Tuesday 13 September 2011

ഞാന്‍ ജോര്‍ജ്, ചന്ദന മരങ്ങളുടെ സ്നേഹിതന്‍





സാംജിചെട്ടിക്കാട് 



മണ്ണില്‍,കാറ്റില്‍, മനസ്സുകളില്‍ 
ചന്ദന ഗന്ധം നിറയും മറയൂരില്‍ 
മരണവും പിന്നിട്ടെത്തി പിന്നെയും ഈ സ്നേഹിതന്‍ 
ഈ ചന്ദനാരണ്യകത്തില്‍ ഒരു കാവലാളായ്.
ഞാന്‍ ജോര്‍ജ്, ചന്ദന മരങ്ങള്‍തന്‍ സ്നേഹിതന്‍ .
കലര്‍ന്നുപൊയ് ഈ മണ്ണിലെന്‍ ആത്മാവ്. 
എത്രയോടി കളിച്ചീ ചന്ദനമരങ്ങള്‍ക്കിടയിലെന്‍ ബാല്യം.
എത്ര ഞാന്‍ വാരിനുകര്‍ന്നീ ചന്ദനസുഗന്ധങ്ങളാകെയും 
സ്മൃതിയില്‍ നിറഞ്ഞുനില്പൂ ഇപ്പോഴുമാ മരങ്ങള്‍ 
കാണാതായവ,ഒന്നൊന്നായി കണ്‍മുന്നില്‍ നിന്നുമായ്. 
ചന്ദനം നിറച്ചു പൂത്തുലഞ്ഞ കാട് ശൂന്യമാകുന്നു 
നഗ്നയാകും ഭൂമിക്ക് നാണംമറച്ചിടാന്‍ 
നെല്‍കാനെനിക്കിന്നു ഒന്നുമേയില്ല
നിസ്സംഗമാം മൌനമല്ലാതെ.
പൊട്ടിത്തെറിച്ചെന്‍ കലാപമനസ്സന്നു 
പത്രക്കാരോടായ്, ഒരു ഭ്രാന്തനെപ്പോല്‍.   
കടപിഴുതെടുക്കപ്പെട്ട ചന്ദനമരങ്ങളെ ചൊല്ലി -
ഖിന്നനായ് പൊട്ടിക്കരഞ്ഞവരോടന്നു.
അന്നെന്‍ കണ്ണുകളിലെരിഞ്ഞ കോപാഗ്നിയില്‍ 
ദന്ദഗോപുരവാസികളാം ജനസേവകര്‍തന്‍ 
ഉടുവസ്ത്രങ്ങള്‍ കത്തിയമര്‍ന്നു.  
വിളവു തിന്നിടും വേലികളില്‍  .
ചാരിവച്ചു ഞാനന്ന്,അപായ സൂചകങ്ങള്‍.
"കള്ളനുംപോലീസും" കോലങ്ങള്‍ - 
കെട്ടിയാടി അട്ടഹസിച്ചാഖോഷിചൂ,അധികൃതര്‍.
വിലയുള്ള കടല്ലാസ്സിലെ ഗാന്ധിതല 
വിലപിച്ചൂ തന്‍ ഗതികേടോര്‍ത്ത്.   
ചന്ദനമരങ്ങളുടെ അസ്ഥിമാടങ്ങളില്‍ -
തലതല്ലി കേണുകരഞ്ഞു,വേദനയില്‍ നീറി.
മരങ്ങളില്ലാത്ത,ശൂന്യതയില്‍ എന്‍ വനരോദനം-
മാറ്റൊലികൊള്ളാതെ ചിതറിവീണു,കുഴിമാടങ്ങളില്‍. 
ഒരിക്കലൊരു ചന്ദനമരത്തിന്‍ 
സുഗന്ധ നിര്ഭരമാം നിലാ തണലില്‍ 
ഒടുക്കി ഞാനെന്‍ പ്രാണനന്നു.
മരമില്ലാ മറയൂരിന്‍ നഗ്നഭൂമിതന്‍ വിജനമാം 
വിദൂരതയില്‍  നടന്നകന്നൊരു ബിന്ദു മാത്രമായ്ഞാനന്ന്. 
ചന്ദനമരങ്ങള്‍ക്ക് ഞാന്‍ വെറുമൊരു ഓര്‍മ മാത്രമായ്‌.
ഞാന്‍ ജോര്‍ജ്,ചന്ദന മരങ്ങളുടെ സ്നേഹിതന്‍,
ചന്ദനക്കാടിന്റെ അദൃശ്യനാം ഒറ്റയാള്‍ കാവലാള്‍.