Tuesday 13 September 2011

ഉയിർപ്പ്‌ പറവ







ഡോ.കെ.ജി.ബാലകൃഷ്ണൻ


അളവിന്റെ അളവെഴായ്മ,
പിറവി, മറവി-
കുമിളയുടെ കുഞ്ഞുനനവ്‌.
നിറച്ചാർത്തിന്‌ താളലയങ്ങൾ
കണികകളുടെ തീരാനിര,
നേരത്തുടർച്ചയുടെ ഒഴുക്ക്‌
ഒരു നീർത്തുള്ളിയുടെ
ഉൾത്തുടിപ്പിന്റെ നനവ്‌,
ഇളംകാറ്റിന്റെ സ്പർശമാത്രയിൽ
ഈ പൂങ്കിനാവിന്റെ കോരിത്തരിപ്പ്‌.
യാത്രയുടെ ഓരോ ചുവടിനും
നീ തരുന്ന ആക്കം
ഏഴാംമിഴിയുടെ ഈണപ്പെരുക്കം
ഇവിടെ, ഈ ഇരുട്ടിൽ
നീ പകരുന്ന തിരിവെട്ടം,
വെടിയൊച്ചകളുടെ
ഞെട്ടിവിറയലിൽ നിന്റെ
വിരൽമയത്തിന്റെ കനിവ്‌
നിനവുകളുടെ കോശങ്ങളിൽ
നിന്റെ പടർച്ച,
പ്രാണന്റെ ആദ്യത്തെ
ഇമയനക്കം
ഒച്ചയില്ലായ്മയിൽ
ആരുടെ കല്ലേറ്‌?
തീപ്പൊരി വിതറുവതാര്‌?
ഡേശിബലുകളുടെ
അണുബോംബ്‌
വലിച്ചെറിയുവതാര്‌?
തുടക്കവുമൊടുക്കവുമൊന്നെന്നറിയാത്തവർ;
ഇടവേളയുടെ ആരവങ്ങളിൽ
നിശ്ചയമില്ലായ്മ തീർക്കുന്ന
പകപ്പ്‌-
നുണനേരെന്ന്‌
ഉള്ളോടുന്നവർ
ഒന്നും തിരിയാതെ
എല്ലാമറിഞ്ഞെന്ന്‌
വെറുതെ, വെറുതെ,
കാണാതെ കൺതുറക്കുന്നവർ.
തിരക്ക്‌, രാജപാതയിലും
ഈ നാട്ടികവഴിയിലും;
എന്നെപ്പിൻതള്ളുവാൻ
നിനക്ക്‌;
നിന്നെ ഒതുക്കുവാൻ
എനിക്ക്‌.
എത്രനാൾ
ഈയൊളിച്ചുകളി;
ഈ നേര്‌-നുണപ്പോര്‌?
നിമിഷങ്ങൾ കൂടി
നേര്‌ മിഴിതുറക്കുമ്പോൾ
നുണകണ്ണടയ്ക്കും;
അത്‌ നേര്‌.
1. നുണ പനപ്പെരുക്കം;
2. നേര്‌ ആ ഉയിർപ്പ്പറവ.
കുറിപ്പ്‌:- 1. പാപി പനപോലെ വളരും
   2. ഫീനിക്സ്‌ പക്ഷി