Tuesday 13 September 2011

ഡീസലിനെന്തു വിന!






മലയാമ്പള്ളം ശങ്കരൻകുട്ടി


ചിനാബ്‌ നദിയ്ക്കു എന്നും കുളിരുകോരുന്ന പ്രായമാണ്‌. ആ തീരത്ത്‌, പല വർണ്ണങ്ങളിലുള്ള ഉരുളൻ കല്ലുകളിൽ തടഞ്ഞ്‌ പതഞ്ഞൊഴുകുന്ന നീരൊഴിൽ അസ്തമന സൂര്യൻ കുങ്കുമപ്പൂ വിതറുന്നു. സൗന്ദര്യത്തിടമ്പണിഞ്ഞു. മനം കവർന്നു മാടിവിളിക്കുന്ന കാശ്മീർ താഴ്‌വര.
 ഈ തീരത്തെ ഒരു സൈനിക ബറ്റാലിയൻ.
 മുപ്പത്തഞ്ചു വർഷങ്ങൾക്കു മുമ്പു നടന്ന സംഭവം. തീരത്തേക്കു നീന്തിയടുത്ത മത്സ്യങ്ങളെപോലെയായിരുന്നു അവർ.
 ലാൽസിംഗ്‌ ലാൻഡ്‌ നായക്കായിരുന്നു. ശിപായിയായിരുന്നു ഷെയറെഫ്‌. മലയാളി. രണ്ടുപേരും ഡ്രൈവർമാർ. ലാൽസിംഗ്‌ കോൺവായ്‌ ഡ്യൂട്ടിയിൽ ട്രക്കുമായി പൊയ്ക്കോണ്ടിരിക്കുന്നു. ഷെയറെഫ്‌ പ്ലാറവ്വൺ മുൻഷി (റൈട്ടർ).
 ഒരു ട്രിപ്പ്‌ കോൺവായ്‌ ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ ഏതാനും കന്നാസ്‌ (20 ലിറ്റർ ടിൻ) ഡീസൽ അധികമുണ്ടാവും. അന്നൊക്കെ ഡീസലിനു തന്നെ വിലകുറവ്‌.
 പല ഡ്രൈവർമാരുടേയും ചെറിയൊരു വരുമാനമാർഗ്ഗം ഡീസൽ വിൽപ്പനയായിരുന്നു.
 ഒരു ദിവസം, ഡ്യൂട്ടി കഴിഞ്ഞു ട്രക്കുമായെത്തിയ ലാൽസിംഗ്‌ മുൻഷിയെ കാണുന്നു. ഒരു കന്നാസ്‌ ഡീസൽ വിൽക്കണം. കൂടെ വരണം.
ഈ കലയിൽ ചിരപരിചിതനായ മുൻഷിയ്ക്ക്‌ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല. റെഡി!
ഇരുവരും ട്രക്കുമായി വിൽപന നടത്തുന്ന ഗലി (തെരുവ്‌)യിലെത്തി. ഊറ്റികൊണ്ടിരിക്കുമ്പോഴാണ്‌ അശനീപാതം പോലൊരു സംഭവം.
 കമ്പനി കമാൻഡറായ ക്യാപ്റ്റൻ സർദാർജിയുടെ ഓർഡർലി (പരിചാരകൻ)യുടെ വരവ്‌.
 അവൻ കണ്ടു. എന്തു ചെയ്യണമെന്നറിയാത്ത നിസ്സംഗത. കുറുക്കന്റെ കൗശലമൊന്നും ഉദിക്കുന്നില്ല. മൂവരുടേയും പുഞ്ചിരിയിൽ നിഷ്ക്കളങ്കത വിരിഞ്ഞിരുന്നു.
 ക്യാപ്റ്റൻ സർദാർജി പരുക്കൻ സ്വഭാവക്കാരനായിരുന്നു. കുറുനരിയുടെ ദൃഷ്ടികളുള്ള സ്നേഹം പ്രകടിപ്പിക്കാനറിയാത്ത വ്യക്തി. മുൻഷിയോട്‌ ഒരു മമത പ്രകടിപ്പിച്ചിരുന്നു. മിടുക്കാർന്ന ജോലിയിൽ സംതൃപ്തനുമായിരുന്നു.
 താടിരോമങ്ങളെ ഒതുക്കാനായി മുഖത്ത്‌ വലകെട്ടന്നതു കൊണ്ടാകാം ചിരിക്കാൻ മറക്കുന്നത്‌.
 അന്നത്തെ രാത്രി ഷെയറെഫും കൂട്ടുകാരനും നിദ്രാവിഹീന യാമങ്ങളിൽ പിടഞ്ഞുകൊണ്ടിരുന്നു. കരയ്ക്കിട്ട മത്സ്യങ്ങളായി. മദ്യപിച്ചിട്ടുപോലും മയക്കം മടിച്ചുനിൽക്കുന്നു.
 ഓർഡർലി സംഭവമേ മറന്ന മട്ടിലായിരുന്നു.

 ഓർഡർലിയെ വിശ്വസിക്കാനും വയ്യ. ക്യാപ്റ്റനുമായി അടുത്തിടപഴകുന്ന വ്യക്തി. അവൻ പറഞ്ഞു പോയാൽ, തങ്ങൾ മാപ്പർഹിക്കുന്നില്ല എന്ന സദുദ്ദേശത്തോടെ സംഭവം കമ്പനി കമാൻഡറോടു പറയാൻ മുൻഷി തീരുമാനിച്ചു.

 കാലത്ത്‌ ക്യാപ്റ്റന്റെ ക്വാർട്ടേഴ്സിലെത്തി മുൻഷി സംഭവം ഏറ്റുപറഞ്ഞ്‌ മാപ്പ്‌ അപേക്ഷിച്ചു.
 പത്തു മണിയോടെ ഓർഡലി റൂ(ഓഫീസ്‌​‍ാമിലേയ്ക്ക്‌ വരാനുള്ള ആജ്ഞ.
 സംഭവം കാണാനിടയായിട്ടും അദ്ദേഹത്തിനോട്‌ പറയാത്തതിന്‌ ഓർഡർലിയ്ക്ക്‌ ശകാരം വേറെ.
 ഈ സംഭവമേതായാലും മേലുദ്യോഗസ്ഥർ അറിഞ്ഞുപോയാൽ തനിക്കു ലഭിച്ചേയ്ക്കാവുന്ന ശിക്ഷയെ ഓർത്ത്‌ അയാൾ ഭീരുവായി. മറിച്ച്‌, കർക്കശക്കാരനായ ആഫീസറായി താഴെയുള്ളവർ ഭയന്നേക്കും.

 മുൻഷി വന്ന്‌ പറയരുതായിരുന്നു. വന്ന സ്ഥിതിയ്ക്ക്‌ എൻക്വയറി നടത്തി റിപ്പോർട്ട്‌ കമാൻഡിംഗ്‌ ആഫീസറെ അറിയിച്ചു.
 ഇരുവരേയും നിർദ്ദാഷിണ്യം യൂണിറ്റ്‌ ക്വാർട്ടർഡി (ആയുധപ്പുര)ലെ സെല്ലിലേയ്ക്കു മാറ്റി. താമസിയാതെ കേസ്‌ വിസ്താരം നടന്നു. ശിക്ഷയും വിധിച്ചു.
 ഇരുവർക്കും ആറുമാസം വീതം തടവ്‌.
 ഒരു ദിവസം സായാഹ്നത്തിൽ ഇരുവരേയും ക്വാർട്ട്മാർഷൽ പരേഡിന്‌ വിധേയരാക്കി സിവിൽ ജയിലിലേയ്ക്കയച്ചു.
 ഇരുപതു ലിറ്റർ ഡീസലിന്റെ വില. ഇരുവർക്കും ജോലിയും എല്ലാ ആനുകൂല്യങ്ങളിൽ നിന്നുള്ള വിടുതലും തടവും.
ഗുണപാഠം: (ഒന്ന്‌) കക്കാനറിഞ്ഞാൽ മാത്രം പോരാ; നിൽക്കാനുമറിയണം.
 (രണ്ട്‌) ആരേയും പെട്ടെന്ന്‌ അവിശ്വസിക്കുന്നപോലെ വിശ്വസിക്കയുമരുത്‌.