Tuesday 13 September 2011

മഴ



  

അജീഷ്ചന്ദ്രൻ

കേരളത്തില്‍ ചിങ്ങം മാസം പൂര്‍ണമായും മഴയില്‍ കുതിര്‍ന്നത് ഏകദേശം 20 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതേ അവസ്ഥ ഇത്തവണയും തുടര്‍ന്നാല്‍ കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയെയും മഴ കാര്യമായി ബാധിക്കും. മഴയെത്തുടര്‍ന്ന് കേരളത്തിലെ ഓണ വിപണി ഉണര്‍ന്നു തുടങ്ങിയിട്ടില്ല. പത്രമാധ്യമങ്ങളില്‍ വന്‍പരസ്യങ്ങള്‍ നല്‍കി കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സ്ഥാനം ഉറപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും പണമായി മാറാത്തതിനാല്‍ മഴയ്ക്കുള്ള പങ്ക് വലുതാണ്. മഴ പഴം-പച്ചക്കറി മാര്‍ക്കറ്റിനെയും തകര്‍ത്തു കഴിഞ്ഞു.


കാലവര്‍ഷത്തെ തോല്‍പ്പിക്കുന്ന രീതിയുള്ള മഴ കാരണം എയര്‍ട്രാഫിക്ക് സിസ്റ്റവും അത്ര പൂര്‍ണതോതിലല്ല പ്രവര്‍ത്തിക്കുന്നത്. മഴ മൂലം എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ റണ്‍വേയ്ക്കു പുറത്തു കടന്നതും തിരുവനന്തപുരത്ത് അടക്കം വിമാനങ്ങള്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതിനു പിന്നിലും കാലാവസ്ഥ ഒരു ഘടകമായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് പാലക്കാട് മുട്ടികുളങ്ങരയില്‍ വ്യോമസേനാ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. നിര്‍മിതി കേന്ദ്രത്തിന്റെ സമീപമുള്ള ഗ്രൗണ്ടിലാണ് ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കിയത്. തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു ഹെലികോപ്ടര്‍. മഴ മാറിയതിനു ശേഷമാണ് ഹെലികോപ്ടര്‍ വീണ്ടും യാത്ര തുടര്‍ന്നത്.


സംസ്ഥാനത്തെ റോഡുകളെല്ലാം തന്നെ കുളമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മൂന്നാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. ദേശീയ, സംസ്ഥാന, നഗര പാതകളടക്കം എല്ലാ റോഡുകളുടെയും അറ്റക്കുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. റോഡുകള്‍ നന്നാക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെപ്പറ്റി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിലുണ്ട്. എറണാകുളം സ്വദേശി അജിത്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിനെ ഇന്ന് പരസ്യമായി ശാസിച്ചെങ്കിലും മഴ മാറാതെ ഒരു പണിയും നടക്കില്ലെന്നു പൊതുമരാമത്ത് വകുപ്പും വ്യക്തമാക്കുന്നു.


കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതു വരെ മരണം നാലായിട്ടുണ്ട്. ഭൂരിഭാഗം ജലസ്രോതസ്സുകളും നിറഞ്ഞു തുടങ്ങി. നദികളും കരകവിഞ്ഞൊഴുകുന്നുണ്ടെങ്കിലും കാര്യമായ വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടിട്ടില്ല. അമ്മയുടെ കണ്‍മുന്നില്‍ പിഞ്ചുകുഞ്ഞ് ഒഴുക്കില്‍പെട്ട് മരിച്ചു. ഇരിങ്ങല്ലൂര്‍ വടക്കാഞ്ചേരി പറമ്പ് സജീവന്‍- രമ ദമ്പതികളുടെ മകളുമായ ദേവനന്ദന(5) ആണ് പാലത്തില്‍ നിന്നും താഴെ വീണ് മുങ്ങിമരിച്ചത്.


രാവിലെ എട്ടരക്ക് പാലാഴിക്കടുത്ത ഇരിങ്ങല്ലൂരിലായിരുന്നു അപകടം. സ്‌കൂളിലേക്ക് പോകുമ്പോള്‍ വീട്ടിനടുത്ത പൊരിങ്കൊല്ല പുഴയ്ക്ക് കുറുകെയുള്ള മരപ്പാലത്തില്‍ നിന്ന് കാല്‍വഴുതി അമ്മയ്‌ക്കൊപ്പം താഴേക്ക് വീഴുകയായിരുന്നു.കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അപകടത്തില്‍ മാതാവ് രമ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ പുഴ നിറഞ്ഞ് ഒഴുകുകയാണ്. പുഴയില്‍ വീണ മാതാവ് പുഴയരികി ലെ കുറ്റിച്ചെടിയില്‍ പിടിച്ച് കിടന്നതിനാലാണ് രക്ഷപ്പെട്ടത്. ഒഴുക്കില്‍ പെട്ട ദേവനന്ദനയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


പ്രശസ്തമായ ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് പള്ളിയോടക്കരകളില്‍ ആശങ്ക ഉണര്‍ത്തി. ജലമേളയ്ക്കുള്ള വാട്ടര്‍ സ്‌റ്റേഡിയത്തിലെ മണ്‍പുറ്റ് നീക്കംചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മണ്ണുമാന്തി യന്ത്രം ഇന്നു രാവിലെ ആറന്മുള സത്രക്കടവില്‍നിന്നും ഒഴുകി. അഞ്ചുകിലോമീറ്റര്‍ താഴെയുള്ള ആറാട്ടുപുഴ പാലത്തില്‍ ഇടിച്ചാണ് യന്ത്രം നിന്നത്. പമ്പാനദിയുടെ കരയില്‍ കെട്ടിയിട്ടിരുന്ന മാലക്കര ആറാട്ടുപുഴ പള്ളിയോടങ്ങള്‍ നദിയില്‍ താണു. ഇതില്‍ മാലക്കര പള്ളിയോടം രാവിലെ തന്നെ കരയിലടുപ്പിച്ചു.


ഇന്നലെ മുതല്‍ തോരാതെ പെയ്യുന്ന മഴ ഇപ്പോഴും തുടരുകയാണ്. മണ്ണുമാന്തിയന്ത്രം പള്ളിയോട സേവാസംഘം സെക്രട്ടറി രതീഷ് ആര്‍.മോഹന്റെ നേതൃത്വത്തിലുള്ള പള്ളിയോട സേവാസംഘത്തിന്റെ റെസ്‌ക്യു യൂണിറ്റിലെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. എന്നാല്‍, മുന്നറിയിപ്പില്ലാതെ മണിയാര്‍ ഡാം തുറന്നുവിട്ടതാണ് പമ്പയിലെ ജലനിരപ്പ് ഇത്രയധികം ഉയരാന്‍ കാരണമായതെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാമ്പദേവന്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 31 മുതല്‍ ആറന്മുള ക്ഷേത്ര മതിലകത്തു നടക്കുന്ന വള്ളസദ്യകളിലും ഈ മാസം 14ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയിലും പങ്കെടുക്കുന്നതിനു വേണ്ടി പള്ളിയോടങ്ങള്‍ നദിയുടെ ഇരു കരകളിലും കെട്ടിനിര്‍ത്തിയിരിക്കുകയാണ്. മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടുന്നത് പള്ളിയോടങ്ങള്‍ക്ക് ദോഷകരമാണെന്നും ഒഴുകിപ്പോകാന്‍ സാധ്യത ഏറെയാണെന്നും പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.


ഇപ്പോള്‍ പെയ്യുന്ന മഴ മൂന്നു ദിവസം കൂടി തുടരുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ പ്രവചനം. മഴ മാറാതെ ഓണം കാലെടുത്തു വയ്ക്കില്ലെന്നു കേരളവും വാശിപിടിക്കുന്നു. എന്തായാലും അത്തം പത്തോണം എന്ന ചൊല്ലില്‍ മുറ്റത്ത് ഓണപ്പൂക്കളമൊരുക്കാന്‍ കഴിയാതെ കുട്ടികളും വിലപിക്കുന്നു. ഓണാവധിക്കായി സ്‌കൂളുകള്‍ ഇന്ന് അടച്ചു.