Friday 14 October 2011

കടൽച്ചിത


ജനാർദ്ദനൻ വല്ലത്തേരി


അസ്തമയം കാണാതിരിക്കാൻ ഞാൻ തിരയെണ്ണിക്കൊണ്ടിരുന്നു; 1, 2, 3, 4, ......
അന്നേരമാണ്‌ നിങ്ങൾ വന്നത്‌.
അടിവസ്ത്രം ഊരിപ്പോവുന്നതുപോലെ തിരയിറങ്ങുമ്പോൾ, കടൽത്തീരത്തിന്റെ അരക്കെട്ട്‌ നഗ്നമാവുന്നു. അതും നോക്കിയിരിക്കുന്നത്‌ എനിക്കെന്നുമൊരു ഹരമാണ്‌.
'അസ്തമയം കാത്തിരിക്കുകയാണോ?'
എന്റെ എണ്ണം മുറിഞ്ഞു. നിങ്ങൾ അടുത്തു വന്നിരുന്നുകൊണ്ട്‌ ചോദിച്ചപ്പോൾ.
തെല്ലു നീരസത്തോടെ ഞാൻ സ്വയം പറഞ്ഞു: 'അസ്തമയം എപ്പഴേ കഴിഞ്ഞു!'
'ഞാനിന്നു വൈകി.' നിങ്ങൾ ഒരു ചിരകാല സുഹൃത്തിനെപ്പോലെ കുശലം ചോദിച്ചുകൊണ്ടിരുന്നു: 'എന്നും കാണാറുണ്ടല്ലോ, ഇവിടെ?'
'എന്നും കടലും കടൽത്തീരവുമുണ്ടല്ലോ!'
കെട്ടടങ്ങിയ കടൽച്ചിതയിലേയ്ക്കു നോക്കിക്കൊണ്ട്‌ ഞാൻ നിശ്വസിച്ചു. നിങ്ങളെ ഈ, കടൽത്തീരത്ത്‌ ഒരിക്കൽപ്പോലും കണ്ടിട്ടില്ലല്ലോ, എന്നോർത്തുകൊണ്ട്‌, പറഞ്ഞു പോവുകയും ചെയ്തു:
'സമയം കൊല്ലാൻ മറ്റെന്തു വഴി!'
'ഒരു ജാതി സ്വയം കൊല്ലൽ. അല്ലേ!'
ഞാൻ ചിരിച്ചുപോയി. ആ വഴിക്കു ചിന്തിച്ചിരുന്നില്ല.
'എന്താ പേര്‌ പറഞ്ഞത്‌?'
'അതിന്‌ ഞാൻ പേര്‌ പറഞ്ഞുമില്ല. നിങ്ങളോട്ടു ചോദിച്ചുമില്ല.'
'അതിലിത്ര ചിരിക്കാനുള്ള ഫലിതമുണ്ടോ?'
എന്നും ചോദിച്ച്‌ എന്നോടൊപ്പം നിങ്ങളും ചിരിച്ചു. ഒരേ സമയത്തു തന്നെയാണ്‌ നമ്മൾ രണ്ടുപേരും പറഞ്ഞത്‌: 'വളരെക്കാലമായി ഒന്നു ചിരിച്ചിട്ട്‌!'
~ഒന്നോർത്താൽ മതി. കരയാനിഷ്ടം പോലെയുണ്ട്‌. പക്ഷേ. ചിരിക്കാൻ ചിരിപ്പിക്കുന്നതായിട്ടെന്തെങ്കിലും വേണ്ടേ! അതുകൊണ്ടാവുമോ, കരയേണ്ടിടത്തുപോലും, പലപ്പോഴും നാം സ്വയമറിയാതെ ചിരിച്ചു പോവുന്നതെന്ന്‌ നിങ്ങൾ ചോദിച്ചു.
പിന്നീടാണ്‌ നാം പരസ്പരം പേര്‌ പറഞ്ഞതും ശരിക്കും പരിചയപ്പെട്ടതും.
എങ്കിലും ഞാൻ ആരാണെന്നു നിങ്ങൾക്കോ, നിങ്ങളാരാണെന്ന്‌ എനിക്കോ ശരിക്കും മനസ്സിലായോ, എന്നു സംശയം.
എന്നാലും അത്രയും മതി.
കടൽ കാണാൻ വന്ന രണ്ടാൾക്കാർ.
പിരിയുമ്പോൾ, നിങ്ങൾ ഉറപ്പിച്ചു പറഞ്ഞു:
'ശരി. നാളെക്കാണാം.'
'ഞാൻ ഇവിടെത്തന്നെയുണ്ടാവും, പതിവുപോലെ.'
'ഞാൻ അസ്തമയത്തിനു മുമ്പേ എത്തും. കണ്ടിട്ടേ പോകാവൂ!'
പിറ്റേന്നും യഥാസമയം ഞാൻ സമുദ്രസന്നിധാനത്തിലെത്തി. പക്ഷേ, പറഞ്ഞപോലെ നിങ്ങൾ വന്നു കണ്ടില്ല. വൈകിയാലും നിങ്ങൾ വരുമായിരിക്കും. നിങ്ങൾക്കായി കാത്തിരുന്നതുകൊണ്ട്‌, തിരയെണ്ണാൻ നേരം കിട്ടിയില്ല.
അന്നാദ്യമായിട്ടാണ്‌, ഞാൻ ഒരു സൂര്യാസ്തമയം പൂർണ്ണമായും കണ്ടത്‌.
പകലിന്റെ സമാധി കുണ്ഠം. സമുദ്രം പട്ടടപോലെ ആളിക്കൊണ്ടിരുന്നു. ജലാഗ്നിത്തിരകൾ ആകാശം മുട്ടെ ഉയർന്നുകൊണ്ടിരുന്നു.
നിങ്ങളെ തേടിപ്പറന്നുപറന്ന്‌ എന്റെ കണ്ണുകൾ രണ്ടു കടൽപ്പറവകളേപ്പോലെ തളർന്നു മടങ്ങി. കാത്തിരുന്നു മടുത്തിട്ടും നിങ്ങൾ വന്നില്ല. ഇനി നിങ്ങൾ വരാൻ പോണില്ലെന്നു എനിക്കുറപ്പായി.
എങ്കിലും ഒടുവിൽ നിങ്ങൾ വന്നു.
തീർത്തും അപ്രതീക്ഷിതവും സംഭീതവുമായ ഒരു തിരിച്ചുവരവ്‌.
മണൽച്ചുഴിയിൽ പൂണ്ട കാലുകൾ പറിച്ചെടുത്തു ഞാൻ മെല്ലെമെല്ലെ പൈന്തിരിഞ്ഞു നടക്കുമ്പോൾ, കൈകാലുകളലച്ച്‌, നെഞ്ചത്തടിച്ച്‌ നിലവിളിച്ചുകൊണ്ടോടിക്കേറി വന്ന ഒരു തിരമാലയോടൊപ്പമാണ്‌, നിങ്ങൾ വന്നത്‌.
തിരയിറക്കത്തിൽ, ചവിട്ടടിയിലെ വേരുപൊട്ടുന്നതുപോലെ, മണൽവെള്ളം കാൽക്കീഴിലൂടെ ഊതി ഊർന്നൊലിച്ചുപൊയ്ക്കൊണ്ടിരുന്നു. വീഴുമെന്നായപ്പോൾ, എങ്ങുമില്ലാത്ത പിടിവിട്ടുപോവാതിരിക്കാൻ ഞാൻ വായുവിൽ ബലം പിടിച്ചു നിന്നു; നിൽപുറയ്ക്കാതെ.
കാൽമുട്ടോളം പൊങ്ങിയ കടൽവെള്ളമിറങ്ങിയപ്പോൾ അയ്യോ, ഞാൻ നിങ്ങളെ കണ്ടു.
എപ്പോഴോ കടലെടുത്തുപോയ നിങ്ങൾ, അപ്പോൾ കരയ്ക്കടിഞ്ഞ്‌ കിടക്കുകയായിരുന്നു; എന്റെ കാലുകളിൽ തടഞ്ഞ്‌.