Tuesday 13 September 2011

നിയന്ത്രണരേഖ




ഷെമീർ പട്ടരുമഠം


ഹൃദയം കരിയുന്ന അസഹനീയമായ ഗന്ധത്തിനും ആർത്തലച്ചു കരയുന്ന പ്രകൃതിയുടെ കണ്ണീരിനുമിടയിൽ നനഞ്ഞു കിടക്കുന്ന തീവണ്ടിയുടെ നിയന്ത്രണരേഖ.
 അപ്പോൾ അതുവഴി വന്ന പാസഞ്ചർ ട്രെയിനിന്റെ ഇരുമ്പുചക്രങ്ങൾ പാളത്തിൽ അവശേഷിച്ചിരുന്ന ചോരത്തുള്ളികളും നക്കിത്തുടച്ച്‌ കടന്നുപോയി. നടുക്കത്തോടെയുണർന്ന്‌. നിസ്സംഗതയോടെ തീവണ്ടിയെ ഒന്ന്‌ നോക്കിയശേഷം അയാൾ മരണപ്പന്തലിൽ ഒറ്റയായി കിടന്നിരുന്ന കസേരയിലേക്കു വീണ്ടും തളർന്നിരുന്നു.


 എരിഞ്ഞുതീരാൻ മടിക്കുന്ന ചിതയിൽ നിന്നും മുകളിലേയ്ക്കുയരുന്ന പുകപടലങ്ങൾക്കിടയിലൂടെ കാണുന്ന അവ്യക്തമായ കാഴ്ചകൾ...സഹതാപത്തോടെ തന്നെ നോക്കികടന്നുപോകുന്ന വിഷാദമുഖങ്ങൾ...കരഞ്ഞു തളർന്നു കിടക്കുന്ന ഭാനുവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ബന്ധുക്കൾ. യാഥാർത്ഥ്യത്തിലേക്ക്‌ ഇനിയും തിരിച്ചുവരാൻ മടിച്ച്‌ വിറങ്ങലിച്ച്‌ നിൽക്കുന്ന അനന്തുമോൻ.
 ചിതയ്ക്ക്‌ കൊളുത്താനാകാതെ 'ചേച്ചി' എന്നു വിളിച്ചുകൊണ്ട്‌ ഹൃദയം നടുങ്ങിവിറച്ച്‌ അവൻ തിരിഞ്ഞോടുമ്പോൾ മറഞ്ഞതായിരുന്നു തന്റെ ബോധം. ബോധം തിരിച്ചുകിട്ടുമ്പോൾ മോളുടെ ജീവൻ നിലച്ച ശരീരത്തെ അഗ്നിപൊതിഞ്ഞു തുടങ്ങിയിരുന്നു.


 ദൂരെ...അൽപം ദൂരെ അറ്റമന്വേഷിച്ചുപോയിരിക്കുന്ന ഇരുമ്പുപാളങ്ങൾ കാണാം. ഇന്നലെ ഇതേ നേരത്തായിരുന്നു മോളുടെ ജീവൻ ആ പാളത്തിൽ ചിതറിത്തെറിച്ചതു.
 രാവിലെ കോളേജിലേക്കു പോകുവാനൊരുങ്ങി നിൽക്കുന്ന അവളുടെ മുഖം ഇപ്പോഴും മുൻപിലുണ്ട്‌.
 നാളെ മുതൽ തന്റെ ജോലി നഷ്ടപ്പെടുകയാണെന്ന സങ്കടത്തെ ആശ്വസിപ്പിച്ചുകൊണ്ടാണ്‌ അവൾ കോളേജിലേക്ക്‌ യാത്രയായത്‌.


 "അപ്പനെന്തിനാ പേടിക്കുന്നത്‌ ഒരു ജോലി പോയാൽ മറ്റൊരു ജോലി. പണിയെടുക്കാനാളെക്കിട്ടാത്ത ഈ നാട്ടിൽ എന്റപ്പനെപോലെ വിയർത്തു പണിചെയ്യുന്ന ഒരാൾക്ക്‌ ജോലികിട്ടാനാണോ പ്രയാസം.


 തന്നെ ആശ്വസിപ്പിച്ചുകൊണ്ട്‌ മോളങ്ങനെ പറയുമ്പോൾ വാതിൽ ചാരിനിന്നിരുന്ന ഭാനുവിന്റെ മുഖത്ത്‌ അപ്പോൾ നിറഞ്ഞ ആശങ്ക തന്റെ അങ്കലാപ്പ്‌ വർദ്ധിപ്പിച്ചതേയുള്ളൂ.
 പാസഞ്ചർ ട്രെയിനിനുള്ളിലെ ചായക്കച്ചവടംകൊണ്ടാണ്‌ താനിത്രയും നാളും പിടിച്ചുനിന്നത്‌. നാളെമുതൽ പുതിയ നിയമം റെയിൽവേ നടപ്പിലാക്കുകയാണ്‌. അംഗീകൃത റെയിൽവേ കാന്റീൻ ജീവനക്കാർക്കു മാത്രമേ ട്രെയിനിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യാൻ പാടുള്ളൂവേന്ന നിയമം.
 മറ്റൊരു ജോലി കിട്ടാഞ്ഞിട്ടല്ല. കട്ടിയുള്ള ജോലികൾ ചെയ്യരുതെന്ന ഡോക്ടറുടെ വാക്കുകൾ അതിനു തടസ്സമായി നിൽക്കുന്നു.

 ആ വാക്കുകളോർത്തിട്ടാവാം ഭാനുമതിയുടെ മുഖത്ത്‌ ആശങ്കയുണ്ടായതും, മക്കൾക്കറിയില്ലല്ലോ കടം വീട്ടാനായി അച്ഛന്റെ അടിവയറ്‌ കീറി ഒരെണ്ണം വിറ്റുവേന്നുള്ള സത്യം.
 'മോളെ...എന്റെ പൊന്നു മോളെ...നീയെന്തിനാണീ ചതി ഞങ്ങളോടു ചെയ്തത്‌.'
 ഇടയ്ക്ക്‌ ബോധം തെളിഞ്ഞ ഭാനുവിന്റെ പൊള്ളിയ വാക്കുകളാണ്‌. ഇന്നലകളിൽ നിന്നും വീണ്ടും ഞെട്ടിയുണർത്തിച്ചതു.
 നെഞ്ചത്തടിച്ച്‌ ഏറെ നേരം കരഞ്ഞതിനു ശേഷം ഭാനു വീണ്ടും അബോധാവസ്ഥയിലേക്കു തിരിച്ചുപോയി.
 മോളുടെ സഹപാഠികൾ ദുഃഖം ഉള്ളിലൊതുക്കിയതും കരഞ്ഞുതീർത്തും അവിടവിടെയായി നിൽപ്പുണ്ട്‌.

 "മോൾക്ക്‌ കോളേജിൽ നല്ല പ്രണയബന്ധവും ഉണ്ടായിരുന്നോ"
മോർച്ചറിക്ക്‌ പുറത്ത്‌ തുന്നിക്കെട്ടിയ മോളുടെ ശരീരം ഏറ്റുവാങ്ങുവാൻ നിൽക്കുമ്പോൾ ഇൻക്വസ്റ്റിന്ത്തിയ ഒരു പോലീസുകാരനാണ്‌ തന്നോടാ ചോദ്യമെറിഞ്ഞത്‌.
 മറുപടി പറയുവാനാകാതെ ദൈന്യതയോടെ താഴേക്കു കണ്ണുകളൂന്നി നിൽക്കുമ്പോൾ ആ പോലീസുകാരൻ തന്നെ അതിന്റെ ബാക്കി പൂരിപ്പിച്ചു.

 "എല്ലാത്തിനും ഒരു കാരണം വേണമല്ലോ. ഇത്തരമൊരവസ്ഥയിൽ ചോദിച്ചതു ശരിയല്ലന്നറിയാം. പക്ഷേ കുട്ടികളാകുമ്പോൾ പക്വതയില്ലാത്ത പ്രായമല്ലേ. പോരാത്തതിന്‌ എടുത്തുചാട്ടവും. മൊബെയിലിൽ സംസാരിച്ചുകൊണ്ട്‌ ട്രെയിനിനു മുമ്പിലേയ്ക്കെടുത്തു ചാടിയെന്നാണ്‌ ദൃക്സാക്ഷികൾ പറയുന്നത്‌.

 നെഞ്ചിനുള്ളിലൂടെ തീവണ്ടി ചക്രങ്ങൾ അതിവേഗത്തിൽ പാഞ്ഞുപോയ ഭീതിയിലാണ്‌ അപ്പോൾ ആ പോലീസുകാരന്റെ മുഖത്തേക്കു താൻ നോട്ടമെറിഞ്ഞത്‌.
"മൊബെയിലോ...അതിന്‌...അതിനെന്റെ മോൾക്ക്‌ മൊബെയിൽ ഫോണില്ലല്ലോ"
തന്നിൽ നിന്നും വിറച്ചുവീണ വാക്കുകളെ പോലീസുകാരൻ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.


 "അപ്പോൾ ഞാനൂഹിച്ചതു ശരിയാണ്‌. നിങ്ങളുടെ മോൾക്ക്‌ ഒരു കാമുകനുണ്ട്‌. അയാൾ അവൾക്കൊരു മൊബെയിൽ ഫോണും സമ്മാനിച്ചിട്ടുണ്ട്‌. വീട്ടുകാരറിയാതെ ബാഗിനുള്ളിലോ, വസ്ത്രങ്ങൾക്കിടയിലോ ഫോണൊളിപ്പിച്ചുവെച്ച്‌ അവർ രഹസ്യങ്ങൾ കൈമാറികൊണ്ടിരുന്നു. എന്തായാലും  പോസ്റ്റുമോർട്ടം കഴിഞ്ഞു ഗൈനക്കിന്റെ കൂടി റിപ്പോർട്ട്‌ കിട്ടുമ്പോൾ ഒരു കാര്യം ഉറപ്പാ നിങ്ങളുടെ മകൾ ഗർഭിണിയായിരിക്കും...അതു തന്നെയായിരിക്കും മരണത്തിന്റെ ഉത്തരവും."
ബാക്കി കേൾക്കുവാൻ ശേഷിയില്ലാതെ കണ്ണിൽ ഇരുട്ടുവീണതോർമ്മയുണ്ട്‌. മുൻപിൽ നനഞ്ഞവെട്ടം വീഴുമ്പോൾ ആംബുലൻസിനുള്ളിൽ നിന്നും വീടിനു മുമ്പിലെ തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിലെ കണ്ണീരിനൊപ്പം ഒഴുകി വീടിനകത്തേക്കു...ഒടുവിൽ മരണം തണുത്തുവിറപ്പിച്ച മോളുടെ ശരീരത്തിലെ പൊട്ടൽവീഴാത്ത കവിളുകളിലെവിടെയോ നൽകിയ അന്ത്യച്ചുംബനം.
പുറത്തു മഴയുടെ ശക്തികുറഞ്ഞു വരവെ ശവസംസ്കാരത്തിനെത്തിയവർ കുറേശ്ശെ കൊഴിയാൻ തുടങ്ങി.

 മോളുടെ സഹപാഠികൾ തങ്ങളിൽ നിന്നും ഒരാൾ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ തിരികെ മടങ്ങുന്നതു നോക്കി നിൽക്കെ അവരുടെ കൂട്ടത്തിൽ ഒരു പയ്യൻ തിരിഞ്ഞ്‌ നിയന്ത്രണം വിട്ടതുപോലെ ചിതയ്ക്കരികിലേക്ക്‌ ഓടിയെത്തി.

 എന്തൊക്കെയോ വിളിച്ചു പറയാൻ ശ്രമിച്ച അവന്റെ വാ പൊത്തിയ ശേഷം കൂടെയുള്ള കുട്ടികൾ അവനെ ശാസിച്ച്‌ വലിച്ചിഴച്ച്‌ തിരികെ കൂട്ടികൊണ്ടുപോയി.

 അൽപം ദൂരെ ഇരുമ്പുപാളങ്ങൾ ഒന്നാടിയുലഞ്ഞു. കൂടെയുള്ളവരെ കുതറിത്തെറുപ്പിച്ച്‌ ആ പയ്യൻ ഇരുമ്പുപാളത്തിലേക്ക്‌ ഓടിയെത്തി. അലറിവിളിച്ചുവന്ന ഒരായിരം ഇരുമ്പുചക്രങ്ങൾ അവനെ കടന്ന്‌ നിയന്ത്രണരേഖയിലൂടെ മുൻപോട്ട്‌...വളരെ ദൂരം മുൻപോട്ട്‌ പോയി.