Tuesday 13 September 2011

ദൃശ്യനായ ലൂസിഫർ/അദൃശ്യനായ ദൈവം


 ഡോ.ഷാജി ഷൺമുഖം
  

ജീവിതം ഭൂമികൊണ്ട്‌ അവസാനിക്കുന്നില്ല, അത്‌ വീണ്ടും തുടരുകയാണ്‌. ഒരു പക്ഷേ, മനുഷ്യന്‌ നഗ്നനേത്രങ്ങൾകൊണ്ട്‌ കാണാൻ കഴിയാത്ത ഇടങ്ങളിൽ. അത്തരം ഒരിടം ദൈവത്തിന്റെ ഇടമാകാം. ലൂസിഫറിന്റെ ചെയ്‌വനകളിൽ മുഴുകി ഭൂമിയുടെ ഇടപാടുകളേതിലും ഒന്നാം റാങ്ക്‌ കരസ്ഥമാക്കാൻ ആൾക്കാർ ക്ക്‌ കഴിഞ്ഞേക്കും. എന്നാൽ അത്തരം ചെയ്‌വനകൾ ദൈവമെന്ന പ്രമുഖന്റെ സഭാവേദിയിൽ വിലയിരുത്തപ്പെടും. ഈ ആശയം പഴയതാകാം. എങ്കിലും അതിന്‌ വർത്തമാനത്തിലും രസകരമായ സാധ്യതയുണ്ട്‌ എന്ന്‌ തെളിയിക്കുകയാണ്‌ സണ്ണി തായങ്കരിയുടെ 'പരേതാത്മാക്കളുടെ നഗരക്കാഴ്ചകൾ' എന്ന നോവൽ.

പക്ഷേ, അതിനപ്പുറം കുഴയ്ക്കുന്ന ഒരു വൈരുധ്യവും നിലനിൽക്കുന്നുണ്ട്‌. അഴിമതിയും മറ്റ്‌ കൊള്ളരുതായ്മകളും  തിന്മകളും പാപങ്ങളും ദുഷ്പ്രവണതകളും തുടങ്ങി എല്ലാത്തരം വിപരീതപ്രവൃത്തികളും ചെയ്ത്‌ തുടർന്നുപോരുന്ന ആവൃതി അതിന്റേതായ പാരമ്പര്യം നിരന്തരം ആഘോഷിക്കുകതന്നെയാണ്‌. അതിന്‌ മാറ്റമില്ല. മാറ്റമില്ലായ്മയാണ്‌ മാറ്റം എന്ന കോമഡിയിലാണ്‌ നാം പുലർന്നുപോരുന്നത്‌ എന്നതാണ്‌ ഏറ്റവും വലിയ സങ്കടം, കടംകഥ.


സണ്ണി തായങ്കരി
   വർത്തമാനത്തെ എഴുതുന്ന നോവലിസ്റ്റ്‌ ഇത്തരം ചില ഘട്ടങ്ങളെ അയാളുടെ പ്രമേയപരിവട്ടത്തിൽ യഥാതഥമായി ഉന്നയിക്കേണ്ടതുണ്ട്‌. ഈ നോവലിൽ പരേതാത്മാക്കളായി മാറിയ മന്ത്രി, പോലീസ്‌, വക്കീൽ, പത്രം ഉടമ എന്നീ ഭൂമിയിലെ താരങ്ങൾ അത്തരം പാരമ്പര്യത്തിന്റെ സന്തതികളാണ്‌. അവർ ദൈവവേദിയിൽനിന്ന്‌, ദൈവത്തിന്‌ ഇപ്പോഴും അനുകമ്പയുണ്ടെന്ന്‌ തോന്നുന്നു, ഭൂമിയിലേക്ക്‌ റിലീസുചെയ്യപ്പെടുകയാണ്‌. ഇവിടെ ആത്മാക്കളായിവന്ന്‌ ഈ ലോകവ്യവഹാരത്തെ അവർ വീക്ഷിക്കുമ്പോൾ കാണുന്നത്‌ മനുഷ്യവിരുദ്ധമായ അല്ലെങ്കിൽ നേഗറ്റീവായ പ്രവൃത്തികളുടെ വേലിയേറ്റമാണ്‌. ഒന്നും കുറയുന്നില്ല, എല്ലാം കൂടുന്നതേയുള്ളു എന്നതാണ്‌ ഈ നോവലിലെ ഒരു പാഠം. ഇതൊരു ഞെട്ടിപ്പിക്കുന്ന സംഗതിയാണ്‌. 'അസഹ്യതയുടെ വേനൽച്ചൂടിലെന്നപോലെ കത്തുന്ന അകൃത്യങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം ഞങ്ങൾക്കുമുമ്പിലൂടെ കടന്നുപോയി' എന്ന സൊ‍ാചന നോക്കുക. എത്രയോ ഗാന്ധിമാർ, ക്രിസ്തുമാർ, ബുദ്ധന്മാർ ഒക്കെ ഇവിടെ പിറന്നു പഴകിയിട്ടും മനുഷ്യൻ ലൂസിഫറിന്റെ പ്രലോഭനങ്ങളിൽ. പിന്നേം ചങ്കരൻ തെങ്ങേല്‌!


   വർത്തമാനത്തെ എഴുതുന്ന നോവലാണ്‌ പരേതാത്മാക്കളുടെ നഗരക്കാഴ്ചകൾ എന്ന്‌ പറഞ്ഞു. ഇന്നു നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന ഒട്ടുമിക്കവാറും 'അകൃത്യ'ങ്ങളെ നോവലിൽ ഉൾച്ചേർത്തിരിക്കുന്നത്‌ കാണാം. അത്തരം അകൃത്യങ്ങളെ വളരെ നേരായി എടുത്തുചേർക്കുന്നതിൽ നോവലിസ്റ്റ്‌ ദത്തശ്രദ്ധനായിരിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇന്നിന്റെ ദുഷ്കൃതികളെ വസ്തുനിഷ്ഠമായി, ഒരു റിപ്പോർട്ടിംഗിന്റെ ഭാഷയിലൂടെ രേഖപ്പെടുത്തുകയാണ്‌ ലക്ഷ്യം. ഈ ലോകവും നോവലും തമ്മിലുള്ള ബന്ധം ഇങ്ങനെയുമാകാം. നോവൽ ഇവിടെ ലോകത്തെ നേർക്കുനേരായി പിടിച്ച്‌ വായനക്കാർക്കുകൊടുക്കുന്നു.


   ബിബ്ലിക്കലായ പ്രമാണങ്ങളുടെ ഒരു ചെറിയ 'ഷെയ്ഡ്‌' നോവലിന്റെ രണ്ടാം അധ്യായത്തിൽ കടന്നുവരുന്നുണ്ട്‌. പിന്നീടത്‌ തുടർന്നു കാണുന്നില്ല. 'ഒരു പുരുഷായുസ്സ്‌ മുഴുവൻ ഭൂമിയിൽ ഗർവോടെ നടന്നാ ലും അതിനെ പിളർത്താനോ പർവതശിഖരങ്ങളോളം ഉയരാനോ കഴിയില്ലെന്ന്‌ വിഡ്ഢിയായ മനുഷ്യാ, നിയെന്തേ അറിയുന്നില്ല?', നേടിയതൊന്നും സ്വന്തമല്ലെന്നും നാളെ മറ്റൊരാളുടേതാകുമെന്നും എന്തേ ഓർമിച്ചില്ല?' എന്ന വിശദീകരണങ്ങളിൽ പ്രാചീനമായി, ഒരു കൽപലകയിലെഴുതിയ ലിഖിതത്തിന്റെ സ്വരമുണ്ട്‌. മറ്റൊരു സന്ദർഭം ആത്മാക്കളോടുള്ള ദൈവത്തിന്റെ പ്രസ്താവനയാണ്‌. 'ഭൂമിയിൽ സമ്പത്ത്‌ കൂട്ടിവയ്ക്കുന്നവരെല്ലാം ഒരുനാൾ നിങ്ങളെപ്പോലെ ആത്മാവിൽ ദരിദ്രരായി, നിസ്സഹായരായി നിൽക്കേണ്ടിവരും. ഒന്നുമറിയുന്നില്ല; ആരുമൊന്നും പഠിക്കുന്നില്ല.' ഇത്തരം ലിഖിതങ്ങൾ ആകാശമുനകളിൽ മിന്നിയാലും ഭൂമിമനുഷ്യൻ അത്‌ കാണുന്നില്ല. പരേതരുടെ നഗരക്കാഴ്ചകളിലെ ധാർമികതാളം തുമ്പുപിടിക്കുന്നത്‌  ബിബ്ലിക്കലായ ഉൾലിഖിതങ്ങളുടെ തബലയിലാണ്‌. അത്‌ പ്രകടമല്ല എന്നേയുള്ളു. ആ ധാർമികതയുടെ ആത്മാർഥ സമീപനമാണ്‌ ഈ നോവൽ രചനയുടെ അണിയറ രഹസ്യം.
   ഭൂമിയിൽ അകൃത്യങ്ങൾമാത്രം ചെയ്ത പരേതാത്മാക്കൾ തങ്ങളുടെ ചെയ്‌വനകളിൽ ദുഃഖിക്കുന്നെങ്കിലുമുണ്ട്‌.

എന്നാൽ, ഭൂമിയിലെ 'ജീവനുള്ള പ്രേതങ്ങൾ' അതിനുപോലും തയ്യാറാകുന്നില്ല എന്നതാണ്‌ സത്യഭീകരം. 'മക്കളേ, നിങ്ങളെ നയിക്കുന്നവൻ നരകാധിപനായ ലൂസിഫറാണ്‌. നിങ്ങളെയും ഈ ലോകത്തേയും അവൻ നശിപ്പിക്കും.' പക്ഷേ, ആ ലോകാന്ധന്മാരുടെ മറുപടി: 'അതേ, ഞങ്ങളുടെ അധിപൻ ലൂസിഫറാണ്‌. അദൃശ്യനായ ഈശ്വരനേക്കാൾ ദൃശ്യനായ ലൂസിഫറിനെയാണ്‌ ഞങ്ങൾ വിലമതിക്കുന്നത്‌.' ദൃശ്യനായ ലൂസിഫർ/അദൃശ്യനായി ദൈവം എന്ന പിരികൾപന ശ്രദ്ധിക്കുക. മനുഷ്യൻ  ദൃശ്യതയുടെ മുക്കൂട്ടുകവലയിൽമാത്രം ഉഴലുന്നത്‌ വർത്തമാനികമായ അപഭ്രംശമാണ്‌. അദൃശ്യതയുടെ മുദ്രകൾ ലൂസിഫറിന്റെ പിൻഗാമികൾ ഒരുപാടു വർഷങ്ങളായി കാണുന്നതേയില്ല. അങ്ങനെ നോക്കുമ്പോൾ വൈരുധ്യങ്ങളുടെ ചന്തയാണ്‌ വർത്തമാനമേലേയും ഈ നോവലിടത്തിലും അരങ്ങേറിക്കെ#​‍ാണ്ടിരിക്കുന്നത്‌. അതിനെ മാറ്റിമറിക്കാൻ ഈ നോവൽ വായിച്ചുതോന്നുന്നുവേങ്കിൽ അത്‌ അതിന്റെ വിജയം.


   'നല്ലവർ ആരുമില്ല, ഒരുത്തൻപോലുമില്ല' എന്ന്‌ ദൈവം വിലപിക്കുന്നുവേന്ന്‌ തോന്നുന്ന ഒരു സന്ദർഭം നോവലിലുണ്ട്‌. ദൈവം അങ്ങനെ വിലപിക്കണമെങ്കിൽ ഈ ലോകത്തിന്റെ അവസ്ഥയെന്താണ്‌? ക്രൂരവിച്ഛേദങ്ങളുടെ കളിസ്ഥലം അത്രയും സജീവമായിരിക്കുന്നു. ആ ക്രൂരതയുടെ വ്യാകീർണബോധം പരേതാത്മാക്കളുടെ നഗരക്കാഴ്ചകളെ തീരുമാനിക്കുന്നുണ്ട്‌. ആകെക്കൂടി തിരിഞ്ഞുമറിഞ്ഞ വ്യക്തിബോധത്തിന്റെയും സമൂഹബോധത്തിന്റെയും പുറപ്പാടുകളിൽ മഷിചേർത്ത്‌ എഴുതിയ പരേതാത്മാക്കളുടെ നഗരക്കാഴ്ചകൾ നമ്മെ വല്ലാതെ വിഷമിപ്പിക്കുന്ന നോവലാണ്‌.
   ഇതൊരു പരീക്ഷണ നോവലാണെന്ന്‌ നോവലിസ്റ്റ്‌ ആമുഖത്തിൽ പറയുന്നുണ്ട്‌. വർത്തമാന നോവൽ, ബെന്യാമിന്റെ 'ആടുജീവിതം' ഉൾപ്പെടെ നിരത്തുന്ന എഴുത്തിന്റെ വിധികൾ ചർച്ച ചെയ്യേണ്ടതുണ്ട്‌. 'രേഖപ്പെടുത്തൽ' എന്നതിന്റെ വ്യായാമമാണ്‌ വർത്തമാന നോവലിന്റെ ഒരു മുഖവേഷം. രേഖപ്പെടുത്തൽ വസ്തുനിഷ്ഠമാകാം. മറ്റു തരത്തിലുമാകാം. ഏതായാലും അതൊരു വായന. അത്‌ വായനക്കാരന്റെ ഉള്ളിലാണ്‌ വ്യാഖ്യാനിക്കപ്പെടുകയോ വിലയിരുത്തപ്പെടുകയോ ചെയ്യുന്നത്‌. ചർച്ച ചെയ്യുന്നത്‌ അവരാണ്‌. അവർക്കാണ്‌ നോവൽ മനസ്സിലാവേണ്ടത്‌. നൽപുതിൽപുകളുടെ ആഴങ്ങളും ഘടനകളുടെ രസതന്ത്രങ്ങളും മറ്റു വഴക്കങ്ങളും ഈ സന്ദർഭത്തിൽ ഇഹലോക എഴുത്തിന്റെ വിക്ഷേപണമല്ല. രേഖപ്പെടുത്തലിന്റെ സമയാങ്കനമാണ്‌ പരേതാത്മാക്കളുടെ നഗരക്കാഴ്ചകൾ. ഭാഷയുടെ ഒഴുക്കിലും നേർക്കുനേർ രചനയുടെ ചൂടിലും സൃഷ്ടിക്കപ്പെട്ട ഈ നോവൽ മലയാളം വായിക്കേണ്ട ഒന്നാകുന്നു.
പരേതാത്മാക്കളുടെ നഗരക്കാഴ്ചകൾ
(നോവൽ)
സണ്ണി തായങ്കരി
പ്രസാധകർ : എൻ.ബി.എസ്‌., കോട്ടയം.
വില : 95.00