Friday 14 October 2011

സ്റ്റേഷനതിര്‍ത്തികള്‍





  രാജേഷ്‌ ചിത്തിര


പരസ്പരം അറിഞ്ഞതു കൊണ്ടുമാത്രം,
പുറം തിരിഞ്ഞുറങ്ങുന്നതാവണം,

ഇനിയെന്തറിയാനെന്ന ആത്മഗതത്തില്‍
പാളങ്ങളിങ്ങനെ.

ഇഴഞ്ഞു നീന്തിയുമെത്തിയ ദൂരം

ക്ഷീണം തീര്‍ക്കാന്‍ നിവര്‍ന്നൊന്നു
കോട്ടുവായിട്ടപോല്‍ വളയുന്നുണ്ട്

നോവിന്റെ കരിങ്കല്‍ചീളുകള്‍ക്കുമേല്‍.

ഒളിച്ചിരുന്ന എന്തിനേയോ
പൊത്തിലേക്കിഴഞ്ഞാഞ്ഞതിന്‍‍

പാടുകാണാം അപ്പുറമെന്നൊന്നില്ലാതെ--
യില്ലാതാവുന്നൊരു വളവില്‍.

ഉപേക്ഷിക്കപ്പെട്ടൊരു ട്രാന്‍സിസ്റ്റര്‍

പലതൊരേ നേരം കേള്‍‍ക്കുമ്പോലെ
ചില‍‍ കാതോര്‍ക്കലുകള്‍‍‍.

മറവിയുടെ പാളങ്ങളില്‍

മാന്തിപ്പൊളിച്ചെന്തോ തിരഞ്ഞതിന്‍
നഖപ്പാടു തിളങ്ങും വെയില്‍

യാത്രകളുടെ ചില നേരങ്ങളില്‍.

കാത്തിരിപ്പിന്റെ തണുത്ത വിരല്‍ത്തുമ്പ്
തൊട്ടപോലെ ആഴത്തിലുറയും

എതോ വരവിന്‍ ഞെട്ടിയുണരല്‍
വരെയെത്തും ചില രാത്രികളില്‍

ഒരു വണ്ടിയുടെ വരവില്‍

പറയാനാവത്തെതെന്തോ
പറയുമ്പോല്‍ വിറയ്ക്കുന്നതു

കണ്ടിട്ടുണ്ടോ ഒരു തീവണ്ടിയാപ്പീസ്.

വാക്കുകളുടെ തീവണ്ടികളില്‍ നമ്മള്‍
നിര്ത്തലുകളില്ലാതെ സഞ്ചരിക്കുമ്പോഴുമില്ലേ

ഇങ്ങനെ ചില തൊട്ടറിയലുകള്‍
കാഴ്ചയുടെ കണ്ടെടുക്കലുകള്‍ക്കും മേലേയുള്ളവ.