Tuesday 13 September 2011

കടലല്ല ഞാന്‍

 



തിര ഇല്ല,
തീരത്തടിയാന്‍ പളുങ്കില്ല,
ഉള്ളില്‍ ജലകന്യയില്ല,
കാലങ്ങള്‍ കൊടിപാറി,
ലോകങ്ങള്‍ വെല്ലുന്ന
കൂറ്റന്‍ പടക്കപ്പലില്ല.
ആഴമില്ലാകാശമതിരില്‍
മുത്തുന്നില്ല, ആഡ്യമാം
പുലരിയുടെ പുടവയില്ല.

അറിയുന്നു ഞാന്‍ വെറും
പൂവിന്റെ പോളയില്‍
തങ്ങിയ മഴവെള്ളമല്ലോ.

അറികയെന്നാലുമിന്നൊരു
കുരുവിയെന്നെക്കുടിച്ചു
ദാഹം തീര്‍ത്തുപോയി.
ചുണ്ടിലൊരു ചിരിയുമായ്
ചിറകടിക്കും‌മുന്‍പതിന്‍
കണ്ണില്‍ ഞാന്‍ കണ്ടു,
ഒരു സൂര്യനെന്നിലും
തട്ടിത്തിളങ്ങുന്ന കാഴ്ച.