Tuesday 13 September 2011

തിലോദകം




  സംവിദാനന്ദ്


നാക്കിലയില്‍
ചിതറിയ എള്ളില്‍
കണ്ണീരില്‍
നീ ഒത്തിരി മൗനം
ബാക്കി വെച്ചു.

ഒടുവിലടക്കം പറഞ്ഞ
'നിന്‍ സുഖം തന്നെയെന്‍
ജീവിത'മെന്ന വാക്ക്
അജീര്‍ണ്ണം പുളിച്ചു തികട്ടുന്നു.

നിന്റെ ചിരിയൊഴിഞ്ഞ
തെരുവ്
മങ്ങിയ വെട്ടത്തില്‍
സ്വയം പ്‌രാകി നില്‍ക്കെ

ഇരുളിന്‍ പകര്‍ച്ചയാം
രൂക്ഷ ജലം
മുറതെറ്റി അന്നനാളം കുടഞ്ഞ്
കുരവള്ളി പൊട്ടി
അടിവയറ്റിന്‍ ഞരമ്പും പറിച്ച്
ദഹിക്കാത്ത ചോറോപ്പം
കടത്തിണ്ണയിലേക്ക്.
ചവയ്ക്കാതെ വിഴുങ്ങിയ മുളക്
പത്രകടലാസിന്‍ കോണിലെ
മരണ വാര്‍ത്തയ്ക്കു തിലകമായ്.

മഞ്ഞിന്‍ പുതപ്പു നീക്കി
പുലര്‍ സ്വപ്‌നത്തില്‍
നിന്റെ തിലോദകത്തിന് കത്തി
മാറിലുറക്കിയോന്റെ
ചിരി മുഴങ്ങി.

വിയര്‍ത്ത കണ്ണിന്‍
വിഭ്രാന്തിയില്‍
കാഴ്ചതെളിയെ
പതിവുകാരി തെരുവുപെണ്ണിന്‍
സ്ഥാനം തെറ്റിയ വസ്ത്രവും
ചിരട്ടയിലൊരു ഹ്രിദയവും
ബാക്കി
******