Wednesday 14 September 2011

ബാല്യകാലം



ശ്രീദേവിനായര്‍

കെട്ടിപ്പിടിച്ചു നടന്നുഞാനെന്നുടെ,
അമ്മതന്‍ കാതില്‍ മൊഴിഞ്ഞകാര്യം
പള്ളിക്കൂടവാതില്‍ കാത്തിരുന്നേരവും,
ഓര്‍ത്തിരുന്നമ്മയെന്‍ കാലൊച്ചകേള്‍ക്കാന്‍


ഞാനില്ലയങ്ങോട്ടുഞാനില്ലയങ്ങോട്ട്,
അമ്മയെവിട്ടു ഞാനെങ്ങുമില്ല,
പള്ളിക്കൂടംവേണ്ട,പൊന്നുടുപ്പും വേണ്ടാ,
അമ്മതന്‍ നെഞ്ചിലെച്ചൂടുമതി.

കാലം കഴിഞ്ഞൂ ഞാനെത്രമാറി,
കോലാഹലങ്ങള്‍ കണ്ടു നിന്നൂ.
കണ്ണീരണിഞ്ഞൊരെന്‍ പൊന്നമ്മനല്‍കിയ
തേന്മുത്തമിന്നും ഞാനോര്‍ത്തുപോയി.

അമ്മതന്‍ സ്നേഹത്തിന്‍ ആഴക്കടലില്‍,
ഇന്നുമൊരായിരം വൈഡൂര്യങ്ങള്‍
സ്നേഹത്തിന്‍ പാലാഴിതന്നില്‍ ഞാന്‍ തേടുന്നു,
വീണ്ടുമൊരിക്കലെന്‍ ബാല്യകാലം!