Tuesday 13 September 2011

ശേഷിപ്പ്‌ അഥവാ ഒരു പിന്തിരിപ്പൻകവിത




ബക്കർ മേത്തല

മാറാലപിടിച്ചശരറാന്തലുകൾ
എലിയകളുടെ പ്രണയ സല്ലാപങ്ങൾ
നരിച്ചീറുകളുടെ സിംഫണികൾ
വ്യാളീമുഖങ്ങളിൽനിന്നും
ചോരയിറ്റുവീഴുന്ന ചിത്രത്തൂണുകൾ
തുറക്കുമ്പോൾ കരയുന്നവാതിലുകൾ
നിലവറയിലെപൂതലിച്ച ആമാടപ്പെട്ടികൾ
പത്തായത്തിലെ ശേഷിച്ചനെന്മണികൾ
ഈർപ്പംകൊണ്ട്‌ ഗർഭവതികളാവുകയും
പുഴുകുപ്പോവുകയും ചെയ്തതിന്റെ
അപശകുനങ്ങൾ
അടുക്കിവെച്ചതാളിയോലക്കെട്ടുകൾ
ഒരുനാരായം
കഴിഞ്ഞജന്മത്തിൽ
ആരോവെള്ളംകോരിയെടുത്ത
കിണറിന്റെ കപ്പിയിൽ
നിശ്ചലചിത്രമായി ഒരു ദ്രവിച്ച ബക്കറ്റ്‌
പെട്രോളൊഴിച്ച്‌ തീകൊളുത്തുമ്പോൾ
ഒന്നുംശേഷിക്കരുതേ എന്നായിരുന്നു
പ്രാർത്ഥന-പക്ഷേ,
ചാമ്പൽക്കൂമ്പാരത്തിൽ
അഗ്നിസ്പർശമേൽക്കാതെ
ഒരു കെട്ട്‌ താളിയോലയും
ഒരു നാരായവും!