Tuesday 13 September 2011

നിന്നിലേയ്ക്ക് തന്നെ


 

 

 

ഗിരീഷ് വർമ്മ  ബാലുശ്ശേരി

 

നിന്നെ ചുഴുന്ന ഗഹനതയാണെന്നെ
നിര്‍ന്നിമേഷനാക്കുന്നത്.

നിന്റെ ഏകാന്തതയിലെ
യുഗങ്ങളോളമുള്ള നിര്‍വികാരത
പൊടുന്നനെയൊരു
അട്ടഹാസമായ് മാറുന്നതും
നിന്റെ വ്യര്‍ത്ഥതയിലെ
ചരടനക്കം മാത്രം.

ഒരു പൂവില്‍ നീ പ്രതിഫലിക്കുന്നു.
ഒരു മഞ്ഞുതുള്ളിയില്‍ നീ ചിരിക്കുന്നു .
ഒരു ചോരത്തുള്ളിയില്‍ നീ പിടയുന്നു.

മന്വന്തരങ്ങളുടെ മിടിപ്പുകള്‍
നിന്റെ സിരകളില്‍,
നിന്റെ നിതാന്തമൌനത്തില്‍
പെരുമ്പറകള്‍ മുഴക്കുന്നുവോ ?

കാറ്റടിച്ചുലയുന്ന
ജീവനാളങ്ങള്‍
നിന്റെ മുന്‍പില്‍ കൈകൂപ്പി
നിന്നിലേയ്ക്ക് തന്നെ .

മണലാരണ്യവും
മുളങ്കാടുകളും
സമുദ്രങ്ങളും
സ്വച്ഛവനങ്ങളും
തരിശുനിലങ്ങളും
നിന്റെ മൃദുമര്‍മ്മരങ്ങള്‍
ഏറ്റുപറയുന്നു.

സ്വപ്നാടനങ്ങളുടെ
സ്വര്‍ണ്ണവനങ്ങളില്‍
കാറ്റേറ്റ് മയങ്ങുന്ന
നിന്റെ സന്തതികള്‍.

കടല്‍ചെരുക്കോടെ
നിശായാനത്തിന്റെ
സഞ്ചാരപഥങ്ങളില്‍
തുഴയെറിയുന്ന
എകാന്തയാത്രികനും....

ഒരിയ്ക്കല്‍ കൂടി
പിറന്നിരുന്നുവെങ്കില്‍ .
നിന്റെ നിലാകമ്പളങ്ങള്‍
വാരിപ്പുതച്ചുറങ്ങിയേനെ ഞാന്‍ ...
ഇനിയും കൊതി..
തീരാത്ത കൊതി...