Tuesday 13 September 2011

കലണ്ടറിലെ ബാക്കി




   -സലാം പൊട്ടേങ്ങല്‍

ബസ്സിറങ്ങിയ പാടെ റോഡ്‌ മുറിച്ചു കടന്ന് അപ്പുറത്തെ സൈഡിലുള്ള കൂറ്റന്‍ ബില്‍ഡിംഗ് ബ്ലോക്കിന് നേരെ നടന്നു നിയാസ്‌. 


വെള്ളിയാഴ്ചയായതിനാല്‍ റോഡ്‌ നിറയെ വാഹനങ്ങളാണ്. റോഡിന്‍റെ ഇരു വശത്തും ആളുകള്‍ തിങ്ങി നിറഞ്ഞതിന്‍റെ അസഹ്യമായ തിരക്കും. വെള്ളിയാഴ്ചകള്‍ അങ്ങിനെയാണ് ഈ ചെറിയ നഗരത്തില്‍. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന പ്രവാസികളായ ഇന്ത്യക്കാരും ബംഗാളികളും മറ്റു നാട്ടുകാരും ഈ ദിവസം ഇവിടെ ഒത്തു ചേരുന്നു. പലരെയും അവരുടെ കംപനി വാഹനം തന്നെയാണ് കൂട്ടത്തോടെ ഇവിടെ കൊണ്ട് വന്നിറക്കുന്നത്. അകലങ്ങളിലുള്ള ജോലിസ്ഥലങ്ങളില്‍ തുടര്‍ച്ചയായി ആറു ദിവസം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി പണിയെടുക്കുന്നവര്‍ക്ക് വരാന്‍ പോവുന്ന ഓരോ വെള്ളിയാഴ്ചയും എരിയുന്ന മരുഭൂവിലകപ്പെട്ടവന് മുമ്പില്‍ തെളിയുന്ന തണ്ണീര്‍ തടാകം പോലെയാണ്. അന്ന് അവര്‍ ഈ കൊച്ചു നഗരത്തില്‍ ഒത്തു കൂടി തങ്ങളുടെ കണ്ണീരും കിനാവും പങ്കു വെയ്ക്കുന്നു. പരസ്പരം കണ്ടും മിണ്ടിയും ഏതു ചൂടിനെയും തണുപ്പിനെയും വകവെയ്ക്കാതെ കാത്തിരുന്ന സംഗമവേളകളെ സജ്ജീവമാക്കുന്നു. വരുന്ന ഒരാഴ്ചത്തേക്കുള്ള ഒറ്റപ്പെടലിന്‍റെ നീറ്റലിനെ, ജോലിയിലുടലെടുക്കുന്ന സങ്കീര്‍ണ്ണതകളെ, സമസ്യകളായവശേഷിക്കുന്ന ജീവിത ക്ലേശങ്ങളെ എല്ലാം ലഘൂകരിക്കാനുള്ള ഊര്‍ജ്ജ സംഭരണ ദിവസമാണ് വെള്ളിയാഴ്ചകള്‍ അവര്‍ക്ക്. ആഴ്ചയിലൊരിക്കലുള്ള അവരുടെ ഈ നഗരാധിനിവേശത്തെ വ്യാപാരികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുമ്പോള്‍ നഗരവാസികള്‍ അവരെ ശല്യക്കാരായ വിരുന്നുകാരായി കാണുന്നു. ഈ ദിവസം സായാഹ്ന സമയമാവുമ്പോഴേക്ക് ആളു തിങ്ങിയ ബസ്സിനകത്ത് ചെന്നുപെട്ട പ്രതീതിയാണ് ഇതിലൂടെയുള്ള യാത്ര.

മനസ്സാഗ്രഹിക്കുന്ന പോലെ ശരീരത്തെ മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയാതെ ഞെങ്ങി ഞെരുങ്ങി ഒരു വിധം അയാള്‍ റോഡിനപ്പുറം കടന്ന് ഉദ്ദ്യേശിച്ച കെട്ടിടത്തിനകത്തെത്തി. അതിന്‍റെ മൂന്നാമത്തെ പ്രവേശന കവാടത്തിലെവിടെയോ ഉള്ള പണമെടുക്കുന്ന റ്റെല്ലര്‍ മെഷിന്‍ ലക്‌ഷ്യമാക്കി മുന്നോട്ടു നീങ്ങി.

അന്ന് രാവിലെ മുതല്‍ വിവരിക്കാനാവാത്ത ഒരു മാനസിക സമ്മര്‍ദ്ധം അയാളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും ഉച്ച കഴിഞ്ഞപ്പോള്‍ നഗരത്തില്‍ നിന്ന് കുറച്ചകലെയുള്ള തന്‍റെ സുഹൃത്തിനെ കാണാന്‍ പോയി വൈകുന്നേരം തിരിച്ചു പോരാന്‍ ബസ്സിലിരിക്കുന്ന സമയത്ത് രാവിലെ തന്നെ പിടികൂടിയ മ്ലാനതയില്‍ നിന്ന് ഏറെക്കുറെ മോചിതാനായിരുന്നു. ബസ്‌ചാര്‍ജ് കൊടുത്ത് തന്‍റെ പേഴ്സിനകത്തേക്ക് ഒന്ന് കൂടി നോക്കിയപ്പോഴാണ് അതില്‍ ഇനി ബാക്കിയുള്ളത് പത്ത് റിയാലിന്‍റെ മൂന്ന് നോട്ടുകള്‍ മാത്രമാണെന്ന് പിന്നെയും ഓര്‍ത്തത്. തന്‍റെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തു ഡേറ്റ് വീണ്ടും നോക്കി. അതെ, ശമ്പളം വരാന്‍ ഇനിയും ഒരാഴ്ചയുണ്ട്. ഈ ഒരാഴ്ച മറികടക്കണമെങ്കില്‍ എങ്ങിനെ കുറച്ചു ചിലവഴിച്ചാലും കയ്യിലുള്ള മുപ്പത് റിയാലിലേക്ക് അമ്പതു കൂടി എന്തായാലും കൂട്ടേണ്ടി വരും. അപ്രതീക്ഷിതമായി വന്ന ആശുപത്രി ചിലവിനു നാട്ടിലേക്ക് സാമാന്യം വലിയ തുക പെട്ടെന്ന് കടം വാങ്ങി അയക്കേണ്ടി വന്നതാണ് ഈ മാസത്തെ ബജറ്റ് ഇങ്ങിനെ താളം തെറ്റിച്ചത്. അയാള്‍ക്ക്‌ ഇതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. പണത്തിന്‍റെ ധാരാളിത്തം ഒരിക്കലും കൈവന്നിട്ടില്ലെങ്കിലും കടം വാങ്ങി തീരെ ശീലമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഏറെ മെലിഞ്ഞുപോയ തന്‍റെ പേഴ്സും കലണ്ടറിലെ തികയാതെ കിടക്കുന്ന തിയതികളും അയാളെ തെല്ല് മൂകനാക്കി. ചെറിയ തുകയാണെങ്കിലും ഇനിയും കടം വാങ്ങാന്‍ വയ്യ.

അങ്ങിനെ സുഹൃത്തിനെ കണ്ട് ആര്‍ജിച്ച ഉത്സാഹമെല്ലാം ചോര്‍ന്ന് ബസ്സില്‍ അയാള്‍ പുറത്തേക്ക് തന്നെ നോക്കാതെ നോക്കിയിരുന്നു. അപ്പോഴാണ് വഴിയില്‍ മിന്നിമറഞ്ഞ ആ റ്റെല്ലര്‍ മെഷിന്‍ അയാളുടെ കെട്ടുപോയ ഉത്സാഹത്തെ ഒന്ന് ഇക്കിളിയാക്കിയത്. ഒരു സാധ്യതയുടെ സാന്ത്വനം. ശൂന്യമെന്നു താന്‍ കരുതിയിരുന്ന തന്‍റെ ബാങ്ക് അക്കൌണ്ടില്‍ എന്തോ ഒരു ചില്ലറ ശേഷിപ്പ് കിടപ്പില്ലേ എന്ന പ്രതീക്ഷയുടെ ഒരു കിരണം മനസ്സില്‍ മിന്നി. എങ്കിലും തീരെ ഉറപ്പു പോരാ. മനസ്സ് എപ്പോഴും അങ്ങിനെയാണ്. ശുഭാപ്തിയുടെ പ്രതീക്ഷകളെ അത്താണിയാക്കി മനസ്സിന്‍റെ ഭാരം അല്‍പനേരമെങ്കിലും ഇറക്കി വെച്ച് ആശ്വാസം കൊള്ളാന്‍ പലപ്പോഴും അത് അറച്ചു നില്‍ക്കും. അന്ന് തിടുക്കത്തില്‍ പണമെടുത്ത് അയച്ചപ്പോള്‍ കിട്ടാവുന്നത്ര ATM ല്‍ നിന്ന് ഊറ്റിയെടുത്തിരുന്നു എന്ന് തന്നെയാണോര്‍മ. എന്നാലും, ഏറെ ദാഹിച്ച നേരത്ത് തീര്‍ന്നു പോയ കുടിവെള്ള ബോട്ടിലിന്‍റെ അടിത്തട്ടില്‍ അരക്കപ്പ് വെള്ളമെങ്കിലും ഊറ്റിയെടുക്കാന്‍ കാണും എന്ന അര്‍ദ്ധ പ്രതീക്ഷയുടെ ഒരു തണുപ്പ് മനസ്സില്‍ എവിടെയോ.

ഈ ഉദ്വേഗത്തില്‍ ഉടക്കിയ മനസ്സുമായാണ് ആയാള്‍ ഷോപ്പിംഗ്‌ മാളിനോട് ചേര്‍ന്നുള റ്റെല്ലര്‍ മെഷീനരികിലേക്ക് നടന്നടുത്തത്. ATM കാര്‍ഡ്‌ മെഷിനിന്‍റെ വായില്‍ വെച്ചപാടെ മെഷിന്‍ അത് "ടപ്" എന്ന് വിഴുങ്ങി. പാസ്സ്‌വേര്‍ഡ്‌ ചോദിച്ചു. അതു നല്‍കിയ ശേഷം ബാലന്‍സ് ബട്ടണില്‍ വിരലമര്‍ത്തി. ഒരു നിമിഷം, പ്രാര്‍ത്ഥിക്കുന്ന പോലെ അയാള്‍ മെഷിന്‍ സ്ക്രീനിനു മുമ്പില്‍ നിന്നു. SR.85 എന്ന് ബാലന്‍സ്‌ ഡിസ്പ്ലേയില്‍ തെളിഞ്ഞു. അയാളില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം പുറത്തു വന്നു. വിത്ഡ്രാവല്‍ ബട്ടണില്‍ വിരലമര്‍ന്നത്‌ പെട്ടെന്നായിരുന്നു. മുഴുവനും എടുക്കാനാവില്ല, എടുക്കുന്നത് അമ്പതിന്‍റെ ഗുണിതം തന്നെയാവണം എന്നത് മെഷിന്‍റെ കണിശമായ നിഷ്ഠയാണ്. 50 എന്നടിച്ച് കണ്‍ഫേം ബട്ടന്‍ അമര്‍ത്തി. "റിസിപ്റ്റ് പ്രിന്‍റ് ചെയ്യണമോ?" എന്ന് വീണ്ടും ചോദ്യം. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ മനുഷ്യനോട് സമഭാവനയില്‍ ഇടപെടുന്ന ലോകത്തെ ശേഷിച്ച ഏക പ്രസ്ഥാനം ഈ റ്റെല്ലര്‍ മെഷിനാണെന്ന് തോന്നി. 85 മില്യന്‍ റിയാല്‍ ഉള്ളവനോടും വെറും 85 റിയാല്‍ ഉള്ളവനോടും റിസിപറ്റ് വേണമോ എന്ന് ചോദിക്കും. ഇതിലടങ്ങിയ യുക്തിയുടെ ഐറണിയോര്‍ത്തോ എന്തോ അയാളുടെ ചുണ്ടില്‍ ഒരു മന്ദഹാസം പാതി വിടരാന്‍ വിതുമ്പി.

പിറകില്‍ കാത്തു നില്‍ക്കുന്ന സൌദിയുടെ തിടുക്കത്തിന്‍റെ "*യാ അല്ലാ, സുറാ, സുറാ" ഒച്ച കേട്ട് റിസിപ്‌റ്റിന് "No" ബട്ടന്‍ അമര്‍ത്തി. "ടിക്" ശബ്ദത്തില്‍ പുറത്തേക്ക് വന്ന കാര്‍ഡിനെ യന്ത്രത്തിന്‍റെ ഉപദേശം ഉള്‍ക്കൊണ്ട്‌ വേഗത്തില്‍ എടുത്ത്‌ പോക്കറ്റിലിട്ടു. " ടിക്‌, ട്ര്ര്‍ ", ഒരു നിമിഷം, ഇളം പച്ച നിറമുള്ള ഒരു നോട്ട് പുറത്തു വന്നു. നിര്‍ന്നിമേഷനായി അല്‍പനേരം അയാള്‍ അതിലേക്കു നോക്കി നിന്നു. മുന്‍പ് ഒരേ മാസത്തില്‍ തന്നെ ഒന്നിലധികം തവണ നാലായിരവും അയ്യായിരവും റിയാല്‍ എടുക്കുമ്പോഴൊന്നും ഇത്ര അരുമയോടെ ഒരു നോട്ട് പുറത്തേക്ക് വരുന്നത് അയാള്‍ നോക്കി നിന്നിരുന്നില്ല. പകുതി പുറത്തു ചാടി നില്‍ക്കുന്ന പച്ചനോട്ടിനെ അപ്പോള്‍ പ്രസവിച്ച പൈതലിനെയെന്നപോലെ ഏറെ കരുതലോടെ കയ്യിലെടുത്തു. വലിച്ചെടുക്കുമ്പോള്‍ നോട്ട് കീറിപ്പോവുമോ എന്ന് ഭയക്കും പോലെ. കയ്യിലെടുത്ത നോട്ടിനെ തിരിച്ചും മറിച്ചും നോക്കി. അതിന്‍റെ ഒരു ഭാഗത്തിരുന്ന് ചിരിക്കുന്ന രാജാവിന് ജീവനുണ്ട്. ആ നോട്ടിനുള്ളില്‍ ഒരു ഹൃദയം മിടിക്കുന ശബ്ദവും അയാള്‍ക്ക്‌ കേള്‍ക്കാം. ആ മിടിപ്പിന് ചെവിയോര്‍ത്തുകൊണ്ട് ഒരു നിമിഷം അയാള്‍ നിന്നു. ഈ ഹൃദയമിടിപ്പ് മുന്‍പൊരിക്കലും തന്‍റെ ശ്രദ്ധയില്‍ വരാതിരുന്നതെങ്ങിനെയാണ് എന്ന് സ്വയം ആശ്ചര്യം കൊണ്ടു.

പിന്നീട്, ഭദ്രമായി ആ നോട്ട് തന്‍റെ ഇടതു നെഞ്ചിനു മീതെയുള്ള പോക്കറ്റിലിട്ട് വലതു കൈപടം കൊണ്ട് അതിനു മീതെ പതുക്കെ തലോടി വീണ്ടും ഉറപ്പു വരുത്തി പുറത്തെ തിരക്കിലേക്ക് നടന്നു നിയാസ്‌. പുതിയ കലണ്ടര്‍ കൊണ്ടു വരാവുന്ന പുതിയ പ്രതീക്ഷകളിലേക്ക്, പുതിയ പ്രയാണങ്ങളിലേക്ക്.
---------------------------------------
*"സുറാ, സുറാ": വേഗം, വേഗം.
*****************************************