Tuesday 13 September 2011

രണ്ടുകവിതകൾ




 ആനന്ദവല്ലി ചന്ദ്രൻ


ജീവിതമെന്ന കറക്കും തളിക


ജീവിതമെന്നാല്‍ യന്ത്ര-
യൂഞ്ഞാലില്‍ കറക്കും തളിക
അതല്ലെങ്കില്‍ ഞാണില്‍-
ക്കളി നടത്തുന്നൊരു പമ്പരം.
മനുഷ്യനെ കുരങ്ങു കളിപ്പിയ്ക്കും
പാവക്കൂത്ത് ചെയ്യിയ്ക്കും;
നമ്മെയെല്ലാം വിടാതാകര്‍ഷിയ്ക്കും
ഒരുക്കാമൊരു വേള
സ്വയംനാശത്തിന് പ്രേരിപ്പിച്ചും.
ജീവിതം ഇന്നലെകളുടെ
മൂക ശ്മശാനമെങ്കില്‍
നാളേകളുടെ മോഹന
സ്വപ്നമുണര്‍ത്തും സ്വര്‍ഗ്ഗം.
കയ്പ്പും ചവര്‍പ്പും ചിലനേരം
മധുരവും സമ്മാനിയ്ക്കുമിന്നുകള്‍.
എല്ലാം കൂട്ടിക്കുഴച്ച് ജീവി തം
വന്നും പോയുമിരിയ്ക്കും
ശപ്തദിനവും
അനര്‍ഘനിമിഷവും
അശ്രുബിന്ദുവും
ചന്ദനമുരുളയും
തളികയിലൊരുക്കി.


വിധി മറിച്ചായി

ദിനങ്ങള്‍ പൊഴിഞ്ഞു പോകുന്നു
കരങ്ങളില്‍ നിന്നും കൊഴിഞ്ഞ്
അമൂല്യമായതൊന്നും സമ്മാനിയ്ക്കാതെ
അനര്‍ഘനിമിഷങ്ങള്‍ കൊയ്യാതെ
സ്വരൂപിയ്ക്കാതെ അനന്തതയിലേയ്ക്ക്.

ബംഗാളിലൊരു നിര്‍ദ്ധന
കുടുംബത്തിലെ പന്ത്രണ്ടുകാരി
വഴികളൊന്നും കണ്ടില്ല
അച്ഛന്ന് കാഴ്ച നല്‍കാനും
അനുജന് വൃക്കകള്‍
മാറ്റി വെയ്ക്കുന്നതിന്നും.
ഒരു ദിനമവള്‍ വിഷം
വായിലൊഴിച്ച് നുണച്ചു.

വിഷപാനം നടത്തും മുമ്പ്
എഴുതിവെയ്ക്കാനവള്‍ മറന്നില്ല -
തന്റെ കണ്ണുകള്‍ പിതാവിനും
വൃക്കകള്‍ പ്രിയ സോദരനും
ഉപയുക്തമാക്കണമെന്ന്.
എന്നാല്‍ വിധി നേരെ മറിച്ചും;
കുറിപ്പ് കാണാനായത് അവളുടെ
അന്ത്യസംസ്ക്കാരത്തിനുശേഷം.

കുരുന്നു പ്രായത്തിലേ
കുടുംബസൌഖ്യത്തെക്കരുതി
ആത്മാഹുതി ചെയ്തവള്‍
നിര്‍ദ്ദാക്ഷിണ്യം ത്യാഗിനന്ദിനി.