Friday 14 October 2011

സ്വരജതി

ഇന്ദിരാബാലന്‍ 


മിഴികൾക്കു മീതെ പീതവർണ്ണ രേഖയുള്ള
മഷിക്കണ്ണെഴുതിയ പക്ഷീ.....
കാറ്റിലൂയലാടുന്ന അരയാല്ച്ചില്ലയിലിരുന്നു്
പാടുവതെന്തേ നീ പ്രദോഷ സന്ധ്യകളിൽ
ഘനീഭവിക്കുന്ന മൗനത്തിന്റെ തുണ്ടുകളിലേറി
നിന്റെ സ്വരമാധുരി ചക്രവാളങ്ങളെ വാചാലമാക്കുന്നു.
ഭക്തിസാന്ദ്രമാം മിഴിക്ളുമായ്
പ്രദക്ഷിണപഥങ്ങളിൽ സദാ മന്ത്രമുരുവിടുന്ന ആലിലകൾ
നിന്റെ കൊക്കിൽ നിറച്ചു വെച്ച
സ്വരമണികൾ ഏതു സങ്കീർത്തനത്തിന്റെ
ആരോഹണാവരോഹണങ്ങൾ?
നിനക്കനുയായികളെത്ര പേർ
ഈ പ്രപഞ്ചത്തിന്റെ നവരാത്രി മണ്ഡപത്തിൽ പാടുന്നു?
ദുർഘടപാതകൾ താണ്ടി
മണ്മറഞ്ഞ പ്രപിതാക്കൾ
ഓതിത്തന്നതോ ഈ ഗമകങ്ങൾ...

അതോ രുദ്രാക്ഷമണികൾ എണ്ണിയെണ്ണി -
സാർഥരാകിയ കുങ്കുമ സന്ധ്യകളൊ
നിന്റെ സ്വരസ്വാധീനത്താൽ
ആകാശമേഘങ്ങളുടെ യാത്ര
മന്ദഗതിയിലാകുന്നു
അവ നിന്റെ ഗാനശകലങ്ങൾക്കു വേണ്ടി
കാതോർത്തിരിക്കുന്നു
അല്ലയോ പക്ഷീ നീ ആർക്കുവേണ്ടിയാണീ-
സ്വരജതികളുതിർക്കുന്നത്‌?
കുരുതികളുടെ പേക്കൂത്തുകൊണ്ട്‌
ശിരസ്സു താഴ്ന്ന ഈ ഭൂമിദേവിയെ
ഉണർത്താനോ?
അവളുടെ വേദനകളിൽ അലിവിന്റെ നെയ് പുരട്ടി
സ്നിഗ്ദ്ധമാക്കി
സ്വാതന്ത്ര്യത്തിന്റെ
സ്നേഹവിഹായസ്സുകളെ തുറന്നു തരാനൊ?
രാഗങ്ങളുടെ മഴപ്പെയ്ത്തിൽ
ലീനയായി മാനസശുദ്ധിക്കായി
നീ പാടുക.....യതികളില്ലാതെ ................
നിന്റെ നീല പക്ഷങ്ങൾ
പ്രകൃതിയുടെ നിയാമകതത്വങ്ങളുമായി
പൊരുത്തപ്പെട്ട്‌ ശക്തി പ്രാപിക്കട്ടെ
വീണ്ടും, വീണ്ടും പുതിയ സ്വരജതികളുതിർക്കുവാൻ....!