Tuesday 13 September 2011

ഓർമ്മ








ഉമ്മാച്ചു



ഡിംണ്ടിം...ഢിംണ്ടിം...
ഗ്രന്ഥശാലതല വായനാ മത്സരം കഴിഞ്ഞതിൽപ്പിന്നെ ആദ്യത്തെ സ്കൂൾ ദിനമായിരുന്നു. മൊട്ടേമ്മൽക്കാരി അശ്വതിടീച്ചർ പ്രവസവാവധി കഴിഞ്ഞ്‌ ആദ്യമായി ക്ലാസിലെത്തുകയുമായിരുന്നു.
 സ്റ്റാഫ്‌ർറൂമിന്റെ വരാന്തയിലെവിടെയോ അശ്വതി ടീച്ചറിന്റെ തലവെട്ടം കണ്ട ശിഷ്യഗണങ്ങളിൽ ചിലർ ഢകകകആ യിൽ പാഞ്ഞെത്തി. ഗൗരവമേറിയ ചിന്തയും ചർച്ചയുമാണ്‌. അശ്വതി ടീച്ചറിന്റെ പൊൻകുഞ്ഞ്‌ ആൺപിള്ളയോ അതോ പെൺകുടമോ? തങ്കക്കുടത്തിന്‌ ടീച്ചർ പേരെന്ത്‌ വിളിച്ചിരിക്കുന്നു? അശ്വതിയെന്നാണോ അതോ വിശ്വനാഥനെന്നോ?

 കുഞ്ഞുങ്ങളുടെ ചൂടേറിയ ചർച്ചയ്ക്ക്‌, ടീച്ചറിന്റെ കൊന്നപ്പൂക്കളുടെ മഞ്ഞസാരിയിൽ പൊതിഞ്ഞ നിഷ്കളങ്കമായ ഗുഡ്മോർണിംഗ്‌ വിരാമമൊരുക്കി. പ്രിയ ശിഷ്യഗണങ്ങളെല്ലാം ടീച്ചറിന്റെ പുതുമുഖവും മഞ്ഞയും നോക്കി ചിരിച്ചുചിരിച്ച്‌ ഞെളിഞ്ഞും പിരിഞ്ഞുമിരുന്നു.
 മിനിറ്റുകൾക്കുള്ളിൽ ടീച്ചർ ഹാജർ വിളിയും കുശലാന്വേഷണവും ഹസ്സൻ മാസ്റ്റർ ചെയ്തു തീർത്ത മലയാളപാഠഭാഗം തിരിച്ചറിഞ്ഞ്‌. പുതിയ പാഠം തുടങ്ങാനായി ഏന്തോ ഓർത്ത്‌ ബ്ലാക്ക്ബോർഡിൽ എന്തിനെന്നറിയാതെ വലിയ അക്ഷരങ്ങളിൽ 'ഓർമ്മ'എന്ന്‌ എഴുതിയിട്ടു.

 അതോടെ കുട്ടികൾ ചിന്താമൂകരായി. അവർ അശ്വതിടീച്ചറിനെ ഒന്നിനൊന്ന്‌ വീക്ഷിക്കുകയും ചെയ്തു. തങ്ങൾക്ക്‌ പുസ്തകത്തിൽ 'ഓർമ്മ' എന്നൊരു പാഠം പഠിക്കാനില്ലല്ലോ. ഒരു പക്ഷേ ഇക്കഴിഞ്ഞ വായനാമാസത്തിൽ-പ്രസവ ശുശ്രൂഷാക്കാലത്ത്‌, ടീച്ചർ വായിച്ച ഏതോ ഓർമ്മപ്പുസ്തകത്തെക്കുറിച്ച്‌ പറയാനായിരിക്കും-ചില മക്കൾ അങ്ങനെയും ചിന്തിച്ചു.
 പെട്ടെന്ന്‌ ടീച്ചർ ആൺകുട്ടികൾക്കിടയിലെ 'സൂപ്പർ ബോയ്‌' ആയ സുധീഷിനെ മേശയ്ക്കരികിലേക്ക്‌ വിളിച്ച്‌ കുട്ടികൾക്കഭിമുഖമായി നിർത്തി.

"സുധീഷിന്‌ ഓർമ്മയിലിരിക്കുന്ന എന്തെങ്കിലുമൊരു കാര്യം പറയൂ"! അശ്വതി ടീച്ചർ മധുരമായൊന്ന്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. അതുകേട്ട്‌ കുട്ടികളെല്ലാവരും തീ തിന്ന മനസ്സോടെ സുധീഷിനേയും ടീച്ചറേയും മാറിമാറി നോക്കിയിരിപ്പാണ്‌.
 "ഓർമ്മ...ഓർമ്മ...ഓർമ്മ..." അവൻ അത്‌ പലവട്ടം മന്ത്രിച്ചുകൊണ്ട്‌ അഗാധമായ ചിന്തയിലാണ്ടു. അവന്റെ ചിന്തകൾ സ്കൂൾ മുറ്റവും നാടുവഴികളും പെരുവഴികളും ഭാരതപ്പുഴയും ഏഴുകടലുകളും ആകാശങ്ങളും കടന്ന്‌ അനന്തമായൊരു ദിശയിൽ ഒരു സുവർണ്ണബിന്ദുവിൽ ചെന്നു നിന്നതല്ലാതെ അവന്‌ ഒന്നും ഓർമ്മിക്കാനുണ്ടായിരുന്നില്ല. അവന്റെ ചിന്തയുടെ ഗാഢഭാവം കണ്ട്‌ അവന്റെ സഹപാഠികളെല്ലാം മിഴിച്ചിരിക്കുകയാണ്‌.

 അടുത്തമാത്രയിൽ അശ്വതിടീച്ചർ പെൺകുട്ടികൾക്കിടയിലെ മൂപ്പുകാരിയായ ഇതുമതിയെ വിളിച്ച്‌ സുധീഷിന്റെ ഇടതുവശം നിർത്തി ചോദ്യം ആവർത്തിച്ചു.
 ഇതുമതി ഒന്നും കൂസാതെ ടീച്ചറിനെ നോക്കിയൊന്നു പുഞ്ചിരിച്ചു. പിന്നെ കൊന്നപ്പൂക്കളുടെ തലപ്പൂക്കൾക്കിടയിലൂടെ ടീച്ചറിന്റെ ഒഴിഞ്ഞ വയറിലേക്കൊന്നു കണ്ണെറിഞ്ഞശേഷം പറഞ്ഞു."ജൂണാദ്യം ക്ലാസ്സിൽ വന്നപ്പോൾ അശ്വതി ടീച്ചർ ഗർഭിണിയായിരുന്നു."
 ഇന്ദുമതി ഇതു പറഞ്ഞതും കുട്ടികളെല്ലാം കയ്യടി പാസാക്കിക്കൊണ്ടും ഇതുമതിയെ 'ഇതുതന്നെമതി' യെന്ന്‌ മുഴുനീളെ ചിരിച്ചുകൊണ്ടും അശ്വതിടീച്ചറിന്റെ ഒഴിഞ്ഞ വയറും തെളിഞ്ഞ മുഖവും നിരീക്ഷിച്ചുകൊണ്ടിരിക്കേ, ടീച്ചറിന്റെ ആ പുതിയ മുഖത്ത്‌ ഓർമ്മകൾ നിരാശയുടെ വലകൾ പിണച്ചെടുക്കുകയായിരുന്നു...
* പ്രസവസമയത്തെ കയ്യബദ്ധമാ
യും അല്ലാതെയും ദുരിതമനുഭവിക്കുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി 'ഓർമ്മ' സമർപ്പിക്കുന്നു.