Thursday 13 October 2011

അനിവാര്യമായത്‌ സംഭവിക്കുക തന്നെ ചെയ്യും



അമ്പാട്ട്‌ സുകുമാരൻനായർ


മുപ്പതു മുപ്പത്തഞ്ച്‌ വർഷങ്ങൾക്കു മുമ്പ്‌ വയനാട്ടിൽവച്ച്‌ ഒരു സ്വാതന്ത്ര്യസമരസേനാനിയെ ഞാൻ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ പേരിപ്പോൾ എന്റെ ഓർമ്മയിലില്ല. കാഴ്ചയിൽ അദ്ദേഹത്തിന്‌ 70വയസ്സിനുമേൽ പ്രായംതോന്നിക്കും. വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട്‌ സ്വാതന്ത്ര്യസമരത്തിലേക്ക്‌ ഇറങ്ങിപ്പുറപ്പെട്ടതാണ്‌. ഭാരതത്തെ അടിമത്തിൽ നിന്നു മോചിപ്പിക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. അതിനു വേണ്ടി ജീവിതം സമർപ്പിച്ചു.
 വയനാട്ടിലെ ഒരു സാധാരണ കർഷക കുടംബത്തിലാണ്‌ ജനിച്ചതു. സ്വാതന്ത്ര്യസമരഭടൻ എന്നു പറഞ്ഞാൽ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടയ്ക്കുന്ന കാലം. അതുകൊണ്ട്‌ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ്‌ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുത്തിയത്‌. ആ പോരാട്ടം സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ തുടർന്നു. ഒളിവിൽ കഴിഞ്ഞുകൊണ്ടുള്ള പോരാട്ടം. അത്‌ വളരെ ദുഷ്കരമമാണ്‌. ആവഴിത്താര ഒട്ടും സുഗമമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞതായിരുന്നു. സ്വാതന്ത്ര്യം നേടിയെടുക്കണം. അതുമാത്രമായിരുന്നു ലക്ഷ്യം. അതിനുവേണ്ടി ജീവൻ സമർപ്പിക്കാൻപോലും തയ്യാർ.

 ഒരു സായന്തന വേളയിലാണ്‌ ഞങ്ങൾ അദ്ദേഹത്തെ കാണാൻ വീട്ടിലെത്തിയത്‌. മുറ്റത്തു നിൽക്കുന്ന അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ "ജയ്‌ ഹിണ്ട്‌" എന്നു വിളിച്ചുകൊണ്ടാണ്‌ ആ ദേശസ്നേഹി ഞങ്ങളെ സ്വാഗതം ചെയ്തത്‌.
 പൂമുഖത്ത്‌ ഒരു പീഠത്തിൽ ഗാന്ധിജിയുടെ ഒരു വലിയഫോട്ടോ ഫ്രയിം ചെയ്തു വച്ചിട്ടുണ്ട്‌. ആ ചിത്രത്തെ വണങ്ങിയിട്ട്‌ അദ്ദേഹം ഞങ്ങളോടിരിക്കാൻ പറഞ്ഞു.
 സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അങ്ങയുടെ പോരാട്ടത്തെക്കുറിച്ച്‌ ഒന്നു വിശദീകരിക്കാമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം ഊർജ്ജസ്വലനായി.   
 

 ഒരു നിമിഷത്തെ ധ്യാനത്തിനുശേഷം അദ്ദേഹം പറഞ്ഞു:
   "ഞാൻ വിദ്യാർത്ഥിയായിരിക്കുന്ന കാലത്താണ്‌ മഹാത്മാഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ സമരരംഗത്തേക്കിറങ്ങിത്തിരിച്ചതു
. സ്വാതന്ത്ര്യസമരപ്പോരാളികളെ എവിടെക്കണ്ടാലുംഅറസ്റ്റ്‌ ചെയ്ത്‌ തുറുങ്കിലടയ്ക്കുന്ന കാലം. അതുകൊണ്ട്‌ പോലീസിനു പിടികൊടുക്കാതെയാണ്‌ സമരം നടത്തിയത്‌.
 "ഗ്രാമങ്ങളിൽ ചെന്ന്‌ കുറച്ചാളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട്‌ അവരിൽ ദേശീയബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും വളർത്തിയെടുക്കുക എന്നതായിരുന്നു എന്റെ പ്രവർത്തനശൈലി. വലിയ പ്രചരണമൊന്നും കൊടുക്കാതെ ഏതെങ്കിലും വീട്ടിൽവച്ച്‌ സന്ധ്യ കഴിഞ്ഞതിനുശേഷം യോഗങ്ങൾ സംഘടിപ്പിക്കുകയായിരുന്നു പതിവ്‌. വിദേശ വസ്ത്ര ബഹിഷ്കരണം ഖാദി ധരിക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കി. അത്തരം കാര്യങ്ങൾ അവർ കൗതുകത്തോടെ കേട്ടിരിക്കുമായിരുന്നു.


 "ഒരു സ്ഥലത്ത്‌ ഒന്നോ രണ്ടോ ദിവസത്തിൽ കൂടുതൽ തങ്ങില്ല. ആരെങ്കിലും ഒറ്റിക്കൊടുത്താൽ പോലീസ്‌ പാഞ്ഞെത്തും. ഇത്തരം രഹസ്യയോഗങ്ങളിൽ പങ്കെടുക്കുന്നല്ലാവരെയും വിശ്വസിക്കാനാവില്ല. ചിലർ പോലീസിനൊറ്റിക്കൊടുത്തെന്നുവരും. അമ്മയെ തല്ലിയാലും തല്ലുന്നവന്റെ പക്ഷം പറയാനും ആളുണ്ടാവും. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്ന ആളുകളെ പിടികൂടാൻ വരുന്ന പോലീസുകാരും നമ്മുടെ നാട്ടുകാർ തന്നെയാണ്‌. പക്ഷേ, അവർക്കൊരു കാരുണ്യവുമുണ്ടാവില്ല. അവർ സർക്കാരിന്റെ ശമ്പളം പറ്റുന്നവരാണ്‌. തിന്നചോറിന്‌ നന്ദികാണിക്കണമല്ലോ.


 "ഒന്നിലധികം തവണ പോലീസിനു പിടികൊടുക്കാതെ കാട്ടിലലഞ്ഞു നടന്നിട്ടുണ്ട്‌. ഒറ്റയ്ക്ക്‌. ഭക്ഷണമൊന്നും കിട്ടാതെ വരുമ്പോൾ അരുവിയിലെ വെള്ളവും കുടിച്ച്‌ പച്ചിലകളും കായ്‌ കനികളും പറിച്ചുതിന്ന്‌ വിശപ്പടക്കിയിട്ടുണ്ട്‌. ഒരിക്കൽ പൊലിസീനെ ഭയന്ന്‌ ഒരുമുളങ്കാട്ടിൽ ഒരു പകളും ഒരു രാത്രിയും ഒറ്റയ്ക്കു കഴിഞ്ഞിട്ടുണ്ട്‌. ഏതു നിമിഷവും കാട്ടുമൃഗങ്ങൾ കടന്നുവന്നാക്രമിക്കാം. പാമ്പുകളും ധാരാളമുണ്ട്‌. ദൈവകൃപയാൽ അവയുടെയൊന്നിന്റെയും ആക്രമണമുണ്ടായില്ല.
 കാട്ടിലുടെ പോലീസിനെ ഭയന്ന്‌ ഒളിച്ചു നടക്കുമ്പോൾ ചില ആദിവാസി ഊരുകളിൽ പോയി താമസിച്ചിട്ടുണ്ട്‌. നാട്ടിൽ നിന്നു ചെല്ലുന്നവരെ ആദിവാസികൾ പെട്ടെന്നൊന്നും വിശ്വസിക്കുകയില്ല. അവർ അഭയം നൽകിയാൽ ഒരിക്കലും വഞ്ചിക്കുകയില്ല. അവരുടെ കൂടെ താമസിച്ചുകൊണ്ട്‌ അവരെയും നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. നല്ല സമരഗീതങ്ങൾ അവരെ പാടിപ്പഠിപ്പിക്കും. അവരെക്കൊണ്ട്‌ ഭാരതമാതാ കീജയ്‌, മഹാത്മാ ഗാന്ധികീജയ്‌ എന്ന മുദ്രവാക്യം വിളിപ്പിക്കും. കാടിനുള്ളിൽ ഈ മുദ്രവാക്യം മുഴങ്ങുമ്പോൾ എന്തൊരാവേശമാണനുഭവപ്പെടുന്നത്‌!


 പോലീസിനു പിടികൊടുത്ത്‌ ജയിലിൽ പോയാൽ ഇത്തരം പ്രവർത്തനങ്ങളൊന്നും നടക്കില്ലല്ലോ. ഗാന്ധിജി പിന്നെന്തിനാ പോലീസിനു പിടികൊടുത്തത്‌ ജയിലിൽപോയതെന്ന്‌ എന്നോട്‌ പലരും ചോദിച്ചിട്ടുണ്ട്‌. അതിനുള്ള മറുപടി ഒന്നേയുള്ളു. അദ്ദേഹം ജയിലിനു വെളിയിൽ എത്രമാത്രം കരുത്തനാണോ അത്രതന്നെകരുത്തനാണ്‌ ജയിലിനുള്ളിലും. ജയിലിൽ കിടന്നുകൊണ്ടും അദ്ദേഹത്തിന്‌ ബഹുജനസമരങ്ങൾ നിയന്ത്രിക്കാൻ കഴിയുമായിരുന്നു. ഞാൻ ജയിലിൽ പോയാൽ എന്റെ പ്രവർത്തനം അതോടെ നിലയ്ക്കും. അതുകൊണ്ടാണ്‌ ജയിലിൽ പോകാൻ ആഗ്രഹിക്കാത്തത്‌. ആദിവാസിക്കുട്ടികളെക്കൊണ്ടു പോലും ആവേശം കൊള്ളിക്കുന്ന സ്വാതന്ത്ര്യസമരഗീതങ്ങൾ ഞാൻ ചൊല്ലിച്ചു. മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു. അതൊക്കെ എന്നെ ഇപ്പോഴും ആവേശം കൊള്ളിക്കുന്നുണ്ട്‌."


 സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയ്ക്ക്‌ അങ്ങേയ്ക്ക്‌ പെൻഷൻ കിട്ടുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിൽ ഉറങ്ങിക്കിടക്കുന്ന സിംഹം സടവിടർത്തി.
 "സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനു പെൻഷനോ? അമ്മയെ അടിമത്തത്തിൽ നിന്ന്‌ മോചിപ്പിക്കാൻ ശ്രമിച്ചതിനു കൂലി വാങ്ങുകയോ? ഇങ്ങനെ ഒരു പ്രതിഫലം മോഹിച്ചല്ല ഞാൻ എന്റെ പഠിപ്പുമുടക്കി സമര രംഗത്തിറങ്ങിയത്‌. എന്റെ അമ്മയെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കുക എന്നത്‌ എന്റെ കടമയാണ്‌. എന്നാലാവുംവിധം ഞാനാകടമ നിറവേറ്റി. സ്വാതന്ത്ര്യസമരവുമായി ഒരു ബന്ധവുമില്ലാത്ത ചില ആളുകൾ പെൻഷനുള്ള രേഖകളുണ്ടാക്കാൻ വേണ്ടി ഓടി നടക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അന്ന്‌ മറ്റെന്തിങ്കിലും കാരണത്തിന്‌ ജയിലിൽ പോയവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസം അനുഭവിച്ചു എന്നു പറഞ്ഞ്‌ പെൻഷൻ വാങ്ങുന്നതായി എനിക്കറിയാം.

എന്തായാലും 1947 ആഗസ്റ്റ്‌ 15-​‍ാം തീയതി അടിമത്തത്തിന്റെ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞു. പിന്നീടുണ്ടായ സംഭവങ്ങൾ വേദനാജനകമാണ്‌. ഒന്നിച്ചു നിന്ന്‌ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുത്തിയവർ മതത്തിന്റെ പേരിൽ രണ്ടായി പിളർന്നു. അവർ ബദ്ധവൈരികളായി.
പരസ്പരം ആയുധമെടുത്തു. ചോറപ്പുഴ ഒഴുകി. ആ വാളുകൊണ്ട്‌ അവർ ഭാരതാംബയുടെ മാറ്‌ പിളർന്നു. സ്വാതന്ത്ര്യത്തിന്റെ തലേനാൾ വരെ ഒന്നായി കഴിഞ്ഞിരുന്നവർ സ്വാതനന്ത്ര്യലബ്ധിയോടെ രണ്ടു ദേശക്കാരായി മാറി. അതാണെന്റെ ദുഃഖം. ആ ദുഃഖത്തിൽ നിന്നിനി മോചനമില്ല. ഇതിലും വലിയൊരു ദുഃഖമുണ്ട്‌. അധികാരം കൈയ്യിൽ കിട്ടിയപ്പോൾ ഭരണരംഗത്തുള്ളവർ അഴിമതിക്കോമരങ്ങളായി മാറി. സർക്കാരുദ്യോഗസ്ഥന്മാർ ജനങ്ങളുടെ യജമാനന്മാരായി മാറി. കൈക്കൂലി കിട്ടാതെ സാധാരണക്കാരുടെ ഒരാവശ്യവും നിറവേറ്റിക്കൊടുക്കില്ല എന്ന സ്ഥിതിവിശേഷമുണ്ടായി. ഇതും അടിമത്തത്തിന്റെ മറ്റൊരു മുഖമാണ്‌.


ജനങ്ങളുടെ ശ്വാസം മുട്ടിക്കുകയാണിവർ. നീതി നിഷേധിക്കുകയാണ്‌. ഇതിനുവേണ്ടിയാണോ നാം സ്വാതന്ത്ര്യം നേടിയത്‌? ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നിടത്ത്‌ സ്വാതന്ത്ര്യം നിരർത്ഥകമാവ്വയാണ്‌. അത്‌ പുനഃസ്ഥാപിക്കാൻ ഒരു സ്വാതന്ത്ര്യസമരവും കൂടി വേണ്ടി വരുമെന്നു തോന്നുന്നു. അനിവാര്യമായഘട്ടത്തിൽ അത്‌ സംഭവിക്കുക തന്നെ ചെയ്യും.
 35 വർഷങ്ങൾക്കു മുമ്പ്‌ അദ്ദേഹം പറഞ്ഞത്‌ എത്രശരിയായിരുന്നു. ഒരു പ്രവചനം പോലെ അതിന്ന്‌ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്‌.