചിരി തേടി ഒരു യാത്ര!ഭൂമിയില്‍ എവിടെയെങ്കിലും അത് അവശേഷിക്കുന്നുണ്ടാവുമോ?
"രവിയേട്ടനറിഞ്ഞോ അരുന്ധതി ഇവിടേക്ക് വരുന്നു ഒരു സ്റ്റേജ് ഷോ."
രവിയില്‍ അത് കോരിയിട്ടത് കനല്‍പര്‍വ്വതങ്ങളാണ്. ശിവന്‍ രവിയുടെ ഗ്ലാസില്‍ അവശേഷിച്ചിരുന്ന രണ്ടിറക്ക് എടുത്തു വായില്‍ കമിഴ്ത്തി. ഭൂതകാലം അവന്റെ ചങ്കിലൂടെ തളിര്‍ത്ത്  അവിടമാകെ ഗൃഹാതുരക്കുളിര്‍വീഴ്ത്തി. 
"നാടക സമിതി തുടങ്ങുമ്പോള്‍ അശോകേട്ടന് ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.മകള്‍ അരുന്ധതിയെ അഭിനയം പഠിപ്പിക്കണം.നാടകം വഴി ആ പൊലയാടിമോളെ സിനിമയിലെത്തിക്കണം."
ശിവന്‍ രവിയുടെ കണ്ണുകളിലേക്ക് നോക്കിയില്ല.അത് പച്ച നിറത്തില്‍ കത്തുകയാവും എന്നവനറിയാം. ജലോപരിതലത്തില്‍വന്നു വാപിളര്‍ത്തുന്ന മീനിനെപ്പോലെ അവന്‍ മേലോട്ട് നോക്കി ഒന്ന് മൂരിനിവര്‍ന്നു.
"അല്ലെങ്കിലും തിരിപ്പൂരുകാരന്‍ തുണിമുതലാളി ഒരു വെള്ളിയാഴ്ച നാട്ടില്‍വന്നു നാടകസമിതി തുടങ്ങുമ്പോഴേ നമ്മള്‍ തിരിച്ചറിയേണ്ടതായിരുന്നു."
" ആവലാതിയെന്തിന്
ശിവാ... നമ്മളും കുറച്ചുകാലം ആ ചോറ് തിന്നാണ് കഴിഞ്ഞത്. അത് മറക്കണ്ട.."
"രവിയേട്ടാ ആ ചോറാണ് ഇപ്പോഴും എന്റെ ഉള്ളില്‍ക്കിടന്നു പുളിച്ചു തികട്ടുന്നത്."
"ശിവാ അങ്ങനെ പറയരുത്.നിനക്കും എനിക്കും അവസരങ്ങളേറെതന്ന ആളാണ് അശോകേട്ടന്‍.
നിനക്കും എനിക്കും മേല്‍വിലാസം ഉണ്ടായത് തന്നെ...."
"നിര്‍ത്തു രവിയേട്ടാ,ഒന്നും രണ്ടും പറഞ്ഞു നമ്മള്‍ തെറ്റെണ്ട നിങ്ങള്‍ക്ക് ഇപ്പോഴും അശോകേട്ടന്‍ അരുന്ധതിയുടെ അച്ഛന്‍ മാത്രമാണ്. ആ ഓര്‍മ്മയാണല്ലോ ഇന്നത്തെ ഇന്ധനം.പിന്നെ ഇതും"
ശിവന്‍ ഒഴിഞ്ഞ ഗ്ലാസ് ഉയര്‍ത്തിക്കാട്ടി. പിന്നെ വിരലുകള്‍ വിടര്‍ത്തി തറയിലേക്കു വീണു ചിതറാന്‍ അനുവദിച്ചു.


രവി കണ്ണുകളടച്ചു ധ്യാനത്തിലിരുന്നു.ചുള്ളിക്കമ്പുകളില്‍തട്ടി ഒച്ചയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് ഹിഡുംബി പിറകിലൂടെ വന്നു കണ്ണ് പൊത്തി. ഭീമസേനന്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു.
"പ്രിയമുള്ളവളെ കാട്ടുപൂക്കളുടെ രസഗന്ധമൊഴുകുന്ന നിന്റെ തളിര്‍മേനി എന്റെ എകാഗ്രത  തെറ്റിച്ചിട്ടു നാളെത്രയായെ ന്നറിയാമോ....ജപവും,നിത്യകൃത്യങ്ങളും മുടക്കുന്ന ഓര്‍മ്മകള്‍ നിറച്ച് വനഗര്‍ഭങ്ങളില്‍ മറയുന്ന മന്ത്രവാദിനി നീ ആര്?" 
ശിവന്‍ പുതിയ ഗ്ലാസ്സിലേക്ക്‌ ഇന്ധനം നിറച്ചു അത് രവിയുടെ ഇടനെഞ്ചില്‍ പാപനാശിനിയായി പത
ഞ്ഞൊഴുകി.
റിഹേഴ്സല്‍ ക്യാമ്പില്‍ ഒറ്റക്ക് കിട്ടിയപ്പോള്‍ രവിക്ക് മുമ്പില്‍ അരുന്ധതി നാടകത്തില്‍  ശിവനെഴുതാത്ത ഒരു ഡയലോഗ് എടുത്തു പെരുമാറി.
" മനുഷ്യകുലത്തിന്റെ സദാചാരനിയമങ്ങള്‍ അറിയാത്ത കാട്ടുപെണ്ണെ നീ മോഹിക്കുന്നതും സ്വയംവരമോ ഹ...ഹ... ഹാ"
ആ ചിരി അരുന്ധതി
അറുത്തിട്ടത് ഒറ്റ തുള്ളി കണ്ണീരു കൊണ്ടാണ്. രവി ഓര്‍ത്തു അതായിരുന്നുവോ തന്റെ അവസാനത്തെ ചിരി. അല്ല അന്നും ഉള്ളില്‍ ചിരിച്ചിരുന്നില്ലല്ലോ!
പിന്നീട് പാര്‍ക്കുന്ന ഒറ്റ മുറിയില്‍ ഓടിവന്നു അരുന്ധതി പറഞ്ഞു.
"അച്ഛന്‍ ഏകദേശം നിശ്ചയിച്ചു എന്റെ കഴുത്തിന്റെ ഉടമ ആരെന്ന്, ഞാന്‍ സമ്മതിച്ചിട്ടില്ല. ഒരുപാട് ഭൂമിയുള്ള ഒരാള്‍..അതാണ്‌ അച്ഛനെ ഉത്തരം. രവിയേട്ടാ ശരിക്കും ഭൂമി ഒന്നല്ലേയുള്ളൂ... പിന്നെങ്ങിനെ ഒരുപാട് ഭൂമി?
നമുക്ക് എവിടെക്കെങ്കിലും ഒടിപ്പോകാം"
"ഹിടുംബീ നീ ശരിക്കും ഒരു കാട്ടുജാതി തന്നെ. കായ്കനികള്‍ മാത്രം ഭുജിച്ചു എത്രനാള്‍ കഴിയും
നീ,
ഞാന്‍ വായുപുത്രന്‍... വിശപ്പടക്കാന്‍ അച്ഛന്‍ പഠിപ്പിച്ചു തന്ന മായാജാലങ്ങളേറെ... പ്രണയത്തിന്റെ മധുരാവുകളില്‍ പറഞ്ഞു തന്നു പ
ഠിപ്പിക്കാനാവാത്തത്.... പുകയാത്ത അടുപ്പിന്റെ മൂലയില്‍പെറ്റു കിടക്കുന്ന പൂച്ചക്കുമുണ്ടല്ലോ ചിലത് പഠിപ്പിക്കാന്‍ നമ്മേ .. നീ ഒരു ദേശത്തിന്റെ രാജകുമാരി... പ്രണയം നമുക്ക്  യവനികയുയരുമ്പോള്‍ മുന്‍നിശ്ചയപ്രകാരം കാഴ്ചവെക്കേണ്ട തനതു നടനം. പോകൂ..പോയി നല്ല തണല്‍ മരച്ചോട്ടില്‍തന്നെ വിശ്രമിക്കൂ..."
"ശിവാ നീ ഒന്നൂടെ ഒഴിച്ചേ... എന്നിട്ട്  വസ്ത്രാക്ഷേപത്തിന് തൊട്ടു മുമ്പുള്ള നിന്റെ ആ പൊളപ്പന്‍ ഡയലോഗില്ലേ അതൊന്നു പറഞ്ഞേ.... മോനെ നിന്റെ ഭാഷ മൂര്‍ച്ചയുള്ളതാ അത്രയൊന്നും മൂര്‍ച്ചയില്ലാത്ത ഒരു ജീവിതത്തിന് വേണ്ടി നീയത് കളയണോ... ഞാന്‍ ഒരു പടുവിഡ്ഢി... ഭീരു...
ശിവാ,നീയെങ്കിലും
ജീവിക്ക്, ഊരിപ്പിടിച്ച ഒരു കത്തിപോലെ .... "
രജസ്വലയുടെ കണ്ണീര്‍വീണ സഭാതലം. നിലവിളിക്ക്‌ ഇപ്പോള്‍ ദ്രൗപതി എന്ന്  പേര്‍...ജ്യേഷ്ഠസഹോദരനും അനുജന്‍ മാരും യുദ്ധത്തില്‍ പിടിക്കപ്പെട്ട  കാലാളുകളേപ്പോലെ തല കുമ്പിട്ടിരിക്കുമ്പോള്‍ ആ അട്ടഹാസം എവിടെ നിന്നാണ് മുളപൊട്ടിയ തെന്നറിഞ്ഞില്ല.
"സഹദേവാ... അനുജാ... അടിമക്ക് സ്വയം ശിക്ഷിക്കാന്‍ ശാസ്ത്രതടസ്സങ്ങളില്ല. തീക്കൊണ്ട്  വരൂ...  ഊഴം വെച്ചെങ്കിലും അവളെ തലോടിയ കൈവെള്ളകള്‍ ഞാന്‍ ചുട്ടെരികട്ടെ. രവി കസേരയില്‍ നിന്നും വെറും നിലത്തേക്കു മറിഞ്ഞു വീണു. അത് പതിവുള്ളതാകയാലും അതാണ് പത്ഥ്യമെന്നാകയാലും ശിവന്‍ അയാളെ അവിടെ ഉപേക്ഷിച്ച് ഇരട്ടക്കട്ടിലിന്റെ മേല്ത്തട്ടിലേക്ക് കയറിപ്പോയികണ്ണ് പൊത്തിക്കിടന്നു. അപ്പോള്‍ എവിടെയോ കൈമോശംവന്ന ഒരു നീലമഷിപ്പേന അയാളുടെ ഉള്ളില്‍ തെളിഞ്ഞു വന്നു.

                                 
ജോലി കഴിഞ്ഞു വിയര്‍പ്പ് നിറഞ്ഞ മേല്‍ക്കുപ്പായം അഴിച്ചുവെക്കുന്നേരവും രവി ആലോചിച്ചു അജ്ഞാതവാസം ഇനിയും എത്രനാള്‍ അതിനിടയില്‍ പിടിക്കപ്പെട്ടാല്‍ പിന്നേയും..അങ്ങിനെ അങ്ങിനെ ജീവിതം തുരങ്കത്തില്‍ കുടുങ്ങിപ്പോയവനെപ്പോലെ....അല്ലെങ്കില്‍ അരക്കില്ലത്തില്‍ ആളിയൊടുങ്ങി..... വല്ലാത്ത ക്ഷീണം ആകെ ആവേശിക്കുന്നു. ഇന്ന് അരുന്ധതിയുടെ സ്റ്റേജ് ഷോ.. പ്രിയമുള്ളവളെ,അകലെ ഒരു ഒളിത്താവളത്തിലിരുന്നു കൊണ്ട് ഞാന്‍ നിന്റെ കുതിപ്പുകള്‍ കാണുന്നു. കണ്ണടച്ചു ശ്വാസം വലിച്ചെടുത്താല്‍ നീ ഇപ്പോഴും എന്റെ അകത്ത് വന്നു നിറയും. അപ്പോള്‍ ഏതൊക്കെയോ കാടുകളില്‍ കടമ്പുമരങ്ങള്‍ പൂത്തുലയും..ഞാന്‍ സ്വയം ഒരു പൂമരമാകും..ആരും വരാത്ത ഒരു വഴിയിലെ പൂമരം.
ശിവന്‍ അരുന്ധതിയുടെ പ്രോഗ്രാം കാണാന്‍ പോയതാകയാല്‍ മുറിയില്‍ തനിച്ചായി. പാതിശമ്പള ത്തോളം തുലച്ചു കളഞ്ഞു അവന്‍ ടിക്കറ്റെടുക്കാന്‍. ശിവാ,നിന്റെ ഡയലോഗുകള്‍ വായില്‍ കൊള്ളൂന്നില്ലെന്നു പറഞ്ഞു നിന്റെ പിന്നാലെ നടന്ന ഹിടുംബിയെ നീ മറന്നു പോയോ... ഇത്തിരി ലഹരിയുടെ ആന്തരിക സൌന്ദര്യത്തില്‍ മുങ്ങി ശവംപോലെ കിടക്കാന്‍ കൊതിതോന്നി അയാള്‍ക്ക്‌. ഏകാന്തതയില്‍ രവി മഞ്ഞുപാടകള്‍ക്കടിയിലെ ഉപ്പുപരലുകളില്‍ മുഖം പൂഴ്ത്തിവെച്ചു. ശിവന്‍ വാതില്‍ തുറന്നു അകത്ത് കയറി.അവധിദിനത്തിന്റെ ആനുകൂല്യത്തില്‍ രവി ഉറങ്ങിക്കിടക്കുകയായിരുന്നു.
"രവിയേട്ടാ... രവിയേട്ടാ "
ശിവന്‍ വിളിച്ചു. കണ്പോളകളിലെ മയക്കം തൂത്തുവാരി കോട്ടുവായിട്ട്‌ എഴുന്നേല്‍ക്കുമ്പോള്‍ ശിരസ്സില്‍ മഞ്ഞുപുതച്ച ഒരു കാട്ടുകടമ്പിന്റെ പൊന്നില വന്നു വീണു. കണ്ണടച്ചു മൂക്ക് കൂര്‍പ്പിച്ചു.
"ഹിടുംബീ ഏതു മരവുരിയാണ് നീ ഉടുത്തിരിക്കുന്നത്. ഇത്രയും സുഗന്ധം ഞാനറിഞ്ഞതേയില്ലല്ലോ മുമ്പേ"      
 "രവിയേട്ടാ.. "
അരുന്ധതി വിളിച്ചു. എന്നിട്ട് രവിയുടെ ചുളിവുകള്‍ വീണ മുഖം നെഞ്ചോടു ചേര്‍ത്തു വെച്ചുകൊണ്ട്  ശിവന്‍ ഒരിക്കലും എഴുതാന്‍ ഇടയില്ലാത്ത ഒരു
യലോഗുമായി ഷവര്‍ലൈറ്റിന്റെ ചുവട്ടില്‍ വന്നു നിന്നു. 
"സ്ത്രീ കാത്തിരിപ്പും പുരുഷന്‍ യാത്രയുമാണ്... ഞാനിപ്പോഴും നിന്റെ  യാത്രയുടെ കാത്തിരിപ്പാണ്."
" വേണ്ട ഞാന്‍ അത്രമേല്‍  തുരുമ്പിച്ചു പോയിരിക്കുന്നു. അഴിമുഖത്ത് ഉറച്ചുപോയ കപ്പല്‍പോലെ...  ഞാന്‍, പൂതലിച്ച വിറകുകള്‍ കൊണ്ട് കൂട്ടിക്കെട്ടിയ തോറ്റ രാജാവിന്റെ പര്‍ണ്ണശാല..നീ വസന്തത്തിന്റെ കന്യാവനം... ചാവുകടല്‍ നീന്തിവന്നു ഒരു ജലജീവിയും നിന്റെ ഗുഹാഗൃഹങ്ങളെ ആക്രമിക്കരുത് അത് ഓര്‍മ്മകൊണ്ടായാല്‍പ്പോലും. ഞാന്‍‍‍ കാവലുണ്ട് എന്ന് പറയാന്‍ മാത്രം ശക്തനല്ല ഞാനിപ്പോള്‍‍. നിന്റെ പേര് കൊത്തിവച്ച ഒരു വഴിക്കല്ലാണ് ഞാന്‍ എന്ന് മാത്രം പറയാം..        
"യുദ്ധത്തില്‍ മകനെ അയച്ചു നിന്നെ രക്ഷപ്പെടുത്താന്‍ പോലും എനിക്കൊരു മകനില്ലാതെ പോയല്ലോ രവിയേട്ടാ"
"പോയിക്കൊള്ളൂ ഇനിക്കിവിടെ ഒരു വിധംസുഖം എന്ന് നാം കത്തില്‍ എഴുതാറില്ലേ,പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഒരുനുണ,അങ്ങിനെ വിശ്വസിക്കൂ. ജീവിതത്തിന് ആര്‍ക്കും ഒരു റിഹേഴ്സല്‍ കിട്ടാറിലല്ലോ ഒന്നുകൂടി കളിച്ചു സ്വയമെങ്കിലും ഒന്ന് തൃപ്തിവരുത്താന്‍.'
പുറത്തു ആരവങ്ങള്‍ തുടങ്ങി. അപരര്‍ അറിഞ്ഞു വരുന്നേയുള്ളൂ തിരക്കഥയുടെ പൂര്‍ണ്ണരൂപം. ജാലകങ്ങളില്‍ അവര്‍ ഒരു കൈയ്യായി തെളിഞ്ഞു പിന്നെ മുഖമായും മുഖങ്ങളായും വികസിച്ചു. 


" പോകുന്നു. ഈ നാട്ടില്‍ വന്നത് ഒന്ന് കൊണ്ട് മാത്രം.വായുപുത്രന്‍ എനിക്ക് സമ്മാനിക്കാതെ പോയ ഘടോല്ഘചനെക്കുറിച്ചോര്‍ത്തു കരയാന്‍.... അടിവയറ്റില്‍ ഒരു ഭിക്ഷാപാത്രം ഇന്നും നിന്നെയും കാത്തിരിപ്പുണ്ടെന്ന് ധീരനെന്നു സ്വന്തം പ്രജകള്‍ വാഴ്ത്തുന്ന ഭീമസേനന്‍ മറക്കണ്ട...."
അരുന്ധതി ഒരു കൊടുംകാറ്റായി ആഞ്ഞടിച്ചു അതില്‍ വായുപുത്രനും അടിതെറ്റി..അയാള്‍ കാറ്റില്‍ പെട്ടുപോകാതെ സ്വന്തം അവയവങ്ങള്‍ കൂട്ടിപ്പിടിച്ചു. പിന്നെ തൊണ്ടയില്‍ കുരുങ്ങിയ കണ്ണീരിനെ ഒരു ചുമയില്‍ കുഴച്ചെടുത്തു.         
 മനസ്സ് രവിയെ പതിയിരുന്നാക്രമിച്ചു. ഒളിക്കുഴികളില്‍ വീണുപോകാതെ രവി മഴനനഞ്ഞ പക്ഷിയായി.ഉള്ളില്‍ചെന്ന മദ്യത്തിന്റെ  ഒരു കണക്കെടുക്കാന്‍ തുടങ്ങുമ്പോള്‍ ശിവന്‍ കയറിവന്നു. അവന്‍ പെട്രോളിന്റെ മണമുള്ള അടിയുടിപ്പടക്കം മൊണാലിസക്കിപ്പുറത്തെ ആണിയില്‍ തൂക്കി. അയാളില്‍ രവി ഇപ്പോള്‍ ഒരു ബഹുമാനവചനമല്ല. അരുന്ധതി ഇപ്പോഴും കാത്തിരിക്കുന്നു എന്ന തിരിച്ചറിവ് രവിയേക്കുറിച്ച്‌ ഒരുതരം അറപ്പാണുണ്ടാക്കിയത്.
"വായുപുത്രന് സുഖം തന്നെയല്ലേ"
ശിവന്‍ ഇതേവരെ തന്നെ അങ്ങിനെ അഭിസംബോധനചെയ്തിട്ടില്ലെന്ന തിരിച്ചറിവില്‍ അയാള്‍ ഒന്നും മിണ്ടാതിരുന്നു.
    "അവള്‍ ഹിടുമ്പി കാടിന്റെ പുത്രി. ഒരു പച്ചപ്പ്‌ മുഴുവനായുമാണ് നിങ്ങളെ വിളിച്ചത് .കടമ്പും കണ്മദവും കോലരക്കും മാത്രമല്ല ഭീമസേനാ... അതിലെ കാട്ടാറുകള്‍.. നീ വളര്‍ത്തിവിട്ട കറുക മാനുകള്‍.... മരചില്ലയിലെ കിളികള്‍... താമരമൊട്ടുകള്‍പോലുള്ള ഹരിതനാഗങ്ങള്‍..."
ശിവന്‍ രവിയുടെ അതേ ഗ്ലാസില്‍ നിന്നും കുടിച്ചില്ല അയാള്‍ പുതിയൊരു ഗ്ലാസെടുത്തു. അത് പതിവില്ലാത്തത്.രവി ഓര്‍ത്തു,ഇങ്ങനെ പതിവില്ലാത്ത ചിലത്  ജീവിതത്തില്‍ സംഭവിച്ചത് ചതിക്കപ്പെടുമ്പോളാണ്. ചൂത് കളിയില്‍ ജ്യേഷ്ടന്‍ അവിചാരിത തീരുമാനങ്ങളെടുക്കുമ്പോള്‍, പതിവില്ലാത്ത ഒരുചിരി എതിര്‍പക്ഷത്തെ ചുണ്ടുകളില്‍ ഒളിച്ചിരുന്നത്‌ എന്ത് കൊണ്ടോ അയാള്‍ക്ക്‌ ഓര്‍മ്മ വന്നു. അച്ഛനാരെന്നു പലവട്ടം ചോദിച്ചു ഒടുവില്‍ വീര്‍പ്പുമുട്ടി "അമ്മേ സാധ്യതയുള്ള ഒരാളുടെ പേരെങ്കിലും പറയൂ" എന്ന് ഉച്ചത്തില്‍ ചോദിക്കാനാവാതെ ഇടവഴികളിലേക്കു തിരിച്ചുനടന്ന വൈകുന്നേരങ്ങള്‍ക്കും പതിവില്ലാത്ത ഒരു ഗന്ധമായിരുന്നു.  
ശിവന്‍ രണ്ടുമൂന്നാവര്‍ത്തി കുടിച്ചു. കണ്ണുകള്‍ ചുവന്നിട്ടും കാഴ്ച ചുവക്കാത്തത്തില്‍ ഉള്ളില്‍ കലഹിച്ചു.
പിന്നെ രവിയുടെ മുഖത്തെക്കിറങ്ങിവന്നു.അരുന്ധതി ചൊരിഞ്ഞ കനല്‍ക്കൂട്ടങ്ങള്‍ ശിവനില്‍ എരിഞ്ഞടങ്ങിയിരുന്നില്ല.
"ശക്തികൊണ്ട് ശതഭുജന്‍ നീ... വേഗം കൊണ്ട് സഹസ്രാശ്വം നീ.. തീരുമാനങ്ങള്‍ കൊണ്ട്  കുലപതി നീ....നീ ഭീമസേനന്‍... ദന്ദ്വയുദ്ധം ശീലിച്ചവന്‍... എന്നാല്‍ ഞാന്‍ ശിവന്‍, വെറും ശിവന്‍
പണ്ട് നിനക്ക് പറയാനുള്ള വാക്കും ഉടുക്കാനുള്ള വേഷവും നിശ്ചയിച്ചവന്‍...നിന്റെ മുഖത്തെക്കുള്ള വെളിച്ചങ്ങള്‍ എങ്ങിനെ വേണമെന്ന് ഉറപ്പുള്ളവന്‍....ശിവന്‍ പറയുന്നു വായുപുത്രന്‍ ഭീമസേനന്‍ ദുര്‍ബലനല്ല. മൂത്തവന്‍ ധര്‍മ്മപുത്രര്‍ അകാലചരമം പ്രാപിച്ചിരുന്നെങ്കില്‍ രാജ്യഭാരമേല്‍ക്കെണ്ട വന്‍. ആ നീ പെണ്ണൊരുത്തിയെ സംരക്ഷിക്കാന്‍ കെല്‍പ്പില്ലാത്തവനൊ! ഹാ കഷ്ടം"
   
മഴ നനഞ്ഞ് ചിറക് തളര്‍ന്ന ഒരു പക്ഷി രവി. വേരറുത്തിട്ടും ഉണങ്ങാതെ ആകാശത്തിലേക്ക് കഴുത്തുനീട്ടി നില്‍ക്കുന്ന പടുമുളയുടെ മരക്കുറ്റിയായി രവിപ്പക്ഷി ഇരുന്നു. തൊണ്ടയില്‍ വീഞ്ഞ്  മണക്കുന്ന മൌനത്തിന്റെ നോവോടെ.
"രവിയേട്ടാ  ഇത്രയ്ക്കു ദുര്‍ബലനായ ഒരു ഭീമസേനനെ ആര്‍ക്കും വേണ്ട. അത് നിങ്ങളെ കണ്ട് കൈയ്യടിച്ചവരോടുള്ള ചതിയാണ്."
എന്നിട്ട് കുനിഞ്ഞുവന്നു രവിയുടെ കണ്ണുകളില്‍ സ്വന്തം കണ്ണുകള്‍ കത്തിച്ചു വെച്ചു പതിയെ ചോദിച്ചു.
 "വായുപുത്രന്  ആത്മഹത്യ ചെയ്യാന്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ ?ഏതെങ്കിലും ഓര്‍മ്മകളുടെതെങ്കിലും!"
രവി മുഖമിളക്കാതെ കണ്ണുകള്‍ മാത്രം ഉയര്‍ത്തി ശിവനെനോക്കി...അതില്‍ ശിവനുള്ള ഉത്തരങ്ങള്‍ ഇല്ലായിരുന്നു. ശിവന് വല്ലാത്ത സങ്കടം തോന്നി. എഴുതിത്തുടങ്ങിയത് മുതല്‍ തന്റെ  നാടകങ്ങള്‍ക്ക് ജീവനുണ്ടാക്കിയത് രവിയേട്ടനാണ്.നാടകസമിതികള്‍ ഒന്നൊന്നായി തകര്‍ന്നു വീണു ഭീരുക്കളൊക്കെയും സീരിയലുകളിലേക്ക് ഒടിരക്ഷപ്പെട്ടിട്ടും അത്തരം ഒരു ശ്രമവും നടത്താതെ ദേശാടനം ചെയ്തവന്‍. രവിയേട്ടന്‍ തന്നെ വേണ്ടിവന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു വിസ അയച്ചുതന്നു തന്നെ രക്ഷപ്പെടുത്താന്‍...ഒറ്റ കൊതിയെ സൂക്ഷിച്ചിരുനുള്ളൂ രവിയേട്ടന്റെ കൂടെ അതേ മുറിയില്‍ വെച്ചുവിളമ്പി,ഉണ്ടുഉറങ്ങി, കഥ പറഞ്ഞ് ,നാടകം പറഞ്ഞ്..  അങ്ങനെ.. അങ്ങനെ....
പക്ഷെ ദേശാടനം ചെയ്ത ഭീമസേനന്‍ ശക്തനായിരുന്നില്ല ഭീരുവായിരുന്നു.സദാ സായാഹ്നങ്ങളെ മദ്യത്തില്‍ കുതിര്‍ത്തുവെച്ച്‌ ഏതോ കാട്ടറിന്റെ തീരത്ത്‌ പോയിരിക്കുന്ന വായുപുത്രന്‍.അതില്‍ നിന്നും കൊരിയെടുത്തെ ജലത്തുള്ളികള്‍പോലെ എപ്പോഴും വിരല്‍തുമ്പുകളില്‍ വിയര്‍പ്പിന്റെ നനവ്‌.        

 
രവി ആകാശത്തിലേക്ക് നോക്കി പിന്നെ കണ്ണുകളടച്ച്‌ മഹാപ്രസ്ഥാനത്തിലെ ഹിമശൈലങ്ങള്‍
ശ്വേതാമ്പരരുടെ കൂടാരങ്ങള്‍പോലെ  തിളങ്ങി. അതിലേക്ക് ശരീരം താളത്തില്‍ ഇളക്കി ഒരു തീര്‍ത്ഥയാത്രക്ക് രവി സ്വയം തയ്യാറായി..
പിന്നെ തളര്‍ന്ന്‍,കിതച്ച്
അവശനായി ശിവനോട് യാചിച്ചു.
"എന്റെ വേദികളുടെ വാക്കും വെളിച്ചവുമായവനെ,ആ യാത്രയുടെ നുകത്തിലേക്ക് എന്നേ ആനയിക്കൂ... "