Tuesday 13 September 2011

ജീവിതക്രമം





ടി.കെ.ശങ്കരനാരായണൻ

 പുതിയ വീട്ടിൽ താമസം തുടങ്ങിയ ദിവസം അവൾ പറഞ്ഞു.
"വിലപിടിപ്പുള്ള കാററസുകൾ കൊണ്ട്‌ നമുക്ക്‌ പൂന്തോട്ടം നിറക്കണം..."
വീടുപണി കഴിയുമ്പോഴേയ്ക്കും അയാൾ വല്ലാത്തൊരു പണക്കെണിയിലായിരുന്നു. ബാധ്യതകൾ തീരുംവരെ അത്യാവശ്യസാധനങ്ങൾ മാത്രം മതിയെന്ന്‌ തീരുമാനിച്ചു. അതിനാൽ ചിലവില്ലാത്ത മറ്റൊരു നിർദ്ദേശം മുന്നോട്ടുവച്ചു.
 'വീട്ടുമുറ്റത്ത്‌ നമുക്ക്‌ ഉങ്ങ്‌ വളർത്താം.'
'ഉങ്ങോ? ഐ ഹാവിന്റ്‌ ഇവൺ ഹേഡ്‌ എബൗട്ട്‌...'
അവൾ കഴുത്തു വെട്ടിച്ചു. പിന്നെ ചോദിച്ചു.
'കിച്ചൻ നമുക്ക്‌ മോഡുലാർ ആക്കണ്ടേ?'
അയാൾ അതു കേട്ടുവോ ആവോ? മറ്റെന്തോ ലോകത്തിൽ നിന്നുകൊണ്ട്‌ അയാൾ പറഞ്ഞു.
'മുകളിലത്തെ ബെഡ്‌ർറൂമിൽ ണല്ലോരു ലൈബ്രറി സെറ്റ്‌ ചെയ്യണം...'
'ബെഡ്‌ർറൂമിൽ ലൈബ്രറിയോ...റിഡിക്കുലസ്‌...'
 വീടിന്‌ തെരഞ്ഞെടുക്കേണ്ട പെയിന്റിന്റെ കാര്യത്തിലും തർക്കമുണ്ടായി. ഏതെങ്കിലും ഇളംനിറം മതിയെന്ന്‌ അയാളും, കടുത്ത നിറമാണെങ്കിലേ ആരും ശ്രദ്ധിക്കൂ എന്ന്‌ അവളും വാക്പോരു നടത്തി. തർക്കം എങ്ങുമെത്താതെ വഴിപിരിഞ്ഞു.
 ഇതെല്ലാം കഴിഞ്ഞിട്ടിപ്പോൾ വർഷങ്ങൾ എത്രയോ കഴിഞ്ഞു.
 വീട്ടിലെ മുകൾനിലയിൽ അയാൾക്കിപ്പോൾ ചെറിയൊരു ലൈബ്രറിയും ബാൽക്കണിയിൽ കുഞ്ഞു പൂന്തോട്ടവും കൂട്ടിന്‌ കുറേ പാട്ടുകളുമുണ്ട്‌.
 ഭാര്യ താഴത്തെ നിലയിലാണ്‌ ഉപയോഗിക്കുന്നത്‌. അവർ മോഡുലർ കിച്ചനും, ചെറിയ ബ്യൂട്ടിപാർലറും കൂട്ടിന്‌ എൽ.സി.ഡി ടിവിയുമുണ്ട്‌.
 അയാൾക്കുള്ള ഭക്ഷണം അമ്മുവേടത്തി കാലത്തു വന്ന്‌ വെച്ചിട്ടു പോകും.
 ഭാര്യയ്ക്ക്‌ ഭക്ഷണകാര്യത്തിൽ പ്രത്യേക നിർബ്ബന്ധങ്ങളൊന്നുമില്ല. എളുപ്പത്തിൽ ചൂടാക്കിക്കഴിക്കാവുന്ന സൂപ്പും, ന്യൂഡിൽസും, ഓട്സും, ബ്രഡ്ഡും തീൻമേശയെ അലങ്കരിക്കുന്നു.
 ഇവർക്കിടയിൽ മൂന്നാമതൊരാളായി ബണ്ണി എന്നു പേരുള്ള ഒരു പട്ടിക്കുട്ടിയുണ്ട്‌. ചെന്നെയിൽ നിന്നും ഇറക്കുമതി ചെയ്ത ഒരു കുള്ളൻ പഗ്ഗ്‌. അത്‌ ഇടയ്ക്ക്‌ മുകൾനിലയിലേക്ക്‌ കയറി വന്ന്‌ അയാളുടെ അടുത്തിരിക്കും. പിന്നെ താഴെ ചെന്ന്‌ അവളെ വട്ടം ചുറ്റും. ഇംഗ്ലീഷ്‌ പത്രം ചുണ്ടുകൾക്കിടയിലമർത്തി മുകളിലെത്തിക്കും. പിറ്റേന്ന്‌ താഴെ ടീപോയിൽത്തന്നെ കൊണ്ടുവെക്കും.
 ആവശ്യത്തിന്‌ ബാങ്ക്‌ ബാലൻസുള്ളതുകൊണ്ട്‌ ഇരുവർക്കും സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ല.
 ജീവിതം സുഖമായി അങ്ങനെ പോകുന്നു...