Thursday 13 October 2011

കേരവർഗ്ഗസങ്കരണവും സങ്കരയിനം തെങ്ങിൻ തൈകളും


രമണി ഗോപാലകൃഷ്ണൻ
ഡെ. ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11


ഏതിനം തെങ്ങിൻ തൈകളും ലക്കും ലഗാനുമില്ലാതെ നട്ടുവളർത്തുന്ന കാലം കഴിഞ്ഞു. കുറച്ചു സ്ഥലത്ത്‌ കൂടുതൽ ഉത്പാദനം തരുന്ന, വേഗം കായ്ക്കുന്ന, കുറഞ്ഞ ഉയരമുള്ള തെങ്ങിനങ്ങളിലേക്ക്‌ ശ്രദ്ധ പതിഞ്ഞാലേ തെങ്ങുകൃഷി ആദായകരമാകൂ എന്നു വന്നിട്ടുണ്ട്‌. ഇവിടെയാണ്‌ ഹൈബ്രിഡ്‌ അഥവാ സങ്കരയിനം തെങ്ങിൻ തൈകളുടെ പ്രസക്തി.അത്യുത്പാദനശേഷിയില്ലാത്തതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ നിറഞ്ഞു നിൽക്കുന്ന നമ്മുടെ സംസ്ഥാനം ഉത്പാദനക്ഷമതയിൽ 9-​‍ാം സ്ഥാനത്തുമാത്രമാണ്‌.

ലക്ഷദ്വീപ്‌, പോണ്ടിച്ചേരി, തമിഴ്‌നാട്‌, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌, ആസ്സാം എന്നീ സംസ്ഥാനങ്ങൾ യഥാക്രമം 1 മുതൽ 8 വരെ സ്ഥാനത്ത്‌ കേരളത്തേക്കാൾ മുൻപന്തിയിൽ നിൽക്കുന്നു. മാത്രമല്ല ലക്ഷദ്വീപും കേരളവും തമ്മിൽ ഹെക്ടറൊന്നി നുള്ള ഉത്പാദനക്ഷമതയിലെ അന്തരം 12265 നാളികേരവും. ശാസ്ത്രീയകൃഷി രീതികളും മറ്റു പരിചരണമാർഗ്ഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗുണമേന്മയുള്ള തെങ്ങിൻതൈകൾ ഉപയോഗിച്ച്‌ നമ്മുടെ തോട്ടങ്ങൾ ക്രമേണ ജനിതക ശ്രേഷ്ഠമാക്കേണ്ടതിന്റെ ആവശ്യകതയി ലേയ്ക്കാണ്‌ ഇതു വിരൽ ചൂണ്ടുന്നത്‌. കുറിയയിനങ്ങളുടേയും നെടിയയിനങ്ങളുടേയും സ്വഭാവഗുണങ്ങൾ സമന്വയിക്കുന്ന നല്ല സങ്കരയിനങ്ങൾ ഉത്പാദനക്ഷമതയിൽ മുന്നിട്ടു നിൽക്കുന്നുവേന്നതിൽ സംശയമില്ല. എന്നാൽ ആവശ്യാനുസരണം ഇവ ലഭ്യമല്ലെന്നുള്ളത്‌ ഇവ വ്യാപകമായി കൃഷിചെയ്യാനുള്ള കർഷകന്റെ ആഗ്രഹത്തിനു വിഘാതമാകുന്നു.

നഴ്സറികളിലും മറ്റു കാർഷികസ്ഥാപനങ്ങളിലും സങ്കരയിനം തെങ്ങിൻ തൈകൾക്കു വേണ്ടി കർഷകർ പരക്കം പായുമ്പോൾ സ്വന്തമായി സങ്കരയിനം തൈകളുത്പാദിപ്പിക്കാനുള്ള സാങ്കേതിക വശം കൃഷിക്കാർക്കും സ്വായത്തമാക്കാവുന്നതാണ്‌. ഇത്തരുണ ത്തിൽ വർഗ്ഗ സങ്കരണത്തിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി അറിഞ്ഞിരിക്കുന്നത്‌ ഉചിതമായിരിക്കും.

അഭികാമ്യമായ ഗുണങ്ങളുള്ള ഒന്നിലധികം ജാനസ്സുകളിൽപെട്ട തെങ്ങുകളിൽ കൃത്രിമ ബീജസങ്കരണം വഴി പുതിയ മറ്റൊരിനം ഉത്പാദിപ്പിക്കുകയെന്നതാണ്‌ വർഗ്ഗസങ്കരണത്തിന്റെ ഉദ്ദേശ്യം. അഭികാമ്യമായ ഗുണങ്ങൾ എന്ന പ്രയോഗംകൊണ്ടുദ്ദേശിക്കുന്നത്‌ നല്ല കായ്‌ ഫലം തരുക, നേരത്തേ കായ്ക്കുക, ഉയരം കുറഞ്ഞിരിക്കുക, കൊപ്രയുടെ അളവ്‌ കൂടുതലുള്ള നാളികേരം ഉത്പാദിപ്പിക്കുക തുടങ്ങിയവയാണ്‌. ഇത്തരം മേന്മയേറിയ ഗുണങ്ങൾ എല്ലാം ഒത്തൊരുമുച്ച്‌ ഒരേ വൃക്ഷത്തിൽതന്നെ കാണണമെന്നില്ല. ഒന്നിടവിട്ട്‌ കായ്ക്കുക, മച്ചിങ്ങ പൊഴിക്കുക, പേടുകായ്ക്കുക, കുല ഒടിയുക തുടങ്ങിയ ചില അനുയോജ്യമല്ലാത്ത ഗുണങ്ങളും മേൽപറഞ്ഞ അഭികാമ്യമായ ഗുണങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടെന്നു വരാം. നല്ല ഗുണങ്ങൾ മാത്രമുള്ള മേന്മയേറിയ തൈകളുടെ ഉത്പാദനത്തിനുവേണ്ടി അത്തരം നല്ല ഗുണങ്ങൾ കാണിക്കുന്ന രണ്ടു വ്യത്യസ്ത വർഗ്ഗങ്ങളിൽ നിന്നും (ഉദാ: നെടിയതും കുറിയതും​‍ാമ്ന്നിനെ മാതൃവ്യക്ഷമായും മറ്റൊന്നിനെ പിതൃവൃക്ഷമായും തിരഞ്ഞെടുത്ത്‌ കൃത്രിമപരാഗണം നടത്തിയാണ്‌ പുതിയ മറ്റൊരിനം ഉത്പാദിപ്പിക്കുന്നത്‌. പിതൃവൃക്ഷത്തിലെ ആൺപൂക്കളിൽ നിന്നും ശേഖരിക്കുന്ന പൂമ്പൊടി മാതൃവൃക്ഷത്തിലെ പെൺപൂക്കളിൽ കൃത്രിമമായി നിക്ഷേപിച്ചാണ്‌  സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നത്‌.

വിത്തുതേങ്ങ ശേഖരിയ്ക്കുമ്പോൾ നല്ല ലക്ഷണങ്ങൾ മാത്രമുള്ള മാതൃവൃക്ഷം
തിരഞ്ഞെടുക്കുന്നതുപോലെ വർഗ്ഗസങ്കരണത്തിൽ മാതൃവൃക്ഷമായി ഉപയോഗിക്കുന്ന തെങ്ങുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം നിഷ്ക്കർഷത പാലിക്കേണ്ടതുണ്ട്‌. തെങ്ങുകൾ നല്ല ആരോഗ്യമുള്ളതും ഉത്പാദനസ്ഥിരതയുള്ളതും ആണ്ടൊന്നിന്‌ ശരാശരി 80 തേങ്ങയെങ്കിലും ഉത്പാദിപ്പിക്കുന്നതും ആയിരിക്കണം. കൊപ്രയുടെ ശതമാനം കൂടിയിരിക്കയും കഴമ്പിന്‌ നല്ല കട്ടിയുണ്ടായിരിക്കുകയും വേണം. കുരലിൽ 30 മുതൽ 35 ഓലകൾ ഉണ്ടായിരിക്കണം. രോഗബാധയുള്ളതും, കുലയൊടിയുക, മച്ചിങ്ങ കൊഴിയുക, പേടുകായ്ക്കുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമായ തെങ്ങുകൾ മാതൃ പിതൃവൃക്ഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഒഴിവാക്കണം.
വർഗ്ഗ സങ്കരണത്തിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി താഴെകൊടുത്തിരിക്കുന്നു.

1. വിപുംസീകരണം (Emasculation)
 ആൺപൂക്കളും പെൺപൂക്കളും ഒരേ പൂക്കുലയിൽ ഉണ്ടാകുന്ന ഏകലിംഗ (​‍ാ​‍ീ​‍ി​‍ീലരശീ​‍ൗ​‍െ) സസ്യമാണ്‌ തെങ്ങ്‌. പൂക്കുലയുടെ ഓരോ ശാഖയുടേയും ചുവട്ടിൽ പെൺപൂക്കളും മുകളിൽ ആൺപൂക്കളും സ്ഥിതി ചെയ്യുന്നു. ചില പൂക്കുലകളിൽ പെൺപൂക്കളുടെ ഇടയിലായി കുറച്ചു ആൺപൂക്കളും കാണാറുണ്ട്‌. മാതൃവൃക്ഷമായി തിരഞ്ഞെടുക്കുന്ന തെങ്ങിന്റെ പൂക്കുലയിൽ നിന്നും ആൺപൂക്കൾ നീക്കം ചെയ്യുന്ന പ്രക്രിയയെയാണ്‌ വിപുംസീകരണം എന്നു പറയുന്നത്‌. ഇങ്ങനെ ചെയ്യുന്നത്‌ ആൺപൂക്കളിൽ നിന്നും പരാഗം പെൺപൂക്കളിൽ പതിക്കാതിരിക്കുന്നതിനുവേണ്ടിയാണ്‌. ആൺപൂക്കൾ വിദഗ്ധമായി കൈകൊണ്ട്‌ മാറ്റിക്കളയാവുന്ന താണ്‌. പൂക്കുലയുടെ അഗ്രഭാഗത്തുള്ള പെൺപൂവിന്റെ തൊട്ടുമുകളിൽ നിന്നും 4-5 സെ. മീറ്ററോളം മുറിച്ചുമാറ്റിയും വിപുംസീകരണം നടത്താവുന്നതാണ്‌. ആൺപൂക്കൾ നീക്കം ചെയ്യുമ്പോൾ പെൺപൂക്കളുടെ ഇടയിലായി കാണാറുള്ള പൂക്കളും നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
2. പരാഗസംഭരണം
പരാഗസംഭരണവും പരാഗസംരക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്ന രണ്ടു സംഗതികളാണ്‌. പൂക്കുല പൊട്ടി 2-4 ദിവസത്തിനകം പരാഗരേണുക്കൾ ശേഖരിക്കു ന്നതാണുത്തമം. പൂർണ്ണമായും വിരിഞ്ഞ ആൺപൂക്കളിൽ നിന്നും പരാഗം ശേഖരിക്കാൻ പാടില്ല. പരാഗരേണുക്കൾക്ക്‌ രണ്ടു ദിവസം വരെ മാത്രമേ അങ്കുരണക്ഷമത (germinating capacity) ഉണ്ടായിരിക്കയുള്ളൂ. ശേഖരിച്ച പരാഗം 15-20 ദിവസം വരെ കേടുകൂടാതെയിരിക്കുന്നതിനുള്ള സംവിധാ നമുണ്ട്‌. ചെറിയ കുപ്പികളിലാക്കിയ പരാഗരേണുക്കൾ ഒരു ഡസിക്കേറ്റ റിലാക്കി ഫ്യൂസ്ഡ്‌ കാത്സ്യം ക്ലോറൈ ഡിനുമുകളിൽ മുറിയിലെ താപനിലയിൽ സൂക്ഷിച്ചാൽ പരാഗം ഇരുപതു ദിവസത്തോളം കേടുകൂടാതെയിരിക്കു മെന്ന്‌ കണ്ടിട്ടുണ്ട്‌.
3. സഞ്ചികെട്ടൽ (Bagging)
ആൺപൂക്കൾ നീക്കം ചെയ്ത പൂക്കുല രണ്ടറ്റവും തുറന്ന ഒരു കോറതുണി സഞ്ചിയിൽ ഇറക്കി രണ്ടറ്റവും കെട്ടുക. പരാഗരേണുക്കൾ ഏതെങ്കിലും പ്രാണികൾ മൂലമോ കാറ്റുമുഖേനയോ പെൺപൂക്കളിൽ പതിയ്ക്കാതി രിക്കുന്നതിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.
4. പരാഗണം (Pollination)
പൂക്കുലപൊട്ടി 21-33 ദിവസം കഴിഞ്ഞാൽ പെൺപൂക്കൾ പരാഗം ഉൾക്കൊള്ളാൻ പാകമായി ക്കഴിഞ്ഞിരിക്കും. ഒരേ കുലയിലെ പെൺപൂക്കൾതന്നെ പല ദിവസങ്ങളിലായിട്ടാണ്‌ സ്വീകാര്യക്ഷമമാകുന്നത്‌. പെൺപൂക്കളുടെ പരാഗണസ്ഥലത്തിന്റെ പാർശ്വഭാഗത്ത്‌ കാണുന്ന ഭാഗങ്ങളിൽ പൂന്തേൻ ഊറി വരുന്ന സമയത്താണ്‌ പരാഗണം നടത്തേണ്ടത്‌. പരാഗണം നടത്താൻവേണ്ടി പിതൃവൃക്ഷത്തിൽ നിന്നും ശേഖരിച്ചുവച്ചിരിക്കുന്ന പരാഗം മാതൃവൃക്ഷത്തിലെ പെൺ പൂക്കൾ സ്വീകാര്യക്ഷമാകുന്നതനുസരിച്ച്‌ ഓരോ ദിവസവും സഞ്ചി തുറന്ന്‌ പോളിനേറ്റർ എന്ന ലഘു ഉപകരണമുപ യോഗിച്ച്‌ സസൂക്ഷ്മം പെൺപൂക്കളിൽ നിക്ഷേപിക്കുന്നു. പരാഗം സ്വീകരിക്കാൻ പാകമായി കഴിഞ്ഞാൽ പെൺപൂക്കൾ 2 ദിവസം വരെ മാത്രമേ സ്വീകാര്യക്ഷമ മായിരിക്കുകയുള്ളൂ. പരാഗം നിക്ഷേപിച്ചു കഴിഞ്ഞാൽ എത്രയും വേഗം സഞ്ചി കെട്ടണം. യാതൊരു വിധത്തിലും അന്യപരാഗം പരാഗണസ്ഥലത്ത്‌ പതിക്കാൻ ഇടയാകരുത്‌. കഴിയുന്നതും ഈ ജോലി രാവിലെ 11 മണിക്കകം ചെയ്തു തീർക്കണം. മഴക്കാലത്ത്‌ കൃത്രിമപരാഗണം പ്രയാസമാണ്‌.

ജനുവരി മുതൽ മേയ്‌ വരെയുള്ള മാസങ്ങളിലാണ്‌ ഇതിന്‌ യോജിച്ചതായി കണക്കാക്കുന്നത്‌.
പരാഗണം നടന്ന പെൺപൂവിന്റെ അഗ്രഭാഗം രണ്ടുമൂന്നു ദിവസത്തിനകം കറുത്തുതുടങ്ങും. പരാഗണം പൂർത്തിയായിക്കഴിഞ്ഞാൽ ഒരാഴ്ചയ്ക്കുശേഷം സഞ്ചി നീക്കം ചെയ്ത്‌ ലേബൽ കെട്ടണം. ലേബലിൽ സങ്കരണം നടത്തിയ തീയതി വ്യക്തമായി  എഴുതിയിരിക്കണം. 11-12 മാസം മൂപ്പെത്തുമ്പോൾ വിത്തുതേങ്ങ ശേഖരിച്ചു തുടങ്ങാം. ഈ തേങ്ങ മുളപ്പിച്ചുണ്ടാകുന്ന തൈകളാണ്‌ സങ്കരവർഗ്ഗതൈകൾ. തൈകളുടെ നിറവും കരുത്തും ഓലകളുടെ എണ്ണവുമെല്ലാം സങ്കരയിനങ്ങളെ മറ്റു തൈകളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നു.

സങ്കരവർഗ്ഗങ്ങളുടെ ഉത്പാദനക്ഷമത, കൊപ്രയുടെ തൂക്കക്കൂടുതൽ, രോഗപ്രതിരോധ, സഹന ശക്തി എന്നീ ഗുണവിശേഷതകൾ മനസ്സിലാക്കിയതോടുകൂടി കർഷകരുടെ ഇടയിൽ അവയുടെ ആവശ്യം വളരെയധികം വർദ്ധിച്ചിട്ടുണ്ട്‌. എന്നാൽ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന്‌ തൈകൾ ഇന്നു ലഭ്യമല്ലെന്നുള്ളതാണ്‌ സത്യം. മനുഷ്യപ്രയത്നത്തിൽ മാത്രം അധിഷ്ഠിതമായ പരാഗണരീതി കൂടുതൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ്‌ വിപുലമായ തോതിൽ സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുവാനുള്ള പരിമിതി. വേനൽക്കാലങ്ങളിൽ മാത്രമേ കൃത്രിമപരാഗണം ഫലപ്രദമായി ചെയ്യുന്നതിന്‌ സാധിക്കുകയുള്ളൂ എന്നുള്ളതും മറ്റൊരു കാരണമാണ്‌.

 മനുഷ്യ പ്രയത്നത്തിലുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ട്‌ മുൻകാലങ്ങളിൽ വൻതോതിൽ സ്വാഭാവിക ഡിഃടി സങ്കരയിനങ്ങൾ ഉത്പാദിപ്പിക്കുന്നതി നുവേണ്ടി വിത്തുതോട്ടങ്ങൾ സ്ഥാപിച്ചുവന്നിരുന്നു. സമീപത്തെങ്ങും തെങ്ങുകളില്ലാത്ത പ്രദേശങ്ങളിൽ ഇത്തരം തോട്ടങ്ങൾ സ്ഥാപിക്കുന്നത്‌ കൂടുതൽ അഭികാമ്യമായി കരുതുന്നു. ജനിതകമേന്മയില്ലാത്ത തെങ്ങുകളിൽ നിന്ന്‌ പരാഗണം നടക്കാതിരിക്കുന്നതിനു വേണ്ടിയാണ്‌ ഈ മുൻകരുതൽ. വേറൊരു മാർഗ്ഗം പൂമ്പൊടി (പരാഗം) ശേഖരിക്കാൻ തിരഞ്ഞെടുക്കുന്ന നെടിയ ഇനങ്ങൾ തോട്ടത്തിന്റെ പുറംനിരയിൽ 10-12 വരികളായിട്ടു നട്ടുപിടിപ്പിക്കുന്നതാണ്‌. ഇത്‌ പുറമെനിന്ന്‌ പൂമ്പൊടി വിത്തുതോട്ടത്തിൽ കടക്കാതിരിക്കാൻ സഹായിക്കുന്നു.

വിവിധ സങ്കരയിനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനാണ്‌ ബോർഡ്‌ പ്രദർശന വിത്തു തോട്ടങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്‌. ഇതിൽ കർണ്ണാടക ത്തിലെ മാണ്ഡ്യയിലും കേരളത്തിലെ എറണാകുളം ജില്ലയിലെ നേര്യമംഗലത്തും ഇപ്പോൾ കൃത്രിമ വർഗ്ഗ സങ്കരണം നടക്കുന്നുണ്ട്‌.

കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ഗവേഷണപദ്ധതികളിൽ വിവിധയിനം സങ്കരയിനങ്ങളുടെ ഉത്പാദനവും ഫീൽഡ്‌ പരിശോധനയും നടന്നു വരുന്നു, ഡി ഃ ടി, ഡി ഃ ഡി  ഇവയെല്ലാം ഇതിലുൾപ്പെടും. 23 ഇനം ഡി ഃ ഡി സങ്കരയിനങ്ങൾ അവരുടെ കർണ്ണാടക ത്തിലെ ദക്ഷിണ കാനറ ജില്ലയിൽ പ്രവർത്തിക്കുന്ന കിഡു ഗവേഷണ കേന്ദ്രത്തിൽ നിരീക്ഷിച്ചു വരുന്നതായി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ 2010-11 ലെ വാർഷിക റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

കാറ്റുവീഴ്ച രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള തൈകൾക്കുവേണ്ടി ചാവക്കാട്‌ കുറിയതും പശ്ചിമ തീര നെടിയതും തമ്മിലുള്ള സങ്കരണം കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിലധികമായി നടക്കുന്നു. ഇത്തരം സങ്കരയിനങ്ങൾ 67-84 നാളികേരം വരെ നൽകി. കൽപരക്ഷ എന്ന പേരിൽ പുറത്തിറക്കിയ മലയൻ കുറിയ പച്ച, പശ്ചിമ തീര നെടിയയിനവുമായി സങ്കരണം നടത്തിയുണ്ടാക്കിയ യിനം വളർച്ചയിൽ മികവുകാട്ടുന്നതായി രേഖപ്പെടുത്തിയിരി ക്കുന്നു. അതു പോലെ തന്നെ മലയൻ കുറിയ മഞ്ഞയും വർഗ്ഗസങ്കരണത്തിന്‌ ഉപയോഗിച്ചു വരുന്നു.
ഇതിനോടകം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും, വിവിധ കാർഷിക സർവ്വകലാശാലകളും ചേർന്ന്‌ 15 സങ്കരയിനം തെങ്ങിനങ്ങൾ വികസിപ്പിച്ചെടു ത്തിട്ടുണ്ട്‌. ചാവക്കാട്‌ കുറിയ ഓറഞ്ച്‌, പച്ച, മലയൻ കുറിയ മഞ്ഞ എന്നീ കുറിയയിനങ്ങൾ യഥാക്രമം മാതൃവൃക്ഷ മായുപയോഗപ്പെടുത്തിയ ചന്ദ്രസങ്കര, കൽപസങ്കര, കൽപസമൃദ്ധി എന്നീ ഡി ഃ ടി ഇനങ്ങളും പശ്ചിമ തീര നെടിയയിനം മാതൃവൃക്ഷമായുപയോഗിച്ച കേര സങ്കര, കേരഗംഗ, കേരശ്രീ എന്നീ ടി ഃഡി  ഇനങ്ങളും പ്രചാരമേറിയവയാണ്‌. ലക്ഷദ്വീപ്‌ നെടിയയിനം വർഗ്ഗസങ്ക രണത്തിനുപയോഗിച്ച്‌ ഉരുത്തിരിച്ച ചന്ദ്രലക്ഷ, ലക്ഷഗംഗ എന്നിവയും  പൂർവ്വതീര നെടിയയിനം (ഈസ്റ്റ്‌ കോസ്റ്റ്‌ ടാൾ) മാതൃവൃക്ഷമാക്കിയുള്ള ഗോദാവരി ഗംഗ, വേപ്പൻകുളം 1,2,3 ടി ഃ ഡി  സങ്കരയിനങ്ങളും കേരളത്തിനും അയൽസം സ്ഥാനങ്ങായ തമിഴ്‌നാട്‌, കർണ്ണാടകം, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലേയ്ക്കുമെല്ലാം അനുയോജ്യമായ ഇനങ്ങളായി ശുപാർശ ചെയ്തിരിക്കുന്നു.
ഇതിൽ ഭൂരിഭാഗം ഇനങ്ങളും 100 നാളികേരത്തിൽ കൂടുതൽ ആണ്ടിലൊരി ക്കൽ ഉത്പാദിപ്പിക്കുന്നവയാണ്‌.

കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം 2010-11ൽ 31136 സങ്കരയിനം നാളികേരമാണ്‌ ഉത്പാദിപ്പിച്ചതു,  ബോർഡിന്റെ മാണ്ഡ്യയിലും നേര്യമംഗലത്തുമുള്ള ഫാമുകളിൽ നിന്ന്‌ 60,000 ഡി ഃ ടി നാളികേരവും.

നമ്മുടെ വർദ്ധിച്ചു വരുന്ന ആവശ്യം കണക്കിലെടുക്കു മ്പോൾ ഇത്‌ തുലോം തുച്ഛമാണെന്ന്‌ എടുത്തു പറയേണ്ടതില്ലല്ലോ. ഇവിടെയാണ്‌ സങ്കരയിനം തൈകൾ കർഷകർ സ്വയം ഉത്പാദിപ്പിക്കേണ്ടതിന്റെ പ്രസക്തി. ഗുണമേന്മയുള്ള കുറിയയിനം മാതൃവൃക്ഷങ്ങൾ തെരഞ്ഞെടുത്ത്‌ ഗുണമേന്മയുള്ള നെടിയയിനത്തിന്റെ പൂമ്പൊടി ഉപയോഗിച്ച്‌ പരാഗണം നടത്താം. വൻതുക മുടക്കി സങ്കരയിനം തൈകൾ വാങ്ങുന്നവർക്ക്‌ അധികം ചിലവില്ലാതെ ഗുണമേന്മയുള്ള സങ്കരയിനം സ്വന്തമാക്കാം. ഈ രംഗത്ത്‌ ചെറിയ പരിശീലനം നേടിയാൽ കുറിയയിനം തെങ്ങുകളിലെ പെൺപൂക്കളിൽ കൃത്രിമ പരാഗണം നടത്താം. നെടിയയിനത്തിന്റെ ആൺപൂക്കളിൽ നിന്നും ശേഖരിക്കുന്ന പൂമ്പൊടി സൂക്ഷ്മതയോടെ പതിപ്പിച്ചാൽ പരാഗണം നടക്കുന്നവയിൽ ഒരു നല്ല ശതമാനം സങ്കരയിനം വിത്തു തേങ്ങകളായി ശേഖരിയ്ക്കാം. വർഗ്ഗസങ്കരണത്തി നുള്ള പരിശീലനം ബോർഡിന്റെ ഡി.എസ്‌.പി. ഫാമുകളിൽ നിന്നും ആവശ്യക്കാർക്കു ലഭ്യമാക്കാം. നല്ല കുറിയയിനം വിത്തു തേങ്ങകൾ പാകിയാലും കുറഞ്ഞ ശതമാനം പ്രകൃതിദത്തമായ സങ്കരയിനം (NCD) തൈകൾ ലഭ്യമാക്കാം.

ഇത്‌ ഡി x ടി വിഭാഗത്തിൽ പെടും. കോക്കനട്ട്‌ പ്രോഡ്യൂസേഴ്സ്‌ സോസൈറ്റികളും കേര ക്ലസ്റ്ററുകളു മെല്ലാം പ്രവർത്തനസജ്ജമാകുമ്പോൾ ഈ മേഖലയിലും കൂടുതൽ ശ്രദ്ധ പതിയണം. സങ്കരയിനം വിത്തുതേങ്ങകൾ ഉണ്ടാക്കി നഴ്സറി നടത്തുകയും തൈകളുടെ ലഭ്യത സുലഭമാക്കുകയും ചെയ്യാം. ഇതിനായുള്ള പദ്ധതികളുടെ പ്രയോജനവും ലഭ്യമാക്കാം. ഇതെല്ലാം മുന്നിൽ കണ്ട്‌ കുറിയയിനം തൈകളുടെ കൃഷിയിൽ കൂടുതൽ ശ്രദ്ധ പതിയണം. ബോർഡ്‌ ഈ മേഖലയിൽ കൂടുതൽ ഊന്നൽ നൽകിത്തുടങ്ങിയിട്ടുണ്ട്‌.

ബോർഡ്‌ ഇപ്പോൾ നടപ്പിലാക്കിവരുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലനത്തിൽ കൃത്രിമ പരാഗണത്തിനു കൂടി ക്രമേണ അവരെ പ്രാപ്തരാക്കുവാൻ ലക്ഷ്യമിടുന്നു. ചങ്ങാതികളെ കൃത്രിമ പരാഗണത്തിനു പരിശീലനം നൽകി അവർ വഴി 25000 മികച്ച മാതൃ വൃക്ഷങ്ങൾ കണ്ടെത്തി, ഡി ഃ ടി തൈകൾ ഉൽപാദിപ്പിക്കുന്നതിന്‌ പ്രാപ്തരാക്കാം
.

സങ്കരയിനം തെങ്ങിൻ തൈയുത്പാദനം ജനകീയ മാക്കാൻ.....
സങ്കരയിനം തെങ്ങിൻ തൈകളുണ്ടാക്കുന്നതിന്‌ ശാസ്ത്രജ്ഞർക്കും ഗവേഷണകേന്ദ്രങ്ങൾക്കും മാത്രമല്ല, മികച്ച കർഷകർക്കും തെങ്ങുകൃഷി ഗൗരവമായി ചെയ്യുന്ന ഏതൊരാൾക്കും കഴിയും. അതിനുവേണ്ട പരിശീലനവും സാങ്കേതിക സഹായവും ബോർഡ്‌ നൽകുന്നതിനാ ഗ്രഹിക്കുന്നു. 5000 ചങ്ങാതിമാരെ പരിശീലിപ്പിച്ചു കഴിയുമ്പോൾ 50000 ത്തോളം മികച്ച മാതൃപിതൃ വൃക്ഷങ്ങൾ കണ്ടെത്തി, മാർക്കുചെയ്ത്‌, അവയിൽ കൃത്രിമ പരാഗണം നടത്തി സങ്കരയിനം തൈകളുത്പാദിപ്പിക്കാൻ കർഷകരെ പ്രാപ്തരാക്കി ഈ പ്രക്രിയ ജനകീയമാക്കാൻ ബോർഡ്‌ ശ്രമിക്കുകയാണ്‌. നമ്മുടെ കോളേജുകളിലെ ബോട്ടണി ഡിപ്പാർട്ടുമന്റുകൾക്കും ഈ പ്രക്രിയയിൽ പങ്കാളികളാകാം.