Tuesday 13 September 2011

തൊട്ടാവാടി പറയുന്നത്‌





മേലൂർ വാസുദേവൻ


ഒന്നു തൊട്ടാൽ മതി എല്ലാം മറന്നു ഞാൻ
നിന്നുപോം, നെഞ്ചിലുണരുമെൻ മൗനത്തിൽ-
സംഗീതം, ധ്യാനനിലീനമെൻ കണ്ണുകൾ
മന്ദമടഞ്ഞു പോം (വാടുന്നതല്ല ഞാൻ),
പിന്നെയെൻ ഉണ്മയെ തേടും, ഈ ജന്മത്തിൻ
ധന്യത,യെൻ സൗമ്യഭാവമാകാം, മൃദു-
ചുംബനംപോലും കഠിനം, വിലോലമാം
മർമ്മരം പോലുമെനിയ്ക്കു ഭാരം, പക്ഷെ-
ഉള്ളിലെ നന്മകൾ വർണ്ണപരാഗമായ്‌
എന്നുമുണർന്നാൽ സഫലമീജീവിതം!
(ഉണ്ടു ഞാനീ മണ്ണിൽ എന്നറിയിക്കുവാൻ
കുഞ്ഞിളം പൂക്കളെ കാഴ്ചയായ്‌ വച്ചിടാം)
മഞ്ഞിൽ വിരിഞ്ഞു വിതുമ്പിയാലും, സൂര്യ-
വർണ്ണകിരണങ്ങളെന്നെയുണർത്തിടും!