Tuesday 13 September 2011

ശിഖണ്ഡി




എം.കെ.ചന്ദ്രശേഖരൻ


 ട്രെയിൻ ഏതോ തുരങ്കം കടന്നിരിക്കുന്നു. തുരങ്കം സൃഷ്ടിച്ച ഇരമ്പം ചിലപ്പോൾ ഹരമായി മാറാറുണ്ട്‌. കോംഗ്കൺ പാതവഴിയുള്ള യാത്രയിൽ ഇങ്ങനെ ചില തുരങ്കങ്ങൾ-ചെറിയ ചെറിയ നദികൾക്കും തോടുകൾക്കും മീതെയുള്ള പാലങ്ങൾ കടക്കുമ്പോഴും ഒരു പ്രത്യേകതരം ശബ്ദം-ചിലപ്പോൾ പ്രത്യേകതരം താളം ആവശ്യപ്പെടുന്ന രാഗമായി മാറാറുണ്ട്‌. ഇവയ്ക്ക്‌ അലോസരം സൃഷ്ടിക്കാനെന്നോണം ചിലകച്ചവടക്കാർ-ചായ,വട, പിന്നെചില കൗതുകവസ്തുക്കൾ-ഇവയൊക്കെയായി മുമ്പിലേക്ക്‌ വരുമ്പോൾ-ഇവരെയൊക്കെ ട്രെയിൻ യാത്രയിൽ നിരോധിക്കണമെന്ന്‌ തോന്നും. ഇടയ്ക്കിടയ്ക്ക്‌ മഴ പെയ്യുമ്പോൾ ഷട്ടറിടേണ്ടിവരാറുണ്ട്‌. വെളിയിലത്തെ കാഴ്ചകൾക്ക്‌ മങ്ങലേൽക്കുമെങ്കിലും മഴയും ഇളംവെയിലും മാറിമാറി സൃഷ്ടിക്കുന്ന തരംഗങ്ങൾ മനസ്സിന്‌ കുളിർമ നൽകുന്നതാണ്‌. ഈ യാത്രയിൽ കാണണമെന്നാഗ്രഹിച്ച ഒരു കാഴ്ച കാണാനായില്ലല്ലോ എന്ന കുണ്ഠിതം മനസ്സിലേക്ക്‌ കടന്നുവന്നു.


അവർ തന്നെ. മോടിയിൽ എന്നോണം ഡ്രസ്സ്‌ ധരിച്ച്‌-അധികവും സാരിയും ബ്ലൗസുമായിരിക്കും വേഷം. അപൂർവ്വമായി ജീൻസും ടോപ്പും അല്ലെങ്കിൽ ചുരിദാർ.
വേഷം എപ്പോഴും പ്രകോപനം സൃഷ്ടിക്കുന്നവയാണ്‌. സാരിയുടുക്കുന്നവർ താഴ്ത്തിയുടുത്ത്‌-ശരീരത്തിന്റെ മുഴുപ്പും കൊഴുപ്പും കാണിക്കുന്ന തരത്തിലുള്ള നടത്തവുമായി വരുന്ന ഇവർ തലയ്ക്ക്‌ മുകളിലേക്ക്‌ കയ്യുയർത്തി കൊട്ടി-ചുവടുകൾ വച്ചിട്ടെന്നപോലെയാവും വരിക.
ഒറ്റയ്ക്കോ തെറ്റയ്ക്കോ- അല്ലെങ്കിൽ രണ്ടും മൂന്നും പേർ ചേർന്നോ- ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ-അത്‌ പത്ത്‌ രൂപയാകാം-ചിലപ്പോൾ അതിൽ താഴെ-എന്നാലും വാങ്ങി പൈസ തന്നയാളുടെ തലയിൽ കൈവച്ച്‌ ഒരു കൊച്ചുവർത്തമാനം-ചിലപ്പോൾ-
ചിലവർത്തമാനം കേൾക്കുമ്പോൾ അലോസരം തോന്നാറുണ്ട്‌.
വാക്കുകളുടെ കുഴപ്പമല്ല. കുഴപ്പം അവളുടെ ശബ്ദത്തിനാണ്‌.


കാഴ്ചയിൽ തെറിച്ചവളെങ്കിലും, പെണ്ണിന്റെ പ്രകൃതമാണെങ്കിലും ശബ്ദത്തിന്‌ ഒരു മുഴക്കം. പാറപ്പുറത്ത്‌ ചിരട്ടയുരക്കുന്നപോലെ എന്ന്‌ പണ്ട്‌ പഴമക്കാർ പറയുന്നത്‌ പോലുള്ള ശബ്ദം.
ഇത്രയും മാദകത്വം പ്രകടമാക്കുന്നവളുടെ വാക്കുകൾക്ക്‌ എങ്ങനെ ഈ ശബ്ദവൈരൂപ്യം വരുന്നു.
കഴിഞ്ഞതവണ ഇങ്ങനെ പറഞ്ഞയാളോട്‌ അടുത്തിരുന്നയാൾ പറഞ്ഞതിങ്ങനെ.
അവർ ഹിജഡകളാണ്‌. പുരുഷന്റെ ശബ്ദവും പെണ്ണിന്റെ അഹങ്കാരവും ആയിരിക്കും.
ഇന്നലയോട്‌ ചേർന്നിരുന്ന ഒരമ്മൂമ്മയുടെ അന്വേഷണം.
അതെന്താമോനെ ഈ ഹിജഡ...?


എങ്ങനെയാണ്‌ വിശദീകരിച്ചു കൊടുക്കുക? മഹാഭാരതത്തിലെ മഹാരഥനായ ഭീഷ്മരെ യുദ്ധത്തിൽ ആണിനാലും പെണ്ണിനാലും ആർക്കും തോൽപ്പിക്കാനാവില്ലെന്നായപ്പോൾ. പണ്ടദ്ദേഹത്തെ മോഹിച്ച അംബയുടെ പ്രതികാരം ആണും പെണ്ണും കെട്ട ശിഖണ്ഡിയായി പുനർജനിച്ച്‌ യുദ്ധം ചെയ്യാനൊരുങ്ങുമ്പോൾ-അത്‌ ഭീഷ്മരുടെ കീഴടങ്ങലിനും പിന്നെ അർജ്ജുനന്റെ അമ്പിനാൽ മരണത്തിലും കലാശിച്ച കഥ-ശിഖണ്ഡിയുടെ പിൻതലമുറക്കാരാണിവരെന്ന്‌ എങ്ങനെ പറഞ്ഞറിയിക്കാനാണ്‌?


അമ്മൂമ്മ മറുപടി കിട്ടാനായി ചെവി വട്ടം പിടിച്ചെങ്കിലും ആരും ഒന്നും പറഞ്ഞുകൊടുത്തില്ല. ആണും പെണ്ണും കെട്ടതിനെപ്പറ്റിയും വിശദീകരണം കൊടുക്കേണ്ടിവരും.
ആ അമ്മൂമ്മയുടെയും അന്വേഷണത്വര ഈയുള്ളവനെയും തേടിയെത്താറുണ്ട്‌. എങ്ങനെയാണവരുടെ സൃഷ്ടി! ഗുഹ്യഭാഗം എങ്ങനെയായിരിക്കും ?
കഴിഞ്ഞ മൂന്ന്‌ നാല്‌ യാത്രകളിൽ ഇവരെ സ്ഥിരമെന്നോണം കാണാമെന്നായപ്പോൾ അലട്ടിയ പ്രശ്നമാണ്‌.
കഴിഞ്ഞ യാത്രയിലാണ്‌ ഈ പ്രശ്നത്തിൽ തെല്ലെങ്കിലും പരിഹാരം ലഭിച്ചതു.
കുസൃതിത്വം വിട്ടുമാറാത്ത ചെറുപ്പക്കാർ-കൂട്ടത്തിൽ പ്രായം ചെന്ന ഒരാളുണ്ട്‌. കൗതുകത്തിന്‌ വേണ്ടിയാവാം കിട്ടിയ പൈസ കയ്യിൽ വാങ്ങി തലയിൽ കൈവയ്ക്കാൻ നേരം അവരോട്‌ ചോദിച്ചു.
എന്നും ഈ തലയിൽ കൈവയ്ക്കുന്നതിന്റെ ഉദ്ദേശ്യം?
അരേ-ഭായി 'ഹിന്ദിയിലാണ്‌ സംഭാഷണം. പറയുന്നത്‌ മനസ്സിലാവുന്നുണ്ട്‌. പക്ഷേ തിരിച്ച്‌ പറയാനുള്ള ഭാഷാ പാടവമില്ല.
പറഞ്ഞതിന്റെ പൊരുൾ;
'നിങ്ങൾക്കും കുടുംബത്തിനും നല്ലത്‌ വരട്ടെ'
ഉടനെയാണ്‌ പ്രായം ചെന്നയാളുടെ അന്വേഷണം.
അനുഗ്രഹം കൊടുക്കാൻ എന്താണ്‌ നിങ്ങൾക്ക്‌ യോഗ്യത?
ഹിജഡയുടെ മുഖംചുവന്നു. പുരികം വലിഞ്ഞു. ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ എന്തോ പറയാനായി ഓങ്ങിയെങ്കിലും മുറുക്കിച്ചുവപ്പിച്ചതെന്ന്‌ തോന്നുന്ന പല്ലുകൾ കാട്ടി ചിരിച്ചു.
ഞങ്ങളുടെ വാക്കുകൾ എന്തെന്ന്‌ പറയേണ്ട കാവ്യമില്ല.
അനുഗ്രഹിച്ചാൽ-അതനുഗ്രഹം-കുട്ടിജനിക്കുമ്പോഴും
വീട്ടിൽ കല്യാണം നടക്കുമ്പോഴും അതുപോലുള്ള മംഗളകർമ്മത്തിനെല്ലാം ഞങ്ങൾ വേണം. അത്‌ കഴിഞ്ഞാൽ?
പിന്നയാൾ പറഞ്ഞതെന്തെന്ന്‌ വ്യക്തമായില്ല.
അപ്പോഴാണ്‌ കൂട്ടത്തിൽ കുസൃതിക്കാരനായ ഒരുവന്റെ ചോദ്യം.
എന്താ താങ്കളുടെ പ്രത്യേകത?
തെറിച്ച പെണ്ണ്‌ തുറിച്ചൊന്നു നോക്കി.
എന്താ അറിയേണ്ടത്‌?
അല്ലാ-ശബ്ദം താഴ്ത്തിയാണ്‌ പറഞ്ഞത്‌.
അപ്പുറവും ധാരാളം സ്ത്രീകളിരിക്കുന്നു. അവർ കേൾക്കാതെ വേണം.
ഞങ്ങളിൽ പലർക്കും അറിയില്ലാത്ത കാര്യമാണ്‌.
ഹിജഡ എന്നൊക്കെ പറയുമ്പോൾ-
ഇത്തവണ മറുപടി നൽകിയത്‌ കൂടെയുള്ളവളാണ്‌.
പടച്ചോന്‌ സൃഷ്ടികർമ്മം നടത്തീപ്പം പറ്റിയ ഒരു കൈപ്പിഴ ഞങ്ങളുടെ ഗതി ഇങ്ങനായി.
ആ അവസ്ഥ എന്തെന്ന്‌ പറഞ്ഞില്ല.
അതോടെ പൈസ വാങ്ങിയവളുടെ മട്ട്‌ മാറി. ആകപ്പാടെ തന്നത്‌ അഞ്ച്‌ രൂപാ നാണയം. അതിനിതൊക്കെ മതി.
ചോദ്യം മുതിർന്നയാൾ പയ്യെ എഴുന്നേറ്റ്‌ രഹസ്യമെന്നോണം എന്തോ മന്ത്രിച്ചു.
ഓ-അതാണോ കാര്യം. അതിനെന്തിന്‌ ടോയ്‌ലെറ്റിൽ പോണം.
ദാ-കണ്ടോ?
കൂസലെന്യേ. അത്രയും യാത്രക്കാർ ഇരിക്കെ സാരി മാറ്റി, ബ്ലൗസിന്റെയും പിന്നെ ബ്രേസിയറിന്റെയും  ഹുക്കഴിച്ച്‌ തുറന്ന്‌ കാട്ടി. തടിച്ചിരുണ്ട മുലകൾ. അൽപം ഇടിഞ്ഞിട്ടാണ്‌. മുലക്കണ്ണ്‌ അൽപം സൂക്ഷിച്ച്‌ നോക്കിയാലേ കാണാൻ പറ്റൂ.
പലരും കണ്ൺപൊത്തിക്കളഞ്ഞു.
ജനലിന്നരികിലിരുന്ന ഒരുവളുടെ കുഞ്ഞിനെ കളിപ്പിക്കുന്നതിലായി അമ്മൂമ്മയുടെ ശ്രദ്ധ. യുവതി പുറം കാഴ്ചകളിലേക്ക്‌ നോട്ടം തിരിച്ചു.
പക്ഷേ, ചെറുപ്പക്കാർ ഉത്സുകരായി. പിന്നിലിരിക്കുന്ന പലരും എത്തിനോക്കി.
'ഓ-ഇതിൽ വല്ല്യ കാര്യൊന്നുമില്ല. ചില ഗുസ്തിക്കാർക്ക്‌
പിന്നെ ചില ശാപ്പാട്‌ രാമൻമാർക്ക്‌-തടിയും കൊടവയറുമുള്ള പലരും-അവർക്കൊക്കെ ഇതിനേക്കാളേറെയുണ്ട്‌.
എന്തോന്ന്‌ ? ചോദ്യം ചോദിച്ചയാൾ കൂടുള്ളവരോട്‌ മലയാളത്തിൽ പറഞ്ഞത്‌ ഹിജഡയ്ക്ക്‌ മനസ്സിലായില്ല.
അവർക്കൊക്കെ നെഞ്ച്‌ തടിച്ചിരിക്കും. വയറ്‌ പളപളാന്ന്‌ തൂങ്ങിക്കിടക്കും. ചിലതൈക്കിളത്തിമാരെ കണ്ടിട്ടില്ലേ? അവരുടേത്‌ പോലെ. പക്ഷേ, അവരൊന്നും സ്ത്രീകളല്ലല്ലോ.
യാത്രക്കാരുടെ സംസാരം മലയാളമായതിനാൽ ഹിജഡമിഴിച്ച്‌ നിൽക്കുകയാണ്‌. തടിച്ച നെഞ്ചിലെ മുഴകൾ തുറന്ന്‌ കാട്ടിത്തന്നെ ആ നിൽപ്‌.
ചെറുപ്പക്കാർ പിന്നെയും എന്തൊക്കെയോ പറഞ്ഞ്‌ ഒച്ചവച്ചപ്പോൾ -
ഇപ്പോ-ഈ കാണിച്ചതിനും പൈസവേണം.
അവർ ഹിന്ദിയിലങ്ങനെ പറഞ്ഞപ്പോൾ ചെറുപ്പക്കാരൻ ഹിന്ദിയിൽ തന്നെ പറഞ്ഞു.
'രൂപ തന്നില്ലേ? ഇനിയും രൂപയോ?
മറുപടി പറഞ്ഞത്‌ അവളുടെ കൂട്ടുകാരി.
എന്തോന്നാണ്‌? തുണിയഴിച്ച്‌ കാട്ടീലേ? അതിനൊന്നും വേണ്ടന്നോ?
അതിനൊന്നും കണ്ടില്ലല്ലോ. ഇങ്ങനുള്ള ആണുങ്ങൾ ഇവിടേം ഉണ്ട്‌.
അതാരാടാ?
ഇത്തവണ ചോദ്യം ചെറുപ്പക്കാരന്റെ കൂട്ടുകാരന്റെയാണ്‌.
'എടോ-താനിപ്പം ഒരു പഴയരാജാവിന്റെ കഥ സീരിയലായി വരുന്നത്‌ കാണാറുണ്ടോ? സീരിയലിന്റെ പേരു പറഞ്ഞപ്പോഴാണ്‌.
'ഓ-നമ്മുടെ പഴയ തിരുവിതാംകൂർ രാജാവിന്റെ കഥ'
തന്നെ-അതിലൊരു പിള്ളവരുന്നില്ലേ? കുമ്പയും നെഞ്ചും കുലുക്കിക്കൊണ്ട്‌. തടിച്ച ഒരുപണ്ടാരം. അയാളുടെ നെഞ്ചത്തൊള്ള അത്രേം ഈ സാധനത്തിനൊണ്ടോ?
സംസാരം മലയാളത്തിലായിരുന്നതിനാൽ ഹിജഡയ്ക്ക്‌ ഒന്നും മനസ്സിലായില്ല. പക്ഷേ, തന്നെപ്പറ്റി എന്തോ ദൂഷ്യം പറയുകയാണെന്ന്‌ കരുതി. അവർ വീണ്ടും തന്റെ പക്ഷേ ഡിമാന്റാവർത്തിച്ചു.
എനിക്കുള്ളത്‌ താ-
തന്നതല്ലേ?
ഓ-സാധാരണ ഞങ്ങള്‌ വരുമ്പം തന്നത്‌. അപ്പോ ഇങ്ങനോക്കെ അഴിച്ച്‌ കാട്ടാറുണ്ടോ? വെറുതെ ഞാനിതൊക്കെ അഴിക്കുമെന്ന്‌ കരുതിയോ?
മറ്റുള്ളയാത്രക്കാരുടെ ശ്രദ്ധ തങ്ങളുടെ മേലാണെന്ന്‌ കണ്ടപ്പോൾ വിവരാഘോഷകനായവൻ ഈ ശല്യത്തെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന്‌ കരുതിയാവണം പോക്കറ്റിൽ നിന്ന്‌ ഒരുപത്ത്‌ രൂപാകൂടി കൊടുത്തു.
ഇത്തവണ പ്രതികരണം കൂടെയുണ്ടായിരുന്നവളുടെയാണ്‌
എന്ത്‌? തുണിയഴിച്ച്‌ കാട്ടണേന്‌ പത്ത്‌ രൂപയോ?
സ്ത്രീ രൂപമാണെങ്കിലും ശബ്ദം ഒരു പ്രാകൃതമനുഷ്യന്റെ പോലെ-പരുക്കൻ.
പിന്നെന്താ വേണ്ടെ?
കയ്യുയർത്തി നൂറ്‌ എന്ന അർത്ഥത്തിൽ ആംഗ്യംകാട്ടിയപ്പോൾ-'നൂറോ? അതിൽ ഞങ്ങൾ ഒന്നും-
യാത്രക്കാരിൽ സ്ത്രീകളുണ്ടെന്ന ബോദ്ധ്യം വന്നതിനാലാവാം, ചെറുപ്പക്കാരൻ തണുത്തു.
അയാൾ പോക്കറ്റിൽ കയ്യിട്ട്‌ രൂപയെടുക്കാനുള്ള ശ്രമമായിരുന്നു.
കൂട്ടുകാരൻ വിട്ടില്ല.

താനെത്രയാ കൊടുക്കാൻ പോണെ?
നൂറെങ്കിൽ നൂറ്‌. ശല്യം പോട്ടെ. അല്ലെങ്കിൽ-
നൂറ്‌ - കൂട്ടുകാരൻ പയ്യെ ഹിജഡയുടെ നേർക്ക്‌ തിരിഞ്ഞു.
ശരി തരാം, പിന്നെ-അടക്കത്തിൽ പറഞ്ഞതെന്തെന്ന്‌ കൂടെയുള്ളവർക്ക്‌ മനസ്സിലായില്ല.
ഹിജഡ-ഇപ്പോൾ ഒന്നു തണുത്തു. എങ്കിലും അൽപം ഉച്ചത്തിൽ തന്നെ പറഞ്ഞു.
'ഓ-അങ്ങോട്ടൊന്നും പോവണ്ട. സംശയമുള്ളോരെല്ലാം കണ്ടോ?
അവർ സാരിപൊക്കി. അടിയിലെ പാവാടയും പൊക്കി.
ശരിക്കും ഒരു സ്വയം വസ്ത്രാക്ഷേപം.
'കണ്ടോടാ, കണ്ടോ-തൃപ്തിയായോ? ജീവിക്കാൻ വേറെ മാർഗ്ഗോല്ലാത്തോണ്ടാ ഇപ്പണിക്ക്‌ പോണെ.
അവസാനത്തെ വാക്ക്‌ ഉച്ചത്തിലാണെങ്കിലും തേങ്ങിയാണ്‌ പറഞ്ഞത്‌.
ചോദ്യം ചോദിച്ച ചെറുപ്പക്കാരന്റെ മുഖം വിളറി വെളുത്തു. ഒറ്റനോട്ടത്തോടെ അയാൾ മുഖം തിരിച്ചു. പോക്കറ്റിൽ നിന്നും നേരത്തേയെടുത്ത നൂറിന്റെ നോട്ട്‌ ഹിജഡയുടെ കയ്യിൽ പിടിപ്പിച്ചു.
നോട്ട്‌ കിട്ടിയ പാടെ അവർ. കല്ലുയർത്തി തലയിൽ വച്ച്‌ പറഞ്ഞു.
ഞാൻ പറഞ്ഞത്‌ സത്യാ. വേറെ മാർഗ്ഗോല്ലാത്തോണ്ടാ. ആരും പണിതരില്ല. സ്കൂളിൽ പോവാൻ പറ്റില്ല. ആരുടെ മകൻ, അല്ലെങ്കിൽ മകൾ എന്നേ ചോദിക്കൂ. ഞങ്ങളെപ്പോലുള്ളോർ പിന്നെവിടെപ്പോവും?
ഹിജഡയുടെ കൂടെയുള്ള ആൾ മുഴുവനാക്കി.
ശാപം കിട്ടിയ ജന്മാണ്‌. ഇതുപോലുള്ള സ്ഥലങ്ങളിലേ വരാൻ പറ്റൂ. പക്ഷേ, രാത്രി എന്നാലും ശല്ല്യൊണ്ട്‌. ചിലവന്മാർ ഒന്നും തരപ്പെടാത്തപ്പോ വരണത്‌ ഞങ്ങടെ അടുത്തോട്ട്‌, പിന്നെ പോലീസിന്റെ ശല്യം- ആകെ ഒരാശ്വാസം കല്യാണവീട്ടിലോ, കുഞ്ഞുജനിക്കുമ്പോഴോ, ചിലേടത്ത്‌ മരണം ഉണ്ടാവുമ്പോഴോ- ഞങ്ങള്‌ വേണം. എന്നാലും ദൂരെ നിൽക്കാനേ പറ്റൂ. ആർപ്പ്‌ വിളിക്കാനും മരണവീട്ടിൽ നെഞ്ചത്ത്‌ തല്ലി കരയാനും ഞങ്ങള്‌ വേണം. പന്തലിന്‌ വെളിയിലോ,മതിലിനു പുറത്തോ നിൽക്കാനേ പറ്റൂ- അവർപോയതോടെ കുറെനേരം കമ്പാർട്ട്‌മന്റിനകത്ത്‌ നിശ്ശബ്ദതയായിരുന്നു. പിന്നെപ്പോഴോ കൗതുകവസ്തുക്കൾ വിൽക്കുന്ന ഒരുവൻ വരുന്നത്‌ വരെ അത്‌ നീണ്ടുനിന്നു.
കൗതുക വസ്തുക്കളുടെ പിന്നാലെ മറ്റുള്ളവർ പോയപ്പോൾ നൂറ്‌ രൂപ കൊടുത്തയാളുടെ അടുക്കൽ കൂട്ടുകാരൻ ശബ്ദം താഴ്ത്തി ചോദിച്ചു.
'താനേതായാലും കണ്ടില്ലേ? എങ്ങനാ-ഇപ്പയെന്നപോലെ- ഒന്നുമില്ലെ-?
ഇതുവരെ നിശ്ശബ്ദനായിരുന്ന അയാൾ പറഞ്ഞു.
അവള്‌ നമ്മെ പറ്റിക്കുവാർന്നു. ശരിക്കും ഒരാണ്‌. നെഞ്ചത്തെ മുഴുപ്പ്‌ വച്ചോണ്ട്‌ ഈ വേഷം കെട്ട്‌. നമ്മളൊക്കെ വിഡ്ഡികളായി.
കൂട്ടുകാരൻ കുലുങ്ങിച്ചിരിച്ചു. അയാൾ പറഞ്ഞു.
അയാൾ നമ്മളെ മാത്രല്ല പറ്റിച്ചേ? യഥാർത്ഥ ഹിജഡകൾ കർണ്ണാടകയിലും മഹാരാഷ്ട്രയിലും ധാരാളൊണ്ട്‌. അവരേം പറ്റിച്ചോണ്ടാ ഈ നടപ്പ്‌. സത്യം പറഞ്ഞാൽ അവരുടേം വയറ്റിപ്പിഴപ്പാ മുട്ടണെ.