Tuesday 13 September 2011

എട്ടാമത്തെ അത്ഭുതം




സണ്ണി തായങ്കരി



പ്രവേശം
   അല്ലെങ്കിലും മനുഷ്യരുടെ കാര്യം അങ്ങനെയാണ്‌. ഒന്ന്‌ മറ്റൊന്നിനോട്‌ പരിപൂർണമായി യോജിക്കാനാവാത്ത ജനിതകഘടനയുടെ വ്യത്യസ്ത രൂപഭാവങ്ങൾ. ബഹുമുഖത്തമുള്ള വ്യതിരിക്തത്തയുടെ വക്താക്കൾ. ഭാവങ്ങളും മനോഭാവങ്ങളും വ്യത്യസ്തമാകുന്ന ബഹുസ്വരതയുടെ മായക്കാഴ്ചയകളാണെങ്ങും!

   ഉദാഹരണമായി അമേരിക്കയെ ലോകപോലീസെന്നാണ്‌ വിശേഷിപ്പിക്കാറ്‌. എന്നാൽ എല്ലാ അമേരിക്കൻ പൗരന്മാരും ആ വിശേഷണത്തിന്‌ അർഹരല്ലെന്ന്‌ ബിൻലാദൻപോലും സമ്മതിക്കും. ചുക്കുചേരാത്ത കഷായമില്ലാത്തതുപോലെ കോൺഗ്രസില്ലാതെ അഴിമതിയില്ലെന്നാണ്‌ ആഗോളതലത്തിലുള്ള വയ്പ്‌. എന്നാൽ എല്ലാ കോൺഗ്രസുകാരും അഴിമതിക്കാരല്ല എന്നതും സത്യം. അതേപോലെ ബി.ജെ.പി.ക്കാരെല്ലാം ഹിന്ദുത്വവാദികളാണെന്ന്‌ പൊതുവെ പറയുമെങ്കിലും ഹിന്ദുത്വവിരോധികളായ എത്രയോ പേർ മറ്റ്‌ ലക്ഷ്യങ്ങൾ മനസ്സിൽ ഗോപ്യമായിവച്ച്‌ അതിൽ പ്രവർത്തിക്കുന്നു(ലക്ഷം രാമകേശവഗോപാലന്മാർക്കിടയിൽ ഒരു തോമസും അഹമ്മദുംപോലെ). സമാനമായി പറയാവുന്ന മറ്റൊരു കാര്യം കമ്യൂണിസ്റ്റുകാരുടെ മാറിയ ഭൗതിക സാഹചര്യത്തിലുള്ള ജീവിതശൈലിയാണ്‌. സാമ്പത്തികമായ സൗകര്യമുള്ള കമ്യൂണിസ്റ്റുകാരെല്ലാം ബീഡിവലി നിർത്തിയെന്നോ കട്ടൻകാപ്പിയും പരിപ്പുവടയും വർജിച്ചെന്നോ ആർക്കെങ്കിലും പറയാനാകുമോ? ഒരു ഗോവിന്ദച്ചാമിയോ മുൻ എം.പി.യോ മുൻമന്ത്രിയോ ബലാൽസംഗമോ പെൺവാണിഭമോ നടത്തിയെന്നുകരുതി ഭൂമി മലയാളത്തിലുള്ള എല്ലാ പുരുഷന്മാരും കാമവെറിയന്മാരാണെന്ന്‌ പറയുന്നത്‌ ശുദ്ധ അസംബന്ധമല്ലേ?
ആരോഹണം
  ശിരസ്‌ ഭിത്തിയിലിടിച്ച്‌ വീണതുമൂലം ഉണ്ടായ തീവ്രവേദനയും മന്ദതയുമായി ആതുരാലയത്തിലേക്കുള്ള യാത്രയിലായിരുന്നു കഥാകാരൻ. കഥയും കഥാപാത്രങ്ങളും മെനയുന്ന സർഗാത്മകതയുടെ മസ്തിഷ്കത്തിനേറ്റ ആഘാതം മാരകമാണെന്ന്‌ തിരിച്ചറിഞ്ഞ ന്യൂറോളജിസ്റ്റ്‌ അയാളെ ന്യൂറോ വാർഡിന്റെ നാല്‌ ചുവരുകൾക്കുള്ളിലേക്ക്‌ അയച്ചു.
     പരസ്പര പൂരകങ്ങളായ പ്രൈവറ്റ്‌ പ്രാക്ടീസും അത്താഴപ്പട്ടിണിക്കാരന്റെ കവറും വിലക്കി, നിശ്ചിത സമയം മുഴുവൻ ആശുപത്രിയിൽ ഇരുന്ന്‌ പാവപ്പെട്ട രോഗികളെ പരിശോധിക്കുന്നതിന്‌ ഇരട്ടി ശമ്പളം അനുവദിച്ചുകൊടുത്ത സർക്കാരിനെ പറ്റിച്ച്‌ ഇന്ന്‌ പരിശോധനയില്ലെന്ന്‌ എഴുതി മുന്നിൽതൂക്കി രോഗികളെ ഒളിവിൽ പരിശോധിക്കുന്ന ഡോക്ടർ കവർ ധരിപ്പിക്കാത്ത ഗാന്ധിത്തലയുള്ള നോട്ട്‌ കൈയിൽ വാങ്ങാതെ(വിജിലൻസിനെ ഭയന്ന്‌ ആരും ഇക്കാലത്ത്‌ നോട്ട്‌ കൈയിൽ വാങ്ങില്ലല്ലോ) എം.ആർ.ഐ.യും ഇ.ഇ.ജി.യും നിർദേശിച്ചു(പ്രൈവറ്റ്‌ കമ്പനിയുടെ റിക്വസിഷൻ ഫോമിലാകുമ്പോൾ നാൽപതു ശതമാനം ഡോക്ടറുടെ അക്കൗണ്ടിൽ ഈശ്വരൻപോലുമറിയാതെ എത്തിക്കൊള്ളുമെന്ന സാമ്പത്തിക ശാസ്ത്രം ഇപ്പോൾ ബന്ധപ്പെട്ടവരെല്ലാം അംഗീകരിച്ച സത്യം. അതിനുവേണ്ടിമാത്രം സ്കാനിംഗ്‌ കുറിക്കുന്ന ഭിഷഗ്വരശ്രേഷ്ഠന്മാർക്ക്‌ നമോവാകം).
    എം.ആർ.ഐ.യുടെ ഹുങ്കാരസ്വരമുയർത്തുന്ന ടണൽപോലെയുള്ള യന്ത്രത്തിൽ ഭീകരമായ മാഗ്നറ്റിക്‌ സ്വരം ശ്രവിച്ച്‌ തണുത്തുമരവിച്ച്‌ ശവംകണക്കെ കഥാകാരൻ കിടന്നപ്പോൾ തലച്ചോറിൽ രക്തം കട്ടിപിടിച്ചുകിടക്കുന്നതായി താത്ക്കാലിക വിധിയെഴുത്തുണ്ടായി. പിന്നീട്‌ പ്രഫഷണൽ ജലസിയുടെ മൂർത്തീമത്ഭാവങ്ങളായ എച്ച്‌.ഒ.ഡി.യും അസിസ്റ്റന്റും തമ്മിലെ കിടമത്സരം കൂടുതൽ അനുഭവവേദ്യമായ ദിനങ്ങൾ. ആതുരതയ്ക്കുമേൽ ആകുലത പരിധിയില്ലാത്ത മരുഭൂമിപോലെ ചുട്ടുപഴുത്തുകിടക്കുകയെന്നത്‌ നിസ്വന്റെ ജീവിതവ്യഥകളുടെ അടയാളമാണല്ലോ.
   ഡയഗനോസിൽതന്നെ വ്യത്യസ്താഭിപ്രായങ്ങൾ! ഒരാൾ കുറിക്കുന്ന മരുന്ന്‌ അപരൻ വെട്ടിക്കളഞ്ഞ്‌ തനിക്ക്‌ കമ്മീഷൻ നൽകുന്ന കമ്പനിയുടേത്‌ കുറിക്കുന്നു! ഒരാളുടെ രോഗനിർണയം അപരൻ ഖണ്ഡിക്കു ന്നു!! ഇരുവരും പഠിച്ചതു ഒരേ വൈദ്യശാസ്ത്രമല്ലേ എന്ന കഥാകാരന്റെ സംശയത്തിന്‌ സാംഗത്യം നഷ്ടപ്പെടുന്നു. ജനാധിപത്യത്തിൽ ചോദ്യങ്ങൾക്ക്‌ പ്രസക്തിയില്ല. മാത്രമല്ല, മറ്റെല്ലാ മേഖലയിലുമെന്നപോലെ ഇവിടെയും ഡോക്ടറും രോഗിയും ഉടമയും അടിമയുമാകുന്നു. അതുകൊണ്ടുതന്നെ രോഗി ഡോക്ടറുടെ പരീക്ഷണശാലയായി മാറുന്നു.
   രക്തം അലിയിച്ചുകളയാൻ തലച്ചോറിലേക്ക്‌ ഞരമ്പുകളിലൂടെ വീര്യമേറിയ മരുന്നുകൾ നിരന്തരം ഒഴുകി. അതിന്റെ എണ്ണത്തിലും സമയക്രമത്തിൽപോലും വ്യത്യസ്താഭിപ്രായങ്ങൾ! അറുപതുദിവസങ്ങൾക്കുള്ളിൽ ചെയ്യേണ്ട മറ്റൊരു എം.ആർ.ഐ.യിലൂടെ തലച്ചോറിലുള്ള കറുപ്പിന്റെ ഗ്രോത്ത്‌ പരിശോധിച്ച്‌ അന്തിമ തീരുമാനത്തിലെത്താമെന്ന ഈഗോയിസ്റ്റുകളിൽ ഒരാളുടെ ഏകപക്ഷീയമായ തീരുമാനം സ്വീകരിക്കുകയേ തത്ക്കാലം കരണീയമായിട്ടുള്ളുന്നുവേന്ന്‌ കഥാകാരന്‌ ബോധ്യപ്പെട്ടു.
   കഠിനമായ ഉത്ക്കണ്ഠയും വേദനയും ഉറക്കഗുളികകളുടെ പ്രലോഭനത്തിലും നിദ്രയുടെ ആഗമനത്തെ തടഞ്ഞുനിർത്തിയ രാപ്പകലുകളിൽ ഇടത്തും വലത്തും കിടന്ന രോഗികൾ വിലാപത്തിന്റെ സ്വരത്തിൽ കഥാകാരന്റെ സർഗാത്മകതയെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.
യോഗഗുരു

   കഥാകാരന്‌ ആരായിരുന്നു യോഗാചാര്യൻ നീലോൽപദൻമാഷ്‌? അറിയില്ല. ആദ്യമായി കാണുന്നവൻ. ഇനിയും മറ്റെവിടെയെങ്കിലുംവച്ച്‌ കണ്ടുമുട്ടിയാലും ഒരു പക്ഷേ, തിരിച്ചറിയാൻ സാധിച്ചെന്നുവരില്ല. രോഗമെന്ന യാഥാർഥ്യം രണ്ടുപേരെയും വേദനകളുടെ ഒരേ മേൽക്കുരയ്ക്കുകീഴിൽ എത്തിച്ചിരിക്കുന്നു എന്നതുമാത്രമാണ്‌ ഇരുവരും തമ്മിലുള്ള സമാനത.
   അന്യന്റെ വേദനയിൽ, രോദനത്തിൽ, ഏകാന്തത്തയിൽ നാം അറിയാതെ അപരന്‌ ആരൊക്കെയോ ആയിത്തീരാറില്ലേ? അപ്പോൾ അന്യന്റെ വേദന നമ്മുടേതായി മാറുന്നു. രോദനം സ്വന്തം രോദനമാകുന്നു. ഏകാന്തത്ത നമ്മെ ഭീതിപ്പെടുത്തും. അപരിചിതത്വത്തിന്റെ പുറംതോട്‌ ആകുലതയുടെ ഇടങ്ങളിൽ എത്ര പെട്ടെന്നാണ്‌ മനുഷ്യർക്കിയിൽ കൊഴിഞ്ഞുവീഴുന്നത്‌!
   ആശുപത്രി കിടക്കയിൽവച്ചാണ്‌ കഥാകാരൻ യോഗോചാര്യനെ ആദ്യമായി കാണുന്നതെന്ന്‌ പറഞ്ഞല്ലോ. എന്നാലും ന്യൂറോവാർഡിലെ ആ മുപ്പത്തിനാലാം നമ്പർ കിടക്ക ഒരിക്കലും സ്മരണയിൽനിന്ന്‌ മായില്ല. രോദനം കാതുകളിൽനിന്ന്‌ പിൻവാങ്ങില്ല. ഏകാന്തത്തയിൽ മുഖം മറച്ച നീലോൽപദൻ മാഷും സാധ്വിയായ അദ്ദേഹത്തിന്റെ ഭാര്യയും ജീവിക്കുന്ന കഥാപാത്രങ്ങളായി ജ്വലിച്ചുനിൽക്കും.
   ഒരു ചെറിയ മനുഷ്യൻ. ഒരാൾക്ക്‌ കഷ്ടിച്ചുകിടക്കാവുന്ന അളന്നുതിട്ടപ്പെടുത്തിയ ആ ഇരുമ്പുകട്ടിൽ അദ്ദേഹത്തിന്‌ ആവശ്യത്തിലേറെയായിരുന്നു. അതിൽ കിടന്ന്‌ മതങ്ങളുടെ തടങ്കൽപ്പാളയം ഭേദിച്ചെത്തിയ ഈശ്വരന്മാരെ വിളിച്ചുകേണു. മരണം ഏതോ കാലങ്ങളിൽ കടത്തിക്കൊണ്ടുപോയ അച്ഛൻ, അമ്മ, വലിയമ്മ, ചെറിയമ്മമാർ തുടങ്ങി മാഷിന്‌ ഏറ്റവും പ്രിയങ്കരരായ ഒരുപറ്റം ആത്മാക്കളെ വിളിച്ച്‌ നിരന്തരം വിലപിക്കുന്നു! തലച്ചോറിൽ വിഹ്വലതകൾ വിസ്മയം തീർക്കുമ്പോൾ സ്വയം വിവസ്ത്രനാകുന്നു!!
   അതിരുകൾ തീർക്കാത്ത സ്വന്തം വേദനകൾക്കിടയിലും കഥാകാരൻ ആ വേദനകളുടെ നേർസാക്ഷിയായി. ഉറക്കം ഉൾക്കയത്തിലേക്ക്‌ മുങ്ങിയ രാവുകൾക്ക്‌ വേദന നിറഞ്ഞ രോദനവും പരിദേവനവും ഹൃദയം നുറുങ്ങുന്ന കദനകാവ്യമായി. പരസഹായത്തോടെപോലും എഴുന്നേൽക്കാനാവാതെ സ്വയം പരാജയം ഏറ്റുചൊല്ലി, ഇനിയൊരു തിരിച്ചുവരവില്ലെന്ന്‌ പ്രഖ്യാപിക്കുമ്പോൾ രോഗങ്ങളിലും ആകുലതകളിലും മനുഷ്യൻ എത്ര നിസ്സഹായൻ എന്നോർത്ത്‌ കണ്ണുകൾ നിറഞ്ഞ നിമിഷങ്ങൾ!
   കിടക്കയിൽതന്നെ പ്രാഥമിക കർമങ്ങൾപോലും നിറവേറ്റുന്ന ബലഹീനനായ മനുഷ്യനെക്കാൾ നിർഭാഗ്യവാൻ ആരുണ്ട്‌? 'എന്നെയൊന്ന്‌ കൊന്നുതായോ ഭഗവാന്മാരേ'യെന്ന്‌ ബോധാവബോധങ്ങൾക്കിടയിൽ കേഴുമ്പോൾ ഏതു ശിലാഹൃദയവും ഒന്നു പിടയ്ക്കും.
   ബഡ്സ്പാനും യൂറിനറും ഉപയോഗമില്ലാത്ത പാഴ്‌വസ്തുക്കളായി കിടക്കയ്ക്കുകീഴിൽ വിശ്രമിച്ചു. മൂത്രത്തിൽ നനഞ്ഞതും അമേദ്യത്തിൽ കുഴഞ്ഞതുമായ മുണ്ടും ബഡ്ഷീറ്റും അദ്ദേഹത്തിന്റെ ഭാര്യ പരസഹായമില്ലാതെ മാറ്റിക്കൊണ്ടിരുന്നു. മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ട ഭർത്താവിനെ രോഗശയ്യയിൽ ചിലപ്പോൾ തനിയെവിട്ടും മറ്റു ചിലപ്പോൾ മനുഷ്യപ്പറ്റുള്ള ആരോടെങ്കിലും 'ഒന്നുനോക്കിക്കോണേ'യെന്ന്‌ അഭ്യർഥിച്ചും അവർ പോകും. വസ്ത്രം കഴുകിയുണക്കാനും, അഞ്ചാംനിലയിൽനിന്ന്‌ നീരുവച്ച്‌ വീർത്ത കാലുകളുമായി ആയാസപ്പെട്ട്‌ താഴെയെത്തി മരുന്നും ആഹാരവും വാങ്ങിക്കൊണ്ടുവരാനും അവർക്ക്‌ മറ്റു മാർഗമില്ലായിരുന്നു. അവർ പോയിക്കഴിയുമ്പോൾതന്നെ ഉടുത്തവസ്ത്രങ്ങളും പുതപ്പും രോഗി ചുരുട്ടിയെറിയും. അതുകണ്ട്‌ ആർത്തുചിരിക്കുന്ന ചുറ്റിലുമുള്ള വികളജന്മങ്ങളെ അദ്ദേഹം മിഴിച്ചുനോക്കി കൂടുതൽ ഉച്ചത്തിൽ കേഴും. മനസ്സിൽ നന്മയുടെ തന്മാത്രയെങ്കിലും അവശേഷിച്ചവർ വസ്ത്രമെടുത്ത്‌ ഉടുപ്പിച്ചാലും നിമിഷങ്ങൾക്കുള്ളിൽ പറിച്ചെറിയും.
   ഭർത്താവിന്റെ വിസർജ്യങ്ങൾ മാറ്റി ശരീരവും കിടക്കയും വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, ഭക്ഷണം നിർബന്ധിച്ച്‌ വാരികൊടുക്കുക, മരുന്ന്‌ കഴിപ്പിക്കുക, വെള്ളം കുടിപ്പിക്കുക, ഡോക്ടർ നിർദേശിച്ചതനുസരിച്ച്‌ പത്തു ചുവടെങ്കിലും നടത്തിക്കുക(മുഖാമുഖംനിന്ന്‌ രോഗിയുടെ കൈകളിൽ പിടിച്ച്‌ അവർ പിന്നോട്ടുനടക്കും, പാദങ്ങൾ ആദ്യമായി നിലത്തുറപ്പിക്കുന്ന ശിശുവിനെപ്പോലെ രോഗിയും!) ഉപ്പൂറ്റി സ്പർശിക്കാതെ തള്ളവിരൽമാത്രം നിലത്തുചവിട്ടുകമൂലം ഭൂമിയെ വിറകൊള്ളിക്കുന്ന വിധമാണ്‌ നടപ്പ്‌. പത്തടിയെങ്കിലും നടത്തി തിരിച്ച്‌ കിടക്കയിലെത്തിക്കുക ഒരു ഭഗീരഥപ്രയത്നംതന്നെ. ഇവയൊക്കെ പരാതിയില്ലാതെ എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ഒരു പുണ്യകർമംപോലെ അവർ ചെയ്യുന്നത്‌ അത്ഭുതമായിരുന്നു.
   
   വല്ലപ്പോഴുമൊരിക്കൽ അവരെ തേടിയെത്തിയത്‌ അന്യർമാത്രമായിരുന്നു. അദ്ദേഹത്തിൽനിന്ന്‌ ജീവിതായോധനകല യോഗയിലൂടെ ആർജിച്ച ശിഷ്യന്മാർ. മക്കളോ ബന്ധുക്കളോ ഒരിക്കലും തേടിയെത്തുകയോ ആശ്വാസവചനം ചൊരിയുകയോ ഉണ്ടായില്ല.

   വലിയ സമ്പത്തിന്റെയും സ്ഥാനമാണങ്ങളുടെയും ഉടമയായിരുന്ന മനുഷ്യൻ. ജീവിതസമസ്യകൾക്ക്‌ സന്തുലത കണ്ടെത്തുന്ന യോഗയുടെ നിസ്തുലപാഠങ്ങൾ അനേകങ്ങൾക്ക്‌ പകർന്നുകൊടുത്ത ഗുരുവിന്‌ ശരീരത്തിന്റെയും മനസ്സിന്റെയും കടിഞ്ഞാൺ നഷ്ടപ്പെടാൻ പാടില്ലാത്തത്താണ്‌. പക്ഷേ, അത്‌ എങ്ങനെയോ സംഭവിച്ചുപോയിരിക്കുന്നു!
    ഉറക്കം കൺപോളകളിൽനിന്ന്‌ ബഹുദൂരം പിന്നിലായ രാത്രികൾ ഒന്ന്‌... രണ്ട്‌... മൂന്ന്‌... നാല്‌... കഥാകാരന്‌ മാഷിന്റെ കരളലിയിക്കുന്ന കരച്ചിൽമാത്രം കൂട്ടായ അഞ്ചാം രാത്രി വളരുകയാണ്‌. ചുറ്റുമുള്ള കിടക്കകളിലും തറയിലുമായി രോഗികളും പരിചരണക്കാരും ഉറക്കത്തിന്റെ അർധമരണത്തിലേക്ക്‌ കൂപ്പുകുത്തി. രോഗികളെയും കിടക്കകളെയും അന്ധകാരത്തിൽമുക്കി കോറിഡോറിൽമാത്രം പ്രകാശത്തിന്റെ ചാരനിറം. വാർഡിന്റെ മദ്ധ്യത്തിലുള്ള നേഴ്സസ്‌ സ്റ്റേഷനിലും അത്യാവശ്യത്തിനുള്ള ഇരുണ്ട വെട്ടംമാത്രം. ഡ്യൂട്ടിയിലു ള്ള നേഴ്സ്‌ ഏകയായി ഓടിത്തളർന്ന്‌ ചെറിയൊരു മയക്കത്തിലേക്ക്‌ തലകുമ്പിട്ടു. വല്ലപ്പോഴും വാർഡിൽ അഡ്മിറ്റുചെയ്ത്‌ എത്തുന്ന ഗുരുതരാവസ്ഥയിലായ രോഗികളുടെ ബന്ധുക്കൾ നിശ്ശബ്ദതയിൽ കദനത്തി ന്റെ അടക്കിയ തേങ്ങലുകൾ ഉതിർത്തു. അപ്പോഴൊക്കെ നേഴ്സ്‌ ചാടിയെഴുന്നേറ്റ്‌ കർമനിരതയാകുന്നത്‌ കാണാമായിരുന്നു.

ആസുരതയുടെ ആലാപനം
   ശബ്ദം നിലച്ച ചെറിയൊരു ഇടവേളയ്ക്കുശേഷം വലിയൊരു ആരവം ഇരച്ചുവന്നു. വേദന കടിച്ചമർത്തി ഉറക്കത്തിലേക്ക്‌ മയങ്ങിവീണ രോഗികളെ വിളിച്ചുണർത്തുംവിധം ഉച്ചസ്വരത്തിൽ ആക്രോശിച്ച്‌ ഒരാളെ വീൽചെയറിൽ ഇരുത്തി ഏതാനും ചെറുപ്പക്കാർ ഉരുട്ടിക്കൊണ്ടുവരികയാണ്‌!
   പാതി ഭിത്തികൊണ്ട്‌ വേർതിരിച്ചതൊട്ടടുത്ത ഓർത്തോ വാർഡിലെ കിടക്കയിൽ അയാളെ കിടത്തി. പതിനെട്ടിനും ഇരുപതിനുമിടയിൽ പ്രായമുള്ള പത്തോളം ചെറുപ്പക്കാർ! അവർ വിവിധതരം പരിചരണങ്ങൾകൊണ്ട്‌ കൂട്ടുകാരനെ വീർപ്പുമുട്ടിക്കുന്നു. ബാൻഡേജിട്ട വലതുകരം കഴുത്തിൽ തൂക്കിയ ആൾ ഉൾപ്പെടെ എല്ലാവരും നന്നായി മദ്യപിച്ചിട്ടുണ്ട്‌. ഈച്ച അനങ്ങിയാലും കാരണമറിഞ്ഞേതീരൂവേന്ന്‌ വാശിയുള്ള ഇരുകാലിലും അരയ്ക്കുകീഴ്പോട്ട്‌ പ്ലാസ്റ്ററിട്ട തൊട്ടടുത്ത കിടക്കയിലെ രോഗി അന്വേഷിച്ചപ്പോൾ അറിഞ്ഞത്‌ മദ്യക്കുപ്പി പൊട്ടിച്ചപ്പോൾ കൈയിൽ ഗ്ലാസ്‌ ചീളുകുത്തിക്കയറി മുറിഞ്ഞതാണെന്നാണ്‌. പന്ത്രണ്ട്‌ സ്റ്റിച്ചുവേണ്ടിവന്നുവത്രേ. 'അൽപം' മദ്യപിച്ചിരുന്നതുകൊണ്ട്‌ വേദന അറിഞ്ഞില്ലപോലും! സംഘാംഗങ്ങളുടെ വീര്യമേറിയ സംഭാഷണം പുരോഗമിക്കുമ്പോൾ കാര്യകാരണങ്ങൾ മാറുന്നു. കഥയ്ക്കും പശ്ചാത്തലത്തിനും ചെറിയ ഭേദഗതി.
    പട്ടണത്തിലെ പ്രമുഖ ജൂവല്വറി ഉടമയുടെ ക്വട്ടേഷൻ ദൗത്യം വിജയകരമായി പുർത്തിയാക്കിയതിന്റെ ആഹ്ലാദം, മദ്യക്കുപ്പി പൊട്ടിച്ച്‌ ആഘോഷിക്കുന്നതിനിടെ, രണ്ട്‌ പേഗ്‌ അകത്തുചെന്നാൽ ഭ്രാന്തിളകുന്ന ബാൻഡേജ്‌ ഉടമ കുപ്പി പൊട്ടിക്കാൻ പുതിയ പരീക്ഷണം നടത്തിയതാണെന്ന പരിണാമഗുപ്തിയിലേക്ക്‌ തെന്നിവീണു!

   എല്ലാവരും നഗരത്തിലെ കോളേജ്‌ വിദ്യാർഥികൾ...! പ്രബലമായ ഒരു വിദ്യാർഥി യൂണിയന്റെ പ്രസിഡന്റാണത്രേ തലവൻ!!

   കാലിയായ ബഡ്ഡിൽ വട്ടമിരുന്ന്‌ നാളെ ഈ കാണായതും അല്ലാത്തതുമായ ജനത്തെ മുഴുവൻ ഭരിക്കേണ്ട ഏതോ നേതാവിന്റെ നാഭിയിൽനിന്ന്‌ പൊന്തിവന്ന പുതിയ കുപ്പി പഴയ രീതിയിൽ പൊട്ടിച്ച്‌ ലഹരിക്കുമേൽ ചിത്രവർണങ്ങൾ ചാർത്തി തുടങ്ങി സംഘാഗങ്ങൾ. നിറഞ്ഞ ഡിസ്പോസിബിൾ ഗ്ലാസുകൾ ഓരോ ചുണ്ടിലുമെത്തി ശൂന്യമായി. ആ മായികക്കാഴ്ചകണ്ട്‌ സഹിക്കാനാവാതെ ബാൻഡേജുകാരൻ വയലന്റായി. ശരീരത്തിലേക്ക്‌ കയറിക്കൊണ്ടിരുന്ന ഐ.വി. വലിച്ചുപറിക്കുമെന്ന്‌ ബോധ്യപ്പെട്ടപ്പോൾ സംഘനേതാവ്‌ ഒരു നിറഗ്ലാസ്‌ ആ ചുണ്ടോടും ചേർത്തുവച്ചു.

   ബഹളം ഗാനമേളയിലേക്ക്‌ കടന്നപ്പോൾ നേതാവ്‌ അനുയായികളെ ശാന്തരാക്കി. തുടർന്ന്‌ കാലിയായ കിടക്കകളിലും രോഗികൾമാത്രം ശയിക്കുന്ന കിടക്കകളിലുമായി നാളെയുടെ വാഗ്ദാനങ്ങൾ മലർന്നു.

   തൊട്ടടുത്ത്‌ നടക്കുന്നതൊന്നും നീലോൽപദൻമാഷ്‌ അറിഞ്ഞില്ല. പതംപെറുക്കുന്ന വിലാപം നിർലോഭം, നിർവിഘ്നം ഒഴുകിക്കൊണ്ടിരുന്നു. അദ്ദേഹത്തിൽനിന്ന്‌ പുറപ്പെട്ട ഓരോ വാക്കിനും യുവാക്കൾ കൂട്ടായി പ്രതികരിച്ചുതുടങ്ങി. ഏകസ്വരത്തിന്‌ ബഹുസ്വരത്തിലുള്ള പാരഡി. അത്‌ ഏറെ നേരംനീണ്ടുനിന്നു.

ഏകാന്തത്തയുടെ സ്വപ്നസ്പർശങ്ങൾ
   ബഹളം ഏതാണ്ടൊന്ന്‌ ശമിച്ചപ്പോഴും കഥാകാരനിൽനിന്ന്‌ നിദ്രയും നിദ്രയിൽനിന്ന്‌ കഥാകാരനും അകലെയായിരുന്നു.സന്ദർശിക്കാനെത്തിയ കവി സുഹൃത്ത്‌ സമ്മാനിച്ച മാർക്വേസിന്റെ തൂലിക മെനഞ്ഞെടുത്ത വർണസ്വപ്നങ്ങളുടെ അക്ഷരച്ചിറകുള്ള മാലാഖമാരുടെ സാമീപ്യത്തിലേക്ക്‌ മരിച്ചുതുടങ്ങുന്ന വെളി ച്ചത്തിലിരുന്ന്‌ ഒരു സാങ്കൽപിക യാത്ര...

   ...വെള്ളവും അതിലെ ജീവികളും അടിത്തട്ടും സുതാര്യമാകുന്ന ഒരു സ്ഫടികപ്പുഴ. അതിന്റെ തീരത്തുള്ള സങ്കൽപ്പനഗരം. നദിക്കരയിലാകമാനം വെളുത്ത മുട്ടകൾപോലെ ഉരുണ്ട്‌ മിനിസ്സമാർന്ന മാർബിൾ കല്ലുകൾ. സങ്കൽപനഗരത്തിന്റെ ശിൽപി പുതുപരീക്ഷണങ്ങൾക്കായി എന്തും നഷ്ടപ്പെടുത്താൻ തയ്യാറുള്ള ജോസ്‌ ആർക്കേഡിയോ ബുവേൻഡിയ. സമ്പാദ്യം മുഴുവൻ ശാസ്ത്രഭ്രാന്തിനുവേണ്ടി നശിപ്പിക്കുന്നുവേന്ന്‌ പരാതിയുള്ള ഭാര്യ ഉർസുല. അവർക്കിടയിലേക്ക്‌ മെൽക്വിയാഡീസ്‌ എന്ന ജിപ്സി രംഗപ്രവേശനം ചെയ്യുന്നു, ലോകത്തിലെ സപ്താത്ഭുതങ്ങളെ തിരുത്തിക്കുറിക്കുവാൻ എട്ടാമത്തെ അത്ഭുതമെന്ന്അയാൾ വിശേഷിപ്പിച്ച അയസ്കാന്തവുമായി...! നഗരവാസികൾ നോക്കിനിൽക്കെ, അത്‌ തിരക്കേറിയ ചന്തയിലൂടെ വലിച്ചുകൊണ്ട്‌ മെൽക്വിയാഡീസ്‌ നടക്കുമ്പോൾ ഇരുമ്പുകലങ്ങളും പാത്രങ്ങളും എവിടെ നിന്നൊക്കെയോ പ്രത്യക്ഷപ്പെട്ട്‌ അയസ്കാന്തത്തിൽ ഒട്ടിപ്പിടിക്കുന്നു! മാക്കൊണ്ടൊയിലെ ജനം അന്നുവരെ ദർശിച്ചിട്ടില്ലാത്ത അതിശയക്കാഴ്ച! ജോസ്‌ ആർക്കേഡിയോ ബുവാൻഡിയയ്ക്ക്‌ ഒരാശയം പെട്ടെന്ന്‌ തലയിലുദിച്ചു. അയസ്കാന്തം സ്വന്തമാക്കി എന്തുകൊണ്ട്‌ ഭൂഗർഭത്തിലുള്ള സ്വർണഖനികളിൽനിന്ന്‌ സ്വർണം വലിച്ചെടുത്തുകൂടാ... സമ്പന്നതയെ കൈയെത്തിപ്പിടിച്ചുകൂടാ...
അവരോഹണം
   "ലൈറ്റണയ്ക്കടാ ....മോനെ"
   മാർക്വേസിന്റെ ഉത്പതിഷ്ണുവായ കഥാപാത്രം ജോസ്‌ ആർക്കേഡിയ ബുവൻഡിയയും ഭർത്താവിന്റെ ചെയ്തികളിൽ അസംതൃപ്തയായ ഭാര്യ ഉർസുലയും ജിപ്സികളുടെ തലവൻ മെൽക്വിയാഡീസും സ്ഫ ടികനദിയും സങ്കൽപനഗരമായ മാക്കൊണ്ടൊയുമെല്ലാം കഥാകാരന്റെ സർഗാത്മകതയിൽനിന്ന്‌ പൊടുന്നനെ പടിയിറങ്ങിപ്പോയി. കൺമുമ്പിൽ വിഡ്ഢിവേഷം കെട്ടിച്ച പരിഹാസ്യച്ചിരിയുമായി അനുഗ്രഹീത തൂലികയുടെ ഉടമ മാർക്വേസ്‌...!
  "വീട്ടിൽ പോയിരുന്ന്‌ വായിക്കെടാ... മോനേ. ഇത്‌ ആശുപത്രിയാണെടാ. ഞങ്ങൾക്ക്‌ ഉറങ്ങാനുള്ള സ്ഥലം... വെളക്കണക്കടാ... മോനേ..."

   മുന്നിൽ ചിരിച്ചുനിന്ന മാർക്വേസിൽനിന്നുതന്നെയാണോ ആ വികളസ്വരമുയർന്നത്തെന്ന്‌ കഥാകാരൻ ഒരു നിമിഷം സംശയിച്ചു. വേദനകളുടെ ലോകത്തിരുന്ന്‌ സ്വപ്നതുല്യമായ തന്റെ ഏകാന്തത്തയിലേക്ക്‌ കടന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമായില്ലെന്നുണ്ടോ? അതോ എല്ലാ ഏകാന്തത്തയെയും നിഷ്ക്രിയമാക്കുന്ന മാഷിന്റെ വേദന നിറഞ്ഞ രോദനം സഹിക്കാനാവാതെ മഹാനായ മാർക്വേസ്‌ വിലപിച്ചുപോയതോ?

   ഭീഷണിയുടെ സ്വരം ഒന്നിലേറെ ഗളങ്ങളിൽനിന്ന്‌ ഉയർന്ന്‌ സഭ്യതയെ വിവസ്ത്രമാക്കിയപ്പോഴാണ്‌ മദ്യം കുടിച്ചുവറ്റിച്ച യുവതയുടെ മിനിമം മര്യാദയുടെ ബഹിർസ്ഫുരണമാണതെന്ന്‌ കഥാകാരന്‌ മനസ്സിലായത്‌.

   കോറിഡോറിലെ വിളക്ക്‌ അണയുന്നു. രോദനങ്ങൾക്ക്‌ പ്രകാശത്തിന്റെ കൈത്താങ്ങ്‌ ആവശ്യമില്ലല്ലോ. മരണംപോലെ ഇരുട്ടിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ അലിഞ്ഞുചേരുന്നതാണത്‌.
   വേദനകളുടെ കൂടാരം പൂർണമായും ഇരുട്ടിലായി. നേഴ്സസ്‌ സ്റ്റേഷന്റെ നാലു ചുവരുകൾക്കുള്ളിലെ ശക്തി ക്ഷയിച്ച പ്രകാശം രോഗികളിലേക്ക്‌ എത്തിപ്പെടാനാവാനാവാത്തവിധം അവിടെത്തന്നെ തളംകെട്ടി കിടന്നു.

   യോഗാചാര്യന്റെ വിലാപം വേദനകളുടെ തിരിച്ചറിയാനാവാത്ത രൂപവും ഭാവവുമായി നിശബ്ദതയെ അപ്പോഴും വെല്ലുവിളിച്ചുകൊണ്ടിരുന്നു.